Tuesday, May 29, 2018

എൻറെ അടിവയറ്റിൽ ഒരു കാവുണ്ട്.

അവിടേക്ക് 
പുല്ല് ചെത്താൻ പോയ
പെണ്ണുങ്ങൾ പറഞ്ഞു കേട്ടതാണു.

സർപ്പക്കാവിലെ
കരിങ്കല്ലുകൾ
പരസ്പരം
സംസാരിക്കും പോലും..

അത്തി പഴങ്ങൾ
പറിച്ചു കഴിക്കും.

കൂ കൂ വണ്ടിയോടിച്ചു 
കളിക്കും.

ഒളിച്ചും പാത്തും കളിക്കും 

പിണങ്ങും..കുണുങ്ങും..

പൂമാല കെട്ടി
പരസ്പരം 
പുണരും 
 
അവരുടെ
ഉലഞ്ഞയുടുപ്പുകളിൽ നിന്ന് 
വെളിച്ചത്തിന്റെ
അവസാനത്തെ തരിയെയും 
ആകാശം കമഴ്ത്തും.

നോക്കൂ,
കരിങ്കൽ കുട്ടികളുണ്ടാവുന്നത് കണ്ടോ?

എന്നെയും
കവിഞ്ഞ് 
ഇഴഞ്ഞിഴഞ്ഞ് പോകും
കാവിനെ
ഞാൻ അടിവയറ്റിൽ പൊത്തിപിടിക്കുന്നു..
പെൻഡ്രൈവിൽ തന്ന
മേഘങ്ങളെ
കോപ്പി ചെയ്തു
കൊണ്ടിരിക്കുന്നു.
ഈ പാട്ടുകൾ
എന്നെ ത്രസിപ്പിച്ച്
നിർത്തും വരെ
ചന്ദ്രതാരാദികളേ
നിങ്ങൾ
പകലിന്റെ പക്കൽ നിന്നും
ഒന്നും കൈപ്പറ്റരുത്.
ഈ ഇരുട്ട്,
എനിക്ക് നിന്നോടുള്ള പ്രേമത്തെ
കൂടുതൽ
ഘടിപ്പിക്കുന്നു.
പാസ് വേർഡിപ്പോൾ ഒരു തുമ്പിയാണ്.
ഒരു വലയത്തിലെന്ന പോലെ
നമ്മൾക്കിടയിൽ
കുടുങ്ങി കിടക്കാണ്.
സാമ്പ്രാണി കുഴലിലൂടെ
അവൾ കണ്ട വഴികൾ
മാത്രമായിരുന്നു
ശരിക്കുള്ള വഴികൾ.

വരാന്തയ്ക്കൽ തിണ്ടിലും
കിണറ്റിൻപ്പടിയിലും
പഴചക്കച്ചോട്ടിലും
ആട്ടുക്കല്ലിനറ്റത്തും
നിന്നൊക്കെ.

അതു വഴി 
അവളിറങ്ങിയോടിയതെന്നോയന്നുതന്നെ
ആരുമാരുമറിഞ്ഞതുമില്ല.

