Saturday, July 19, 2014

മഴയും പുഴയും ചൂളം കുത്തുന്ന ഉടലിൽ, താളത്തിൽ


മഴ എന്ന കരിനീല നൃത്തത്തിൽ
പുഴ എന്ന ഭൂപാളിരാഗത്തിൽ
ഈ കവിതയ്ക്ക്‌ വേണ്ടി
ഈ കവിതയ്ക്ക്‌ വേണ്ടി മാത്രം
ഞാൻ ഉടൽനീളം ഒരു കൂത്തമ്പലമാവുന്നു,

പൊട്ടാൻ പോവുന്ന
ആർത്തവത്തിൽ
മിന്നാമിനുങ്ങുകളുടെ
ഒത്തിരി വെട്ടങ്ങളാണ്‌,
അരയ്ക്ക്‌ ചുറ്റിനും.
ഒരോ മിന്നലിലും
ഉപ്പൻകണ്ണും
കാവലിന്റെ ഉറപ്പുമുണ്ട്,

ദൂരെ മാറിയിരിക്കൂ എന്ന്‌ പറയില്ലാത്ത കൂത്തിൽ

പൂക്കാൻ പോവുന്ന
പുലരികളിൽ
ഇതിന്‌ ചുറ്റും വീണുകിടക്കുന്ന
ചുവന്ന കുരുക്കളിൽ
/രത്നങ്ങളിൽ/പളുങ്കുകളിൽപൊട്ടുകളിൽ
ആടിക്കുളിക്കാൻ
ഒരു പുഴ തയ്യാറാവുന്നുണ്ട്‌,

ദൂരെ മാറിയിരിക്കൂ എന്ന്‌ പറയില്ലാത്ത അതേ കൂത്തിൽ

അക്കാലമൊക്കെ പോയി എന്നെന്റെ ഉടൽ ആടുന്നു.

ഗാസയെ മാറ്റി വായിക്കുന്നു

കവിതയ്ക്കുള്ളിലിരുന്നാൽ
നേടാനാവാത്തതിന്‌ 
ശ്രമിക്കുകയെന്നാൽ
അത് നേടുക എന്നതാവുമോ

ഒരു ലോകം
പലതുടലുകളായ
ഒരുടൽ പോലെ
നിശ്ചലതയിൽ
പൊട്ടിത്തൂവാൻ നില്ക്കുമ്പോൾ
ഒരു ഭാഷ കൊണ്ടതിനെ
ചാടിപ്പിടിക്കാൻ
കവിതയ്ക്കുള്ളിലിരുന്നാൽ
സാധിക്കുമെന്നാണോ

വെറുതെയെങ്കിലും
യുദ്ധാസക്തികളുടെ
തോക്കുകൾക്ക്‌
തുമ്പിൽ ചെന്ന്‌
ഒരു ചെപ്പടിഞൊട്ടിൽ
ഇത്‌ വെറുമൊരു പൂച്ചെണ്ടാണല്ലൊയെന്ന
സരളമാക്കുന്നതാവുമോ

വെടിയുണ്ടകളുടെ
വഴികളിൽ
ഒരു മൂക്കാൽ
കടൽ നിറയ്ക്കണം,
തണുപ്പ്‌ തുപ്പണം,
ഉന്നം കിട്ടിയില്ലല്ലോയെന്ന
വഴിപിഴച്ചലയലിൽ
ഹുങ്കുന്നതാവുമോ

പാവനമായ ബോംബിൽ
നിന്നോടുന്നവളുടെ
മുടികളിലെ ആകമാനദു:ഖത്തെ
വാരിയെല്ലിന്റെ
ഗോവണികൾ വഴിയാൽ
പൊളിച്ചെടുത്ത തേനറകളിൽ ചെന്ന്‌
ഹൃദയത്തെയിറ്റിച്ച്
നാവാലുഴിഞ്ഞ്
ചലങ്ങളെ ഇളഭ്യരാക്കുന്നതാവുമോ

പൂട്ടിട്ട കാലുകളിൽ
മിന്നായമിട്ട്‌
ഏത്‌ ചങ്ങലയ്ക്കും
സ്വഭാവരാഹിത്യം
സംഭവിക്കാമെന്ന്
വെറുതെയാണെങ്കിലും
കൊള്ളി വാക്കെറിയാനുകുന്നതാകുമോ

ആയിരം യുദ്ധവിമാനങ്ങൾക്ക്‌ നേർക്ക്
തോറ്റവരുടെ
ആകാശനിശബ്ദതയുടെ
ഒറ്റ ചീറൽ മതി,
തിരോധാനിക്കപ്പെട്ട
മേഘങ്ങളുടെ
കണ്ണീർപീരങ്കികളാവുന്നതാവുമോ

