Thursday, March 29, 2012

നാഗമുദ്ര

ലിഫ്റ്റ്‌ കയറുകയാണ് ഒരാൾ.

പറഞ്ഞ സമയത്തിൽ 3B യിൽ

ഒന്നുകെട്ടിപ്പിടിക്കൂയെന്നാർത്ത്
അല്ലികൾ വിടർത്താൻ
നാഭിക്കുഴിയിലിയിരുന്നു

കൊതിക്കുന്നു

താമര എന്ന പരിവേഷത്തിലൊരു

നാഗത്തി

മുടിയിഴകളെ

കോതികൊതിക്കുമ്പോൾ,
പിൻകഴുത്തിൽ 
നിറയെ മരങ്ങളാണ്.
അതിൽ മെരുങ്ങാത്ത കുരങ്ങന്മാരാണ്.
ഹൃദയം കൊതിക്കുന്ന

മുതലയുടെ സ്വപ്നങ്ങളിൽ
ആണ്ടു നീ പോയാലും കൈ നീട്ടി
ഞാൻ വലിച്ചെടുത്തോളാം മുത്തേ
എന്ന് പറയുന്നു
ചടുലമായ ചുവട്.

ചാടുമ്പോൾ
സ്വപ്നബദ്ധയാക്കി
മുത്തിമുക്കിതാഴ്ത്തണം
എന്ന് അവൻ ചിന്തിക്കുന്നത്
എനിക്ക് മാത്രം അറിയാം,
പ്രേതസിനിമകളിലെ കണ്ണാടികളിൽ
തെളിയുന്ന മുഖങ്ങളെ
കാണിയായ എനിക്ക് മാത്രം
കാണാവുന്നത് പോലെ.

അവൾ  ഭൂതകാലത്തിന്റെ
ഇടവഴിയിലെ ഒരാലിംഗനമാണ്,
ഒറ്റ കൊത്താണ് .

ഒരിക്കലും പുറത്തുവരാനാവാതെ,
3 എന്ന ചുവപ്പക്കത്തിൽ
തന്നെ നില്ക്കുന്നു
നെറ്റിയിൽ ഇരട്ട പുള്ളികളുമായി,

ലിഫ്റ്റിൽ ഒരാൾ.

Tuesday, March 20, 2012

പർപ്പിൾ ആകാശങ്ങളിൽ/ പട്ടങ്ങളില്‍/ അവൾഗണിതപുസ്തകത്തിലെ
കടലാസ്സു-റോമ്പസ്സിനെ
വലിച്ചെടുത്ത്
ആദ്യം ഞാൻ പറത്തുമെന്ന്
ആകാശത്തിന്റെ പെടലിയിലേയ്ക്കൊരു
പട്ടമെന്നോണം
ഒരുവൾ കുന്നിന്റെ
പശ്ചാത്തലത്തിലേയ്ക്കോടുന്നു.
എന്നെയുയർത്തൂയുയർത്തൂ
ഒരുമ്പെട്ടവളെ പോലെ
അവളും പട്ടവും ചാടിത്തുള്ളുന്നു.

അവളുടെ
ചിന്തകളേയും
സ്റ്റ്രിങ്ങിന്റെ
അനുവദനീയമായ വട്ടത്തെയും
ഭേദിക്കാൻ
ആകാശം പാടുപെടുന്നു..

അവളുടെ
മന്ത്രവാദിനിഹൃദയം
കുട്ടികളെ കുന്നിന്റെ
മുകളിലേക്കാകർഷിക്കുന്നു...

ഒരോ കുട്ടികളും
പല പല കളറുള്ള
പട്ടങ്ങളാവുന്നു..

ആകാശം
ഒരടിമയെ പോലെ
എല്ലാർക്കും
നടുവ് കുനിച്ചു കൊടുക്കുന്നു..

പട്ടങ്ങളിൽ കുട്ടികൾ
ഒരാകാശം
സ്വപ്നം കാണുന്നു..

കൈനിറയെ
പട്ടങ്ങളുമായി
ഒരുവൾ നിരത്തിലൂടെ
പട്ടം വേണോ, പട്ടം വേണോ എന്നു
വിറ്റുനടക്കുന്നു

അമ്മമാർ കുട്ടികൾക്കായി
പട്ടം വാങ്ങുന്നു,
ഓരോ കുട്ടികളും
അവരവരുടെ വീട്ടിൽ
പട്ടങ്ങളായി തിരിച്ചെത്തുന്നു..