അവളെയിങ്ങെത്തിക്കാൻ
തലയിട്ട് നോക്കുന്ന
ഉലകമേ,

കാട്ടികൊടുക്കരുതവളെ.
നിങ്ങളെ നോക്കിയിരിക്കുമ്പോൾ
ആ മൂക്ക്
ഒരു ടോർച്ചിന്റെ വെളിച്ചം.
അതിൽ അഴിഞ്ഞ് വീഴും 
സൂര്യന്റെ പൂക്കെട്ടിൽ
ഞാനൊരു
ഹൂറിയുടെ നിഴൽ
കളിക്കുന്നു,
അടുത്തും
അകന്നും.
അവൾ അലഞ്ഞോട്ടെ..
ചാമ്പമര ചോട്ടിലോ
തെറ്റിച്ചെടിക്കരികിലോ
അവളെ കണ്ടെന്നാൽ 
പിടിച്ചുകൊണ്ടരരുത്,
ഒരു പരിചയത്തിന്റെ പേരിലും.
സൂര്യന്റെ തേര്
പൊടി പറത്തി പോയെന്നാൽ
അവൾക്ക്
പ്രേമത്താൽ
ചെങ്കണ്ണാവും.
ആ മലഞ്ചെരുവ്
പൂക്കളാൽ നിറഞ്ഞിരിക്കുന്നതല്ല.
അവൾ തുറിച്ചു നോക്കിയ
പുരുഷന്മാരിലേക്ക്
ചുവന്ന കിളികൾ
ചേക്കേറിയതാണ്.
അവൾ
നിങ്ങളെ
അവിടേക്ക്
വലിച്ചു കൊണ്ടോവുന്നതാണ്.
ലോറികളിൽ
ആ കണ്ണുകളുടെ
ശവങ്ങൾ
കയറ്റി കൊണ്ടു പോകുന്നത്
ഇല്ലുസ്സുട്രേറ്റ് ചെയ്യുന്നു
ആ മലനിരകൾ.
ക്ഷമിക്കണം. നിങ്ങൾ അവളെ നോക്കരുത്. മിണ്ടരുത്.
അവൾ സമാധാനമായി അലഞ്ഞോട്ടെ.
ഒരാനക്കുട്ടി
മരക്കൊമ്പിലിരുന്ന്
സൂര്യനെ നോക്കുന്നു.
എല്ലാ പട്ടങ്ങളിൽ
നിന്നുള്ള ബന്ധങ്ങളും
ഒരു ക്ഷണത്തിൽ
പിൻവലിച്ച്
ഒരുവൾ
ഓടി വന്ന്
സൂര്യനെ കെട്ടിയ ചരട്
ആനക്കുട്ടിക്ക് കൊടുക്കുന്നു.
എന്നിട്ടവൾ
അതിന്റെ
തുറന്നു കിടക്കുന്ന
ചെവിയിലേക്കിറങ്ങി പോയി.
ചെവികളിപ്പോൾ പരിപൂർണ്ണ ചിറകുകൾ.
അവൾ
ഒരു പൂമ്പാറ്റയെന്നോണം
ആനയ്ക്കുള്ളിൽ
പറക്കാനാഞ്ഞു നിന്നു.

Wednesday, May 9, 2018


പയ്യിനെ മേയ്ക്കാതെ
ഏറെ കാലത്തിന് ശേഷം
ഞാനൊരിരിപ്പിരുന്നു.

ചായിപ്പിലന്നുതിർന്നു വീണ
പൂക്കെട്ടുകളേ
പരുത്തി പിണ്ണാക്കിന്റെ
ചാക്കുകെട്ടിനരികി-
ലുലഞ്ഞ
പൂവനികളേ.

പലപ്പഴും
നിങ്ങളെന്നെ
വഴി തെറ്റിക്കാറുണ്ട്.

അതോര്‍ത്തീയിരുപ്പിരുന്നാ 
എന്റെ ഉലകം
കയറു പൊട്ടിച്ചോടും.

അപ്പൊ തന്നെ മഴയെത്തും..
ഞാന്‍ ഒറ്റക്കാവും.

എനിക്കല്ലെങ്കിലും
അവരെ ഉണ്ടാവൂ,

കുറച്ചധികം
പരിപാലിക്കേണ്ടിയിരിക്കുന്നു 
ഞാനവരെ.

അടുത്ത വളവില്‍
ജീവിതത്തെ
മാറ്റിമറിക്കാന്‍ തക്ക
ഒന്നുമില്ലെന്ന്
തിരിച്ചറിഞ്ഞ്

നില്‍ക്കുന്നു.

നേരമിതെത്ര
കഴിഞ്ഞിതെത്തിയില്ല
മച്ചിങ്ങയിൽ പുറപ്പെട്ട
എന്റെ രഥം

ഓ.. നിനക്കിപ്പോൾ
ഞാന്‍ നനഞ്ഞാലെന്ത്
നനഞ്ഞില്ലങ്കിലെന്ത്..

പതിഞ്ഞ
താളത്തിലലിഞ്ഞത്
മറന്ന്

അലഞ്ഞു തിരിഞ്ഞ
ഒരു പുല്‍ച്ചാടി
ഓടിക്കുന്ന
വണ്ടിയില്‍
ഞാന്‍
കയറുന്നു.

എന്റെ കൊമ്പുകളെ
കുലുക്കുകയും
വേരോടെയാണ്‌
പിഴുതുകയും ചെയ്യുന്നു,

ഞാൻ ഊരിവീഴുന്ന ശബ്ദം.



