Thursday, December 29, 2011

കാർവള്ളിയുടെ കൂന്തൽ...


കലി പിടിച്ച കൂന്തലാണ്
കാർവള്ളിക്ക്‌,
ഒക്കത്തിരിക്കുന്ന കുഞ്ഞ്
ഊർന്നിറങ്ങും പോലെ
നിൽക്കുന്നിടത്തെല്ലാം
അതു താഴെയുണ്ട്‌..
അടക്കമില്ലാത്ത
കറുത്തനദി പോലെ..

ചാലുകളായവ
രാത്രി ഭക്ഷണത്തിലേയ്ക്കൊഴുകവെ
നീയത്സസൂക്ഷ്മം
നുള്ളിയെടുത്ത്പ്രാകും,
വിരലിൽ ചുറ്റി പരിശോധിക്കും,
നോക്കുകൾ കൊണ്ടത്മുറിക്കവെ
ഒരാമാവാസി പ്പക്ഷിയുടെ ഞരമ്പ്
അവളില്‍ പിടയ്ക്കും.
മുറിച്ചിട്ടതിനെ നീട്ടുന്ന
പുഴയൊഴുക്കില്‍
മുടിയൊഴുക്കിനെ പിഴിഞ്ഞെടുക്കുന്ന
കട്ടയിരുട്ടില്‍
അമാവാസിയാകുന്നവൾ,
അക്ഷയതന്ത്രമറിയുന്ന
പഴയ ചീരയിലയുടെ കരുത്തോടെ
വെളിച്ചവുമുള്ള
ഒരു വനവുമായി
മുറിയിലേയ്ക്കു വരും..

കാട്ടുമൃഗത്തെ
പൂട്ടാനെന്ന പോലെ
നീ ശൗര്യം
കാട്ടി രസിക്കും.
അരക്കെട്ട്വലിച്ചെടുത്ത
തുളസിയുടെ ചൂരിനെ
നാഭിയിലേയ്ക്ക്
പൊത്തിമണക്കുമ്പോൾ
മണമ്പിടുത്തക്കാരൻ
പെരുമാളെന്നവൾ കളിയാക്കും.

വാശി പിടിച്ച കടുംമുടികൾ
അവളിൽ നിന്ന്‌ പുതപ്പിലേക്കും
പുതപ്പിൽ നിന്ന്‌ നിന്നിലേക്കും
കെട്ടുപിണഞ്ഞിഴയുമ്പോള്‍
കൊത്താന്‍ വന്ന മരണത്തെ
എത്ര വേഗമാണ്‌
നീ സർപ്പമാക്കി
തലയില്‍ ചുറ്റിയത്..

വകഞ്ഞു നോക്കിയാല്‍ കാണാം
നിലാവിന്റെ
നീല മുട്ടകൾ തിളങ്ങുന്നത്..



Thursday, December 22, 2011

ഞാനൊന്നോർത്തെടുക്കട്ടെ, ഫൂലൻ

ഫൂലൻ,
നോവേല്പ്പിക്കാതെ
നിന്നെ ഞാനൊന്നോർത്തെടുക്കട്ടെ..?
ജലാനിലെ പതിനൊന്നുകാരിയെ..?

ആർത്തവരക്തം പുരളാത്ത
നിന്റെ
ത്വക്കിലും,
മാംസത്തിലും,
അവർ കാമം ശമിപ്പിച്ചപ്പോൾ,
തലയ്ക്കു മുകളിലെ സൂര്യൻ
തിളച്ചതിലുമേറേ
നിനക്കു പൊള്ളി..
നീ
അന്നു മുതൽ
യമുന നീന്തുന്നു..

നിന്നെ ഞാനൊന്നോർത്തെടുക്കട്ടെ..?
ചമ്പലിലെ ആ കലാപകാരിയെ?

നിന്റെ നെറ്റിയിലെ
വലിയ ചോന്ന പൊട്ടിൽ
ചമ്പൽകാട്ടുതീ എരിയുന്നു,
ആരെയും ചാമ്പലാക്കാൻ പോന്നത്‌..
നിന്റെ ശമിച്ചയുടൽ ചേർന്ന
തോക്ക്‌ തുപ്പിത്തെറിപ്പിച്ചതിലുമേറേ,
ആർത്തിയുണ്ടതിന്‌...
നീ
അന്നു മുതൽ
തീ മിനുക്കുന്നു..