മാറിനകം നിറയെ പണവുമായി
പട്ടംപ്പറത്തിപ്പെണ്ണ്‌
പുളിമരത്തിൻ കവരം കയറുന്നു
ഒരു കവിത പാടി,
പുളിങ്കുരു തുപ്പിയെറിഞ്ഞു
കുന്നു കയറുന്നു..
അവള്‍ക്കിന്നു
പട്ടങ്ങളുടെ സമൃദ്ധിയിൽ
കൊട്ടിപ്പാടൽ ...

ഗണിതപുസ്തകത്തിൽ
കാണാതെ പോയ
റോമ്പസ്സുകളെ
കുട്ടികൾ
അന്വേഷിക്കുന്നു,

റോമ്പസ്സുകളില്ലാത്ത
ആകാശം
ഒരു പട്ടത്തെ മോഹിച്ച്
പിന്നേയും പർപ്പിളാവുന്നു.

Sunday, March 18, 2012

വഴി കണ്ടു പിടിക്കാമോ..???

ചൂടൻ മുയലിറച്ചിയും
ഒരു കിലോ ക്യാരറ്റും
ഒറ്റയിരിപ്പിനു തിന്നു തീര്‍ത്ത
മടിയനുച്ച യുറക്കത്തിലെ പ്പൊഴോ
നീയും ഞാനും
എതോ ചിത്രക്കഥയിലെ
രണ്ടു വാക്കുകളാവുന്നു

ആദ്യവരിയിലെ
ക്യാരറ്റ്‌ എന്ന വാക്ക്‌ നീയും
ഇങ്ങേയറ്റത്തിരിക്കുന്ന
മുയൽ എന്നാ വാക്ക് ഞാനും.

വാക്കുകൾ വാക്കുകൾ
അകലത്തിൽ
മിണ്ടാതെ
നമ്മളിരിക്കുന്നു.

വായിക്കുന്നവനേ
നിങ്ങളുടെ
കണ്ണോടുന്ന വരയാണ്
നമ്മളുടെ വഴി.
നീ നമ്മള്‍ക്കിടയിലെ
പുല്‍പ്പൊന്തയാവുന്നു.

ഞാനതിലൂടെ
ചാടി
ച്ചാടി
ച്ചാച്ചാടി
ച്ചാച്ചാച്ചാടി
പോയത്‌ കണ്ടില്ലേ?...

പച്ചക്കുന്നിലൂടൊരു
വെള്ളപ്പന്ത് പോലെ..

സത്യത്തിൽ
നിങ്ങളറിയുന്നേയില്ല
ഈ വഴികണ്ടെത്തിക്കളി.

ന്റെ മുയൽക്കുട്ടീ' ന്ന്
നിന്റെ ക്യാരറ്റു ഹൃദയം വിളിക്കുന്ന
അതിനെ കരളാൻ നില്ക്കുന്ന
വായന നിങ്ങൾ
നിർത്തല്ലേ എന്ന്
രണ്ടറ്റത്തിരുന്നു,

നമ്മൾ

പ്രാർത്ഥിക്കുന്നു..

Tuesday, March 13, 2012

ഭൂമി പീലികൾ പറത്തുന്ന പെണ്കുട്ടിയാവുന്നു

പെരുന്തേൻ പൂതിയിൽ
നീലശലഭങ്ങളെ
കണ്ടിരുട്ടിലാണ്
ഇറങ്ങി തിരിച്ചത്‌...
ചൂട്ടിന്റെ
കിതപ്പില്‍
കാട് തണുപ്പിന്റെ
ഒരാച്ഛര്യ ചിന്‌ഹമാകുന്നു.

ചൂട്ട്‌ കത്തുന്നു,
ഒരു പെണ്‍കുട്ടിയുടെ
കണ്ണുകൾ തുറന്നിരിക്കുന്നതിൽ.

ബങ്കണയുടെ
ഇടത്തേ ചില്ലയിൽ
പൂത്താങ്കീരികളുടെ
ഇണക്കം കാണുന്ന
തെറിച്ച നക്ഷത്രങ്ങൾ
എന്നിൽ ആഴ്ന്നിറങ്ങുന്നു
എനിക്കു ചുറ്റിനും
അനേകമായിരം
ഹരിതനീലിത
മയിലുകളെ
പറത്തി വിടുന്നു.

