Wednesday, August 1, 2012

സൽമയെ കല്ലെറിയരുത്

സൽമ ഒരു വേശ്യയായിരുന്നു
എന്നാലോ
സല്‍മ ഒരു വേശ്യയായിരുന്നില്ല..

മെഴുകുതിരികൾ നിരന്നു കത്തുന്ന
തെരുവിന്റെ മോന്തായത്തിൽ
വെളുത്ത സാരിത്തലപ്പോടെ
നില്ക്കുമ്പോൾ
മറിയത്തെ പോലെ കന്യകയും
വിശുദ്ധയുമായിരുന്നോയെന്ന
ശങ്കാവിഷയത്തില്‍ നിന്ന്
ഞാൻ എഴുതി തുടങ്ങട്ടെ..?

സന്ദർശകരിൽ നിന്നു
മുക്കുപണ്ടങ്ങളോ,
മിനുക്കുസാരികളോ,
ഒട്ടിപ്പുപൊട്ടുകളോ,
അവൾ വാങ്ങിയിരുന്നില്ല.

ലജ്ജയാണെന്നു നിങ്ങൾ കരുതും

മുടി വാരികെട്ടുമ്പോഴും,
പാവാട ചുറ്റുമ്പോഴും
കൂലിയുൾപ്പടെ
അവർ കൊടുക്കുന്നതൊക്കെ
തലയെടുപ്പോടെ തിരിച്ചു നല്കും.

തന്റേടമാണെന്നു നിങ്ങൾ കരുതും

വെയിലിൽ
ചല്ലി കൊത്തിയും
ടാർ തേയ്ച്ചും കിട്ടുന്ന
കറ പുരണ്ട നോട്ടുകൾ
അവരുടെ പോക്കറ്റിനുള്ളിലോ,
പേർയ്സിനുള്ളിലോ തിരുകി വയ്ക്കും.

ഒപ്പാരിയിടാനോ
ശണ്ഠയ്ക്കോ
അവളെ കിട്ടില്ല,

കൂലി അവളങ്ങോട്ടു നല്‍കും..

പതിവുവേശ്യകളുടെ രൂപകമല്ലവൾ.
വയറിൽ തീയാളിയപ്പോൾ
കാലുകൾ കവച്ചു കരയേണ്ടി വന്ന
പേരുകെട്ട ഒരു ഗോത്രത്തെ
സൂചിപ്പിക്കുന്നു.

അവര്‍ക്കെതിര്‍ദിശയിൽ നടക്കുന്നു.
നിശ്ശബ്ദത കൊണ്ട്
കടങ്ങൾ തീര്‍ക്കുന്നു
പലരുടെയും മുറിവിൽ
തണുപ്പൂതുന്നു.

ചിലരവളെ
തെറിവിളിച്ചാട്ടിപ്പായിക്കും,
തുണിപൊക്കിക്കാട്ടും,
തന്ത്രത്തിൽ സ്ഥലം കാലിയാക്കി
ഇനി വരില്ലന്നു പറഞ്ഞു
കാലിൽ വീണു കരയുന്നവരും,
തലയിൽ തലോടുന്നവരുമുണ്ട്..

ഒരു വേശ്യാന്വേഷകൻ
മരിച്ചു വീഴുന്നത്
എത്രയെത്ര ലളിതമാണ്.

കുന്നുമ്പുറങ്ങളിൽ
അവൾ അവര്‍ക്കായി കുരിശുകൾ നാട്ടും.

വേശ്യകളെ ഉറങ്ങാൻ വിടുന്ന
ഭൂമിയിലെ മനുഷ്യര്‍ .
ആ സ്വപ്നത്തിൽ
അവളുടെ ഹൃദയഞരമ്പ് വലിയും,
കണ്ണീരിന്റെ കോപ്പ
ഒഴിഞ്ഞിരിക്കുന്ന
നാടുകളിലേയ്ക്ക്
കുന്നിറങ്ങി വരും

സൽമ ഒരു വേശ്യയായിരുന്നു
എന്നാലോ
സല്‍മ ഒരു വേശ്യയായിരുന്നില്ല..