നിന്നെ ഞാനൊന്നോർത്തെടുക്കട്ടെ..?
എല്ലാ സ്ത്രീകളിലുമുള്ള ഒരമ്മയെ..?

ഒരു കുട്ടിക്കരച്ചിൽ
നിന്റെ ഗർഭാശയഭിത്തികൾ
ഭേദിച്ചു പൊട്ടിപ്പിളരുന്നത്‌,
നീയും ഓർത്തുകാണില്ലെന്നുണ്ടോ..?
മുല കൊടുക്കുമ്പോൾ
നിന്റെ പൂർവസഹനങ്ങളെ
ഒറ്റനോട്ടം കൊണ്ടവൻ
അവൻ മായ്ച്ചു കളയില്ലെന്നുണ്ടോ??
ജീവിതം കടത്തപ്പെട്ട നിന്നെ
ഒരു പിൻവിളി കൊണ്ടവൻ,
തിരിച്ചു വിളിക്കില്ലെന്നുണ്ടോ..?
നീ
അന്നു മുതൽ
ചെവിയോർക്കുന്നു..

ഫൂലൻ,
നോവേല്പ്പിക്കാതെ
എല്ലാം ഞാനൊന്നോർത്തെടുക്കട്ടെ..?

Saturday, December 17, 2011

പച്ചയിൽ കേറി നില്‍ക്കും നോക്കുകുത്തി.

ഇന്നലെയുടെ
ആൺശൈലിയോട്‌ സലാം.
നെഞ്ചിൽ മൂകതയുടെ വയ്ക്കോലില്ല,
മുഖത്ത്‌ കോറുവായ്‌ ചിരിയില്ല,
ഉടലിൽ കോപ്പരാട്ടി ചണ്ടിയുമില്ല...
പോയിനെടായെന്ന മട്ടിലൊരു
ചിമിട്ടി നോക്കുകുത്തി...

കുത്തിനോട്ടത്തിന്റെ എരിവിൽ
ദിശ പിഴക്കുന്ന തത്തക്കൂട്ടമേ
നിങ്ങളുടെ പച്ച
എന്നിലേയ്ക്ക്‌ ആവിഷ്ക്കരിക്കട്ടെ..?
പോകുന്ന പോക്കിൽ
ആകാശത്തെ പച്ചയാക്കുമ്പോഴുള്ള

തണുപ്പിലേയ്ക്ക്‌
എപ്പോൾ വേണമെങ്കിലും
എന്നിൽ നിന്നൊരു

പറക്കൽ തയ്യാറാവുന്നുണ്ട്‌.

കളറുമുട്ടായി തിന്നുന്ന
പള്ളിക്കൂടക്കിടാങ്ങളുടെ
പാവാടകളിൽ നിന്നും
ചായമൂറ്റിയെടുക്കുന്ന
തുമ്പികളെ ഒരു പുഴയാക്കി

വാരിച്ചുറ്റി
ഹാ,  ഞാനങ്ങ്‌
പച്ചപ്പെട്ട് പോയല്ലോ..!

എന്താണിങ്ങനെ നോക്കുന്നതെന്ന്

പരവേശപ്പെട്ട്
കുന്നിന്മുകളേയ്ക്കോടി കയറുന്ന
കാക്കശബ്ദങ്ങളെ
തിരിച്ചുവിളിക്കാൻ പോന്നത്ര
വളർന്നു കഴിഞ്ഞിരിക്കുന്നു,
നോക്കുകുത്തിയെന്ന
എന്റെ പ്രത്യയം,


നെഞ്ചിൽ കുത്തിയതൊക്കെയും
ഞാനും മറന്നിരിക്കുന്നു,

ആത്മഗതിക്കുന്നു.

ഒന്നുമല്ലെങ്കിൽ,
ജീവിതമെന്നയീ
ചുള്ളിക്കാൽ നില്പ്പിനെ
ഉൾക്കൊണ്ട പാടങ്ങളോട്
എന്റെ ഒഴിഞ്ഞ ഹൃദയത്തിൽ
കേറിയിരിക്കാൻ പറയട്ടെ..


