Friday, September 18, 2015

ഉത്സാഹത്തിന്റെ 
ഭ്രമത്തിന്റെ 
സങ്കടത്തിന്റെ 
അമർഷത്തിന്റെ 
ഭീതിയുടെ 
വിസ്ഫോടങ്ങളുടെ ഉള്ളിലേയ്ക്ക്‌ 
ഞാൻ കാറ്റിനെ എഴുതുകയാണ്‌. 

ഊതി വിട്ട പോലെ ഇലകളെ 
ചാടിപ്പിടിക്കുന്നത്‌ പോലെ 
കവിതയിലേയ്ക്ക്‌ 
തുള്ളിച്ചാടുകയാണ്‌. 

ഉള്ളിന്റെ ഉള്ളിൽ 
ഇങ്ങനെ അലഞ്ഞു തിരിയുമ്പോൾ 
ആരും കാണാത്ത 
ഞാൻ മാത്രം കാണുന്ന ഒഴിഞ്ഞ മൂലകളിൽ, 

ഞാൻ തിളപ്പിക്കുന്ന സാമ്പാറിൽ, 
അതേ താപനിലയിൽ ഉരുണ്ടുരുണ്ട്‌ പൊട്ടിത്തെറിക്കുന്ന പ്രേമത്തിന്റെ മെർക്കുറി ഗോളങ്ങളില്‍, 
ഒരു പക്ഷേ എന്റെ തുടയിടുക്കുകളിൽ, 
എന്നിൽ നിന്നു എന്നെ തട്ടിപറിച്ച് എന്നിലേയ്ക്ക്‌ തൂങ്ങിയാടുന്ന ക്ലെപ്റ്റോമാനിയാക്കിന്റെ കുരങ്ങന്മാരിൽ, 
ഒരേ സമയം സിംഹവും മുയലുമായി മാറുന്ന എന്റെ ഇരട്ടവ്യക്തിത്വങ്ങളിൽ, 
എന്നെ കളഞ്ഞിട്ടു പോയവരില്‍, 

ഞാൻ അങ്ങനെ അനവധി ഞാനുകളായി ബന്ധപ്പെട്ടു കിടക്കുന്നു. 
ആ ഞാന്‍ ഞാനോ നിങ്ങളോ കാത്തിരിക്കുന്ന ഒരാളല്ല, എന്തായാലും

ഒറ്റകക്കാവുന്നത് വെയിലിന്റെ പൊരിയലാണ്.

അന്നേരം
റോഡിലൂടെ 
എന്നെ തണുപ്പിക്കാൻ വന്ന
ചുവന്ന ജ്യൂസിന്റെ വണ്ടിയുള്ള കവിതകള്‍
തള്ളിത്തള്ളി 
നിങ്ങളിലേയ്ക്ക്‌.

Monday, September 14, 2015

പുല്ലരിയുന്നവനില്‍ പുല്ലിംഗമായി..

“ആസൈമുഖം മറന്ത് പോച്ചേ, 
ഇതൈ യാരിടം സൊൽവേൻ അടി തോഴി
നേസം മറക്കവില്ലൈ നെഞ്ചം,
എന്നിൽ നിനൈവ് മുഖം മറക്കലാമോ”

എന്നിൽ നിന്നൂരി പോയ
ഇളംകാലം
സിക്കിലിന്റെ ഒടുക്കത്തെ പാട്ടുകളില്‍
കയറിയിരിക്കുന്നു

ഞാന്‍ അതിലുള്ളത് എനിക്ക് മാത്രേ അറിയാവൂ.

കന്നുകാലികളെ നോക്കാൻ 
അന്ന് വീട്ടിൽ വന്ന
സിലമ്പരശൻ
എന്റെ മുറിയിലിപ്പോൾ,
ഞാനിരിക്കുന്ന
സോഫാസെറ്റിയില്‍,
പുല്ലിന്റെ കെട്ടുകൾ അഴിച്ചിടുകയാണ്‌.

സിലമ്പരശന്‌ ഓടക്കുഴൽ ഇല്ലായിരുന്നു.

കന്നുകാലികൾ എന്റെ മുറി നിറയെ,
അവൻ പാടാത്ത പാട്ടുകളിൽ
അവരെ അവൻ കെട്ടിയിട്ടിരുന്നു.

ചെമ്പരത്തി കൊണ്ട്
ചമ്മന്തി അരച്ചപ്പോൾ
എന്റെ മുഖത്ത് ചുമന്ന ചാറുള്ള
മുഖക്കുരുക്കൾ കുരുത്തു വന്നു.

അതിലെ പഴുപ്പിനെ ഞെക്കുകയോ ഉറുഞ്ചുകയോ അവന്‍ ചെയ്തില്ല.

ഒരിക്കലും എന്റെ മുഖക്കുരുവിൽ
അവന്റെ വിരലടയാളങ്ങൾ വീണില്ല.

പ്രേമിക്കുന്നതായി പോലും ഞങ്ങൾ അഭിനയിച്ചില്ല.

അഴയിൽ തൂക്കിയിരുന്ന
അവന്റെ കള്ളിഷർട്ടിൽ
എന്റെ ഉടലുഴറി
നടക്കാനാഞ്ഞതിൽ,
കിണറ്റിനരികെയിട്ട
സ്ലിപ്പറുകളിൽ
കാലുകൾ
പതിയിരിക്കാൻ കൂടിയതിൽ,
ഞാൻ ആണിന്റെ ആകൃതിയിലായി.