ചീരയിലകൾ
കൊത്തുന്ന
കുരുവികളെ
എന്റുച്ചിയിലുറഞ്ഞ
ആണിയെ
കൊത്താനാവതുണ്ടോ
കൺമണികളെ.
ഹൃദയത്തിൽ 
പൂച്ചക്കുട്ടിയുള്ള 
എത്രപേരെത്രപേരൊണ്ടേൽ
എന്നെ കൊണ്ടു പോവാൻ
ആരെന്ന് ചോദിച്ചാൽ.?
നേരമിതെത്ര കഴിഞ്ഞിതെത്തിയില്ല
മച്ചിങ്ങയിൽ പുറപ്പെട്ട
എന്റെ രഥം.
ഓ.. നിനക്ക് ഞാനിപ്പോൾ നനഞ്ഞാലെന്ത് നനഞ്ഞില്ലങ്കിലെന്ത്..

മാവിലകളാണ്
ചിരട്ടയിൽ,

ഞങ്ങളിപ്പോ 
ചൂണ്ടയിട്ടു പിടിച്ച
പുഴമീനുകൾ.

ചെങ്കട്ട  പൊടിച്ച്‌ 
അരപ്പുണ്ടാക്കും 
ഞങ്ങളിൽ 
ശാന്തനും 
സോമനും.

ഒന്നും രണ്ടും മൂന്ന് 
കൂട്ടിയ കല്ലുകൾ 
അടുപ്പത്തേക്കിറക്കി വയ്ക്കും.

ഞങ്ങടെ 
കൂട്ടത്തില്‍ 
അതിലോലൻ
വിനായകനാണ്,

ഹൃദയത്തിൽ 
പൂച്ചക്കുട്ടികളെ 
വളർത്തുന്നവൻ.

ചാവ് കണ്ടാൽ 
അവനു 
ദേഹം 
വിറക്കും.

അവന്റെ ജോലി 
നിരീക്ഷിക്കലാണ്.

ചട്ടിക്ക് 
മുകളിലെ 
ലോകത്തെയും 
താഴത്തെ 
ലോകത്തെയും.

കൊറ്റികള്‍
തലങ്ങും 
വിലങ്ങും
മീനിനായി
പറക്കുന്നുണ്ട്.

വെയിലേറ്റു 
തിളങ്ങുന്ന 
കണ്ണുകളുമായി 
തൊട്ടടുത്ത് 
പടിത്തിണ്ണയിൽ 
അയ്യപ്പനും 
കോശിയയുമെന്ന്  
പേരുള്ളയിരട്ടപ്പൂച്ചകൾ,

കൊതി കൈവിടാതെ. 

അവനെറിഞ്ഞു-
ക്കൊടുക്കും 
അയലത്തലക-
ളിലൊന്നിനെ
ആകാശമങ്ങോട്ട് 
വലിക്കും 
ഭൂമിയിങ്ങോട്ടും.

കിഴുക്കണാം 
തൂക്കായി 
അയലത്തല
മധ്യവഴിയിൽ.  

ഞങ്ങളുടെ 
കഞ്ഞീംകറീം 
കളിയിൽ 
നിന്നൊരിക്കൽ 
അവനെണീറ്റു പോയി.

പിന്നീടാർമിയിൽ 
ചേർന്ന
വിനായകനെ 
ഒരുനാൾ 
മരിച്ചു കൊണ്ടുവന്നു.

ചട്ടിയിലെ 
മീൻകറിയുടെ 
തിളപ്പുള്ളിൽ തൂവി 
ഞങ്ങളെല്ലാവരും 
അവനു വേണ്ടി കരഞ്ഞു. 

അവന്റെ 
ഓർമ്മകൾ 
വാലാട്ടി 
ഞങ്ങൾക്ക് 
പിന്നാലെ വന്നു.

ഇന്നതേ 
തിണ്ടിലിരുന്നു 
ഞങ്ങളുടെ മക്കൾ 
ചിരട്ടയിൽ 
ചോറും മീങ്കൂട്ടാനു-
ണ്ടാക്കുന്നു.

പുഴയിലെയെല്ലാ 
മീനുകളും 
ഓടിയൊളിക്കുന്നു,
വിനായകന്റെ 
മകന്റെ 
ചൂണ്ടയിൽ നിന്നും.




രാത്രി,

കാല് നീട്ടിയിരുന്നു
അത് കഥ പറയാൻ
ആരംഭിച്ചു.

അതിനിപ്പോള്‍
ഒരു അപ്പുപ്പന്റെ മുഖച്ഛായ.

മടിയില്‍ ഒരു പിത്തളപെട്ടിയുണ്ട്.

പല തരം കഥകളാണ്
അതില്‍.

