Tuesday, September 25, 2012

ടോം & ജെറി അല്ലെങ്കിൽ പ്രകൃതി & മനുഷ്യൻ

ഭൂപ്രകൃതി വിപത്തുകളെന്നാലെന്ത് എന്ന
തലകെട്ടിൽ പ്രബന്ധം
എഴുതുകയായിരുന്ന
എന്റെ കൈപ്പത്തിയിൽ നിന്നും
കൊടുങ്കാറ്റും, മഹാമാരിയും,
യുദ്ധവും, ഭൂകമ്പവും,അഗ്നിയും
പാവവേഷങ്ങളായിറങ്ങി വരുന്നു.

അവർ എന്നെ തന്നെ നോക്കി നിന്നു,
ഞാൻ എന്നെ തന്നെ നോക്കി നിന്നു,
പറക്കുന്ന പട്ടങ്ങൾ
അത് പറത്തുന്ന കുട്ടികളെ
നോക്കുന്ന പോലെ.

എന്റെ വിരലുകളാണ്
അതാവിഷ്കരിക്കുന്നതെന്ന്‍
അവര്‍ക്കറിയില്ലെങ്കിലും
നിങ്ങള്‍ക്കറിയില്ലെങ്കിലും
എനിക്കറിയില്ലെങ്കിലും
അവര്‍ക്കറിയാം
നിങ്ങള്‍ക്കറിയാം
എനിക്കുമറിയാം

നിങ്ങളുടെ/എന്റെ
സിമുലേഷനുകളിൽ
മരങ്ങൾ ഇളകാൻ
കടൽ ഇരമ്പാൻ
കൊടിയ കാറ്റ്‌ വീശാൻ
നഗരങ്ങൾ കത്താൻ
തീവണ്ടി കുലുങ്ങാൻ
ബോംബുകൾ ചിതറാൻ
കാത്തുകിടക്കയാണ്
പ്രകൃതി.

കഠിനമായ ബട്ടണിൽ
ലളിതമായ ഒരു അമര്‍ത്തൽ സദാ ഉണ്ട്
(ഭും..!!! എന്നത് കേള്‍പ്പിക്കും)

സ്കൂൾക്കുട്ടികളെ
ചിത്രങ്ങൾ കാണിച്ച്
പേരു പറയിക്കുന്നത്‌ പോലെ
ഓരോ ദുരന്ത നഗരങ്ങളും നിലവിളികളും
എന്നെ കൊണ്ടു വിളിച്ചു പറയിക്കും.

എന്നാൽ
നിസ്സഹായതയുടെ
ജിയോഗ്രഫിക്‌ ചാനലിൽ
കരുണയുടെ
കാർട്ടൂൺ നെറ്റ് വർക്കിലേയ്ക്ക്
എന്നെ ഉടനടി മാറ്റുകയാണവൾ ചെയ്തത്.

എത്ര വഴക്കടിച്ചിട്ടും,
ടോമിനെന്താ

ജെറിയെ ഇത്രയിഷ്ടം.?!

എസ്കേപ്പ് ഫ്രം ഏകാന്തതതതത


കരുത്തനായ ജാരനാണാനവൻ

അടുക്കളയുടെ പുറകിൽ നിന്നും
കരിയിലകളിൽ ഷൂസൊച്ചകളില്ല,
അലമാരകളിൽ പതുങ്ങിയിരിക്കില്ല,
സദാചാര സിദ്ധാന്തങ്ങളുടെ
മുൻവാതിൽ തള്ളി തുറന്നോ
ഭിത്തി പൊളിച്ചോ
ധീരനായി എന്നെ കാണാൻ വരുന്നു.

ഉച്ഛ്വസിക്കുന്ന മൗനങ്ങളിൽ
അയൽപ്പുറങ്ങളിലെ സ്ത്രീകൾ
അവന്റെ പോക്കുവരവുകളെ
കുറിച്ചു വയ്ക്കുന്നു.
അവരുടെ ശങ്കകൾ
മതിലുകൾക്ക് മീതെ
അള്ളിപ്പിടിക്കുന്നു.

എന്റെ സമയങ്ങളിൽ
ഗർവ്വുംഉശിരും,
ചലനസൂചികളാണ്‌.
വട്ടത്തിൽ ചുറ്റിക്കാതെ
എന്നെ നേരെ നടത്തിക്കുന്നുവ..
ഞാൻ വേറിട്ട ഒരു ഘടികാരം.

എന്നെ ഞാൻ തുറന്നുവിട്ടിരിക്കുന്നു എന്ന
ഉച്ചത്തിലെ വിളിച്ചു പറയലിൽ
അവർ ബ്രൗൺ പ്ലാവിലകൾ
പോലെ പാളി വീഴുന്നു..