PS:- Kim Ki Duk's movie samaritan girl has influenced long time back,to an extent, but this came up when I heard another person's story ..!!

Monday, July 30, 2012

പ്രതീക്ഷ

ജീവിതത്തിനുള്ള
വെള്ളവുമേറ്റി പോവുന്ന പെണ്ണേ,
നിന്റെ ഇടുപ്പത്തിരിക്കുന്ന
തുളയുള്ള കുടത്തിൽ നിന്നു
ഞങ്ങൾ ഒലിച്ചു പോവുന്നതും,
നിന്റെ ഇടത് നെഞ്ചിനെ
ഈറനാക്കുന്നതും
നീ അറിയുന്നുണ്ടോ ?

നിന്റെ പേരെന്ത്?

ആഞ്ഞു മുക്കിയെടുക്കവെ
മരണം ജലവാതയുടെ കൈകളെ
താമരകളുടെ ഒരു വള്ളിയാൽ
ഞങ്ങളെ താഴോട്ട്‌ വലിക്കക്കും.
നീ ഞങ്ങൾക്ക് രക്ഷകനാവും..

പെണ്ണേ, നിന്റെ പേരെന്ത്?

ചെറിമരങ്ങളെ
മടുത്ത വസന്തം
വാശി പിടിച്ച്
നിന്നിൽ വന്നിരിക്കുന്നു..
നീയിപ്പോപ്പോഴും ഞങ്ങക്ക് താമരക്കുടം.

വസന്തത്തെ കട്ടവളെന്നന്ന പേരിൽ
ചാവിൽ കുളിക്കുന്നവര്‍
നിന്നെ കാട്ടിക്കൊടുക്കാതിരിക്കില്ല.
കാരണം,
അവര്‍ ഉള്ളം കുളിപ്പിക്കുന്നില്ലല്ലോ.

നീ നടന്നു പോകും
ഇടവഴികളിലൊക്കെ
ഞങ്ങളുടെ വെള്ളവും, വിത്തും
പൂക്കൾ പൊടിപ്പിക്കും.
ഈ പൂവുകളൊക്കെ
ചതുപ്പുകളിൽ മുങ്ങിമരിച്ച
തെങ്കാശിപെണ്ണുങ്ങളാണ് ..
അവരുടെ കണ്ണുകളിൽ
ജീവിതത്തിന്‍റെ നിലാവ്
തിളച്ചു തൂവുന്നത് കാണും..

അങ്ങനെ നിലാവും കണ്ടിരിക്കെ
വിളിച്ചാൽ നില്‍ക്കാതെ
എതിർദിശയിലേയ്ക്ക്
നീ ഓടിപോവും.

അത് നിന്റെ ചാവെന്നു
തിരിച്ചറിയും വരെ
ഞാൻ കരയില്ല.

പെണ്ണേ,
നിന്റെ പേരെന്തന്ന്‍ ചോദിച്ചു
നിന്റെ ചിതയെ ചുറ്റി
സ്വയം പൊട്ടി വീഴും..

എന്നെ അപരിചിത എന്നു വിളിക്കരുത്‌..

കുന്നിനു മേലെ പറപ്പിക്കും
എന്റെ ഹെലികോപ്റെര്‍ ഹൃദയം
ഒരറബികിളവനിൽ
ഞാൻ കണ്ടെടുക്കുന്നു
നിങ്ങളതിനെ
ഒരീന്തപ്പനക്കായ പോലെ
വിഴുങ്ങി സഞ്ചാരങ്ങളിൽ തുള്ളിപ്പായൂ,

അപ്പൊഴും എന്നെ അപരിചിത എന്നു വിളിക്കരുത്‌..