മുട്ട പരുവത്തില്‍ ,
പ്യൂപ്പ പരുവത്തില്‍,
അല്ലെങ്കില്‍ ലാര്‍വ പരുവത്തില്‍,
ചിലപ്പോ കിളി പരുവത്തില്‍

അതിനെ വിരിയാന്‍
വച്ചിരിക്കുന്നതാവും.

ഒരോ വീടുകളും
താടിക്ക് കൈയ്യും
കൊടുത്ത്
വളഞ്ഞിരിക്കുന്നു.

ഒരോ വീടിനും
ഒരോ കഥ വേണം.

കഥയ്ക്കൊള്ള
കലപില.

എന്റെ വീട് പിണങ്ങി പോന്നു..

ഈ രാത്രി പറയുന്നത്
മറ്റാരുടെയൊക്കയോ കഥയാണ്.

എന്റെ വീടിന് ഉറക്കം വരുന്നില്ല.

അമ്മയുടെ വീട്ടിലേക്ക് പോവുന്നു
എന്റെ വീട്.


പകലിൽ വട്ടത്തിൽ നക്ഷത്രമെണ്ണുന്നവർ


ഇക്കരക്കും
അക്കരക്കും
നടുവിലൂടെ
ആരും നോക്കാത്ത
തോട് പോലെ
ഓടി പോവുന്നത് കാണാം.
ഇന്ത ഉലകത്തിലെ
മുഴുപ്പെത്തിയ പ്രാന്തനാണ്‌
ഭൈരവൻ.
ചോദിച്ചാലോ
ഒരു ശരാശരി പ്രാന്തൻ
മാത്രമെന്നു
എളിമയോടേ
കൈരേഖ
തുറന്ന് കാട്ടി
അയാളത് നീതികരിക്കും
കുന്നുകയറി
ഓരിയിടും.
മനുഷ്യനാവാൻ
സമ്മതിക്കായ്കയാൽ
പ്രാന്ത് നിലനിർത്താൻ
ഭൈരവനു
അത് ചെയ്തേ മതിയാവൂ.
കുന്നിറങ്ങും.
തോട്ടുവക്കിലെ
മഴയിൽ
പൂപ്പലിൽ
പായലിൽ
നാട്ടിലുള്ള
ആട്ടുകല്ലുകൾ മുക്കും.
പൊതിരെ തല്ലു കിട്ടുമ്പോ
ആട്ടുകുഴിയിലെ
മീനുകൾക്ക്
പുഴ
കാണിച്ച് കൊടുക്കാനല്ലേന്ന്
കരയും.
മണ്ണിൽ ചേർന്ന് കിടക്കും.
ചെവികൾ കോളാമ്പി പൂക്കളായി
വലുതാവും.
വിടർന്ന ഗ്രാമഫോണിലേക്ക്
അനേകം പക്ഷികൾ
പാട്ടുണ്ടോന്ന്
തലയിട്ട് നോക്കും.
ഒരു ബാന്റ് സംഘം
അപ്പോഴുദിക്കും.
ഭൈരവന് ഇക്കുറി കൂടതലെന്ന്
നാട്ടുകാർ കുരവയിട്ടു.
കളംവരപ്പാട്ടിന്റെ മുന്നിലിരുന്ന
ദേവിക്ക് ഇരിപ്പുറയ്ക്കാതെ
പൊറുതി കേടാവും.
അയാളിലേക്ക്
കിനിഞ്ഞിറങ്ങാൻ
ആടിയുലയാൻ
കൂത്താടാൻ.
ദേവിയല്ലേ, ചൊപ്പനം കണ്ടതും.
കറുത്ത കൂണുകൾ വിരിഞ്ഞു.
അതോടെ രാത്രിയായി.
അന്തമറ്റ്
ഭൈരവന്റെ കൈയ്യും
വലിച്ചോണ്ടവർ
പട്ടം കെട്ടിയ ആനയെ കാണാൻ പോയി.
ആനവാലിൽ തൂങ്ങി,
ശൂലമെറിഞ്ഞ്
കലുങ്കിലെ മീനുകളെ പിടിച്ചു,
ചിരട്ടയിൽ
മാവിലകളരിഞ്ഞിട്ട്
മീങ്കറി വച്ചു
ചിലത് ചുട്ടു തിന്നു.
തോട്ടിൽ കുളിച്ചു
കള്ളു കുടിച്ചു
തളരും വരെ നൃത്തം ചെയ്തു.
പെട്ടെന്നുണ്ടായ
ബുദ്ധിശൂന്യതയിലവർ
അമ്മയും കുഞ്ഞും
കളിക്കാൻ പോയി.
മടിയിൽ
ഭൈരവൻ
തല ചാച്ചു കിടന്നു.
ചീകി കെട്ടി
ഒതുക്കി വയ്ക്കവേ
വെട്ടിയൊതുക്കാത്ത
മുടിയിൽ നിന്ന്
ദേവി
അലിഞ്ഞു പോവുന്ന വാക്കുകൾ
കണ്ടെത്തി.
അസ്സഹനീയമീ
സഹസ്രനാമമെന്ന് തിരച്ചറിഞ്ഞു.
മൊഴിയില്ലാതെ എന്നെ വായിക്കിൻ.
ദേവി ഓരിയിട്ടു.
ഭൈരവന്റെയുടൽ
ശിശുവിന്റേത്
പോലെയായി.
ഒരോമൽ പൈതലിനെ പോലെ
തന്റെ മാറിടത്തിലേക്ക് അണച്ച്
പ്രപഞ്ചമുണ്ടായ അന്ന് തൊട്ട്
കല്ലിച്ചു കിടക്കുന്ന
പാലൂട്ടി.
മായയിൽ വലഞ്ഞ
ദേവിയെ
സ്വാഭാവികതയിലേക്ക്
ഭൈരവൻ തളച്ചിട്ടു.
ഇപ്പോളവരൊരുമിച്ചു
തോട്ടനരികെ
കുടികൊളുന്നു.
ഠ കാരത്തിൽ
കുന്നുകയറുന്നു.
കുന്നിറങ്ങുന്നു.
കഥ പറഞ്ഞ് കഴിഞ്ഞില്ലേ
ശാർങ്ങകപക്ഷികളെ
എന്നെ ന്റെമ്മേടടുത്ത്
കൊണ്ടാക്കൂ.
ഒരു മലഞ്ചെരിവ്. കിടക്കയിൽ.
ഓരം പറ്റി കിടക്കുമ്പോൾ
തലയിണകൾ മാനിണകളെ
പോലെ ചുംബിക്കുന്നത് കണ്ടു.
കൈകൾ
കുമ്പിളാക്കി
ഞാൻ കുളമുണ്ടാക്കി.
അവർ വന്നു വെള്ളം കുടിച്ചു.
എന്റെ തലയ്ക്കപ്പുറമിപ്പുറം ചാടി കളിച്ചു.
അവർ അവരെ തേടി അലയുന്നതും
നീണ്ട മുടികളിൽ
വള്ളിക്കുടിലുകളിലെന്നോളം
അവർ
കെട്ടുപിണയുന്നതും കണ്ടു.
അവരുടെ ചുംബനങ്ങൾ,
എന്നെയത് അസ്വസ്ഥയാക്കുന്നുണ്ട്.
ഞാൻ തലയിണകളെ അകറ്റി വച്ചു.
രണ്ടുടുലുകൾ തീവ്രമായി നോവുന്നതും കണ്ടു.