ഈ വിധം ഞാൻ ആണാവുന്നത് അവനറിഞ്ഞിരിക്കില്ല.

ചിതല്‍ പുറ്റിനടുത്തിരിക്കുന്ന വേലന്‍
എന്റെ നിലയില്ലാ വേലകളില്‍
വേപ്പിലകള്‍
മഞ്ഞയില്‍
മുക്കി കുടഞ്ഞു.

അരയില്‍
ഭസ്മം ജപിച്ചിട്ട ചരട്
എന്നെ ഉടലടക്കം ചുറ്റി
ഒരു കറുത്ത പമ്പരമായി കറക്കി 

ആ സുഖ:പൂർത്തിയിൽ ഞാൻ എന്നെ കുഴിച്ചു കുഴിച്ചു പോയി.

താണു താണു വന്നപ്പോൾ
വടക്കോറത്തെ ചായ്പ്പിൽ
കിതച്ചിരുന്ന
ആട്ടുക്കല്ലിലിരിക്കുന്നു
സിലമ്പരശൻ.

ആട്ടുക്കുഴിയിലെ
വെള്ളത്തില്‍ മീനുകൾ
അവന്റെ ചാണകമണത്തിലെ
ഏകാന്തതയില്‍ നിന്ന്‍
വണ്ടിയോടിച്ച് പോവാന്‍ ബൈക്കുകള്‍
വെള്ളത്തുള്ളികള്‍ കൊണ്ടുണ്ടാക്കി
പുറത്തേയ്ക്കുള്ള വഴി കാണിച്ചു കൊടുത്തു.

അനങ്ങില്ലവൻ, സിലമ്പരശൻ അവന്റെ തേറ്റപല്ല്‌ പോലെ ഉറഞ്ഞുപോയിരിക്കുന്നു.

മുരിങ്ങയ്ക്കകൾ
ആ പല്ല് കൊണ്ട് ചീന്തി തിന്നാറുള്ള ഉച്ചകളിൽ,
കടന്നൽകൂടുകൾ പോലത്തെ
കണ്ണുകൾ വെട്ടിച്ച്
കള്ളിഷർട്ടിൽ
ഞാൻ വാലടക്കം ഉള്ളിലാവും.

അങ്ങനെ ഒരു നാൾ
മഴയിലേയ്ക്ക്
പടർന്നു കയറിയ
വള്ളികളിൻ
തുമ്പത്ത് വച്ച്
അവനെ കാണാതായി.
യഥാക്രമം, ഞാനാണായതില്ല പിന്നെ.

സോഫാസെറ്റിയിൽ
അവൻ പുല്ലരിയുന്ന ശബ്ദം.

അരിഞ്ഞിട്ട തണുപ്പിൻ മീതെ
സിക്കിലിനെ
കേട്ടുകിടക്കുമ്പോൾ

എത്രയും പതുക്കെ

എന്റെ മുറി ഒരു കള്ളിഷർട്ടാവുന്നു.
ചെവിക്ക് പിടിച്ച് കുളിക്കാനായി കൊണ്ടിരുത്തും,
ഉടൽ ഭിന്നിച്ചു നിൽക്കും ആ നേരം.
തലയിൽ തിരിഞ്ഞു കിടക്കുന്ന
ഊടുവഴികളിൽ
ടയറൂരി
അതുമോടിച്ച്
ബെല്ലുമില്ലാബ്രേക്കുമില്ലാ
പുഴയിലേയ്ക്ക് പാഞ്ഞു പതിക്കും
സൈക്കിൾകുട്ടിയെ പോലെ
മുഷ്ക്ക് മണത്തിന്റെ
ഉള്ളറകളിൽ
ഷവറിലെ
പുഴ കുതിക്കും.
അപ്പോൾ ശർർർർ ന്ന് മൂത്രമൊഴിക്കാൻ തോന്നും.
(ഞാനങ്ങനെയാണ്‌,
ചെറുപ്പത്തിൽ അടുക്കള ചായിപ്പിന്റെ ഓവ്വ് വശത്ത് ഒളിച്ചിരിക്കും,
ഓവിലൂടെ മഞ്ഞ വഴിയായി പിന്നയൊരു മഞ്ഞ ചേരയായി മൂത്രം പുറത്ത് ചാടും,
വഴിയിൽ വച്ച് ആ ചേരയെ കണ്ട് ഞാൻ പത്ത് വീടുകളെ ഒറ്റ ചാട്ടത്തിൽ കടന്നോടും,
ചായിപ്പിന്റെ മൂലയ്ക്കിലിരിക്കുന്ന എനിക്ക് ചിരി വരും)
എന്നങ്ങനിരിക്കെ
20 വർഷമായി
കുളിക്കുമ്പോൾ
കുളിച്ചുകൊണ്ട് മൂത്രമൊഴിക്കുമ്പോൾ
ഞാൻ ഈ ചായിപ്പിൽ ഒളിച്ചിരുന്നു ചിരിക്കയാണ്‌.
എന്റെ മൂത്രം ഒഴുകിയ വരിയിൽ
മഞ്ഞ റോസാച്ചെടികൾ മുളച്ചതായി
ഇപ്പോളവൻ പറയുന്നു,

ഒന്നൊന്നായി
ഞാനൊക്കെ ഇറുത്തെടുപ്പിക്കും.
എണ്ണം തെറ്റിതെറ്റി
ഓവ്വ് വഴി ഞാൻ പുറത്തെത്തും,

തണുപ്പിനുള്ളിൽ ഒരു കുളിമുറി മുങ്ങിത്താഴും.

