Thursday, May 24, 2012

തത്തമ്മച്ചിത്രങ്ങൾ

സ്നേഹത്തെ കുറിച്ചു
സംസാരിക്കുമ്പോൾ
ഓരോ തൂവൽ പൊഴിക്കുന്ന
തത്തമ്മയുടെ പച്ച
സ്വപ്നം കാണുന്ന
യജമാനൻ
പച്ചത്തൂവലുകളുടെ
കാട്ടിൽ എന്നെ തനിച്ചാക്കുന്നു.

എല്ലാ യജമാനന്മാരിലും
ആനന്ദതുന്ദിലനായ
വേട്ടക്കാരനുണ്ട്.

എനിക്കും ഒരു വേട്ടക്കാരന്‍റെ സ്വരമായോ?

തടവറകളുടെ
സഹനചരിത്രത്തിൽ നിന്ന് സത്യമായും
എനിക്ക് നിങ്ങളെ മോചിപ്പിക്കണമെന്നുണ്ട്.
ചിറകുകളുടയാതെ ആകാശത്തിന്
തിരികെയേല്‍പ്പിക്കണമെന്നുണ്ട്.

ഏതെങ്കിലുമൊരു
അവസ്മരണീയ നിമിഷത്തിൽ
ചിറകുകള്‍ക്കടിയിലെ
മിന്നൽ വീണ്ടെടുത്ത് സ്വാതന്ത്ര്യത്തിന്റെ
അനന്തസാധ്യതകളിലേയ്ക്ക്‌ പറക്കുന്ന
കടല്‍ക്കാക്കയായി നീ മാറട്ടെ
എന്നൊരു ചാത്തന്‍മന്ത്രം ഒളിഞ്ഞുരുവിട്ടു
നിങ്ങളെ ഞാൻ പിടികൂടുകയാണ്.

എനിക്കും ഒരു വേട്ടക്കരാന്‍റെ മുഖമായോ?

യജമാനന്റെ കയ്യിലെ
മുരുക്കുവടി വലിച്ചെറിഞ്ഞ്
കൂടിലേയ്ക്കു
എന്നെ സ്വയമാവാഹിക്കവേ,

ആകാശത്ത്
പച്ച വാരിവലിച്ചു തേയ്ക്കുന്നു
തത്തകളുടെ ചെലപ്പുള്ള കുഞ്ഞുങ്ങൾ.
പല വട്ടം  പല വട്ടം
തുറന്നു നോക്കി  തുറന്നു നോക്കി
ആനന്ദപ്പെടുമ്പോൾ
എന്നിൽ നിന്ന്
പൊഴിഞ്ഞു വീണ
ആദ്യത്തെ തൂവലിന്,
ഒറ്റക്കിരുന്നൊരു
കുട്ടി നിറം കൊടുക്കുന്നു.



എനിക്കു പിന്നാലെ വരൂ, വരൂ..

വീട്ടുമുറ്റങ്ങളിലെ
തള്ളക്കോഴികളും,
പശുക്കളും
നായ്ക്കളും
അടക്കം എല്ലാ ജീവികളും
പടപടാന്നു പാഞ്ഞോടുന്നു..

വീട്ടുകാരികൾ വേലിക്കൽ
അയ്യോന്ന്‌ അന്തിച്ചു നില്ക്കുന്നു..

വാശി മുറ്റിയ
ഒരുവളുടെ പാട്ടാണ്‌
ആ കേള്‍ക്കുന്നത് .
സർക്കസ്സുകൂടാരമാണ്
അവളുടെ ഉന്നം.
ഓരോ സിംഫണിയും
ചുറ്റുകളഴിയാനും,
പൂട്ടുകളിളകാനുമുള്ള
അവളുടെ പ്രാർത്ഥനയാണ്‌..

കാണികളുടെ ഹരത്തെ
ജ്വരമാക്കി മാറ്റുന്ന
സര്‍ക്കസ്‌ മാസ്റ്ററോട്‌
അവൾ പാടി കലി തീർക്കും..
പോരിൽ
അവൾ തന്നെ ജയിക്കും

തലകുത്തി നില്ക്കുന്ന ആനകളും,
പരിശീലകനെ പുണരുന്ന കടുവകളും,
തുടകൾ കാണിക്കുന്ന പെണ്ണുങ്ങളും,
പെണ്ണുങ്ങളെ ചുമക്കുന്ന കുതിരകളും,
കുത്തനെ മറിയുന്ന പയറുമണിക്കുട്ടികളും,
ശുദ്ധനായ തമാശക്കാരനും
കസർത്ത്‌ നിർത്തി
അവളുടെ പാദം പിന്തുടരുന്നു.

നഗരം
പൂട്ടുകളും
പരിശീലകനും
ചാട്ടവാറുമില്ലാത്ത
കൂടാരമായി നടന്നു പോവുന്നു,
സകലരും ഉന്മത്തരായി
അവൾക്കു പിന്നാലെ.

പുതിയ നാട്ടിൽ
പാട്ടു കേൾപ്പിക്കയായി
എനിക്കു പിന്നാലെ വരൂ, വരൂ.....