Monday, July 9, 2018

കോടാനുകോടി പാട്ടുകളും
അവളോട് പറഞ്ഞു.

കടക്ക് പുറത്ത്. ഒരു മൂളലും നിനക്കല്ലയിനി.

അതിലോലമൊരു
പാട്ടു പാടാൻ
ആനപ്പുറം കേറിയ
അവളുടെ ലാ..ലാ

ഭൂമി കണ്ട എറ്റോം നല്ല പാട്ട്.

Sunday, July 1, 2018

ആ സൈക്കിൾ പൊയ്ക്കോട്ടേ..

തത്തയുടെ കൊത്തൽ പോലെ
മൂർച്ഛിച്ച് വന്ന വേദന.

തത്തയുടെ ചുണ്ട് ഒരു കത്രിക.

കൊണ്ടതും
ആ മലഞ്ചെരിവുള്ള സ്വപ്നവും
അതിൽ കുതിച്ച് വന്ന സൈക്കിളും
ഞാനും തമ്മിൽ വേർപ്പെട്ടു പോയി..

മുറിച്ചിട്ട ആ സൈക്കിൾ മറ്റാരുടേതോ ..

എന്റെതല്ല.
മലഞ്ചെരിവും എന്റെതല്ല..
സ്വപ്നവും എന്റെതല്ല.

പാവം. അത് പൊയ്ക്കോട്ടേ..
ഉറുമ്പുകൾ
ചുവന്ന ഉടുപ്പിട്ട
ബുദ്ധ സന്യാസിമാർ.

അവർ
വരിക്ക പ്ലാവിന്റെ
ചില്ലയിലുദിക്കാനിരിക്കുന്ന
പുലരിയിലേക്ക്
മന്ത്രമുരുവിട്ട് കയറി പോവുന്നു.

നാളെ അവരുടെ
മൊട്ടത്തലകളിൽ
എന്റെ പുലരികൾ
തിളങ്ങുമല്ലോ.
ഉണർന്നപ്പോ
കവിളിലും
കൈയ്യിലും
പാദങ്ങളിലൊക്കെ
പുല്ലുകൾ മുളച്ചിരിക്കുന്നു.

മാങ്കുട്ടികൾ
എന്റെ പച്ച ഗോട്ടി കണ്ണുകളിൽ
ചുണ്ടുകളണയ്ക്കാനെത്തി.

അനങ്ങാനെനിക്ക് പേടി പോലെ.

എന്നെ പതിയെ പതിയെ തിന്നോട്ടെ.

അവർ ചവച്ചരച്ച് തിന്നോട്ടെ.

ശ്വാസമത്രേം ചെറിയ ഓളങ്ങളിലാണ്.

ഒഴുകി പോം
ചെറിയ ചോലകൾ
തുളുമ്പി പോയാലോ.

ഇലകളിൽ
പറ്റിപിടിച്ചിരിക്കും
കാട് അലയാൻ പോയാലോ.

അവരെന്നെയിട്ട് പോയാലോ.

ഞാനിങ്ങനെ നിൽക്കുന്ന പക്ഷം
നിങ്ങളുടെ
ബ്രഷ് വിറയ്ക്കുന്നതെന്തിനാണ്?

കാട്ടുപൂക്കളെ
ഊതി വിടുന്നുതിന്റെ
മണം കിട്ടുന്നുണ്ട്.

ഉറവയെ പറ്റി
ഇരട്ട നാക്കുള്ള
നിങ്ങളുടെ ബ്രഷ്
ഒരക്ഷരം മിണ്ടുന്നില്ലിപ്പോ.

നോക്കി നിൽക്കെ
ചോലക്കരികിലെ
തണുപ്പിലത്
മുങ്ങി മുങ്ങി പോയി.

ഒരു പച്ച തണ്ടിനറ്റം പോലെയേ
കാണാനാവുന്നുള്ളൂ.

ഇഴഞ്ഞ് പോകും
പച്ചില പാമ്പിനറ്റം പോലയേ
കാണാനാവുന്നുള്ളൂ,

എന്റെ പൊക്കിളിൽ.
ചില്ലകൾക്കിടയിൽ
നിശ്ചലതയിൽ
കൊത്തിവച്ച
ഒരു തത്ത.

ശ്വാസമെടുക്കുന്ന പോലെ
നെഞ്ചകം
ഉയർന്നു താഴുന്നതു കണ്ടു.

അതെ, കണ്ടതാണ്.

എങ്കിലും
മരം പൂവിടുന്നത് കണ്ട
ആ കുട്ടികൾക്ക്
തത്തയെ
പറിച്ചു കൊടുത്തില്ലാരും.
വയറ്റത്ത് കണ്ണുള്ള മൂങ്ങേ..

ഇങ്ങനെ പാവത്തോടെ
എന്നെ നോക്കരുത്.

എനിക്കത് ഇഷ്ടമല്ല.

നിങ്ങളിൽ ഒഴുകുന്ന
നീല നദിയിൽ,

ഒരു കിളിന്തു കല്ലാണ്
ഞാനിപ്പോ.

തൊട്ടു നോക്കാമോ.

പഞ്ഞി പോലെ. പതുപതുത്ത്..മേഘപൂർണ്ണമല്ലേ ..

കല്ല് തന്നെ. ഞാനുറപ്പിച്ചു കഴിഞ്ഞു.

കിടക്കയിൽ ഞാനുരുളുന്നു.

ഉരുണ്ട് തന്നെ
എനിക്ക്
പുറത്ത് കടക്കണമെന്നുണ്ട്.

കാരണം ഞാൻ കല്ലാണല്ലോ.

അന്നൊരിക്കൽ
നിങ്ങൾ
കാൽ കൊണ്ട് തട്ടി തെറിപ്പിച്ച
കല്ലിനെ കൊതിയോടെ ഓർക്കുന്നു. പുലഭ്യം പറയുന്നു.

എന്നെ നിൽക്കാൻ അനുവദിക്കരുത്.

നെടുനീളൻ ഗോപുരം പോലെ മൂർച്ഛിച്ച് നിന്നെന്ന് വരാം, ഞാൻ.

ഗോപുരങ്ങൾ കൂണുകൾ അല്ലാതെന്താണ്.

അത്രമേൽ ഊക്കോടെ
കാൽ കൊണ്ട് തട്ടിയെറിയരുതോ..

അത്ര ലളിതമായി തന്നെ.
കാട്ടുവള്ളികളേ..

ഒന്നഴിച്ച് വിടുമോ.

നിങ്ങൾ കുരുക്കിയിട്ടിരിക്കുന്ന
ഈ പൂങ്കുല.

ഹൃദയമെന്ന്
ഞാനതിനെ
വിളിക്കാറുണ്ടെങ്കിലും.

ശ്വാസം
മറ്റേതോ കാട്ടിലാണെന്ന്
തോന്നുന്നു.

തിരഞ്ഞ് വന്ന കാടഴിഞ്ഞും പോയി.