Thursday, October 11, 2018

ജീരകമുട്ടായികൾ പോലെ
കുഞ്ഞി കുഞ്ഞി
കൊച്ചുങ്ങൾ.
പീലിയെ പോലെ
ദേവൂനെ പോലെ
മായമ്മേ പോലെ
അച്ചൂനെ പോലെ
മുറി നിറയെ,
ജീരകകുട്ടികൾ.

അവർക്ക് ചുവന്ന നീല
പല നിറത്തിൽ
മിനുക്ക്‌ ഫ്രോക്കുകൾ
മെനഞ്ഞെടുക്കയാണ്
മന്ത്രവാദിനിയമ്മ.

ആ വീട്ടിൽ അവർക്കുറക്കമില്ല.

ഇടക്കിടക്ക് കട്ടന്‍ക്കാപ്പി കുടിക്കും..
മിച്ചിറിൽ മുക്കി ജിലേബീം തിന്നും.

ജീരകമുട്ടായികള്‍
മ്മാ വിളിച്ച് ഉരുണ്ടുരുണ്ട്‌ വരും.

വികൃതി കൂടുതലാവുംമ്പോ
മന്ത്രവാദിനിയമ്മക്ക് ദേഷ്യം വരും.

ശൂ ശൂ ന്ന്‍ ദോശ പരത്തണ
ശൂലത്തിൽ കുത്തി
ഗ്ലും ഗ്ലും ന്ന്‍
അകത്താക്കും..

കുഞ്ഞുങ്ങളിപ്പോ വയറിലാണേ.

ജീരകമുട്ടായികൾ നിറച്ചൊരു
ഗ്ലാസ്സ് കുപ്പി പോലെ
രാത്രികളിറങ്ങി നടക്കും.

അവരെ പിന്നേം പിന്നേം പെറ്റ് കൂട്ടും.

രാത്രികളിലുറങ്ങാതെ
അവര്‍ക്കായി
മിനുക്ക് ഫ്രോക്കുകള്‍ മെനയും.

No comments:

Post a Comment