കേറി വാടായെന്ന്‍ മുറുകെപിടിക്കുന്ന
ആനന്ദമയമായ നിമിഷത്തിൽ
വീണാലും നാലുകാലിൽ
എന്ന സിദ്ധാന്തം ഓർത്ത്
പൂച്ചകളോട് ആദരവ്..

എന്റെ പ്രതിരോധശാസ്ത്രമുറയിലെ
പരമമായ വാഴ്ത്തലുകളിൽ
കൈപിടിച്ചും
കെട്ടി പ്പുണർന്നും
വാതിലുകൾ മലർത്തിയിട്ടു
ഞാനും നീയും
ബാഹ്യകേളികളിൽ ഏർപ്പെടുന്നു.

തനിച്ചിരിക്കുമ്പോൾ
കൂടുതൽ പ്രേമമുള്ളവളാകുക,
നിങ്ങളുടെ ഭർത്താവു ജോലി ചെയ്യട്ടെ,
ആവലാതികളുടെ സ്പീക്കറുകൾ
ദയവു ചെയ്ത് മ്യൂട്ടിലേയ്ക്കിടൂ..
അസ്വപ്നാവസ്ഥകളെ ബ്ളീച്ച് ചെയ്തു
കൂടുതൽ സുന്ദരമാക്കുക..

കീഴ്പ്പെട്ടു കൊടുക്കാതെ
ആഡംബരത്തോടെ
അവനെ കീഴ്പ്പെടുത്തുക.
അവനു മീതെ ശയിക്കുകയും,
അവന്റെ ഇരുണ്ട അവയവത്തിന്റെ
വെളിച്ചം അനുഭവിക്കുകയും ചെയ്യുക.

ഓടിയൊളിച്ചാലും വേട്ടയാടപ്പെടും
എന്നാവുമ്പോൾ
വേട്ട തന്നെ ഒരു ആനന്ദമാക്കുക..

നീ എനിക്ക് പുല്ലാണെന്നു’ എഴുതി ഒട്ടിച്ച
എസ്കേപ്പ് കീ അമർത്തി,


അവനെ പറഞ്ഞയക്കൂ...

പനിനേരങ്ങളിൽ

കിഴക്കു നിന്നൊരു കാറ്റ് വരും,
കാറ്റില്‍ എന്തുണ്ട്
എന്ന് ചോദിക്കരുത്.

പായിൽ മുളകുകൾ ചിക്കിയിട്ട്
അമ്മമാർ അകത്തേയ്ക്കു
പോയിട്ടേയുള്ളൂ

കളര്‍മുട്ടായികളുമായി
ഒരു കാബൂളിയിറങ്ങി വരും
ശാസനകളുടെ
വീട്ടുമുറ്റങ്ങളിൽ നിന്നും
പനി പുതച്ചിരിക്കുന്ന കുട്ടികളെ
തോളത്തിരുത്തി കൊണ്ടുപോകും.

ഇരുമ്പുഗേറ്റ്  ഞരങ്ങിയാടി
നില്‍ക്കുന്നത് മാത്രം കേള്‍ക്കും

നീണ്ട ഒരു ബ്യൂഗിൾ ഗാനത്തിലാണ്
അവർ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
റോളര്‍കോസ്റ്ററുകളിലെന്ന പോലെ
ആകാശത്ത് പോയി
തലകുത്തനെ നില്ക്കും
ഫെപ്പാനിൽസ്സിറപ്പൊട്ടുന്ന
ചുണ്ടുകൾ കൊണ്ട്
സ്ട്രോബെറിയാകാശങ്ങളെ
വലിച്ചെടുക്കും.
പോക്കിരിമേഘങ്ങൾ
കുന്നിന്മുകളിലെ
വെള്ളച്ചാട്ടങ്ങളിലേയ്ക്ക്
അവരെ നീട്ടിക്കൊടുക്കും.

കുന്നും,
കുട്ടികളും,
കാബൂളിയും നനയും..

തോന്നിവാസങ്ങളുടെ
ചെളിവെള്ളത്തിറനങ്ങാനും
കാലത്തിന്റെ നേര്‍ക്ക്‌
മൂത്രമൊഴിക്കാനും
മൂക്കുകളിൽ കയ്യിടാനും
കുട്ടികളെ പഠിപ്പിക്കും.

സായാഹ്നമാവുമ്പോൾ
കടൽസവാരിക്കു പോകും.
വലകളില്ലാത്ത കടൽ,
ആ വിധമൊരു കടലിനെ
സ്വപ്നം കാണൂ കുട്ടികളെ എന്ന് പറയും.

