Wednesday, December 5, 2012

ചെമ്പരത്തി ചെവിയുള്ള നിമിഷങ്ങൾ..

പുലർച്ചെയുള്ള
കൂവലുകളിൽ കിളികൾ
അന്നേയ്ക്ക്‌ സംഭവിക്കാൻ പോവുന്നതൊക്കെ
അടക്കം ചെയ്തിരിക്കുന്നത്
എനിക്ക് വേണ്ടി മാത്രമെന്നു കരുതുന്ന

ഉടമപ്പെട്ട നിമിഷങ്ങളിലാണ്‌.. ..

എന്റെ ആകാശം ശൂന്യമല്ല,
അതിലേയ്ക്ക്‌ കുതറിച്ചാടാൻ
വ്യാമോഹിക്കുന്ന
കറുത്ത വിത്തുകൾക്കുള്ളിലെ
വെളിച്ചത്തിന്റെ പങ്കപ്പാട്
എന്റെ തന്നെ പങ്കപ്പാടായി

നെഞ്ചിലിരിക്കുന്ന നിമിഷങ്ങളിലാണ്‌..

പച്ച എന്നോർക്കുമ്പോഴേ
തണുക്കുന്ന ഒരു പെൺകുട്ടി
തവളമുഖമുള്ള
പുരുഷനെ കാമിക്കാൻ
പച്ചലകളിൽ മുങ്ങിത്താഴുന്ന

പ്രതീകാത്മകമായ നിമിഷങ്ങളിലാണ്‌..

ഗർഭസ്ഥ ശിശുവിന്‌
നിറങ്ങൾ വ്യാഖാനിച്ചു കൊണ്ടിരുന്ന
ഒരു ഗർഭിണി
ഞൊടിയിൽ പ്രസവിക്കുകയും
കുഞ്ഞുങ്ങളൊക്കെയും
വിവിധ നിറമുള്ള കാക്കകളായി പറന്നുയരുന്ന

അത്തരം മായപ്പെട്ട നിമിഷങ്ങളിലാണ്‌..

കാറ്റെടുത്ത് കൊണ്ടുപോയ
നെടുവീർപ്പടങ്ങിയ പെണ്ണുങ്ങളുടെ സാരികൾ
രാത്രികാലങ്ങളിൽ നിലാവായി
അവരുടെ നെറ്റിയിലേയ്ക്ക്
പടർന്നിറങ്ങുമ്പോൾ
അതിനായി ഞാനും മുഖം നീട്ടുന്ന

വീര്‍പ്പുകൾ നിറഞ്ഞ നിമിഷങ്ങളിലാണ്‌.. ...

കുന്നിൻപുറത്തിരുന്നുള്ള
ഉപേക്ഷിക്കപ്പെട്ടവളുടെ പാട്ടുകൾ
ചുറ്റിനും സൂര്യകാന്തികൾ നിറച്ചപ്പോൾ
അത് സൂര്യന്മാരുടെ താഴ്വരയാണെന്ന്
പാഞ്ഞെത്തി നോക്കി

അതിലൊന്ന് പൊട്ടിച്ചു കൊണ്ടോടുന്ന നിമിഷങ്ങളിലാണ്‌.. ...

എന്റെ ചെവികൾ
ചെമ്പരത്തികളായി
പരിണമിക്കുന്നതെന്നു

നിങ്ങൾക്കു തോന്നുന്നത്..

ആകാശങ്ങളും കടലുകളും വലിപ്പത്തിൽ നീ..!!

കടലിനടിയിലേയ്ക്ക്‌
പതിക്കാനൊരുങ്ങവെ
ആകാശത്തെ
ഇനി നീ പിടിക്കൂയെന്നു
മറ്റിലകൾക്കു കൈമാറികൊണ്ടാണ്‌
ഓരോ ഇലയും പൊഴിഞ്ഞു വീഴുന്നത്‌.

അലിയുന്നതിനു
തൊട്ടുമുമ്പുള്ള ആകാശത്തിലും
അടിത്തട്ടിലെ ശാന്തമായ
ആകാശത്തിലും
ശുഭാപ്തിവിശ്വാസികളായ
എന്റെ ഇലകൾ
പച്ച നക്ഷത്രങ്ങൾ പോലെ
നിറഞ്ഞു പരിവർത്തനപ്പെട്ടു.

ശൂന്യാകാശമെന്നു
നിന്നെ തള്ളിയെഴുതാൻ
ഞാൻ അനുവദിക്കുന്നില്ലല്ലോ.!!

സ്നേഹം ഒരു തടവറയാണെന്നു പാടിയത്‌ മതി..