എന്റെയതേ പോള കണ്ണുകൾ
കുരുടന്റെ തലക്കരികിൽ കണ്ടുവെന്ന്
ഡ്രൈവ് ചെയ്തു വന്ന ഭർത്താവ്‌
എന്റെ കാഴ്ചയുടെ ഹോണുകൾ
അവന്റെ കണ്ണിൽ ഞാൻ ചറപറാന്നടിക്കും,

അപ്പൊഴും എന്നെ അപരിചിത എന്നു വിളിക്കരുത്‌..

അമ്മ ചത്ത കൊച്ചിന് പാലില്ല
പാൽ തിങ്ങും മുലകളുമായി
ഞാനിരിക്കുന്നു.
ഏന്തിവലിഞ്ഞ് നിന്ന്
ചാടിക്കുടിക്കൂ കുഞ്ഞേ,

അപ്പൊഴും എന്നെ അപരിചിത എന്നു വിളിക്കരുത്‌..

സ്ട്രീറ്റ് നിയോണിൽ
അമ്മായിയുടെ അപ്പപ്പാട്ടിനുസരിച്ചു
പാവാട കറക്കുന്ന പെൺകുട്ടി,
എന്റെ അരക്കെട്ടാണ്‌
വട്ടത്തിലീ ഇളകുന്നത്‌...
തുടകളും, തുട്ടുകളും
കുന്നോളമുയരുമ്പോൾ
നിന്നിൽ നിന്ന്‍
ഒളിവേഷത്തിൽ
ഞാനിറങ്ങി പോവും,

അപ്പൊഴും എന്നെ അപരിചിത എന്നു വിളിക്കരുത്‌..

അരക്കാലൻ ബാലന്റെ
സിക്സറാകാശങ്ങൾ
നിന്റെ പേരൊട്ട് എനിക്കുമറിയില്ലല്ലോ..
നിന്റെ പന്തുസ്വപ്നങ്ങളിൽ
എന്റെ കാലുകളെ തുന്നിപിടിപ്പിയ്ക്കട്ടെ,

അപ്പൊഴും എന്നെ അപരിചിത എന്നു വിളിക്കരുത്‌..

മുറികൾ മാറിമാറി കയറി
പിഞ്ഞിയ പട്ടുസാരിയഴിക്കും ഒരുത്തി
നിന്റെ ദേഹവും പിഞ്ഞി തുടങ്ങിയല്ലോ
നിന്റെ കലത്തിന്റെ അടിവയറ്റിൽ ചാക്കരി വേവാൻ
എന്റെ പൂർണ്ണനഗ്നത വലിച്ചൂരിത്തരുന്നു,

അപ്പൊഴും എന്നെ അപരിചിത എന്നു വിളിക്കരുത്‌..





Tuesday, June 26, 2012

അലമാരകള്‍ ഇനിയും തുറക്കപ്പെടും..!!


വല്ലപ്പോഴും തുറക്കുന്ന
“പൂര്‍വ്വകാലം” എന്ന് പേരുള്ള
പഴക്കം ചെന്ന അലമാരയാണത്.

അറ്റത്തൊരു വെള്ളപൊട്ടിന്റെ
ഉഴറ്റുന്നൊരു പൊള്ളലിൽ
പഴയ ചുംബനങ്ങൾ
ഇവിടെ തന്നെ ഉണ്ടെന്നറിയിക്കാൻ
പല്ലിക്കാട്ടങ്ങളായി
അവിടവിടെ കിടപ്പുണ്ട്

ദീര്‍ഘകാലത്തെന്നോ
അലയാൻ വിട്ട
പല പല ഓര്‍മ്മകൾ
പല പല വാസനകളിലുണ്ട്.

