Friday, January 2, 2015

സ്വപ്നങ്ങൾക്ക് വിചാരിച്ചതിലേറേ കട്ടിയുണ്ട്.

ഇന്നലേയും 
എന്നെ നിങ്ങൾ രക്ഷിച്ചു.
അടിയന്തരഘട്ടങ്ങളിലെ ഫോഴ്സുകളുടെ 
തലവനായിരിക്കാം നിങ്ങള്‍

ഉറക്കങ്ങളുടെ
പല പല ജീപ്പുകൾ നിങ്ങള്‍ക്കുണ്ടായിരുന്നു
പലരെയും 
അതിൽ കയറ്റിവിട്ടു 
രക്ഷപ്പെടുത്തുന്നുണ്ടായിരുന്നു.
ഞാൻ നിങ്ങളെ മറക്കുകയില്ല.
കുഞ്ഞുങ്ങളെ 

പൊക്കിയെടുക്കുന്ന പോലെ
എന്നെയും ജീപ്പിനുള്ളിലിരുത്തി

എനിക്ക് ഉറക്കം വന്നു.
ഒരു ജീപ്പ്‌ ചീറിപ്പാഞ്ഞുപോയ പോലെ

വഴി നീളെ
ക്ലെപ്റ്റോമാനിയാക്കിന്റെ കുരങ്ങന്മാർ
ചാടി വീഴുന്നുണ്ടായിരുന്നു.

എന്റെ പരാതികളെ / വഴക്കുകളെ/ വിഷമങ്ങളെ
അവര്‍ തട്ടിപറിക്കാന്‍ വന്നു.

നോക്കൂ
എന്റെ കണ്ണുകള്‍ തീരെ ശരിയല്ല
ഒരേ സമയം 
എന്റെ വലത്തേക്കണ്ണ്‌ 

ഒരു സ്വപ്നവും
ഇടത്തുള്ളത്‌ മറ്റൊന്നും കാണുന്നു.

എന്റെ മകന്‍ വിദേശത്തുള്ള 
അവന്റച്ഛനെ വേണമെന്നു വാശി പിടിക്കുന്നു.
അവന്റച്ഛന്‍ പാടിക്കൊടുത്ത പാട്ടിലെ പൂതങ്ങൾ
മുറികളിൽ വന്നു നിറയുന്നു 

ക്രിസ്മസ് ആയതോണ്ട്
ഞങ്ങൾ അവർക്ക്‌ 
ചുവന്ന തൊപ്പികൾ കൊടുത്തു.
ചെവികളിൽ സ്റ്റാറുകൾ ഞാത്തിയിട്ടു.

വെന്തല മറിയകളെ പോലെ 
ഒരുക്കിയെടുത്തു.

വിഷാദമായിരിക്കുകയായിരുന്ന 
ക്രിസ്മസ്സിനെ
അപഹരിച്ചു കൊണ്ടു വന്നു
ചാരുകസേര അഥവാ കുരിശിൽ കെട്ടിയിട്ടു.


ഇടത്തുള്ള കള്ളി 

വലത്തുള്ള കള്ളിയെന്നു 
നീയെന്ന്‍ ചൂണ്ടി
ഞാനും ഞാനും ഓടിക്കളിക്കും.

എന്തു കൊണ്ടെന്നോ?
ഈ സമയം 2.44 നുള്ള
മറ്റേ കണ്ണിലെ സ്വപ്നത്തിൽ
ഞാന്‍ 
ഷൊർണ്ണൂർ പ്ലാറ്റ്ഫോമിലാണ്, കാമുകനെ കാത്ത്.
ഇതാണ് ഞാന്‍ എന്നെ 
കള്ളിയെന്ന് വിളിച്ചത്.

എന്റെ ചെവിയിലെ 

ഇല്ലാത്തൊരു 
അടുക്ക്ചെമ്പരത്തി പോലെ 
അവന്‍ ചുവന്നു കിടന്നു.

