Saturday, April 19, 2014

ഹാ..!!

വെന്തതിൽ ഒരു പാതി
ഞാൻ തന്നെയെടുത്തോളാം,
ചുടുകട്ടകളിൽ മുങ്ങി നിവരുന്ന
നനവൊത്തയീ പിത്തത്തെ
കിരുകിരാന്ന്‌ കടിച്ചെടുത്ത്
എത്തിനോക്കിയെത്തിനോക്കി
മൺചുവ പ്പൊക്കെയില്ലെന്നുറപ്പാക്കി
ഉടുപ്പിനാൽ പല്ലെല്ലാം തേയ്ച്ചു മായ്ച്ച്
മരത്തിന്റെ പിന്നിൽ നിന്ന്‌ പമ്പ കടക്കുന്ന
ഒരു പാളി കൊതിച്ചിവെയിലിൽ നിന്നവളിറങ്ങിപ്പോവുന്നു.

തലയിണകളിൽ കർപ്പൂരം നിറയ്ച്ച്
തലപൂഴ്ത്തി അല്പ്പാല്പ്പമത് കടിച്ചു തിന്നുതിന്ന്
കട്ടിലിന്റെ മൂലയ്ക്കിരിക്കുന്ന രാത്രിക്കുള്ളിൽ
അവൾ കുമ്പിട്ടിരിക്കുന്നു,

മഴനാമത്തിൽ
മുറ്റമത്രയും ഊറ്റിയെടുക്കുന്ന
ഞരമ്പുരോഗിയായ
ഭൂമിയിലവളുണ്ടെന്നു കാട്ടികൊടുക്കാൻ
ജനലുകൾ ഒരപിരിചിതനു തുറന്നുവയ്ക്കുന്നു

പമ്പുകളിൽ
തല പുറത്തിടാമെന്നും
പെട്രോളൊഴിക്കുന്ന ചെറുക്കന്റെ വിരലുകൾ
അവളുടെ മൂക്കിനോട് സംസാരിക്കുന്ന
മണനേരങ്ങൾ
അവളെ അവിടെയിറക്കി വച്ചിട്ട് പോവുന്നു,

ടർപ്പറ്റൈനടിച്ച ചുമരുകളെ
കാമുകന്റെ കക്ഷത്തിലേയ്ക്കെന്ന പോലെ
അവൾ വായ തുറന്നിരുന്നു,

എന്റെ ചുടുകട്ടേ,
എന്റെ കർപ്പൂരമേ,
എന്റെ പെട്രികോറിയൻ* മഴേ,
എന്റെ പെട്രോളെ,
എന്റെ ടർപ്പറ്റൈനേ,
എന്റെ ജീവിതമേ,
നിന്നെ മണത്തിണക്കാൻ
ഒരു പിനോച്ചിയൻ മൂക്ക് പോലെ
അവള്‍ പുറത്തേയ്ക്ക് വളരുന്നു..

*
പെട്രികോറിയൻ = Petrichor, the scent of the dry earth after the first rain.






No comments:

Post a Comment