വിലപിടിച്ചവയെന്തെങ്കിലും
കിട്ടുമെന്നാശിച്ച്
മരയഴിയിൽ
പരപരാന്നു പരതവേ
കൈതട്ടിയൊരു സുഗന്ധക്കുപ്പി
വാസനിക്കുന്നത് പോലെ,
തലയണയ്ക്കുള്ളിൽ മുഖം പൂഴ്ത്തുമ്പോൾ
കിട്ടുന്നതെന്തോ,
മഴ വീണ ചുടുക്കട്ടയിൽ
നിന്ന് കിട്ടുന്നതെന്തോ,
കര്‍പ്പൂരയിലയിട്ട തുണിപ്പെട്ടിയിൽ
നിന്ന് കിട്ടുന്നതെന്തോ,

ഒരടക്കിപ്പിടിശ്വാസത്തിൽ
നമുക്ക് തിരിച്ചുകിട്ടുന്നത്,
നമ്മെ തൂവിത്തുലയ്ക്കുന്നത്,
നിന്നെ തന്നെ
ഇനിയും വേണം
എന്ന മണം..

അലമാര നീലക്കടലാവുന്നു.
അത് ചാടിക്കൊത്താൻ വരും മത്സ്യം
നമ്മുടെ സ്നേഹം..
കുമിളകളുടെ വെള്ളിവല
ചന്നം പിന്നമാക്കി
അനേകമായിരമായി
മല്‍സ്യങ്ങളുടെ സഞ്ചാരനിര.

മുട്ടിപ്പോയ നമ്മുടെ മിണ്ടാട്ടത്തിനു
ചെകിളച്ചെമ്പരത്തിയിൽ
ശ്വാസം പിടിച്ചിരിക്കുന്ന പോലെ
തുറന്നുപറയലുകൾ
ആശ്വാസമാകുന്നു..

പിളർത്തിയെടുക്കുമ്പോഴുള്ള
ഗന്ധമൃഗത്തിന്റെ
തൊണ്ടയിലെ നോവല്ല എനിക്ക്,
ആ വിധവുമല്ല
നീ ഗന്ധമാവുന്നത്.

നിനക്ക് പൂക്കളുടെ ഗന്ധം
നിന്നെത്തേടി പൂമ്പാറ്റകൾ എത്തി..
ഞാൻ പൂമ്പാറ്റകളുടെ പ്രധാനിയായി

നിനക്ക് പഴങ്ങളുടെ ഗന്ധം
നിന്നെത്തേടി പറവകൾ എത്തി
ഞാൻ പറവകളുടെ പ്രമാണിയായി..

നിനക്ക് മരുന്നുചെടികളുടെ ഗന്ധം,
നിന്നെത്തേടി  രോഗികളെത്തി
ഞാൻ രോഗികളുടെ രക്ഷകനായി.

നിന്നെയും ഗന്ധങ്ങളെയും
ശൂന്യതയിൽ ഒളിപ്പിച്ച് വച്ച്
ഇനി തുറക്കില്ലെന്ന്  ഉറപ്പാക്കി
ഈ അലമാര ഞാൻ പൂട്ടിട്ട് വയ്ക്കുന്നു.







Saturday, June 23, 2012

മുഖം തേടുന്നവൾ

ചീറിവരുന്ന സൈറന്റെ
അരോചകമായ ഒച്ച
നിങ്ങളുടെ ചെവിയടപ്പിക്കാറുണ്ടോ?

ആരോ മരിച്ചിരിക്കുമെന്നും
അവന്റെ വിളറിയ മുഖത്ത്‌
വെളുത്ത തുണി
അകന്നിരിക്കുമെന്നും
അതിൽ ഒരീച്ച
പറന്നിരിക്കുമെന്നും
വിഭാവനം ചെയ്യവേ
എനിക്കോർമ്മ വീഴും
ആ ഈച്ച ഞാനല്ലേയെന്ന്‍.

മരിച്ചവന്റെ ശ്രേഷ്ഠതയെണ്ണി
അവനെ രാജാവിനെ പോലെ
വാഴ്ത്തുന്ന ദിവസമാണത്

പ്രകടനപരതയിൽ
അയാൾ ഭ്രമിക്കുന്നില്ല..
പുത്തൻക്കുഴിയെടുക്കുമ്പോൾ
മരിച്ചവനും ഒരു കൈത്തൂമ്പ
പിടിച്ചാഞ്ഞു വെട്ടുന്നു.