എന്നെ നോക്കി തീവണ്ടിക്കൊപ്പം ഓടും.

അവന്റെ കുട്ടിനിക്കര്‍ 
അയയുന്നത് കണ്ടു 
ഞാന്‍ കുടുകുടാന്ന്‍ ചിരിക്കും

ഓടുമ്പോള്‍ തുരുതുരാന്ന് വാരിയെറിഞ്ഞ
അവന്റെ പച്ചക്കറിത്തോട്ടങ്ങൾ,കുഞ്ഞുങ്ങളുടെ മുഖങ്ങള്‍

ചെത്തിവച്ച 
മത്തന്റെ കഷ്ണങ്ങൾ,
പയറിന്റെ വള്ളികൾ
ഇവരൊക്കെ 
തീവണ്ടിക്കൊപ്പം 
നീണ്ടു നീണ്ടു വരും
.
നീട്ടിക്കൊടുക്കാത്ത
എന്റെ വിരലുകൾക്ക് 
അറ്റത്ത്‌
എപ്പോഴും 
അവന്റെ മുഖമുള്ള തടവുകാരുണ്ട്‌.

എന്റെ ജനൽവരികളിൽ 
അവരൊക്കെ പയർവള്ളികൾ പോലെ 
ഞാന്നു കിടക്കും
ഒരിക്കലും 

എന്നിലേയ്ക്ക് കയറി വരാതെ.

സ്വപനങ്ങള്‍ കണ്ട് കണ്ട്
വീർത്ത് വീർത്ത് വരുന്ന കണ്ണുകളെ
വാഷ്ബേസിനിലിട്ട് കഴുകുമ്പോൾ
ആരവാരമൊരു ചിരി പോലെ
ഒന്നടങ്കം പറന്നെന്നെനിക്ക് 
തോന്നിയെങ്കിലും,

കാലുകൾ പെട്ടുപോയിരിക്കുന്നു
അനന്തതയോളം
.

ഞാന്‍ പോയി ജീപ്പില്‍ ഇരിക്കട്ടെ, ഒന്നുറങ്ങണം.

ബൈ"പോളാ"ര്‍ II

കുമിളകളുടെ
ലോകത്തിലാണ്.

നെറ്റിയിലോ
താടിയിലോ
നീണ്ടു വരുന്ന
ഒരു ചൊടക്ക് പൂവ് പോലെ
ഞാനതാ
പൊട്ടി പൊട്ടി പോവുന്നു.

പെട്ടെന്നൊരു പറവയെ കിട്ടിയാൽ
ഒതുക്കുന്ന പോലെ
ഒരു കുമ്പിളിൽ
എന്നെയൊന്ന്
സൂക്ഷിച്ച് വയ്ക്ക്.

അന്തരംഗത്തിൽ
അകാരണമായ
ആനന്ദത്തിന്റെ കുമിളകള്‍
പ്രേമത്തിന്റെ കുമിളകൾ
നൊമ്പലത്തിന്റെ കുമിളകൾ
പഴംതുണികിടപ്പിന്റെ കുമിളകൾ
കോടാനുകോടി കുമിളകൾ

ഒച്ചയുടെ
ഒറ്റപ്പാടുപോലുമില്ലാതെ
ഞാൻ പൊട്ടി പൊട്ടി പോവുന്നല്ലോ.

ഒലാസെപ്പൈൻ ഒരു മരുന്നല്ല,
സോപ്പുപതുപതാ
താടിയുള്ള
മാജിക്കൽ സ്റ്റോറിറ്റെല്ലറാണ്‌.

ഒരു പാവമാണ്‌.

ആരും കേൾക്കാതെ
നമ്മുക്കുള്ളിൽ കടന്ന്‌ വരും.
കഥകൾ പറഞ്ഞുതരും
മടിയിൽ കിടത്തി
തട്ടിയുറക്കും,
അമ്മയുറക്കും പോലെ.

