Sunday, May 11, 2014

തല തിരിയാൻ

മൂർച്ഛ കൊള്ളുന്ന ഭൂമിയാണ്‌,
ഒരു കുട തിരിച്ചു വച്ചാൽ
വിരിഞ്ഞ പൂവാവുന്നതിൽ
എറിയപ്പെട്ട കല്ലുകളത്രയും
പകരം വീട്ടി
പുഴ ഉൽപതിപ്പിക്കുന്നതിൽ
രാത്രിയ്ക്കുള്ളിൽ നിന്നു പകൽ
കൈ പൊക്കി വിളിക്കുന്നതിൽ
കിളി കൊത്തിയിട്ട സമയങ്ങളെ
തിരിച്ചുവച്ച്
കാലം പിൻനൂൽക്കുന്നതിൽ
മഴവില്ലുകളെ കറുപ്പിലേയ്ക്കും
നക്ഷത്രങ്ങളെ വെളുപ്പിലേയ്ക്കും
ഗൂഢതകളുടെ ആകാശം
തിരിച്ചേല്പ്പിക്കുന്നതിൽ,
ലോകത്തെ പരിചയപ്പെടാൻ
ഭാവമില്ലാത്തൊരുവൾ
അടിവയറ്റിൽ സർവ്വഥാ നീന്തിപ്പിടച്ച്
പരമാനന്ദിച്ച് ചവിട്ടുന്നതിൽ
തുടകൾക്ക് തൊട്ടു മുന്നിൽ നിന്നാ
ഗർഭം വരില്ലെന്നു വിക്കുന്നതിൽ
വേദനയില്ലായ്മയുടെ കുഴമ്പുമായി
ദുർദൈവങ്ങൾ ചൂലിൽ
പാഞ്ഞെത്തിയുഴിയുന്നതിൽ
ഹെർക്കുലൈൻ ബാർബിനായി
ലിംഗകല്പനപ്പെടുന്നതിൽ
ദൈവത്തിന്റെ ഗ്ളാസ്സിൽ
ചീയേർസ് മുട്ടിക്കുന്നതിൽ

തല തിരിഞ്ഞ്
തല തിരിഞ്ഞ്
ഞാന്‍.

ഏകാന്തതയെ 
മൂർദ്ധാവിൽ നിന്ന് കഴുകിക്കളയുന്ന
അലക്കുപെണ്ണുങ്ങളുടെ
തണുപ്പ് വീണിരുന്ന
പൊക്കിളിൾപ്പൂക്കളിലെ
ഈറനെ വെയിലത്തിടുന്നു,
പതിവിലും ശകതമായി
സ്നേഹിക്കാനാവുന്നു..

ലോകത്തിനു ചിറകുകൾ വരയ്ക്കുന്നു
മലർന്നു പറക്കാൻ സ്വതന്ത്രമാക്കുന്നു
മറന്നു വച്ചവ ഓർത്തെടുക്കുന്നു
ഓർമ്മയുള്ളവ മറന്നു വയ്ക്കുന്നു
ആകാശത്തിലേയ്ക്ക്
കയർ വഴി കയറുന്നു
മേഘങ്ങളുടെ ഗ്രാമങ്ങളിൽ ചെന്ന്
മഴയെ നിശ്ചലമാക്കുന്നു,
ഉറങ്ങുന്ന താക്കോലുകളെ
ഉണർത്താതെ ഒളിച്ചിരിപ്പിന്റെ ജനാലകൾ
തുറന്നു വയ്ക്കുന്നു,

പോയി നോക്കൂ,
വിനാശകരമായൊരു
നൃത്തത്തിന്‌ ശേഷം
ബലൂൺ കവിൾ പോലെ
വിലയേറിയ ഒരു മഴത്തുള്ളിയായി
തലയ്ക്ക് മേൽ
ഒരാണിയായി,
തിരിഞ്ഞ്
തിരിഞ്ഞ്

ഞാന്‍.