ഏത്‌ കൂരിരുട്ടിലും
പ്രകാശപരവശനാകുന്ന
നഗരമെന്ന പോലെ
നീ
എനിക്കാകാശപ്പരപ്പോളം
സ്വാതന്ത്ര്യമാണ്‌....

എന്റെ പച്ചയില്ലായ്മയെ
പച്ച മാത്രമായി
നിന്നെ തോന്നിപ്പിക്കുന്ന
ആനന്ദവൈവശ്യമായ നിമിഷം
എന്നെ ഏത്‌ മരണത്തിൽ നിന്നും
വ്യതിചലിപ്പിക്കും.

ബാല്ക്കണിയിലിരുന്നു രണ്ടു പേർ
പച്ചയാകാശം കണ്ടോ
എന്നു ആശ്ചര്യതീവ്രരാകും.

നീ
ഇനി
കടല്പ്പരപ്പോളം സ്വാതന്ത്ര്യമാണ്‌..

മേഘങ്ങളുടെ വിരിപ്പ്‌
പിളർത്തുമ്പോൾ
അതേ ബാല്ക്കണിയിലിരുന്നവർ
പൊടിമീനുകളായി
നമ്മളുടെ വർത്തമാനത്തിന്റെ
വെളിച്ചത്തിളക്കത്തിലേയ്ക്ക്‌
സഞ്ചരിക്കുന്നത്‌
എത്ര വേഗതയിലാണ്‌.

കടലിനേയും
ആകാശത്തേയും
പരസ്പരം
കൈമാറിക്കടത്തുന്ന
രഹസ്യവൃത്തിയിൽ
നീയും ഞാനും വിജയിച്ചിരിക്കുന്നു.

നിന്നെ
ഒരേ സമയം
കടലായും
ആകാശമായും കാണുന്ന
എന്റെ വികല്പനകളിൽ
എന്തു കൊണ്ടാണെന്റെ
വസ്ത്രങ്ങളിൽ
കാട്ടിലകളേയും

മീനുകളേയും മണക്കുന്നത്‌..?!!

ആകാശപ്പെടുക..!!

ഭൂമിയിലെ
തവളമുഖങ്ങളുള്ള മനുഷ്യരേ,
ഭ്രമാന്ധമായ ഇരുട്ടുള്ള
അബോധത്തിന്റെ
കിണർവട്ടങ്ങളിൽ നിന്നു
സ്വച്ഛമായി ഉയർന്നു വരുന്ന
തൊട്ടിയെന്ന പോലെ
വെളിച്ചത്തിലേയ്ക്ക്‌
കയറിപ്പറ്റുക..

നീല നക്ഷത്രചിഹ്നങ്ങളാവുക,
നിങ്ങൾ..
കൊച്ചുക്കുട്ടികളുടെ
ഡ്രോയിങ്ങ്‌ ബുക്കുകളിൽ
തിളങ്ങാൻ കാത്തുക്കിടക്കുക.

തൊട്ടടുത്ത നിമിഷത്തിൽ
എന്തെങ്കിലുമൊരു ദിക്കിൽ
പ്രകാശിക്കുമായിരിക്കുമെന്ന്
അതാ അവിടെയല്ലേ
ഞാൻ ഇപ്പോൾ തിളങ്ങുക
എന്നാകാശത്തിനു നേർക്കു
കൈചൂണ്ടുമ്പോൾ,
എത്ര ഉയരത്തിലെത്തിയാലും
നിങ്ങൾ നോക്കുക
എന്റെ വിരൽതുമ്പിലാണ്
അത് ചൂണ്ടിയേക്കാവുന്ന
അനേകമായിരം
ആകാശങ്ങളിലേക്കാണ്‌,
സൂര്യദൂരത്തിലിരിക്കുന്ന
എന്നെ തന്നെയാണ്.

എത്ര പെട്ടെന്നാണ്‌
പറക്കുന്നതിന്റെ പൂർണ്ണത
നിങ്ങൾ വ്യാഖാനിക്കുന്നത്
എറ്റവും പിന്നിൽ നില്ക്കുന്നവനെ കൂടിയും
ധൈര്യപ്പെടുത്തുന്ന *ജൊനാതനെന്ന
കടല്ക്കാക്കയിലേയ്ക്ക്‌
സ്വേച്ഛയായുള്ള ഒറ്റ പറക്കലിൽ
നിങ്ങൾ ആകാശപ്പെട്ടത്‌..?