Saturday, September 12, 2015

ഉള്ളിവേഷം

കാലങ്ങളെ
തത്തമ്മകളാക്കി 
കൂട്ടിലിട്ട് നടക്കുന്ന
കൈനോട്ടകാരിയുടെ
നോട്ടങ്ങളില്‍
ഞാന്‍ കെട്ടിനില്‍ക്കുന്നു

അവരുടെ വായയെ
ഞാന്‍ രണ്ട് കൈകള്‍ കൊണ്ടും
വലിച്ചു തുറന്നു.

അതിനുള്ളില്‍
എന്റെ കാലങ്ങള്‍
ഇടിങ്ങിയിരിക്കുന്നു.

സുധാമണിയെന്ന 
എന്റെ പേരില്‍ പ്രത്യേകിച്ച് ഒരു കാര്യവുമില്ല
ഞാന്‍ എപ്പഴും എന്നെ ഞാന്‍ എന്നാണ്‌ പറയാറ്‌.

ഞാനൊരു കള്ള ചീട്ടാണെന്ന്
ഒറ്റ നോട്ടത്തില്‍
അവര്‍ പറയുന്നു.
ഈ ഭാവിയില്‍ ഞാനില്ല, മറ്റൊന്നിടൂ..

ജീനുകളുടെ ചീട്ടുകള്‍
മാറ്റി മാറ്റി നോക്കിയാല്‍
കടന്നു ചെന്നാല്‍ കാണാം,
ഒരേ സമയങ്ങളില്‍
പുല്ലുപിടിച്ചു കിടക്കുന്ന ഞാന്‍
എന്റെ പുരുഷന്‍ വെട്ടിത്തെളിച്ചെടുത്ത് കൊണ്ടുവരുന്ന ഞാന്‍
ഉള്ളൂള്ളൂള്ളൂ എന്ന് മകനെ കൊഞ്ചിക്കുന്ന ഞാന്‍
ഒന്നും കൂടി എന്നു
മീന്‍കാരനോട് കുഴയുന്ന ഞാന്‍
ഉത്സവപറമ്പിലെ ചുട്കി മുഖമുള്ള ബലൂണ്‍ 
കയ്യീന്നഴിഞ്ഞ പോയ കുട്ടിയുടെ നിലവിളിയില്‍ ഞാന്‍
ഉള്ളിതീയല്‍ ഇഷ്ടമല്ലാത്തനു
ഉള്ളിതീയല്‍ കവിതയിലിട്ട് തിളപ്പിക്കും ഞാന്‍
താമരയ്ക്കും ഉള്ളിക്കും ഒരു മുദ്രയേയുള്ളൂയെന്ന് കൈകക്കൂമ്പികൊടുക്കും
ഉള്ളിയില്‍  കോര്‍ത്തൊരു മാല കുഞ്ഞിന് കൊടുക്കും

എന്നെ തൊലിക്കയാണ്,
ഉടല്‍
ഒരു വലിയ ഉള്ളിയെന്ന പോലെ.

ഒരോ കണ്ണാടിയും കാണിച്ച് തരുന്ന തോലുകള്‍
മുത്തുമല്ല മുട്ടായിയുമല്ലെന്ന തോലുകള്‍
പൂവോ പുല്ലോ അല്ലെന്ന തോലുകള്‍.

തലയോടിനുള്ളിലെ
ഞ്ഞരമ്പിന്റെ തുമ്പത്ത്
വെളിച്ചമോയെന്ന്
പാഞ്ഞൊഴുകുന്ന
അപ്പനപ്പാപ്പന്റെ ജീനേ,
എന്നെ പുറത്തെടുത്തു
റി-പ്രോഗ്രാം ചെയ്യണമെനിക്ക്.

എനിക്കുള്ളില്‍
തഴച്ചു വളരുന്ന 
ഉള്ളികളിരുന്ന്
കരയുന്നത്
ഞാന്‍ നിങ്ങള്‍ക്ക്
വാട്ട്സപ്പ്
ചെയ്തെന്ന് വരില്ല.

നിങ്ങള്‍ കാണില്ല, ഒരു പക്ഷേ അറിഞ്ഞേക്കും.

Thursday, March 12, 2015

ഭഗോതിയാണ്
കത്തുന്ന പ്രേമമാണെന്നത് തെറ്റ്
എന്റെ മൂക്കുത്തിയില്‍ ഓര്‍മ്മകളെയും
മുടിഞ്ഞ മുടിയില്‍ ഓര്‍മ്മകളെയും
വാരി ചുറ്റികെട്ടി വച്ച്'
ഇനിയവന്റെ നോട്ടത്തിന്റെ പിന്നിലിരിക്ക്
കരഞ്ഞുകരഞ്ഞൊഴുക്

നീ നോക്ക്,
അടിമുടി ഒരു വേഷം പോലുമല്ല,
തുടിയിലിരുന്നവന്റെ ഭാര്യ പറയുന്നു.