//സ്വന്തം കുഴി അവനവന്‍ തോണ്ടില്ലെന്ന്  ആരറിയുന്നു..//

കുഴിയിൽ
ഇടക്കിടയ്ക്കു
കിടന്നു നോക്കുന്നു
പാകമാകുമ്പോൾ
അതിനു ചുറ്റും
ആത്മനൃത്തം ചവിട്ടുന്നു.

മണ്ണിൽ നിന്ന്
വെണ്മയുടെ
അയാൾ പുതുവേരുകളിൽ
മുളയ്ക്കാൻ തുടങ്ങവേ
മുരണ്ടു മുരണ്ട്
എവിടെ അടുത്ത മുഖമെന്നു തിരഞ്ഞ്
ഞാൻ പറക്കാൻ തുടങ്ങുന്നു.



മഹേന്ദ്രജാലന്‍


മാതൃത്വം - അതൊരു പിടച്ചിലല്ലേ..?
ഒന്നിനെയുള്ളിൽ പോറ്റിവളർത്തുന്നത്‌
സ്വയം പോഷിപ്പിക്കുന്നത്‌
ഒരു ജീവന്റെ പകുതിയും,
മറ്റൊന്നിന്റെ പകുതിയും ചേർന്ന്
ഒരു പുള്ളിയോളം ഭ്രൂണം
നമുക്ക്‌ പ്രിയപ്പെട്ട ഉണ്ണിയാവുന്നു 

നീ ഇളംകുഞ്ഞുസൂര്യനായി
ഉദരാകാശത്തിലിരുന്നെന്നെ
ചുട്ടുപ്പൊള്ളിച്ചു..
എനിക്ക്‌ വിമ്മിട്ടമായി..
ഉപ്പുനെല്ലിക്കകൾക്കായി
ഞാൻ അടുക്കളക്കുപ്പികൾ പരതി.

പിറക്കും മുൻപേ,
ഇല-പൂക്കള്‍ കാട്ടിയുള്ള
ശകുന്തപക്ഷികളുടെ ലാളനകള്‍
ഞാന്‍ ക്യാൻവാസിൽ തേച്ചു പിടിപ്പിച്ചു.

നാഭീനാളത്തിലൂടെ
ആദ്യസ്‌പർശമറിഞ്ഞതും
ഉയരും വയറുഴിഞ്ഞ്‌,
നിനക്കു
മുടി വന്നോ
മുഖം വന്നോ
നഖം വന്നോ
എന്നോര്‍ത്ത്,
അമ്മയാവാൻ വെപ്രാളപ്പെട്ടു,
ഇടനേരത്തു മൗനമായിരുന്നു 
നടുക്കിനോവിച്ചിട്ടു,
ഒരുവേളക്കൊടുവില്‍
മറുപടിയെന്നോണം അടിവയറ്റിൽ
നീ ഓടിനടക്കും
അർദ്‌ധമയക്കത്തിലും,
നീ വെളിച്ചത്തിലേക്ക്‌ വരുന്നതോർത്ത്‌
ഞാൻ ആനന്ദിക്കും..

നന്മയിലേക്കുണരാനുള്ള
മുന്നീർക്കുടത്തിലെ സുഖനിദ്ര..
ഉണ്ണിക്കാലുകൾ വളച്ചു 
ഉണ്ണിവിരലുകളുണ്ണുന്ന
പീലിയില്ലാത്ത ഉണ്ണിക്കണ്ണൻ..
ഏതൊരമ്മയും ആദ്യമായി ദേഷ്യമില്ലാത്തവളാകും.. 

ഞങ്ങളുടെ സ്വകീയ വർത്തമാനം..
“ഇത്‌ അമ്മയാണുണ്ണീ..
നിനക്കു ചൂട്‌ തട്ടാതിരിക്കാൻ,
പൊള്ളുന്ന വെയിൽ കൊണ്ടവൾ,
നീ നനയാതിരിക്കാൻ,
നിനക്ക്‌ കുടപിടിച്ചവൾ..” 

