Saturday, April 19, 2014

ഹാ..!!

വെന്തതിൽ ഒരു പാതി
ഞാൻ തന്നെയെടുത്തോളാം,
ചുടുകട്ടകളിൽ മുങ്ങി നിവരുന്ന
നനവൊത്തയീ പിത്തത്തെ
കിരുകിരാന്ന്‌ കടിച്ചെടുത്ത്
എത്തിനോക്കിയെത്തിനോക്കി
മൺചുവ പ്പൊക്കെയില്ലെന്നുറപ്പാക്കി
ഉടുപ്പിനാൽ പല്ലെല്ലാം തേയ്ച്ചു മായ്ച്ച്
മരത്തിന്റെ പിന്നിൽ നിന്ന്‌ പമ്പ കടക്കുന്ന
ഒരു പാളി കൊതിച്ചിവെയിലിൽ നിന്നവളിറങ്ങിപ്പോവുന്നു.

തലയിണകളിൽ കർപ്പൂരം നിറയ്ച്ച്
തലപൂഴ്ത്തി അല്പ്പാല്പ്പമത് കടിച്ചു തിന്നുതിന്ന്
കട്ടിലിന്റെ മൂലയ്ക്കിരിക്കുന്ന രാത്രിക്കുള്ളിൽ
അവൾ കുമ്പിട്ടിരിക്കുന്നു,

മഴനാമത്തിൽ
മുറ്റമത്രയും ഊറ്റിയെടുക്കുന്ന
ഞരമ്പുരോഗിയായ
ഭൂമിയിലവളുണ്ടെന്നു കാട്ടികൊടുക്കാൻ
ജനലുകൾ ഒരപിരിചിതനു തുറന്നുവയ്ക്കുന്നു

പമ്പുകളിൽ
തല പുറത്തിടാമെന്നും
പെട്രോളൊഴിക്കുന്ന ചെറുക്കന്റെ വിരലുകൾ
അവളുടെ മൂക്കിനോട് സംസാരിക്കുന്ന
മണനേരങ്ങൾ
അവളെ അവിടെയിറക്കി വച്ചിട്ട് പോവുന്നു,

ടർപ്പറ്റൈനടിച്ച ചുമരുകളെ
കാമുകന്റെ കക്ഷത്തിലേയ്ക്കെന്ന പോലെ
അവൾ വായ തുറന്നിരുന്നു,

എന്റെ ചുടുകട്ടേ,
എന്റെ കർപ്പൂരമേ,
എന്റെ പെട്രികോറിയൻ* മഴേ,
എന്റെ പെട്രോളെ,
എന്റെ ടർപ്പറ്റൈനേ,
എന്റെ ജീവിതമേ,
നിന്നെ മണത്തിണക്കാൻ
ഒരു പിനോച്ചിയൻ മൂക്ക് പോലെ
അവള്‍ പുറത്തേയ്ക്ക് വളരുന്നു..

*
പെട്രികോറിയൻ = Petrichor, the scent of the dry earth after the first rain.