Friday, February 27, 2015

കുരുങ്ങിയ പാട്ടില്‍ കരച്ചിലുകള്‍ കോര്‍ക്കുന്നത്


ആ കഥ പറഞ്ഞ പോലെ തന്നെ 99 -)0 ദിവസം അവൻ പോയി
പോകുമെന്നൊരു സൂചന തരാത്ത
ആ ദുരൂഹതയിൽ
എനിക്ക്‌ കരച്ചിൽ വന്നു.

വാർമുകിൽ പാട്ടിന്റെ
3.33 മിനുറ്റിനെ
നെഞ്ചിലാവർത്തിച്ചു
തുന്നികൊണ്ടിരുന്നു
സങ്കടത്തിന്റെ
കുത്തിക്കുത്തിപ്പക്ഷികൾ.

അവൻ ഇല്ലാത്ത ജനൽ.
എനിക്ക്‌ കരച്ചിൽ വന്നു.
കണ്ണുകൾ, മൂക്ക്, ചുണ്ടുകൾ, കവിളുകൾ, കക്ഷങ്ങൾ, മുലകള്‍, നട്ടെല്ല്, പൊക്കിൾ, 
എന്ന് വേണ്ട
എല്ലായിടങ്ങളിലും നിന്ന്‌ കണ്ണീര്‍ വന്നു.
നനഞ്ഞു കുതിർന്ന
മാൽകൗൺസിൽ
പല്ലുകളുടെ കൂട്ടിയിടിച്ച്
ഞാൻ വിറച്ചുകൊണ്ടിരുന്നു.

എനിക്ക്‌, ഉടലാകെ കരച്ചിൽ വന്നു.
ഉടൽ തികയാതെ വന്നു.
അവന്‌ വേണ്ടി കരയാൻ
ആ 3.33 മിനുറ്റിനെ കുത്തിനിറച്ച
ഉടലുകളെ തപ്പി
കിളികളുടെ,
മീനുകളുടെ,
തവളകളുടെ,
മരങ്ങളുടെ,
ഇലകളുടെ,
ഇരുട്ടിന്റെ,
വെളിച്ചത്തിന്റെ,
ശബ്ദത്തിന്റെ,
നിശ്ശബ്ദത്തിന്റെ
ഉടലുകളില്‍ മാറി മാറിയിരുന്ന്‍ കരഞ്ഞിട്ടും
എനിക്ക് മതി വന്നില്ല.

കരച്ചിലിന്റെ എല്ലാ അലങ്കാരങ്ങളേയും ഇല്ലാതാക്കി
ഞാൻ ആരിലെക്കെയോ കേറികൂടി.


ആ മുറുക്കനെ പിടുത്തത്തെ
തള്ളിമാറ്റിയ തരം ഓർത്തപ്പോ
എനിക്ക്‌ ഇനീം ഇനീം കരച്ചിൽ വന്നു.
നിങ്ങൾ കേട്ടോ, പറഞ്ഞ പോലെ 99 -)0 ദിവസം അവൻ പോയി.

Thursday, February 19, 2015

ഉറക്കത്തിന്റെയകത്ത് നിന്ന് ഉറക്കത്തെ 
വിടര്‍ത്തിയെടുത്ത്
വിരിച്ചിട്ട്
നീലവലയില്‍ 

മരിജ്വാനാഭരിതയായി നില്ക്കുമ്പോൾ
മുറി നിറയെ 
കൃഷ്ണമണിമേഘങ്ങളുടെ കൂണുകള്‍, പള്ളിമണി പാവാടകളിലും.

എന്നില്‍
ചുരുണ്ടുകൂടി 
മഴപ്പെടുന്ന 
ക്രോംക്രോയുമ്മകള്‍ 
ങ്ങിണി ങ്ങിണി  ങ്ങിണിയെന്ന്‍  അടിച്ചുകൊണ്ടിരുന്നു

ഏറ്റവും ശക്തമായ
പരിപ്പുകറിക്കായി
ഒരുവൻ തിളയ്ക്കാൻ തുടങ്ങി
ചീരയിലകൾ അരിഞ്ഞിട്ടത്‌,
അതില്‍ തേങ്ങയും ഉള്ളിയും ചതച്ചിട്ടത്‌.

മുറികളിലെ ഒഴിഞ്ഞ അറകളിൽ,
പിഞ്ഞാണങ്ങളിൽ,
പൂപ്പാത്രങ്ങളിൽ,
ബക്കറ്റിൽ,
മഗ്ഗിൽ,
നോട്ട്പാടിനടുത്തിരുന്ന കാപ്പിക്കപ്പിൽ

പരിപ്പുകറി 
തല കുത്തിമറിഞ്ഞു,
5.55 നും 6.15 നും ഇടയ്ക്കുള്ള
ആകാശത്തെ
ഒരു കുഞ്ഞു മേഘം
പരിപ്പുകറിയിൽ ചോർത്തി കൊടുത്തുകൊണ്ടിരുന്നു

ബ്ളേഡിറങ്ങിയ
അവളുടെ മുറിവിലും
ചീരയും പരിപ്പും
വിചിത്രമായി സ്നേഹിച്ചു കൊണ്ടിരുന്നു.