നിന്റെ പിറവി
പത്തുമാസക്കാത്തിരിപ്പിന്റെ അവസാനം..
ഒന്നു രണ്ടായെന്ന ആശ്വസത്തിലും
നെഞ്ചു കീറുന്നൊരു ഒരു നോവ്‌,
“ഉണ്ണീ, നമ്മൾ രണ്ടാവേണ്ടിയിരുന്നില്ല.” 

അമ്മ കാണുന്നു,
ലോകം കണ്ടു പകച്ചു
എന്റെ മാറിലേയ്ക്കോടി വരുന്നത്‌....
എന്റെ മടിയിലിരുന്ന്‌ 
നീ ഉണ്മയുടെ ഉണ്ണിയാവുന്നത്‌,
നേരിന്റെ സമവാക്യമറിയുന്നത്‌,
അറിവിന്റെ മുൾമുടികയറുന്നത്‌..
ലോകത്തിന്റെ പൊരുളറിഞ്ഞ്‌,
ജിതേന്ദ്രനാവുന്നത്‌...
സ്നേഹത്തെ ആയുധമാക്കി,
കാലത്തെ ജയിക്കുന്നത്‌...

നിന്നെയൂട്ടുമ്പോൾ,
അമ്മയ്ക്കുള്ളിൽ നിറവാണ്‌..
“ഉണ്ണീ, നീയൊരു ഇന്ദ്രജാലക്കാരനാണ്‌,
എന്റെ ഇരവുകളെ വെളിച്ചമാക്കിയ മഹേന്ദ്രജാലൻ..”

Tuesday, June 12, 2012

അഞ്ചു പെണ്ണുങ്ങള്‍



സീത

തീക്കനല്‍ക്കുന്ന്‍
പിളര്‍ന്നു വരണം
മണ്ണിനുള്ളിലെ
ദേവതാജീവിതം
പുറത്തെടുക്കണം
വിരഹവിഷാദം
നിരന്തരം
നിന്നെ
അമ്പെയ്യുമ്പോൾ
ഞാൻ എല്ലാം
അതിജീവിച്ചിരിക്കുന്നു.

അഹല്യ

ശിലാമൗനത്തിൽ
ഒതുക്കിനിർത്തിയ
എന്റെ ഗതി
പാറക്കറുപ്പിൽ
ഇരുളടഞ്ഞുപോയ
എന്റെ ഹരം
നിന്റെ പാത്രത്തിലെ
പരുക്കൻ രോഷജലം
ഞാനിതാ വീട്ടി വറ്റിച്ചിരിക്കുന്നു.

പാഞ്ചാലി

കാവലാളും ഒറ്റുകാരുമായ
അഞ്ച്-അമ്പട-വീര-ഭീരുക്കളെ
നിങ്ങളെ ഞാൻ മുറുക്കി തുപ്പുന്നു,
കുലുക്കിച്ചുമന്നതും/ കുലുക്കിക്കളഞ്ഞതും നിര്‍ത്താമോ?
അഞ്ചുതുടകളിൽ മാറിമാറിയിരുന്നുള്ള
ആനന്ദബലികൊടുക്കലിൽ
എന്റെ കൂട്ട് ഞാൻ തന്നെ മുറിച്ചിരിക്കുന്നു.

ഗാന്ധാരി

കറുത്തതുണി വലിച്ചെറിയുന്നു,
കാണാതെയനങ്ങാതെ
തുല്യരായിരുന്നില്ലേ..
ലോക പുതുമകൾ
കാല പെരുമകൾ
കാഴ്ച തുറന്നു
കാണട്ടെയിനി.

കുന്തി

കൗതുകത്തിനു വിളിച്ചു.
പെട്ടിയിലൊഴുക്കി
ഭയം കളഞ്ഞു.
പരിഭ്രമ-ഭ്രമങ്ങളാൽ
എന്നെ നിയന്ത്രിക്കുന്ന
ഏതു സൂര്യതമ്പ്രാനു നേരെയും
ജനലടയ്ക്കും ഞാൻ.