Friday, March 21, 2014

നിഴൽ

തൃശൂലം കുത്തിക്കുത്തി
തടവെളിച്ചമണയ്ക്കുന്നു
ഡും ഡും ഡും ഡമരുവാൽ
മൂന്ന് ലോകത്തോടും
“അത്താഴപഷ്ണിക്കാരുണ്ടോ”എന്ന്
ഉൽക്കര്‍ഷിച്ച്
അടച്ച് പൂട്ടുന്നു
സ്വന്തം നിഴൽ നോക്കി
ജടാഫണിമണികൾ
അഴിച്ചു വയ്ക്കുന്നു,
ശക്തി എന്നൊരു കറുപ്പത്തി.

പുരുഷന്റെ ഉടലിൽ
സ്പർദ്ധയുടെ
ചെമ്പരത്തികളാണ്ട് ചെന്ന്‍
സിന്ദൂരം തുരന്നെടുക്കുന്നു,
കൊച്ചു രസത്തിന്റെ
സങ്കീര്‍ണതകൾ
ചെമ്പരത്തികള്‍
ചുവന്ന പോയതങ്ങനെയെന്ന്‍,
വസന്തം
ചുവന്ന പോയതങ്ങനെയെന്ന്‍,
അവൾ
ചുവന്ന പോയതങ്ങനെയെന്ന്‍,
ഒറ്റ പൂവ് കാട്ടി
അസങ്കീര്‍ണ്ണമാക്കും.

അരയിൽ നിന്നഴിഞ്ഞു
വീഴുന്നതും/വീഴാത്തതുമായ
കൈലാസത്ത്നിറെ
പാവാടകളാണ്‌,
അവള്‍ക്കെന്നും
രാത്രികൾ/പകലുകള്‍

ആകാശം നിറയെ
പാവാടകളിലെ
വെളുത്തപൂക്കളായെങ്കിലും,
മരങ്ങള്‍ക്ക് കീഴെ
എല്ലാ ഇലകള്‍ക്കും
ഒറ്റയൊരു
നിഴലായെങ്കിലും,

സൂപ്പര്‍സുരസുന്ദരീ,
നിന്റെ നാരങ്ങാമാലയിലും
മിനുക്കുസാരിയിലും
നീ നിന്നെയെന്നുറപ്പാക്കുന്ന
കരിനീലനിഴലിലും
നോക്കിയിരിപ്പാണ്

എന്റെ പണി.

Sunday, March 9, 2014

ജി-സ്പോട്ട്

(കുഴപ്പം അഥവാ ജീവിതം, അതിൽ നിന്നു മോക്ഷത്തിലേയ്ക്കൊരു സ്പോട്ട് ഉണ്ടാവണം എന്ന ആശയത്തെ ശ്രമിച്ചത്)

ബ്രഹ്മാവേ,
ആദിപരംപൊരുളേയെന്നു മുറുമുറുത്ത്
നെറുംതലയിൽ ആണ്ടുപോയ
ആണിയൊന്നൂരിത്തരുമോയെന്ന്
ഉടൽപ്പരപ്പിലൂടെ
ഓടിനടക്കുന്നു ജീവിതം,
അണുകേന്ദ്രത്തിലേയ്ക്കെടുത്ത്‌ ചാടാൻ നില്ക്കുന്ന
ഇലക്ട്രോണിന്റെ പിടച്ചിലുകളോടെ..

ഒരു നാൾ പെട്ടെന്നായിരിക്കും
അത് സംഭവിക്കുക,
അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെയുണ്ട് മുന്നൊരുക്കം,
വരാനുള്ള കാലത്തിൽ
ഉള്ളായ അഴുക്ക് തേയ്ച്ച് വെളുപ്പിക്കുന്നത് വരെ,
വിശാലമായി നിവർത്തി വിരിക്കുന്നത് വരെ,
സമനിലയിൽ അടുക്കി സന്തുഷ്ടി വരുത്തുന്നത് വരെ,
നടുംതലയിൽ നിന്നു കുതിക്കുന്ന
വെപ്രാളങ്ങളുടെ
ആന്തരികസ്രാവത്തിന്‌
ഇനിയും ഒരു കുറുക്ക് വഴി പോലും കിളയ്ക്കാനായില്ല..