ഈ നേരമൊക്കെയും
മറ്റ് കറികൾ,
അവളെ പരിപ്പുകറിയിൽ നിന്ന് 
പുറത്താക്കാന്‍ തീരുമാനിക്കുന്നു

Wednesday, February 18, 2015

ഇനിയും അനവധി പ്രേമം പറയാനുണ്ട്.


1. 
എന്റെ കക്ഷങ്ങളില്‍
കുമിഞ്ഞു കൂടിയതില്‍
നീ വച്ച ആദ്യത്തെ ഉമ്മയെ
കുടുക്കയ്ക്കുള്ളിലെന്ന പോലെ തിരയുമ്പോള്‍
സൂക്ഷ്മതയുടെ വായില്‍ നിന്ന് വീണ 

ഈത്തായക്കുണുക്കില്‍
നമ്മള്‍ പരസ്പരമെറിഞ്ഞു കളിച്ച പ്രേമം.

2. 
ഇലകളിൽ 
ജടകളില്‍ 
പൊതിഞ്ഞിരിക്കുന്ന ശലഭങ്ങളെ
നിന്റെ അഘോരിയന്‍ തുടയിലിരുന്ന്‍
ഇതള്‍-താളത്തിലിറുത്തിറുത്തിടുമ്പോള്‍
അകത്തുള്ള നമ്മളില്‍
ഒരു കാറ്റാടി ലോകം.
അതില്‍ മുളയ്ക്കും കാറ്റാടി ഉച്ചകൾ, കാറ്റാടി മുറികൾ, 
 
കൊതികൾ പെരണ്ട ഭാരങ്ങളുടെ സാമ്യത്തിൽ
കാറ്റാടികള്‍ നമ്മൾ !

3.
മുടികളില്‍ ഇടവഴികളിൽ
കാത്തിരിപ്പിന്റെ തവളകള്‍ 

കരയുന്നുഉടലുകളില്‍ 
ചിലന്തി വലകൾ
ഇഴഞ്ഞിഴഞ്ഞ് 

ജീവിതത്തെ ഒട്ടിച്ചുവയ്ക്കുന്നു
ഒരു മാസം വിസ്താരമുള്ള
ഇരുട്ടിന്റെ ഉടലുള്ള കോട്ടയാവുന്നു ഞാന്‍..

ഒണ്ടായിരുന്നതും കൊണ്ടവന്‍ പിന്നയും പോയി,
ഞാന്‍ ആരെ ജീവിക്കുന്നു ദൈവമേ..!


3.

കടലിനിടിയില്‍ നിലവിളക്കുകൾ തെളിയുന്നു,
മീനുകളില്‍ വേഷമിട്ട്
ചിതറി വീഴുന്ന 

ചെതുമ്പലുകളെ
കൂട്ടി യോജിപ്പിച്ചു
എന്നിലിരുന്ന്‍ കളിക്കുന്ന
കാലിപ്സോ തില്ലാനകൾ

പ്രേമത്തിന്റെ 
ഒരു ചെതുമ്പല്‍
ചെന്നിയിൽ
പടികള്‍ കയറുന്നു,

മുകളിൽ ചെന്നാല്‍
ഇനിയുമൊരു കടലുണ്ടാകുമോ
എന്റെ പരിഞ്ഞിൽ കുഞ്ഞുങ്ങള്‍ക്ക് ?
Monday, February 9, 2015

പൊയട്രി ഫ്രൈസ്


1.
വെയിലിൽ 
വിയർത്തിട്ടെന്ന പോലെ തന്നെ
വെയിൽ അസ്വസ്ഥയായിരുന്നു.

ഉരുണ്ട തണ്ണിമത്തനുകളുള്ള
എന്റെ തലയെ നോക്കി 
നൂറ്റാണ്ടുകളായി കാത്തിരിക്കുന്ന 
വെയിൽ കത്തികൾ.

നോവിക്കലുകളുടെ
ജ്യൂസടിക്കുക്കുകയാണ് ലക്‌ഷ്യം

ചിക്ചിക്ചികാന്ന്
എന്നെയാകെ 
കൊത്തിയരിയാന്‍
ആ കൊലപാതകം, 
ആ കോലാഹലം
നിഷ്കരുണം തൊട്ടടുത്തുള്ള പോലെ.

നിങ്ങളുടെ
വേന(ല്‍)ക്കാലങ്ങൾ തീരില്ലന്നു 
എനിക്കറിയാം

എങ്കിലും,
പക്ഷികൾ നാലുപാടുന്നും 
പറന്നു കൊത്തുന്ന 
ഈ തലയുമായി
റോഡിലൂടെ 
ചുവന്ന ജ്യൂസിന്റെ വണ്ടി തള്ളിത്തള്ളി 

നിങ്ങളിലൂടെ തന്നെ നടന്നു പോകും ഞാന്‍

2.
അക്ഷമയുടെ രാത്രിയി
വെള്ളിക്കൊലുസ്സോര്‍ത്തുറങ്ങിപ്പോയ കുട്ടിയെ
25 കൊല്ലം നീളമുള്ള
ഒരേ വരികള്‍ തന്നെ കാലിലിട്ട് വലിക്കുന്നു.
ഏതോ മരഛായ നീ തിരഞ്ഞകന്നാലും
എങ്ങോ വനഭൂമിയിൽ പറന്നുപോയാലും