എന്നിൽ
രാത്രി
ബാധിച്ചിരിക്കുന്നു.

കിണറ്റില്‍ നിന്നാരോ
വെള്ളം കോരി കുളിക്കുന്ന
ഒച്ചയില്‍
ഞാന്‍ ഭാഗമാകുന്നു.

ദേഹത്തിനിപ്പോൾ
ചിവീടുകളുടെ ശബ്ദം.

പുല്‍പൊന്തകൾ,
ഇടവഴികൾ,
തോടുകള്‍
വരമ്പുകള്‍
കവലകള്‍
എല്ലാം
പതിയിരിക്കുന്നു.

ഇരുട്ടിന്റെ
പൊത്തുകള്‍
തുറന്നു
എന്നില്‍
നിന്ന്‍
പാമ്പുകള്‍.

അരിച്ചരിച്ച് കയറി
ഞാന്‍
പൂര്‍ണ്ണമായും
ഇരുട്ടായി.

എന്റെ ശരീരം
ആരോ
പലകയിൽ കിടത്തിയിരിക്കുന്നു.

ആ ചക്രം കറക്കിയാൽ
പകലാവും.

എന്നെയൊന്ന് തിരിച്ചിടൂ.

അങ്ങനെ
മുൻപും
ചിലതൊക്കെയൊഴിപ്പിച്ചുണ്ടല്ലോ.

