Wednesday, October 5, 2016

പാലുകുടിയ്ക്കിടെ കടലിനടിയിലെ പാവ കളി കാണാൻ പോണ പീലി..
പീലിയിലേക്ക്  
ബന്ധിപ്പിക്കുന്ന 
പ്ലഗ്ഗിൽ.


ആ പാട്ടിൽ 
"ചെല്ലമഴയും നീ , ചിന്ന ഇടിയും നീ.."
വളളികളിൽ ഞാന്നുകിടന്നിട്ടുണ്ടായിരിക്കും
അവൾക്ക് കാവിന്റെ മണം.
എന്റെ വാഴത്തോട്ടങ്ങളതാ
ഒരു സൈക്കിൾ ബെല്ലിൽ
പറന്നു പോവുന്നു.
ഞാൻ കത്രിക വച്ചു മുറിച്ചുകൊണ്ടിരുന്നു
പടർന്നു കയറുന്ന തൊടികൾ, മഴകൾ, കിളികള്‍, കുരുമുളകു വള്ളികൾ
ഞാൻ കത്രിക വച്ചു മുറിച്ചുകൊണ്ടിരുന്നു
മാറ്റി ഒട്ടിച്ചുകൊണ്ടിരുന്നു എന്നെ.
താമരയിലകള്‍ക്കിടിയില്‍ കുമിളകളൂതി വിട്ട് അവള്‍ പൊങ്ങികിടക്കുന്നത് എവിടെനിന്നോ കേള്‍ക്കാം.

Saturday, March 5, 2016

പുല്ലു പിടിച്ചു കിടക്കുന്ന
ഉടലിനെ
ബുദ്ധന്റെ മുഖമുള്ള
കുട്ടികൾ
കുലുക്കി വിളിക്കുന്നു,
മണ്ണിരകളുടെ കുഴിയിൽ
വീണുപ്പോയ 
അവരുടെ പാട്ടുകൾ
തിരിച്ചുകൊടുക്കാൻ.

ഓർമ്മകളിലെ
ചില വാരിക്കുഴികളില്‍
വീണു കിടക്കുന്ന
എന്നോടാ ഇത്.?!

ആരെങ്കിലും പോയി
ഒന്നെടുത്ത് കൊടുക്കുമോ?
അയാളുടെ കയ്യിലാണന്റെ
മഴകള്‍ ,
കിളികള്‍,
ചുവന്ന ചാമ്പയ്ക്കകള്‍ ..


ഇതൊന്നും അറിയാഞ്ഞിട്ടല്ല,
ചോദിക്കാതിരിക്കുക എന്നത്

വലിയ ശബ്ദമുള്ള
ഒരു നിശബ്ദതയാണ്.
നിങ്ങളുടെ കാലുകളില്‍ എന്നെയിട്ടു വലിക്കൂ..
ഞരങ്ങലിന്റെ ഈ സ്വാതന്ത്ര്യം എനിക്ക് തരാമെന്നേല്‍ക്കൂ. 
പടച്ചവനേ എന്റെ കവിതയില്‍ 
ഇനിയും നീ മുഖക്കുരുക്കള്‍ മുളപ്പിക്കുന്നതെന്തിന്? 
ചെമ്പരത്തികളുടെ ഒരു മല എന്ന് അതിന്‍ ചുവടെ എഴുതി വയ്ക്കുന്നതെന്തിന്?
ഒറ്റപ്പെടൽ എന്ന രാജ്യത്തിലേക്ക്
പറഞ്ഞയക്കുന്നു,
ദൈവമേ, എന്നെ അനുഗമിച്ചാലും.

തൊട്ടാൽ
വെള്ളത്തിലെന്ന പോലെ
വിരലുകൾ
താണുപോന്നതായ
നിലമാണ്.

ചെവി ചേര്‍ത്ത്
അമർന്ന്‌ കിടന്നാൽ
കേള്‍ക്കാം
ഒറ്റയ്ക്കൊരു കടൽ നീന്തുന്നത്‌.

ഞാനപ്പോള്‍
കത്രികയെടുത്ത്‌
നിലം മുറിയ്‌ക്കയാണ്‌.

കടൽ
അരിഞ്ഞരിഞ്ഞിട്ട്
അലകളെ എടുക്കും

ആ നേരം
ഒരു കരച്ചില്‍ കേള്‍ക്കാം.

കരച്ചിലിൽ
ആണ്ടു ചെന്നാൽ
മുങ്ങി പോകുന്ന
ഒരു കാവ്‌ കാണാം.

കാവില്‍ കേറിയാല്‍
അവിടുത്തെ 
കല്ലുകളിൽ നിന്ന്‌
ഇനിയും പുറത്ത്‌ വരണമെന്നോര്‍ത്തു
ജീവിക്കുന്ന
അതികഠിനമായ ദേഷ്യമുള്ള
ദൈവത്തെ കാണാം.

മൂപ്പര്‍
ബീഡി വലിക്കാൻ
നേരത്താണ്
പെണ്ണുങ്ങള്‍
കാവിലെ പുല്ലെല്ലാം അരിയുന്നത്.

അരിഞ്ഞിടുന്നത്
ഒരു പാട്ട് പോലെ
വള്ളികള്‍ തീര്‍ത്തു.

കുരുമുളകു വള്ളികളും
പാട്ടിന്‍റെ വള്ളികളും
കെട്ടുപിണഞ്ഞു കിടന്നു.

അതിലേയ്ക്ക്
പടർന്ന്‌ കയറാന്‍
അവര്‍ക്ക് തോന്നും

ഒരുവൾ
പാവാട വലിച്ച്
കയറ്റി കയറി
അവള്‍ക്ക്
വേഗം
വള്ളികളില്‍
ലയിക്കാനായി.

രണ്ടാമത്തവൾ.....
മൂന്നാമത്തവള്‍...
നാലമത്തവള്‍..

അവസാനത്തവൾ
പാട്ടിന്റെ തുമ്പേ കിട്ടിയുള്ളൂ.

പറന്നില്ല, ഒരിക്കലും.

കടൽ
സ്വയം ബോധ്യമാവും വരെ
നീന്തികൊണ്ടിരുന്നത്‌ പോലെ.

അവൾ കത്രിക വച്ചു 

ആ കാവ് മുറിച്ചുകൊണ്ടിരുന്നു.

Friday, February 5, 2016


തിണര്‍ത്തു തടിച്ചു 
വലുതോളമുള്ള
വേദനയെ
അത്ര കണ്ടു
ലാളിച്ച്
തൊട്ടുതൊട്ടിരിക്കെ


ഞാനുറങ്ങിയിരുന്ന
അതിദീര്‍ഘമായ
ദു:സ്വപ്നങ്ങളില്‍ നിന്ന്‍
വീഴും പോലെ

ഉറുമ്പുകളുടെ
ഭാഷയില്‍
പറഞ്ഞാലും മതീലോ.
ഒരു കല്ല്‌  വന്നു വീഴും
പോലെയെന്ന്‍

നിങ്ങള്‍
വന്ന്‍ വീഴും

എനിക്ക്
ശ്വാസം മുട്ടി മരിക്കേണ്ടതായി വരും
അപ്പോള്‍.

എങ്കിലും
വേദന തോന്നിയിരുന്നില്ല.