സൂചി വെയിലിന്റെ കുത്തു കിട്ടി 
ചാടിപ്പിടഞ്ഞെഴുന്നേറ്റ്
കാലുകള്‍ നിലത്ത് വയ്ക്കുമ്പോള്‍
ശറപറാന്ന്‍ 
നൂറായിരം കൂട്ടം കിലുക്കങ്ങ,

ഭൂമി അപ്പോള്‍,
അച്ഛന്‍ വാങ്ങി കൊണ്ടുവരുന്ന
ഉടഞ്ഞു പോവാനുള്ള തക്കാളികളെന്ന്‍ 
കരുതി 
ഞാന്‍ നടക്കാന്‍ തുടങ്ങും

3.
അരി നെല്ലിക്കകള്‍ കുത്തിയിടുമ്പോൾ
എന്റെ ഗര്‍ഭത്തിനുള്ളിൽ
കൊതി മൂത്ത് 
വായ തുറക്കുന്ന കുഞ്ഞിനെ പോലെ
ഞാന്‍ ഉള്ളയിടങ്ങളിൽ
ഞാന്‍ ഉണ്ടോയെന്ന്‍

ഞാന്‍ നോക്കുന്നുണ്ട്,
ആരുമത് കാണാതെ.

4. 
എന്റെ മത്തിക്കറിയില്‍ ഒരു മത്തിപോലുമല്ല 
എന്നാവുമ്പോൾ
ഞാന്‍ ഒരു യഥാര്‍ത്ഥ പാചകക്കാരിയാവുന്നു.


സർക്കസ് മാക്സിമക്സ്

അവാന്ത ജ്യുവാന
ഞാണിൽക്കളിക്കാരിയാണ്
അവളോട്
നീ വാഴ്ക വേണ്ടും
എന്ന്‍ നഗരം
കയ്യടിച്ചു പാടികൊണ്ടിരുന്നു
നീ വാഴ്ക വേണ്ട
എന്ന്‍ അതേ നഗരം
കാല്‍ തട്ടിയിടാന്‍ നോക്കിയിരുന്നു.
കുടത്തുമ്പിന്റെ
മുന പോലെ
ഒത്ത നടുക്ക് അവൾ നടന്നു,
കാണാൻ വന്നവര്‍ക്ക് മീതെ.

കുനിഞ്ഞിരിക്കുന്ന
ഒരോ തലയിലേയ്ക്കും
അരിമണികൾ
കൊത്തിത്തീർക്കുന്ന
കോഴിത്താളത്തിൽ
അവൾ ചാടാൻ തുടങ്ങി.
അവൾ ചിന്നി ചിതറിക്കൊണ്ടിരുന്നു
അവാന്ത
അവസാനിക്കാത്ത നിരയായിരുന്നു.
അള്ളിപ്പിടുത്തത്തിന്റെ കയ്യടിയായിരുന്നു.
ഇരുട്ടു കൂട്ടുന്ന കണക്കായിരുന്നു
കക്ഷങ്ങളിൽ വിയർപ്പുകളിൽ
മരിക്കുമെന്ന ഭീതിയില്ലാതെ
അവള്‍ ഒഴുകികൊണ്ടിരുന്നു
ഒരുവളില്‍ നിന്ന് മറ്റൊരുവളിലേയ്ക്ക്
പിന്നിലായ ഞങ്ങളെ പിന്നിലാക്കി
പുറത്തായ ഞങ്ങളെ പുറത്താക്കി
അവൾ ഒഴിഞ്ഞുകൊണ്ടിരുന്നു
എല്ലാ തലകളേയും
ഇതിനകം
കണക്കുകളുടെ കയറിൽ
ചുറ്റികെട്ടി കഴിഞ്ഞിരുന്നു എന്ന് വേണം കരുതാന്‍

കഴുത്തൊടിഞ്ഞു ലോകം
ഒരു വശത്തേയ്ക്ക് ചരിഞ്ഞു
അവളുടെ കാല്‍കീഴില്‍
ഒരു നൂലില്ലാമാലയായി കിടന്നു.
“മോളേ, അവാന്താ,
ഈ മഴകളെയൊക്കെ
വെയിലിൽ ഉണക്കാനിടൂ”
ഞാണിലെന്ന പോലേ ചാടി ചാടി
മഴകളെ അഴകളില്‍
കോർത്തെടുക്കാന്‍ തുടങ്ങവേ
ഇന്നെങ്കിലും
സര്‍ക്കസ് കാണാന്‍
അമ്മയെ സമ്മതിപ്പിക്കണമെന്ന
അവള്‍ കുഴങ്ങി
ഒരാരവത്തിൻ അലട്ടല്‍ പൊങ്ങി വന്നു,
മൈതാനത്തിനുള്ളില്‍ കൂടാരമെന്ന പോലെ.
ഒരിക്കലും ജനിച്ചിട്ടില്ലാത്ത/കളിച്ചിട്ടില്ലാത്ത/മരിച്ചിട്ടില്ലാത്ത
അവാന്ത ജ്യുവാന എന്ന
ഞാണിൽക്കളിക്കാരിയില്‍
അരേനയിലെ
വെളിച്ചം വീഴുന്നു.
എന്റെ ചിന്ഹം തവള; ചാടും ചാടും ചാടും !!
(രാജകുമാരന്മാരാവാതെ പോയ തവളചെക്കന്മാര്‍ക്ക്)

Friday, January 2, 2015

സ്വപ്നങ്ങൾക്ക് വിചാരിച്ചതിലേറേ കട്ടിയുണ്ട്.