എല്ലാമങ്ങ്‌ പോയല്ലോയെന്നും നമ്മളും കരുതും.

ചുമ്മാതാണ്.

അവളുടെ
പൊട്ടിക്കാളി കുമിളകൾ
പമ്മിപമ്മി ഇരിക്ക തന്നെയാണ്.

പറഞ്ഞിട്ടും കേൾക്കാത്ത
കുഞ്ഞുങ്ങളെ പോലെ
തട്ടി വീണ്‌
മുട്ടരഞ്ഞ്‌
ഒച്ച വച്ച്‌
കൃത്യം നെഞ്ചിലേക്ക്‌ ഓടിക്കേറി വരാൻ.

വലിച്ചു നീട്ടാവുന്ന വൃത്തങ്ങൾ


സുഖമാണ്‌” എന്ന് പറത്തിവിട്ട വിമാനം
അദൃശ്യമായിപ്പോയിരിക്കുന്നു.

ദൂരൂഹതയുടെ ആകാംക്ഷയോ 
ദൂരൂഹതയുടെ ഏകാന്തതയോ
ദൂരൂഹതയുടെ മിണ്ടാത്തതയോയായി
എപ്പോള്‍ വേണമെങ്കിലുമത്‌ തിരിച്ചു വന്നേക്കാം.

(ഇടറി വീണിട്ടില്ല / വീഴില്ല എന്നൊരു മൂങ്ങ എന്റെ മരത്തില്‍ മുറുകെ പിടിച്ചിരിക്കുന്നു)

ഈ മൂങ്ങ കുറച്ച് മുൻപ് വരെ
കരുതലോടെ വിത്തിറക്കിയിട്ടും
പൊന്തിവരാത്ത 
പച്ച നോക്കി
തണുത്തുപ്പോയ 
തോട്ടക്കാരിയായിരുന്നു,

വിഷമിക്കണ്ട,
ആകാശമുണ്ട് എന്നൊരു 
അലച്ചിലിന്റെ 
കടൽക്കാക്ക
അവൾക്ക് 
പാറ്റിക്കൊടുക്കുന്നു.

ഇപ്പോൾ
അവൾക്ക് മീതേ 
അതിരില്ലാത്ത കാക്കകൾ.

ഷീ ഈസ് യെഗൈൻ ഡക്ക്” 
എന്ന കൊഞ്ഞാനാരവത്തിൽ
കുത്തിവയ്ക്കുന്ന
വിശേഷാൽ തൂവലിൽ 
തുഴയുന്ന 
തണ്ടനയ്പ്പ് 
കേൾക്കും.

അതില്‍
കാടിന്റെ സംഗീതത്തിന്റെ 
നീളമളക്കാൻ പോയ
അംഗുലപ്പുഴുവിനെ കാണും

എന്റെ വരകള്‍ 
വട്ടം വിട്ടുപോവുന്നില്ല

അത് വച്ചാണ്‌ ഞാനീ ലോകത്തിനെയല്ലാം വരയ്ക്കുന്നത്.


സുഖമാണ്‌ എന്ന വിമാനം/ 
അതുറപ്പിക്കുന്ന മൂങ്ങ/ 
അവൾ കാണാത്ത പച്ച/ 
അവളെ പാറ്റിയ കാക്ക/ 
അവർ കുത്തിയ തൂവല്‍

ഇതെല്ലാം 
എന്നെ ചുറ്റി നില്‍ക്കുന്ന
മറ്റൊരു മറ്റൊരു സന്ദർഭങ്ങളാണ്‌,

ഞാനാണ്.