ചൂട്ട്‌ കത്തി പാതിയായി,
അതില്‍ പെണ്‍കുട്ടിയുടെ
കണ്ണുകൾ പാതിയടയുന്നു.

അവളുടെ ഉടലുകളിൽ
നിശ്ചല തടാകങ്ങളുണ്ട്‌.
മേഘത്തിന്റെ
വിത്തുകളുള്ള
മയില്‍ക്കണ്ണുകളുണ്ട്

അതിലാണോ.
ഋതുക്കളെല്ലാം
ഭ്രമിച്ചു ഭ്രമണം ചെയ്ത്
സർവ്വതിനെയും
പീലികളാക്കുമ്പോള്‍ ,

ഭൂമി പീലികൾ പറത്തുന്ന പെണ്‍കുട്ടിയാവുന്നു.

ചൂട്ട്‌ കത്തുന്നു,
അതില്‍ ഒരു പെണ്‍കുട്ടിയുടെ
കണ്ണുകൾ മുക്കാലും കൂമ്പുന്നു

കാടിന്റെ ചങ്കിൽ
സ്വതന്ത്ര്യവതിയായ
ഒരു ദേവതയുണ്ട്.
മരംകൊത്തികൾ
ചുണ്ടുകൾ കൂർപ്പിച്ച്
ആഞ്ഞു കൊത്തുന്നത്
അവള്‍ക്കുള്ള ഏറ്റവും
അനുയോജ്യമായ യോനി
തീർക്കുവാനാണ്‌.. ..

കൊത്തികളുടെ പാട്ടിൽ നിന്ന്
കാടിന്റെ ചെവികൾ
ചില പ്രപഞ്ചരഹസ്യങ്ങൾ
വ്യാഖാനിക്കും.

വീട്ടില്ലെത്തി
പെണ്‍കുട്ടി ഉറങ്ങുമ്പോൾ,

തീ തീര്‍ന്ന
ചൂട്ടിനു ചുറ്റും,
കൂമ്പി പോയ
കണ്ണിനു ചുറ്റും
ഒരേ സമയം
പറക്കുന്ന നക്ഷത്രങ്ങളിൽ
ഞെട്ടിയുണര്‍ന്ന് ,

മുറ്റത്ത് വാരിയിട്ട
പീലികളിലൊന്നെടുത്ത്
കുത്തിവെയ്ക്കുന്നു,
രാത്രിയുടെ കുറുക്കൻ മുടിയിൽ .


തിരികെ വന്നുറങ്ങുന്നു.

Monday, March 12, 2012

കാന്താരിയുമ്മകൾ

മദ്ധ്യാഹ്നത്തിന്റെ
ജില്ലൻ തീവണ്ടിയിൽ
അവൻ വരുന്നു...


നോക്കിയിരിക്കലിന്റെ,
മടുപ്പിന്റെ
പള്ളക്കിട്ടൊരു കുത്ത് കൊടുത്ത്
തീവണ്ടി നീളത്തിൽ
വിസ്മയിക്കാൻ ഇറങ്ങിത്തിരിച്ചവളാണ്‌.


എന്റെ ചെവികളിലൂടെ
ഇളം നീലക്കിളികൾ

പറന്നു പോയത് കണ്ടില്ലേ..
ഞാനൊരു ഉന്മാദിനിയാണ്‌..

പുന്നാരൻ തീവണ്ടി വരുന്നു.

സകലതും മറന്നു കയ്യടിക്കുന്നു..

നിലാവത്തൂന്നു
ഒരു രസികത്തിയെ
വശീകരിച്ചിരിത്തീരിക്കും പോലെ
എന്റെ കൊടുംകൊതികൾ
ലഹരികൾ,
ചപ്പടാച്ചിച്ചിരികൾ,
ബോഗിയിൽ

അവൻ നിറച്ചു വച്ചിരിക്കുന്നു

താടിച്ചുഴിയിലൊന്നമർത്തി

ഉമ്മുമ്പോൾ
അവൻ തേച്ച കോൾഗേറ്റ്
എന്റെ ചുണ്ടുകളിലെരിയുന്നു..

..യെന്നാലെന്റെ ചുണ്ടുകൾ

അതിലും മഹത്തായ കാന്താരികളാണ്‌...


എത്ര വേഗത്തിൽ
ലീവുപ്രശ്നം

ഒരു പുൽച്ചാടിയായി
ചാടിച്ചാടിപ്പോകുന്നു.