Saturday, April 14, 2012

കരിമ്പൻക്കണ്ണുകൾ

പാളയത്തലയുന്ന
തെരുവുഭാണ്ഡത്തിലെ
കരിമ്പൻക്കണ്ണുകളിൽ
കുത്തികുത്തിചോദ്യങ്ങളാണ്,
കടൽപക്ഷികൾ
കണക്കെ
ചിറകിട്ടടിയാണ്‌..

ഞാൻ ഉപേക്ഷിച്ച
ദോശക്കഷ്ണമോ
ഇട്ടുമടുത്ത ഉടുപ്പുകളോ
അട്ടിക്കിട്ട ചെരുപ്പകളോ,
എനിക്കുള്ളതോ/തള്ളിയതോയായ
എന്തോ ഒന്ന്
വെളിച്ചത്തിന്റെ
മറ്റൊരാകാശത്തിലേയ്ക്കു
എന്നെ എടുത്തെറിഞ്ഞല്ലോ !!

ഞാൻ കണ്ട വെളിച്ചവും
നീ കണ്ട വെളിച്ചവും
രണ്ടായിരുന്നു എന്ന്
ഒരു കുഞ്ഞിന്റെ വേട്ട
പറഞ്ഞുതരും.

ഇനിയൊരു കാലം
ഉദരത്തിൽ വഹിക്കും
മുലകൾ ചുരത്തും
എന്നൊരു ചൂണ്ട
നീ കോര്‍ക്കും.

ആ തോല്‍വി
പറഞ്ഞു തരും,
സമ്പന്നതയിലെ ദീനത.

ലക്ഷം വിലയുള്ള
നീലവര്‍ണ്ണമല്‍സ്യമായി
അക്വേറിയം പൊട്ടിച്ചു
അതിന് കാവൽ നിന്നവന്റെ
ഓട്ടകീശയെ ഭാഗ്യക്കടലാക്കുന്ന
കഥ ഓര്‍മ്മ വരും.

ദൈവമിരിക്കുന്ന
നിന്റെ കണ്ണുകളിലെ
സ്വർഗ്ഗം കാണാൻ സര്‍വ്വവും

വലിയ പടികളിറങ്ങി വരും.