മുറുക്കാനല്ല,
മുറിവോളമുള്ള ഈ മുറുക്കമൊന്നയച്ച് തരാൻ
നിരാകുലതയെ
അതിശയിച്ചുനോക്കിനോക്കി
ഒരാകുലത
ഏത് പാലയിലയിൽ
ഏത് വഴിഭ്രമത്തിൽ
പാദമൂന്നാതെ നില്ക്കണം..?

ഈ പശ്ചാത്തലത്തിൽ
നിന്നേറ്റെടുക്കുമോയെന്ന്
പരിത്രാണത്തിന്റെ ജി-സ്പോട്ട്
തിരയുകയാണ്‌,
ആരാന്റേയും എന്റേയും
കോസ്മിക് ആത്മബോധം..

Wednesday, March 5, 2014

നീ/ഞാൻ പറഞ്ഞേക്കാവുന്ന ആദിമദ്ധ്യാന്ത നുണ (തെറ്റിക്കല്ലേ..തെറ്റിക്കല്ലേ)

ഞാനാണാദ്യമെന്ന്
തരില്ലല്ലോ
തരില്ലല്ലെന്നോടി
എത്താത്തയെത്താത്ത
കുന്നിലേയ്ക്ക്

നീയെത്തുമോ
ഞാനെത്തുമോ
എന്നാശങ്കിച്ചോടുമ്പോൾ,
കണ്ണുകൾക്ക് കാണാതെ
ഒരേതരത്തിൽ വിരലുകൾ
പിന്നിൽ വെട്ടിക്കുറുക്കെപ്പിടിച്ചത്,
എന്നും
കൈവെള്ളയിൽ
നിന്നൂർന്നുപോയ
ചിത്രശലഭങ്ങളെ
നമ്മുടെ കുഞ്ഞുങ്ങൾക്കായി
ചാടിപ്പിടിച്ചടുത്തെത്തുന്ന പോലെ
ജീവിതത്തെ എന്റെയരികിൽ കൊണ്ടിരുത്താനല്ലേ.?

എന്റെയെന്ന് എന്റെയെന്ന് കിതപ്പാറ്റാനല്ലേ?

ഈ നുണ തെറ്റിക്കില്ല എന്ന് പറയലല്ലേ ?

Tuesday, March 4, 2014

ഐസ്സക്കിന്റെ നിയമങ്ങൾ നമ്മുടെ കണ്ണുകളിൽ സംഭവിപ്പിക്കുന്നത് / തുടർന്നത് ലംഘിക്കുന്നത്.

തൊട്ടടുത്ത് നിന്നാൽ
ആയിരം മരങ്ങളിൽ
അതിനാകും വിധം

ചില്ലകളിൽ നിന്ന്‌
അത്ര തന്നെ കെട്ടാവുന്ന

ഊഞ്ഞാലുകളിൽ നിന്ന്‌
ഒരേനേരം

വീഴുമെന്നസ്ഥൈര്യപ്പെടുന്നൊരു
ആക്കമാണന്നേരം,


നോട്ടങ്ങൾ കൊടപടർന്ന
കണ്ണുകളുടെ പൊന്തയിലൂടെ
ഓടിപ്പായിച്ചിലയായി മാറ്റി,
അതിനെ വകച്ചെന്നിൽ തന്നെ

കയറിയെന്നെ തന്നെ
ഒളിഞ്ഞുനോക്കുമ്പോൾ,
നിരുദ്ധമായ കോമ്പുല്ലിൻ കുത്ത് പോലെ
അടിപ്പാവാടത്തണ്ടിലൊക്കെ
നീ തന്നെയല്ലോ

എന്നാഞ്ഞ് കുടഞ്ഞപ്പോഴേക്കും
ഭൂമിയെ പറ്റിക്കുന്നൊരു
ഗുരുത്വകെട്ടസ്വഭാവമായി
കണ്ണിലേയ്ക്ക് ചാടിക്കയറുന്നു,


ആകമാനം നീ.