5‘ 0“


ക്ലാസിലപ്പോഴും
മുൻ ബെഞ്ചിന്റെ
നിരീക്ഷികാവസ്ഥയിലായിരുന്നിരിപ്പിൽ,

അസംബ്ലികളിൽ ഏറ്റം മുന്നിലെ
നോട്ടപുള്ളികളിലൊന്നായായിരുന്നു നില്പ്പിൽ,

ആന്തംസോങ്ങിന്റെ
ശ്വാസമടക്ക് അടക്കനാവതെ
കാക്കയെ പോലെയെന്റെ
തല തിരിപ്പുകളിൽ,

സ്കൂളിന്റെ എല്ലാ കണ്ണുകളും
എന്നെ മാത്രമെന്ന പൊക്കലിൽ,

ഉച്ചയൂണ്‌ വെട്ടിക്കുറച്ച്‌
പ്രിൻസിപ്പൾ നിർത്തിച്ച
വളവില്ലാത്ത
20
മിനിട്ട് നിൽപ്പിൽ

ലക്ഷ്മീ നിന്റെ അനിയത്തിയല്ലേയിതെന്ന
ചൂണ്ടുവാക്കിൽ നാണംകെട്ട് കൂമ്പിപ്പോയ
ചേച്ചിയുടെ പിണക്കത്തിന്റെ
പുറകെ നടക്കലിൽ,

ടാൾ, ഡാർക്ക്, ഹാന്റ്സം ഗയ്സിന്റെ
തിരസ്ക്കാരങ്ങളിൽ,

റബ്ബറിന്റെ ഉള്ളല്ലേ
വലിച്ചാൽ നീണ്ടേക്കാമെന്നും
തൂങ്ങിയാൽ ചിലപ്പോൾ നടന്നേക്കുമെന്ന
ഇല്ലാപൊക്കങ്ങളുടെ
ഹീൽസിട്ട് നടത്തങ്ങളിൽ,

എത്താതെ പോകുന്ന
കഥക്കിന്റെ നീട്ടിവയ്ക്കലുകളിൽ,

കാൽ സാരിയോളം
ഉള്ളിലേയ്ക്ക് ഇനിയുമോയെന്ന
മടക്കിക്കുത്തലിൽ

ഒരിത്തിരികൂടി തരാത്തതെന്താടോ
സൗന്ദര്യബോധമില്ലാത്ത ദൈവമേ
പൊക്കമേ പൊക്കമേ
എനിക്കിഷ്ടമല്ല 
നിന്നെയെന്ന്‌
പ്രാക്കോട് പ്രാക്കായിരുന്നു.
പ്പോൾപ്പോൾ മാത്രം,
കൃത്യമായി 
അവന്റെ നെഞ്ചിൽ 
അമർത്താനാവുന്ന ചെവിഘടനയിൽ
എനിക്ക് കേൾക്കാം
എനിക്ക് കേൾക്കാം എന്ന കാതലിൽ,

കാലമെന്നെയിങ്ങനെ
ചുരുട്ടി കുറുക്കിയാതാണെന്ന
കവിതയെ വലിച്ച് നീട്ടി പുറത്തിട്ടതിന്‌
എന്റെ പൊക്കമേ, എന്റെ പൊക്കമേ എന്ന്
നിന്നെ മാത്രം വിളിക്കുന്നു.

വണക്കം : 5' 9" എന്ന കവിതയോട്അതെഴുതിയ ദേവസേനയോട്. ( 
ആനന്ദത്തിനോളം കട്ടിയുള്ള പ്രസ്താവനകൾ