ഉണക്കുക്കാലത്തെ
പച്ചക്കാലമാക്കുന്ന
അത്തരം പ്രയോഗങ്ങളിൽ
സമാധാനക്കൊടിയായി
പറക്കട്ടെ


നോക്കുകുത്തിയോളം
പച്ചത്തണുപ്പ്
മറ്റെന്തിൽ തരും
നിങ്ങളുടെ നോട്ടങ്ങള്‍ക്ക്.

Tuesday, December 6, 2011

ഇടച്ചിൽ..

മരിച്ചതിനു മുമ്പു
ട്രങ്കുപെട്ടിക്കു മേലേ,
മരിച്ചു കഴിഞ്ഞു
മരപ്പെട്ടിക്കുള്ളിൽ.
അങ്ങനെ,
തലയിൽ കൈയ്യും കൊടുത്ത്‌
അപ്പനിപ്പഴും
ചുരുണ്ടുക്കിടക്കുകയാവുമെന്നു കരുതി,
കൊച്ചൗസേപ്പെന്നും
തോട്ടിൻപറമ്പിൽ ചെല്ലും..

അപ്പനാകട്ടെ
മണ്ണിനുള്ളിലകപ്പെട്ടതിന്റെ അരിശം
ഉരുളൻ കല്ലുകളാക്കി,
മുകളിലേക്കുരുട്ടിയുരുട്ടി വിടും...
അതെല്ലാം ഒടുക്കം
കുരുത്തംകെട്ട കിളവനിൽ തന്നെ
തിരിച്ചു ചെല്ലും...
ആ വിധം പാറയായി മാറിയ
ഒരോ അമർഷവും,
ഇന്നും മുകളിലേക്കു നോക്കി കിടക്കുന്നു,
ആകർഷണബലം ഭേദിച്ചു
ഭൂമിയിലേക്ക് കടന്നു വരാൻ..

അതവിടെ നില്ക്കട്ടെ...
അറിയുമോ..?
ആളുകൾ അടക്കം പറയുന്നതു്,
ഞാൻ മേരിവേശ്യയുടെ മോനാണെന്നാണ്‌...
ഇരുട്ടുമ്പൊ
എല്ലാ വാതിലുകളും അടഞ്ഞാലും,
അമ്മച്ചീടെ വാതിൽ
സാക്ഷയിൽ കുരുങ്ങി നില്ക്കാൻ
മടിയ്ക്കുമത്രേ..

മൂക്കളയൊലിച്ചിറങ്ങിയ
ചുണ്ടും പെളർത്തി
ഞാനിരിക്കുമ്പൊ
ചായ്പ്പിനരികില്‍
ചൂട്ടടുപ്പിലെ കരിഞ്ഞ കനലായി
അവർ കെട്ടവരാകുന്നു..

പിറ്റേന്ന്
ഇരുട്ടുവായുള്ള
ചോറുകലത്തിൽ
അരിവെള്ളകൾ തിളച്ചുതുള്ളുന്നത്‌
തലേന്നത്തെ
അവരുടെ കിതപ്പിനൊത്താണ്‌...
ഏഴു പള്ള നിറയുമ്പോഴേക്കും
അവർ വീണ്ടും കൊള്ളാവുന്നവരാകുന്നു..

ഈ മണ്ണിലകപ്പെട്ടതിന്റെ അരിശം
ഉരുളൻ കല്ലുകളാക്കി
അവർ നെഞ്ചിലിട്ടുരുട്ടുന്നു,
ഒരാകർഷണബലത്തിനും

വിട്ടു കൊടുക്കാതെ..

വിവർത്തനം

കഴിഞ്ഞ രാത്രി മുഴുവൻ
ഞാൻ ചിന്തിച്ചത്
ഇരുട്ടിൽ താഴേക്ക് പറന്നിറങ്ങുന്ന
ഒരോ കിളിയേയും പുലരും വരെ
എങ്ങനെ വരാലുകളാക്കി മാറ്റാമെന്നാണ്‌..