ഇന്നലേയും 
എന്നെ നിങ്ങൾ രക്ഷിച്ചു.
അടിയന്തരഘട്ടങ്ങളിലെ ഫോഴ്സുകളുടെ 
തലവനായിരിക്കാം നിങ്ങള്‍

ഉറക്കങ്ങളുടെ
പല പല ജീപ്പുകൾ നിങ്ങള്‍ക്കുണ്ടായിരുന്നു
പലരെയും 
അതിൽ കയറ്റിവിട്ടു 
രക്ഷപ്പെടുത്തുന്നുണ്ടായിരുന്നു.
ഞാൻ നിങ്ങളെ മറക്കുകയില്ല.
കുഞ്ഞുങ്ങളെ 

പൊക്കിയെടുക്കുന്ന പോലെ
എന്നെയും ജീപ്പിനുള്ളിലിരുത്തി

എനിക്ക് ഉറക്കം വന്നു.
ഒരു ജീപ്പ്‌ ചീറിപ്പാഞ്ഞുപോയ പോലെ

വഴി നീളെ
ക്ലെപ്റ്റോമാനിയാക്കിന്റെ കുരങ്ങന്മാർ
ചാടി വീഴുന്നുണ്ടായിരുന്നു.

എന്റെ പരാതികളെ / വഴക്കുകളെ/ വിഷമങ്ങളെ
അവര്‍ തട്ടിപറിക്കാന്‍ വന്നു.

നോക്കൂ
എന്റെ കണ്ണുകള്‍ തീരെ ശരിയല്ല
ഒരേ സമയം 
എന്റെ വലത്തേക്കണ്ണ്‌ 

ഒരു സ്വപ്നവും
ഇടത്തുള്ളത്‌ മറ്റൊന്നും കാണുന്നു.

എന്റെ മകന്‍ വിദേശത്തുള്ള 
അവന്റച്ഛനെ വേണമെന്നു വാശി പിടിക്കുന്നു.
അവന്റച്ഛന്‍ പാടിക്കൊടുത്ത പാട്ടിലെ പൂതങ്ങൾ
മുറികളിൽ വന്നു നിറയുന്നു 

ക്രിസ്മസ് ആയതോണ്ട്
ഞങ്ങൾ അവർക്ക്‌ 
ചുവന്ന തൊപ്പികൾ കൊടുത്തു.
ചെവികളിൽ സ്റ്റാറുകൾ ഞാത്തിയിട്ടു.

വെന്തല മറിയകളെ പോലെ 
ഒരുക്കിയെടുത്തു.

വിഷാദമായിരിക്കുകയായിരുന്ന 
ക്രിസ്മസ്സിനെ
അപഹരിച്ചു കൊണ്ടു വന്നു
ചാരുകസേര അഥവാ കുരിശിൽ കെട്ടിയിട്ടു.


ഇടത്തുള്ള കള്ളി 

വലത്തുള്ള കള്ളിയെന്നു 
നീയെന്ന്‍ ചൂണ്ടി
ഞാനും ഞാനും ഓടിക്കളിക്കും.

എന്തു കൊണ്ടെന്നോ?
ഈ സമയം 2.44 നുള്ള
മറ്റേ കണ്ണിലെ സ്വപ്നത്തിൽ
ഞാന്‍ 
ഷൊർണ്ണൂർ പ്ലാറ്റ്ഫോമിലാണ്, കാമുകനെ കാത്ത്.
ഇതാണ് ഞാന്‍ എന്നെ 
കള്ളിയെന്ന് വിളിച്ചത്.

എന്റെ ചെവിയിലെ 

ഇല്ലാത്തൊരു 
അടുക്ക്ചെമ്പരത്തി പോലെ 
അവന്‍ ചുവന്നു കിടന്നു.

എന്നെ നോക്കി തീവണ്ടിക്കൊപ്പം ഓടും.

അവന്റെ കുട്ടിനിക്കര്‍ 
അയയുന്നത് കണ്ടു 
ഞാന്‍ കുടുകുടാന്ന്‍ ചിരിക്കും

ഓടുമ്പോള്‍ തുരുതുരാന്ന് വാരിയെറിഞ്ഞ
അവന്റെ പച്ചക്കറിത്തോട്ടങ്ങൾ,കുഞ്ഞുങ്ങളുടെ മുഖങ്ങള്‍

ചെത്തിവച്ച 
മത്തന്റെ കഷ്ണങ്ങൾ,
പയറിന്റെ വള്ളികൾ
ഇവരൊക്കെ 
തീവണ്ടിക്കൊപ്പം 
നീണ്ടു നീണ്ടു വരും
.
നീട്ടിക്കൊടുക്കാത്ത
എന്റെ വിരലുകൾക്ക് 
അറ്റത്ത്‌
എപ്പോഴും 
അവന്റെ മുഖമുള്ള തടവുകാരുണ്ട്‌.