ഒരു സിറിഞ്ച് നിറച്ചും
വെളിച്ചം കുത്തിവയ്ക്കൂ.

കണ്ണു തുറന്നാൽ
കാണാൻ
ഇതുവരെ
കണ്ടിട്ടില്ലാത്ത
ഒരു പകൽ,
രണ്ടു മലകള്‍ക്കിടയിൽ
നിന്ന്‍.

വെളിച്ചത്തിന്റെ
കോട്ടിട്ട്
ഒരു കൂണ്‍
വിളിച്ചുണര്‍ത്തിയ
പെന്‍സിൽ ചിത്രത്തിൽ നിന്ന്
ഇറങ്ങി വന്നിട്ടില്ലിപ്പോഴും.


മഴയ്ക്ക്
വളരെ വളരെ താഴെ
വെള്ള പോൾക്ക കുത്തുള്ള
രണ്ട് ചുവന്ന കൂണുകൾ.
മിന്നലിൽ പേടിച്ചരണ്ട
രണ്ട് സ്കൂൾ കുട്ടികളെ പോലെ
അവർ കൈകൾ അമർത്തി പിടിച്ചിരുന്നു.
ഉണർത്തി വിട്ട
വിരിഞ്ഞ പാവാട കറക്കി
ഒരു മല നിറയെ കൂണുകൾ-
ലായത്തിലായത്തിൽ.
പള്ളിമണി കെട്ടിയ പോൽ
മലയും കറങ്ങുന്നു-
ലായത്തിലായത്തിൽ.
അതിനെ ചുറ്റിയോടുന്ന
ഒരു തീവണ്ടിയും-
ലായത്തിലായത്തിൽ.
കുട്ടിക്കാലത്തിനെ കാണാൻ
പോകുന്നതിലെ
യാത്രക്കാരനു-
ലായത്തിലായത്തിൽ.
മലയ്ക്ക് പുറിത്തിരിക്കുന്ന
പെൺക്കുട്ടിക്കുറക്കം
വരുന്നതുമില്ല.
അവൾ കണ്ണുകളൂതി
അണയ്ക്കുന്നു-
ലായത്തിലായത്തിൽ.
കൂണുകളുടെ താഴ്വരയിലേക്ക്,
കിഴുക്കണാം തൂക്കായ
പാട്ടുകളാണത്.
മുത്തുക്കുടകൾ കമഴ്ന്ന പോലെ.
ഒരോന്നും വിരിയിച്ചു വിരിയിച്ചവൾ-
ലായത്തിലായത്തിൽ
പല നിറ കട്ടകൾ വച്ച്
കുഞ്ഞ് വീടുണ്ടാക്കുന്നു.
ഞാൻ ഓടി വന്ന്
വീടിന് പുകക്കുഴൽ വച്ചു കൊടുത്തു.
പുക വന്നു തുടങ്ങി.
അകത്തെന്തോ ഉണ്ടാക്കുന്നുണ്ട്.
ഞാനപ്പോൾ
രണ്ടു മലകൾക്കിടയിൽ നിന്ന്
പൊങ്ങി വരുന്ന
സൂര്യനെ വേണമെന്ന് വാശി പിടിച്ചു.
കിണറും തൊട്ടിയും വേണം.
പറന്ന് പോകുന്ന കാക്കകളും.
കുട്ടിക്കെന്നാൽ പ്ലേ യേരിയയും കാർ പോർച്ചുമാണ് വേണ്ടത്.
ഞാനവിടെ ഓലമടലുകൾ വലിച്ച് വടക്കോറത്തിടുന്ന അമ്മയെ കണ്ടു.
പാവലിന് പന്തൽ കെട്ടുന്നത് കണ്ടു.
കാവിലെ ഇലകളിൽ നിന്ന്
മുൻപവിടുണ്ടാർന്ന
അണ്ണാൻക്കുഞ്ഞുങ്ങൾ
പൊഴിയുന്നത് കണ്ടു.
എന്നെ കൊത്തിക്കൊണ്ടുപോയ
കിളികളെ കണ്ടു.
തിരിച്ചു കൊണ്ടാക്കിയതും കണ്ടു.
ശരിയാണ്,
ചില സമയങ്ങളിൽ
ബിൽഡിങ്ങ് ബ്ലോക്ക്സിന് വേണ്ടി
കുഞ്ഞിനോട്
ഞാൻ തല്ലുകൂടാറുണ്ട്.