Monday, April 14, 2014

മഞ്ഞ നിറത്തിൽ ലോകം

മഞ്ഞ നിറത്തിൽ
ഒരു കാക്ക മരകൊമ്പിലിരിക്കുന്നു,
നാളെ വിഷുവാണെന്ന് പാടുന്നു,
മഞ്ഞ നിറത്തിൽ
ഭാരമേല്പ്പിന്റെ അച്ഛന്മാർ വീട്ടുസാധനങ്ങൾ വാങ്ങിവരുന്നു,
മഞ്ഞ നിറത്തിൽ
വിരോധിക്കാതിരിക്കലിന്റെ അമ്മമാർ വാതകൈയ്യിൽ എണ്ണയിടുന്നു,
മഞ്ഞ നിറത്തിൽ
അവഗണനയുടെ പൂച്ചകൾ ശാന്തരായിയുറങ്ങുന്നു,
മഞ്ഞ നിറത്തിൽ
പൂജാമുറിയിൽ കുരിശിൽ ചാരി നിന്നൊരുവൻ ഓടക്കുഴൽ വായിക്കുന്നു
“നഗരമേ ഒലീവിലകളെ തിരിച്ചു കൊണ്ടു വരിൻ”
മഞ്ഞ നിറത്തിൽ
അതേ മുറിയിൽ
നീല നിറത്തില്‍ ഉയർന്നിരിക്കുന്നവൻ
സ്വന്തം പെണ്ണിനെ കറുപ്പി എന്നു കളിയാക്കുന്നു,
അവൾ മഞ്ഞയിൽ പിണങ്ങി ചിണങ്ങുന്നു,
മഞ്ഞ നിറത്തിൽ
വീട്ടുമുറ്റത്തൊരു നഗ്നഭിക്ഷുവിന്‌ ഉടുപ്പുകൾ കിട്ടുന്നു
മഞ്ഞ നിറത്തിൽ
ആശുപത്രികളിൽ പ്രാർത്ഥനകൾ ദൈവത്തോട് വാദിക്കുന്നു
മഞ്ഞ നിറത്തിൽ
ബീഹാരി പണിക്കാർക്ക് പിന്നാമ്പുറങ്ങളിൽ പ്രഹരമേൽക്കുന്നു
അവരുടെ പായ്തലയണകളിൽ നിന്ന്
മഞ്ഞ നിറത്തിൽ
ഉപ്പുകൊഴുപ്പുകൾ പുറത്തുചാടുന്നു,
ആരോടെന്നില്ലാതെ അവർ പൊരുതുന്നു
മഞ്ഞ നിറത്തിൽ
രാത്രിപെണ്ണുങ്ങൾ
എന്നെവേണോയെന്നെവേണോന്ന്‍
ചോദിച്ചിറങ്ങി നടക്കുന്നു,
മഞ്ഞ നിറത്തിൽ
അവരുടെ കുഞ്ഞങ്ങൾ സ്വപ്നങ്ങളിൽ
തിളച്ചു തൂവിമറിഞ്ഞു പോവുന്നു
മഞ്ഞ നിറത്തിൽ
ആഡംബരദിവസങ്ങളിൽ
ഓർമ്മാതുരത്വം എന്ന കൊള്ളക്കാരന്‍
ഗ്രാമത്തെ നഗരത്തിലേയ്ക്ക് കൊള്ളയടിക്കുന്നു,
മഞ്ഞ നിറത്തിൽ
നഗരം സമ്പന്നമാവുന്നു,
എല്ലാവരും ഉത്തമരാകുന്നു

ലോകം മുഴവനും വിഹരിക്കുന്ന മഞ്ഞയിൽ,
ഞാൻ കാണുന്ന കൊന്നപൂവുകളിൽ,
എന്ത്‌ തീർത്തും മഞ്ഞനിറമില്ല ?!!Wednesday, April 9, 2014

മരഞ്ചാടി

മരത്തണലിൽ ഉറങ്ങിപ്പോയ 
തടാകത്തിൽ നിന്ന്

തത്തകളുടെ നിഴലുകളെ
ഒളിച്ചുകടത്തിക്കൊണ്ടിരിക്കുന്നു,

ചില്ലകൾ

എറിഞ്ഞ കല്ലുകളെ,
അവ മുറിച്ചിതെത്രെ ഓളങ്ങളെ,
എണ്ണി തിട്ടപ്പെടുത്തിക്കഴിഞ്ഞനേരം,
ചേക്കേറി മരമൊരുപാടായി

നിറഞ്ഞിരിക്കുന്നു

തടാകം ബുദ്ധനായി കണ്ണുപൂട്ടിയിരുന്നില്ല
തൊപ്പിക്കാരന്റെ കഥയിലിറങ്ങി
ഗംഭീരമായി,
സാകൂതം ചില്ലകളും കുലുങ്ങി.

മരത്തിനും

തടാകത്തിനും  
പച്ചകൾ 
ഒരുപോലെ പകുത്ത്
തത്തകൾ പൊഴിഞ്ഞു വീഴുന്നു,

ഒന്നു സംഭവിക്കാത്ത മട്ടിൽ

വീണ്ടും ഉറങ്ങാൻ തുടങ്ങുന്ന
തടാകത്തിനെ മീതെ
പഴുത്തയിലയിലേയ്ക്ക്ച്ചാടി കിടന്ന് 
മരഞ്ചാടിയൊരുവൻ

വേണു വായിച്ച് കളിക്കുന്നു,


ലോകത്തിൽ ഒഴുകാൻ / ലോകത്തെ ഒഴുക്കാൻ.