മടുപ്പിന്റെ
കുട്ടികളേയും കൂട്ടി
പുകക്കറകളിൽ നിന്ന്‌
നക്ഷത്രങ്ങളെ
മോചിപ്പിച്ചെടുക്കുന്നതാവുമോ

പത്തടിയകലെ നില്ക്കുന്ന
മരണത്തിന്റെ തലവനോട്‌
ക്ഷമിക്കണം
ഒഴിവില്ല
പിന്നൊരിക്കൽ വരൂയെന്ന്‌
തലയാട്ടുന്നതാവുമോ

ഇക്കവിതയിൽ ഇതിനൊന്നും വകതിരിവില്ലെങ്കിലും,

ആരോ എന്നെ കേട്ടതായി തോന്നും എനിക്കപ്പോൾ.Monday, July 14, 2014

റിഫ്ലെക്സ്

പൂർണ്ണചന്ദ്രന്റെ ജീവിതമെന്ന്‌ തോന്നിച്ചിരുന്ന മുറിയിൽ
ഉന്മത്തമായ ഗ്രഹണത്തിന്‌ തയ്യാറെന്നവണ്ണം
ഇരുട്ടിന്റെ ഏറ്റവും വലിയ പൂജ്യമായി
മാറിക്കൊണ്ടിരുന്ന പോലെയായിരുന്നു
ആ പോക്ക്‌,

പരമാർത്ഥത്തിൽ
വെരുകിന്റെ കടുകുകൾ പൊട്ടിക്കാൻ
മെഴുകുതിരികൾ
മാലാഖമാരാണെന്ന
വെട്ടത്തെ
ഏകാന്തതയുടെ
സഞ്ചിയിൽ തപ്പേണ്ടതുണ്ട്,

പാഞ്ഞുപോയ
വാൽനക്ഷത്രങ്ങൾക്ക്
എന്റെ കല്ലുകളെയെടുക്കാനാവുന്നില്ല,
കൂട്ടിച്ചേർത്തിട്ടും
ചിറകുകൾ തുമ്പികളായതുമില്ല.

ഈ ഭ്രമണപഥം
പ്രേമമാണ്‌

പരമ പ്രേമമാണെന്ന്‌
കറക്കി കറക്കി
മുറിയെ വലിച്ചുകൊണ്ടുപോവുന്നു.
വീഴാതിരിക്കാൻ
വിടാപ്പിടുത്തത്തിലായിരുന്നു.
നമ്മൾ ! ഈ വീഴൽ !!

പൊട്ടല്ലേ,
എന്നെപ്പോഴോയൂതി
കൈകൾക്കുള്ളിൽ നിർത്തിയ കുമിളയിൽ
ജാഗ്രതയുടെ ഭൂഗോളം,
ഭാരിക്കാതിരിക്കാൻ
നമ്മുക്ക് നമ്മളെ സ്വതന്ത്രരാക്കാം.

എന്നുവരുകിലും,
തിരിച്ചെറിഞ്ഞു കൊടുത്തതിനൊക്കെയും
ഗുരുത്വമേ,
ഒരു സന്ധിസംഭാഷണ സംഭവത്തിലെന്ന പോലെ
തിരിച്ചറിയലിന്റെ ആപ്പിളുകളായി
നിനക്ക്‌ ആഖ്യാനിക്കേണ്ടി വരും.

Monday, July 7, 2014

ഒരേ പേരുകാര്‍വെണ്ണപ്പഴമെന്നലച്ചലച്ച്‌
കുടിച്ചതിൽ, 
ഇലുമ്പിപ്പുളിപ്പാണ്‌,

അങ്ങനെയായിരിക്കിലും
കയ്യിലുള്ളതൊക്കെ നിനക്ക്‌ തന്നു.
ഒന്നുമില്ലാത്തവളായി മാറിയത്‌ അങ്ങനെയാണ്‌.

അടക്കിവെയ്ക്കലുകളുടെ
മടിക്കുത്തിൽ
നിന്നൂർന്നകന്നുരുണ്ടുപോകുന്ന ഞങ്ങൾ
ഞങ്ങൾക്ക്‌ പിന്നാലെയോടുന്ന ഞങ്ങൾ,

ചീറിവന്ന സ്നേഹത്തിൽ 
അരഞ്ഞ് തീർന്നതും ഓർമ്മയുണ്ട്.