എന്റെ ജനൽവരികളിൽ 
അവരൊക്കെ പയർവള്ളികൾ പോലെ 
ഞാന്നു കിടക്കും
ഒരിക്കലും 

എന്നിലേയ്ക്ക് കയറി വരാതെ.

സ്വപനങ്ങള്‍ കണ്ട് കണ്ട്
വീർത്ത് വീർത്ത് വരുന്ന കണ്ണുകളെ
വാഷ്ബേസിനിലിട്ട് കഴുകുമ്പോൾ
ആരവാരമൊരു ചിരി പോലെ
ഒന്നടങ്കം പറന്നെന്നെനിക്ക് 
തോന്നിയെങ്കിലും,

കാലുകൾ പെട്ടുപോയിരിക്കുന്നു
അനന്തതയോളം
.

ഞാന്‍ പോയി ജീപ്പില്‍ ഇരിക്കട്ടെ, ഒന്നുറങ്ങണം.

ബൈ"പോളാ"ര്‍ II


ഒമ്പതിന്റെ മേഘങ്ങളിൽ
ചവിട്ടി നില്ക്കുമ്പോൾ
നിക്കുന്നിടം 
കുമിളകളാണ്‌.


കുമിളകളുടെ 
ലോകത്തിൽ
വാ വാ എന്ന വഴികളിൽ
നഖശിഖാന്തം 
പതഞ്ഞ്പതഞ്ഞ്‌ പോവാൻ.

നെറ്റിയില്‍, താടിയില്‍ 
ചൊടക്ക് പച്ചിലപൂവുകള്‍ പോലെ 
പൊട്ടി പൊട്ടി പോവാന്‍

മനസ്സിരിത്തിയുള്ള 
കുമ്പിളൊതുക്കങ്ങളിൽ
ഭാവിയെ ഭീതിയില്‍ വയ്ക്കാന്‍

അന്തരംഗത്തിൽ അകാരണമായ
ആനന്ദത്തിന്റെ കുമിളകള്‍ / പ്രേമത്തിന്റെ കുമിളകള്‍/ ഉന്മേഷത്തിന്റെ കുമിളകള്‍ / അടിച്ചമര്‍ത്തലിന്റെ കുമിളകള്‍ / നൊമ്പലത്തിന്റെ കുമിളകൾ/ അമര്‍ഷത്തിന്റെ കുമിളകള്‍/ പഴംതുണികിടപ്പിന്റെ കുമിളകള്‍‍ ..

ഒച്ചയുടെ ഒറ്റപ്പാടുപോലുമില്ലാതെ പോം ചിലത്‌
കരച്ചിൽ വരും, 
കരയാതിരിക്കാന്‍
ടെറാക്കോട്ടാ ജിമിക്കകളുടെ കുമിളകൾ 
താമരപ്പൂവിന്റെ, മയിലിന്റെ കുമിളകൾ
ഇക്കത്ത്‌ സാരീം കാന്താബ്ലൗസിന്റെ കുമിളകൾ.
ഇതൊക്കെ മുറിയില്‍ നിറയ്ക്കും
നിങ്ങളുടെ നിർണ്ണയങ്ങളിലിപ്പോ
ഞാന്‍ തീരാത്ത തീരാത്ത ഷോപ്പിംഗാവും

അടുക്കിന്റെ തുണികൾ 
കൊലച്ചിട്ട്‌ 
അടുക്കുന്നതും
അലക്കിയതിനെ 
വീണ്ടും അലക്കുന്നതും
വഴുതിപ്പോയ നിഴലുകളില്‍
സ്ഥാവര സ്മരണകളെ സ്മരിക്കുന്നതും
എന്തിന്‌ ചായ എന്ന ഒഴിയാബാധയിൽ പോലും
അവൾ ഒരുമ്പിടി കൂടി കൂടിപോയ ക്രമമാണ്‌.

ഒലാസെപ്പൈൻ ഒരു മരുന്നല്ല,
സോപ്പുപതുപതാ താടിയുള്ള 
മാജിക്കൽ സ്റ്റോറിറ്റെല്ലറാണ്‌
ഒരു പാവമാണ്‌.
ആരും കേൾക്കാതെ 
നമ്മുക്കുള്ളിൽ കടന്ന്‌
കഥകൾ പറഞ്ഞുതരും
തട്ടിയുറക്കി തുണച്ചു കളയും
എന്നാല്‍ എല്ലാമങ്ങ്‌ പോയെന്ന്‌ 
നമ്മളും കരുതും.

അവളും 
അവളുടെ പൊട്ടിക്കാളി കുമിളകളും
പമ്മിപമ്മി ഇരിക്കാണ്
തക്കം പാർത്തപോലെ

പറഞ്ഞിട്ടും കേൾക്കാത്ത 
കുഞ്ഞുങ്ങളെ പോലെ
തട്ടി വീണ്‌
മുട്ടരഞ്ഞ്‌
ഒച്ച വച്ച്‌
കൃത്യം നെഞ്ചിലേക്ക്‌ ഓടിക്കേറി വരും.