അപ്പുറത്തുണ്ടെന്നറിയാം,
അവസാനത്തെ നൃത്തം
നമ്മളൊത്ത് മാത്രമാണെന്ന
വാക്കിന്റെ തെങ്ങിൻതടി വഴിയിൽ
എത്ര സൂക്ഷ്മതയിലും
കാൽതെറ്റി വീഴുന്ന
ഒരു കളിയുണ്ട്,
ഏകാന്തതയുടെ
വലിച്ചെടുക്കലുകളിൽ
എടുത്തുപ്പൊക്കാനാവുന്ന
ആകെയുള്ളൊരു
ജലദൈവത്തിനെ,
അതിനെ മാത്രമെന്ന് ആനന്ദിക്കാൻ.
അഗാധമായ
ഉറപ്പുവരുത്തലിന്റെ ഒരല,
ഹിന്ദോളത്തിൽ ഞാൻ
പല നിലകളുള്ള തപസ്സാണ്‌,
നിന്റെ വില്ലിലെ അമ്പുകൾ
ഒന്നു പോലുമിനി
എന്നിലൂടെ കടന്നുപോവില്ല.

ഏക(മായ)പ്രേമത്തിന്റെ താപനിലയിൽ
ചുരുണ്ടു പോയ
സ്‌പ്രിംഗ്‌ ജടകൾ നീക്കി
നീല മുഖമേ
നിന്നെയടുപ്പിക്കുമ്പോൾ
ഒടുങ്ങാത്ത തീയുടെ
മൂന്നാം പോളയെ
തെച്ചിവിരാലാൽ
വരച്ചിടുമ്പോൾ
ഇതാ പൊള്ളിയെന്നിട്ടും
വിക്കി വിക്കി
തുറന്നു നോക്കുമ്പോൾ
എല്ലാം ഓർമിക്കുന്നവനെ പോലെ
എന്റെ ആകുലതകളുടെ മഗ്ദലനേ ഏക/മായ/തേ എന്ന മുൾവിളിയിൽ
കൂവളങ്ങൾ
കൂവളങ്ങൾ
കൂവളങ്ങൾ മാത്രം.

വസന്തത്തിന്റെ ഹൈവേകളിൽ

ട്രാഫിക്ക്‌ ശബ്ദങ്ങളുടെ
സംഗീതത്തിൽ
ഒറ്റക്കാൽനില്പ്പിന്റെ
പക്ഷികൾ
നെരൂദയുടെ വസന്തത്തിൽ
ബാക്കിയായ ചെറിത്തരികളെ
മൂളാൻ ശ്രമിക്കുന്നു
ഒരപ്രതീക്ഷിത 
അപകടത്തിൽപ്പെടുന്ന ഒരാൾ
കിതപ്പിന്റെ ബസ്സിൽ
അവസാനം കയറിയവളുടെ
കൈരേഖയിലൂടെയുള്ള
കുറുക്കുവഴിയിൽവച്ച്
അവലംബിച്ച് 
ചുംബിക്കുന്നു,
ഭയക്കല്ലേയെന്ന്
ജീവിതത്തിന്‌
പതിഞ്ഞ താളത്തിൽ
വീശി കൊടുക്കുന്നു.
പച്ചയിൽ 
ചുവപ്പ്‌ 
കലർന്നാൽ
എങ്ങനെ ഇരിക്കുമെന്ന്
അറിഞ്ഞിട്ടും അറിഞ്ഞിട്ടും
അവർക്ക് ചുറ്റും,
വസന്തം.
*************************************
പോൾക്ക പൊട്ടുകളുള്ള 
നൂറ്‌ തരം തുമ്പികൾ
പലതും വരാനുണ്ടെന്ന്‌
ചില്ലകളിലേയ്ക്ക്‌
അവരെ കൂട്ടുന്നു,
ഭൂമിയിൽ നിന്ന്‌ 
കാലുകൾ പൊങ്ങിപ്പോയവർ
ലോകം കാണുന്നത്‌
ഒരു നോട്ടം മാത്രം
പായിച്ചിട്ടാണെന്ന 
മാത്രയിൽ
ഇതിൽ ചുവപ്പിന്‌
എന്റെ പങ്കില്ലെന്ന്‌
ചൂളംകുത്തി
സ്റ്റീയറിംഗ് വളയ്ക്കുന്നതപ്പോൾ

ഏത്‌ അബദ്ധൻ?