Tuesday, May 6, 2014

കുതിര + കഴുത + നായ + കുരങ്ങ്



അവൾ/ർ പെറ്റതിനെ തീറ്റാൻ/റ്റിക്കാൻ തുടങ്ങുന്നു,
കുഞ്ഞുങ്ങളുടെ ഉദരങ്ങളിൽ
അമ്മമാർക്കു കാണാൻ പാകത്തിനു
അനേകമായിരം ജീവജാലങ്ങളുണ്ട്,
വിശപ്പില്ലല്ലോയെന്ന മതത്തിനോട്
പറയാൻ കഥകളുണ്ട്,
കഥയിൽ കാടുകളുണ്ട്,
കാട്ടിൽ കുതിരയുണ്ട്,

മുളകരി നുള്ളി കളഞ്ഞ്
അവിയലിന്റെ കഷ്ണങ്ങളുടയ്ക്ക്മ്പോൾ
നോവല്ലേ, നോവിക്കല്ലേയെന്ന്
അവ മുളപ്പിച്ച വിത്തിനോട്
മനസുവാടുമ്പോൾ
കട്ടിലിൽ നിന്നു കസേരയിലേയ്ക്ക്,
കസേരയിൽ നിന്ന് മേശയിലേയ്ക്ക്മുറ്റത്തിലേയ്ക്ക്,
പുറത്തെന്ന പ്രപഞ്ചത്തിലേയ്ക്ക്,
അ-രാജകനായ ആ കുതിര സഞ്ചരിക്കുന്നു.
അണ്ണവായിൽ
ഒരു ഭൂഗോളവും കണ്ടില്ല,
ഇക്കണ്ടയീരേഴുപതിനാലു ലോകമെല്ലാം
വലിച്ചെടുത്ത് തുള്ളിയോടുന്ന
കുഞ്ഞനേ, വിശക്കുന്നില്ലേ?
നിങ്ങക്കിനിയുമെന്ന്‌
പുറകേയോടിയാണന്തിച്ചത്.

ശർക്കരക്കൂറുള്ള കുറുക്കുമായി
ഒരു കൈ നീണ്ടു വരുമ്പോൾ,
കാട്ടിലെ കഴുത വാ നീട്ടി
വയറ്റത്തെ ഇടത്തേ കോണിലുണ്ട്,
അലങ്കോലപ്പെട്ട കോലങ്ങളെ
ഒരു ലോകമാക്കാൻ
ലാക്കാക്കി പറക്കുന്നത് ഓർമ്മിച്ച്
മുടന്തനായി പോയവനെ
തട്ടിയുണർത്തിയപ്പോഴും,
കുഞ്ഞൻ പാതി നിറഞ്ഞെന്ന്
വയറുഴിയുന്നു,
ഉണർന്നെണീറ്റവനൊന്നുമായില്ല.

എല്ലായ്പ്പോഴും വാലാട്ടി തരുന്ന
അലങ്കാരം മാറ്റിവച്ച്,
വെളിച്ചമുള്ളയിടങ്ങളെ ചൂണ്ടണമെന്ന്
മുന്നേക്കൂട്ടി മീൻപൂഴ്ത്തിയ ചോറുണ്ടകളുടെ
ഇനി അടുത്ത രണ്ടു വായ
20
ആണ്ടുകളുടെ ഋണബാദ്ധ്യതയിൽ
ശൂന്യത എന്നൊരു
സാധുനായക്ക് കൊടുക്കുമ്പോൾ,
ശൂന്യത തന്നെ അകവും പുറവും
എന്നത് ഓരിയിട്ട് കരയും,

അമ്മ/മ്മാർ അപ്പോൾ കേൾക്കുന്നത്
ഒരു കുഞ്ഞേമ്പക്കം മാത്രം.
അതിക്തമായ പഴങ്ങൾ തിന്നുതിന്നു
കുഞ്ഞനു ബോറടിക്കുന്നു,

മിണ്ടരുത്,
      കാണരുത്,
            കേൾക്കരുത്,
എന്ന മഹാവബോധവുമായി
ഉള്ളിലെ കുരങ്ങന്മാർ
കിടന്നും ഞരങ്ങിയും വിലക്ഷണിക്കുന്നു.


ഊട്ടലിന്റെ
അതിശയോക്തിയിൽ
അമ്മമാർ ദാ ഈയൊരൊറ്റ വായ കൂടി എന്നോടികൊണ്ടിരിക്കുന്നു
*********************************************************************
കണ്ണിൽപ്പെടാതെ
വളർത്തിയ/വളർത്തിയതായി
ഭാവിച്ചവരൊക്കെ
കുതിരകൾ
കഴുതകൾ
നായ്ക്കൾ
കുരങ്ങുകൾ
പുറപ്പെടുന്നു,
പുറപ്പെടുന്നു,

ജീവിതം എന്ന ഖണ്ടശ്ശയെ എന്നും അടിമയാക്കുന്നു.