Monday, August 27, 2018

പ്രളയ ശേഷം
പാമ്പാട്ടിയുടെ
കുഴലിൽ നിന്ന്
മധ്യമാവതി രാഗം
ഇഴഞ്ഞ് പോകുകയുണ്ടായി.

വരമ്പത്തിരുന്നത് കേട്ട
പൂത്ത പെണ്ണ്
കൊറ്റി രൂപേന
പറന്നിറങ്ങി

അവൾക്ക്
പാമ്പാട്ടിയെ
കൊത്തണം,

കൊത്തിയേയാവൂ.

ഇരട്ട നാക്ക്
കഴക്കുന്നു.

പാമ്പാട്ടിയുടെ
ഇടത്തേത്തോളിൽ
പടക്കുളങ്ങര ഭഗോതിയെ
എങ്ങനെ കുത്തിവരച്ചെന്നാ?

പാട്ടിന്റെ തേവരേ.. പറ.... പറ.
നിങ്ങളുടെ ഇടം നെഞ്ചിലെ
വാതിൽ
ജാഗ്രതയിൽ
പൂട്ടി വച്ചിരിക്കുന്നതിൽ
കടന്നു കയറണം.

ചിറകുകളിൽ
മിനുക്കങ്ങളുണ്ട്
ഈ തുമ്പിക്ക്,

പ്രത്യേക രീതിയിൽ
ചിറകടിച്ചാൽ
മാറുന്ന
പാട്ടിലാണ്
നിങ്ങളെ
തുറക്കാനുള്ള
പാസ് വേർഡ്.

എന്റെ ചിറകടികൾ
നിങ്ങളെയിനി
മലർത്തിയടിക്കാൻ
പോകുകയാണ്.
ടെറസ്സിപ്പോ
പാടവരമ്പാണേ.

ഇലയിൽ
ശൂന്യാകാശവുമായി
ഒരു പെണ്ണ് അവിടിരുന്നു.

അവൾ ജിലേബിക്ക് കൊതിച്ചു.

അവളുടെ ദേഹത്തെവിടെ തൊട്ടാലും
ജിലേബി എന്ന പാട്ട് മാത്രമേ കേട്ടതുള്ളൂ.

ഒരു യായാവരൻ
ഞാൻ ഗന്ധർവ്വനെ പോലെ
അവളിലേക്ക് പറന്നിറങ്ങി.

അയാളുടെ
ഇടത്തേ കൈയ്യിൽ
പരാശക്തി പോലൊരുത്തി
ഗിത്താർ വായിക്കുന്നുണ്ടായിരുന്നു.

ആ കൊമ്പൻ സ്രാവിന്റ
അണ്ണാക്കിൽ നിന്ന്
ചില മധുരമുള്ള പാട്ടുകളെടുത്തു.

ആ പാട്ടുകളെ കാലിൽ കെട്ടി നോക്കി.

അവർ തള്ളിയിട്ടതോ
ഞാൻ ചാടിയതോയറീല,

അമ്പമ്പോ.
ജിലബികളുടെ
കുന്നിലേക്ക്.

ഞാനും
ചന്ദ്രതാരാദികളും
വീണു കിടക്കുന്നു.

മധുരം എന്ന വാക്കിൽ
ഞങ്ങൾ
ഓടിക്കളിച്ചോണ്ടിരുന്നു.
കഴുത്തുകൾ

പിണഞ്ഞു പോയ

പൂമരങ്ങൾ.

അവർ തങ്ങളിൽ പ്രേമത്തിലാണ്.

ഇലകളിൽ നിന്ന്

വെളിച്ചത്തിന്റ

കുണുക്കുകൾ

ഇറ്റു വീണിരുന്നു.

വെയിൽ വിളഞ്ഞ്

പൊട്ടു പോൽ

മറുകുള്ള

ആൺമരത്തെ

അമ്പോ യെൻ

കാതൽപ്പറവേയെന്ന് വിളിച്ചതും

ദാന്നതിലൂടെയിതിലൂടെ

അവളിലൂടടർന്നടർന്ന്,

അവന്റെ

പിൻകഴുത്തിലെത്തി

ഇതൾ കാട്ടി

കൊമ്പു കുലുക്കുന്നു,

ഇപ്പോ നിൽക്കുന്നിടത്ത് നിന്ന്

ഒന്ന് അഴിച്ച് മാറ്റി കെട്ടെട്ടെ.

ചില്ലകൾക്കിടയിൽ

നിശ്ചലതയിൽ

കൊത്തിവച്ച

മരത്തിൻ

തുമ്പത്തേക്ക്.

മരത്തിൻ നെഞ്ചകം

ഒന്നുയർന്നു താഴ്ന്നു.

അതെ. അത് കണ്ടതാണ്.


വീടൊരു
വണ്ടിക്കാള പോൽ
മന്ദം മന്ദം
വലിച്ചു കൊണ്ടുപോകവെ,

സാരഥി ഞാനൊരു
അടുക്കളച്ചന്തയിൽ
നടപ്പ് നിർത്തി
തലയാട്ടുന്നു.

എന്നിലെ കാളയെ തെളിക്കാതൊക്കുമോ.

ആകുമേ.. എനിക്കൊക്കെയാകുമേ..
ഇപ്പോ നിൽക്കുന്നിടത്ത് നിന്ന്
സൂര്യനെ ഒന്ന് അഴിച്ച് മാറ്റി കെട്ടെട്ടെ, പ്ലാവിന്റെ തുമ്പത്തേക്ക്.

ഇലകളിൽ
വെളിച്ചത്തിന്റ
ഈത്തായ കുണുക്കുകൾ.