ബലൂണുകൾ
കാറ്റിന്റെ കുഞ്ഞുങ്ങളാണ്‌,
ആകാശങ്ങള്‍ക്കുള്ളത്.
അമർത്തിപ്പൊട്ടിക്കാതെ
തിരിച്ചേൽപ്പിച്ച് താഴെ നിന്നത്
കാണുവാൻ  പഠിപ്പിക്കും.

ബലൂൺപാടങ്ങൾ ഉല്ലസിച്ച്  വിളയും.

സ്റ്റോർമുറികളിൽ നിന്നിറക്കിവിട്ട
പൂച്ചക്കുട്ടികൾ
ഉപ്പുക്കടലകൾ തിന്നാൻ വരും.
ചവറു മണക്കുന്ന വാലുകളിലെ
എകാന്തത കണ്ട്
കുട്ടികൾ എലിവേഷങ്ങളായി മാറും.

പാതിരാ പന്ത്രണ്ടിൽ
പിക്നിക് ട്രിപ്പ് സംഗീതത്തിൽ ഉറങ്ങുന്ന
അവരെ അമ്മമാർക്കരികെ കിടത്തും..

പിറ്റേന്ന്,
നെറ്റിത്തണുപ്പോടെ
സ്വപ്നത്തിൽ കണ്ട ബ്യൂഗിളിനെ പറ്റി
അമ്മമാരുടെ മടികളിലിരുന്നു അവര്‍
ആശ്ചര്യതീവ്രരാകും

അതേ സമയം
ബ്യൂഗിൾ മിനുക്കി
തുണിസഞ്ചിയിലേക്കിട്ടൊരാൾ
ധൃതിയിൽ കാറ്റിന്റെ ട്രാഫിക്ക് മുറിച്ചു കടന്നു പോകും.

അല്ല,

കാറ്റ് ട്രാഫിക്ക് മുറിച്ചു കടന്നു പോകും.

ഫാന്റസി

ഭൂമിയ്ക്ക് പുറത്തേയ്ക്കുള്ള പഴുതിലൂടെ
സ്ത്രീയും പുരുഷനും
ഒരു രഹസ്യം കാണുന്നു..

രണ്ടു പൂന്തോട്ടങ്ങളാണ്‌.
നടുവിലൂടെ ഒഴുകി
പല നിറങ്ങളിൽ
നദിയെ നദി
കളറടിക്കുന്നു.

പച്ചക്രയോൺ വര പോലെ
തുമ്പികളുടെ പാലം
നദിയിലേയ്ക്കാഴ്ന്നിറങ്ങുന്നത്
എങ്ങനെയെന്നോ ?
ആകാശത്തിലേക്കിറങ്ങിയ കാർവ്വില്ല്
അനേകമായിരം
മയിലുകളെ തുറന്നുവിട്ട്
അതൊരു നീലനദിയായി ഇളകുന്ന മട്ടിൽ...

സൂര്യന്മാര്‍ മുളയ്ക്കുകയും
ആകാശം നുരഞ്ഞു പൊന്തുകയും
നക്ഷത്രങ്ങൾ പറക്കാനും തുടങ്ങുമ്പോൾ,

തുമ്പികൾ നദിയിലൂടെ നീന്തുന്നു.
മീനുകൾ ചെടികളിൽ വിരിയുന്നു.

നദി ഉപമകളുടെ പൂന്തോട്ടമാവുന്നു..

ഒരു വിചിത്രവനം
കാണുന്ന പോലെ
അവര്‍ പുറത്തുനിന്നു
ഈ രഹസ്യം കാണുന്നു..

അവന്റെ ചില്ലകൾ
അവളുടെ ചില്ലകളെയും,
അവന്റെ ഇലകൾ
അവളുടെ ഇലകളെയും,
അവന്റെ കനികൾ
അവളുടെ കനികളെയും,
അവന്റെ വേരുകൾ
അവളുടെ വേരുകളെയും,
കെട്ടുപിണഞ്ഞുള്ള
വിചിത്രങ്ങളായ ചുംബനങ്ങൾ
ഒരാഘോഷക്കാഴ്ചയാവുന്നു

ഇലകൾ വന്നു
വാതിലിനെ മൂടി
അവസാനത്തെ ഇല
താക്കോൽ പഴുതിനെയും
പൊതിഞ്ഞു തുടങ്ങവെ
രണ്ട് പൂന്തോട്ടങ്ങളായി,
ഭൂമിയ്ക്ക് പുറത്തുള്ള ഉള്ളിലേയ്ക്കു

പറക്കാൻ തുടങ്ങി..