ഒരു വണ്ടി നിറയെ
പച്ചയും നീലയും
നിറത്തിലുള്ള  കൂടുകളുമായി
എന്റെ കണ്ണിനു മുന്നിലൂടെയെന്ന മട്ടിൽ
ഒരു വേടൻ സഞ്ചരിക്കുന്നുണ്ട്

ക്യാൻവാസും,ബ്രഷുമായി
ഞാൻ തോട്ടത്തിൽ വന്നിരുന്നു...
ആകാശത്തിന്റെ ബലത്തിൽ
പറന്നിറങ്ങുന്ന കിളികളെ
ഓരോന്നായി പിടിച്ചെടുത്ത്
ക്യാൻവാസിലേയ്ക്ക്
പറത്തി വിടുന്നു...

ചിറകുകളെ
ചുരുക്കിയൊതുക്കി
വാലിനെ
വശത്തേയ്ക്കു നീട്ടി
ചുണ്ടിനെ
ഉള്ളിലേയ്ക്ക് വലിച്ചിട്ട്
കിളികൾ
ഒരു രാവുനേരത്തിന്‌
വരാലുകളായി
രൂപവികാരപ്പെടുന്നു.
ഈ പണി എനിക്കിഷ്ടമായി..

കിളികളെ,
പുലരും വരെ
നിങ്ങളിനി വരാലുകളാണ്‌...
ആകാശവും
മുളങ്കൂട്ടവും
ഇലപൊന്തകളും
ഉള്ളിലൊളിപ്പിച്ചു
വിവർത്തനം ചെയ്യുന്നവര്‍

രാത്രികളിൽ
ആരും ചൂണ്ടയിൽ
മണ്ണിരയേയും ചുറ്റിച്ചു
നിങ്ങളെ തേടി വരില്ല..
അഥവാ വന്നെങ്കിൽ തന്നെ,
ഇനി ഞാൻ ചിന്തിക്കുക
എങ്ങനെ മണ്ണിരയെ
വിവർത്തനം ചെയ്യാമെന്നാണ്‌...?



പച്ച വരയിട്ട ബസ്സ്

പച്ച വരയിട്ട ബസ്സിൽ,
പിൻവരിയിലാണ്‌ ഞാനിരിക്കുന്നത്‌,
മുൻസീറ്റിലെ ചുവന്ന റിബ്ബൺതല നോക്കി..
ഒരു സ്വപ്നാടകനെ പോലെയാണ്‌,
അയാൾ എനിക്കരികിൽ വന്നിരുന്നത്..
ഒരൊറ്റ നോട്ടം,
ഒരേയൊരു നോട്ടത്തിന്റെ അനുബന്ധത്തിൽ,
അയാളുടെ പെരുവിരൽ
ഇറുകെയമർത്തി ഞാൻ ചോദിച്ചു..

“പോയകാലത്തിന്റെ
പച്ച ബസ്സിലെ പിൻവരിവിജനതയിൽ,
എന്നെ ഒറ്റയ്ക്കാക്കി പോയതല്ലേ..?
ഞാൻ തിരിച്ചറിയപ്പെടാതെ,
ചിതറി പോയവളാണ്‌...
അന്നും,
ഇന്നും,
നിങ്ങളേയും തിരക്കി,
അതേ പച്ച ബസ്സ് കയറുന്നു..”

ആദ്യമായ് കണ്ട മുഖമെന്നോണ്ണം,
അയാൾ അമ്പരെന്നെങ്കിലും,
അകറ്റപ്പെടാതെ,
എന്റെ കൈ
അയാളുടേതിൽ പറ്റിപ്പിടിച്ചു കൊണ്ടിരുന്നു..
വിദൂരത തേടുന്ന കണ്ണിൽ പിടപ്പിടപ്പ്..
എനിക്കത് കാണാം,
എന്നെ കരയിക്കുന്നത്...
എങ്കിലും ഞാൻ ചേർന്നു തന്നെയിരുന്നു..

പ്രാഞ്ചിപ്രാഞ്ചി ബസ്സ്
ഒരുവിധം കുന്നിൻപുറം
കയറുമ്പോൾ,
അയാളെയും നോക്കി ചില മിഴിയിലകൾ,
കുന്നിന്റെ മറുപുറത്തിൽ,
കൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു,
ചില പച്ചനീർതുള്ളികൾക്കൊപ്പം.....