ആണിന്റെ വാരിയെല്ലുകൾ
ഉടലിൽ നിന്നൂരുയെറിയുന്ന
വിചിത്രങ്ങളായ പെൺകുട്ടികളുടെ
വിമോചനം പോലെ
എന്തൊരു വലിയ
സ്വാതന്ത്ര്യപ്രഖ്യാപനമാണത്‌..
എന്തൊരു വലിയ
സ്വാസ്ഥ്യാവസ്ഥയാണ്‌.

നീ പറന്നു തുടങ്ങുമ്പോൾ


എന്റെ ആകാശം എവിടെയാണ്‌.... ?!


 * Jonathan is a seagull learning about life and flight to self-perfection, in a fable in a novella form written by Richard Bach. 

റുബിക്‌സ് ക്യൂബ്


ഗുണപാഠങ്ങളുടെ മീതെ
ഏറുപുല്ലുകളായി
പൊക്കത്തിൽ വളരുന്ന
എന്റെ പ്രത്യുത്തരങ്ങൾ.
കുടഞ്ഞരിയവെ
വാളോളമുള്ള മുന
അച്ഛനിൽ തെറിപ്പിച്ച ചുവപ്പ്.

അമ്മയുടെ
സാരിത്തലപ്പ്‌ വറ്റിച്ചെടുത്ത
എന്റെ തലയിലെ മഴ..
എങ്കിലും,
മഴക്കെതിരെ ഓടാൻ പറയും..
മേഘശാഖികളിൽ നിന്നു
ഒരു മഞ്ഞ സാരി പറന്നു വീഴുകയും
എന്റെ എകാന്തതയുടെ നീരിറക്കങ്ങളെ
ഒപ്പിയെടുക്കുമെന്നിരിക്കെ
ഞാൻ ഒരു കുട്ടി മാത്രമായി പോവുന്നു.

ഓറഞ്ച് മരങ്ങളുടെ ഓമനകളാണ്
ഓര്‍മ്മകളുടെ കവിളുകൾ.
നിഷേധ നിമിഷത്തിലെപ്പോഴോ
ഒണങ്ങി വരണ്ട കുരുക്കളെന്നോണം
മണ്ണിലിട്ട്‌ മൂടിയതാണ്‌..
നീ വീണ്ടും പൊടിക്കുമെന്നു ഭയന്നു
അന്തമറ്റ് പ്രാകൃതനായി
ഞാനിരുന്നു മണ്ണു കുത്തുന്നു..

ഇലകളുടെ പച്ചക്കുളത്തിൽ
കള്ളക്കുമിളയിടുമ്പോൾ
പകരം കിട്ടിയ കല്ലുപൊട്ട്.
നെറ്റിപ്പൊറത്തു
ഒട്ടിച്ചു വയ്ക്കാതെ തന്നെ’
നീ പച്ചക്കല്ലു പതിച്ച
സ്വര്‍ണ്ണയനിയത്തിയാവും.
അങ്ങേ നഗരത്തിലുണ്ട്‌,
സ്വപ്നം കാണാനാകുന്നുണ്ട്‌.
കള്ളക്കുമിളയിട്ട്‌ കരയാറുണ്ട്‌..

നിലാവിന്റെ തട്ടത്തിൽ
നീലപാദങ്ങളുടെ
ആത്മബലി..
ഇടയുമ്പോൾ
എന്റെ നേര്‍ക്കതേ
തട്ടമെറിയുന്നു,
ഒറ്റമണിച്ചിലമ്പിട്ട്
നീ പാദങ്ങൾ മിനുക്കുമ്പോൾ
എന്റെ ഉള്ളം കയ്യിലിരുന്നു
മുഴങ്ങുന്നു നിലാവ്

നീ ഇല്ലെന്നറിഞ്ഞ ദിവസങ്ങളെ
സോറിയാസിസിന്റെ പൊരിച്ചിലുകളെ
പോലെ പൊളിച്ചിട്ട്
ഒരു ഹൃദയ വാരം അകലത്തിലാക്കി
പുഴയിലേയ്ക്കു പലായനം ചെയ്തു
നീര്‍കുടിച്ചു വീര്ത്തപ്പോഴുള്ള വെളുപ്പ്‌,
ചന്ദ്രമുഖത്ത്‌ ഒരു മുയലെന്ന പോലെ
നീ ചിരിക്കുന്നു.
***********************************************
എന്തോരമെന്തോരം
നിറങ്ങളുണ്ടായിട്ടും
നിറമില്ലെന്നു
പരാതിപ്പെട്ട്
ഭൂതകാലത്തിന്റെ ക്യൂബ്‌
വലിച്ചെറിയുന്നു,

ജീവിതം.