പറന്നുപോയ
ഞങ്ങളിൽ നിന്ന്...
ഞങ്ങളിൽ നിന്ന്‌ 
പറന്നുപോയ
ഗുബ്ബി പക്ഷികൾ
പേരില്ലായ്മയുടെ
ശാഖകളിലിരുന്ന്‌
ഞങ്ങളിരുന്ന
ഓരോ മരത്തിന്റെ ഭാവങ്ങളെ
ആംഗ്യത്തിലൂടെ
പറയിക്കും,

പച്ച കർട്ടന്റേയും
ദീർഘാബോധത്തിന്റേയും
ഇടയ്ക്കുള്ള ഇടങ്ങള്‍ക്കിരുപുറവും നിന്ന്‍

(
മിണ്ടാത്തൊരു നീളത്തിന്റെ തടാകമാകാം, വയലാകാം, നാട്ടു പാതയാകാം, നഗരമാവാം, റെയില്‍വേപ്ലാറ്റ്ഫോമാകാം, ഹൈവേകളാകാം ഒന്നുമല്ലെങ്കില്‍ ഒരു ഓടച്ചാല്‍ പോലുമാവാം )

ഉച്ചത്തിൽ
ഉച്ചത്തിൽ
ഇന്നലെകളുടെ
ഞങ്ങളേ 
ഞങ്ങളേ
എന്നു വിളിക്കുന്നു,

ആദ്യത്തെ പേരിടലിന്റെ
വെറ്റിലയ്ക്കും ചെവികള്‍ക്കുമെന്ന പോലെ.
Back to Action

ചുരുണ്ടു കിടന്ന്‍
ഭൂതമുഖമുള്ള കവിതകളെഴുതി
ലോകത്തിന് പണി കൊടുക്കാന്‍
ശരീരസമേതം കുപ്പിയിലേയ്ക്ക് തിരിച്ചു കയറുന്നു. 

അപ്പ്രൈസല്‍

വേദനിക്കാന്‍ നിനക്കിനിയുമാവും കുട്ടീ
എന്നിങ്ങനെ നിരന്തരം
സൂക്ഷിച്ചുമാത്രം തിരഞ്ഞെടുത്ത്
ചുമലില്‍ തട്ടുന്നതിന്
ദൈവത്തെ
എനിക്കനുഗ്രഹിക്കണം


ആരാണതറിയുന്നത്
ഒരു താഴ്‌വാരം നിലംപതിച്ചിരിക്കുന്നത്?
ആകസ്‌മികമായ തോന്നലുകളുടെ
ലൂസിഫെറസ്സ് മിനുക്കങ്ങളില്‍ നിന്ന്‍
സ്നേഹം ചാടിപ്പോയിരിക്കുന്നത്.

ആരാണ് ഇതിന് തൊട്ടു മുമ്പേ ചാടിയത്?


കവിതചിരിക്കാനും കരയാനും ആക്രോശിക്കാനുമാവാതെ
വായ കൂട്ടിപ്പിടിച്ചിരിക്കുന്നു
എന്റെ കവിത

പൂക്കല്‍


ഒച്ച 1 : മുറ്റത്തില്‍ മുറം പാറ്റുന്നത്
ഒച്ച 2: നിരത്തില്‍ വണ്ടി പാറുന്നത്

ഒച്ചകള്‍ ഒളിച്ചോടുന്നത്,
കിന്നരിച്ചിണചേരുന്നത്
പാറയ്ക്ക് പിന്നിലെന്നൂഹിച്ച്
ചുള്ളിയൊടിച്ച് വരുന്ന പെണ്ണുങ്ങള്‍
പുരയാകെ കൊണ്ടുവന്നിട്ടത്
അത്രയുമൊക്കെയും പൂച്ചെടികള്‍,

ഉണക്കലല്ലെടീയിതെന്ന
പിച്ചലില്‍
ചുവന്ന്‍
തുട തടവിയിരിക്കുന്നു
കൌമാരം.

ബൈപൊളാർ

ബൈപൊളാർ

ആഴമുള്ള 
കിണറെത്തിനോട്ടങ്ങളെ
ചെവിക്ക് പിടിച്ച്
അടുക്കളത്തിണ്ടില്‍ കൊണ്ടിരുത്തുന്ന
പ്രതിധ്വനികൾ,

തെക്കുമില്ല കിഴക്കുമില്ലാത്ത

ഭൂമിയാകെ ഓടിച്ചോടിച്ചു
വിവിധോന്മുഖയാക്കി
പ്രലോഭിപ്പിച്ചിതെത്രയാ
ഇട്ടാപ്രിങ്ങിണി ജിജ്ഞാസാ, ജിജ്ഞാസാ..