Friday, November 30, 2018

ഒരിക്കലൊരു
മഹിഷാസുരനെ
കണ്ടുമുട്ടി.

ലോകനീലാംബരം
കണ്ട് മതി മറന്ന ലോല
പോം പോം
പോലിരിക്കുന്ന
നെഞ്ചിലേക്ക്
അസ്ത്രങ്ങൾ
തുരുതുരാ തറക്കാനാരംഭിച്ചു.

തീതുപ്പുമസ്ത്രം
ഇടിയൊച്ചയസ്ത്രം
മിന്നലസ്ത്രം
ഗരുഡൻകൊത്തലസ്ത്രം
സർപ്പമസ്ത്രം

അങ്ങനെ നൂറുനൂറാസ്ത്രങ്ങൾ
അവർക്കിടയിൽ,
ഇവിടുന്ന് പോം
അവിടുന്ന് വരും.

കൂട്ടിമുട്ടി ശൂയെന്നായി പോം.

ഈ അസ്ത്ര വിവരണം
പ്രേമത്തിന്റെ മഴ പെയ്യിക്കൽ
സൂചിപ്പിക്കാനും ഉപയോഗിക്കാം.

ഈ വല്ലപ്പോൾമഴയിൽ
നെഞ്ച് വിരിച്ച് കൊടുത്തത് ഞാൻ.

കുതിർന്നും പോയതും ഞാൻ.

ഉപേക്ഷിക്കപ്പെട്ട കാമുകിയോ, അതും ഞാൻ.

നിർത്ത് നിർത്ത് മഹിഷാ..

എന്റെയുള്ളിലെ 
ശബ്ദമഹാമേഘത്തെ
പെയ്തൊഴിക്കാൻ
തക്ക പ്രേമത്തിൻറെ
ഒരു കോപ്പും
നിങ്ങളുടെ കൈയ്യിലില്ല.

ക്രൂരമായ പ്രേമത്തിന്റെ
അഹംഭാവം നിറ കൊണ്ട
ഞാൻ വെല്ലു വിളിക്കുന്നു.

ഇനി നിങ്ങളുടെ
ഒരു അസ്ത്രവുമെന്നിലൂടെ
കടന്നുപോവില്ല.

മഹിഷാസുരമർദ്ദിനി
കടുത്ത ദേഷ്യത്തിലും
വ്യഥയിലുമാണ്.

ദേഷ്യം കൊണ്ട്
നഖം കടിച്ചു തുപ്പുന്നുണ്ട്.

പാത്രങ്ങൾ കഴുകി
ഉച്ചത്തിൽ വെക്കുന്നുണ്ട്.

ഇടയ്ക്കിടയ്ക്ക് വാട്സ്ആപ്പ് നോക്കുന്നുണ്ട്. (പ്രത്യേകിച്ച് അവന്റെ)

ശൂലത്താൽ മോനുള്ള മുട്ട പൊരിക്കുന്നുമുണ്ട്,

പുറം ചൊറിയുന്നുമുണ്ട്.

Thursday, October 11, 2018

ജീരകമുട്ടായികൾ പോലെ
കുഞ്ഞി കുഞ്ഞി
കൊച്ചുങ്ങൾ.
പീലിയെ പോലെ
ദേവൂനെ പോലെ
മായമ്മേ പോലെ
അച്ചൂനെ പോലെ
മുറി നിറയെ,
ജീരകകുട്ടികൾ.

അവർക്ക് ചുവന്ന നീല
പല നിറത്തിൽ
മിനുക്ക്‌ ഫ്രോക്കുകൾ
മെനഞ്ഞെടുക്കയാണ്
മന്ത്രവാദിനിയമ്മ.

ആ വീട്ടിൽ അവർക്കുറക്കമില്ല.

ഇടക്കിടക്ക് കട്ടന്‍ക്കാപ്പി കുടിക്കും..
മിച്ചിറിൽ മുക്കി ജിലേബീം തിന്നും.

ജീരകമുട്ടായികള്‍
മ്മാ വിളിച്ച് ഉരുണ്ടുരുണ്ട്‌ വരും.

വികൃതി കൂടുതലാവുംമ്പോ
മന്ത്രവാദിനിയമ്മക്ക് ദേഷ്യം വരും.

ശൂ ശൂ ന്ന്‍ ദോശ പരത്തണ
ശൂലത്തിൽ കുത്തി
ഗ്ലും ഗ്ലും ന്ന്‍
അകത്താക്കും..

കുഞ്ഞുങ്ങളിപ്പോ വയറിലാണേ.

ജീരകമുട്ടായികൾ നിറച്ചൊരു
ഗ്ലാസ്സ് കുപ്പി പോലെ
രാത്രികളിറങ്ങി നടക്കും.

അവരെ പിന്നേം പിന്നേം പെറ്റ് കൂട്ടും.

രാത്രികളിലുറങ്ങാതെ
അവര്‍ക്കായി
മിനുക്ക് ഫ്രോക്കുകള്‍ മെനയും.
കുസൃതി പിടിച്ച
ഒരു വാൽ മുളയ്ക്കുന്നു.

എന്റെ
ശിഖരമോഹങ്ങളെ

നിങ്ങളൊരു നാളും
താങ്ങി പിടിക്കില്ല, തുമറിയാം.

ഞാൻ
വീണിടം
തീവ്രമൊരു
കുളമുണ്ടാവട്ടെ, യതിൽ,

ഗ്ലൂമി താമരകൾ.

വേണ്ട ഗ്ലൂമിയാവണ്ട. ജ്വലിക്കാം.

കൊടും
തീ നിറഞ്ഞ
കത്തുന്ന താമരകൾ

നീറ്റലിന്റെ പള്ളത്തികൾ.

തണുപ്പിനറ്റത്തിരുന്ന്
പ്രേമം കൈമാറാനൊന്നും.
വന്നേക്കല്ലേ.

നിങ്ങളെ ഗ്ലും ന്നെന്റെ തീ വിഴുങ്ങും.

മീൻ വെട്ടുന്ന
വെളളത്തിൽ വരച്ച്
കുളമാക്കിയ
ചിത്രത്തെ
ബേസിനിലേക്ക്
ചരിച്ചൊഴിച്ചു.

Saturday, September 22, 2018

നിങ്ങൾക്കെന്നെ
വേണ്ടാത്ത
നിമിഷങ്ങളുടെ
പാട്ടുകൾ
എനിക്കും വേണ്ട.

എനിക്കമ്പും
അസ്ത്രങ്ങളുമുണ്ട്.

ഈർക്കിലിൽ
കുത്തിയൊക്കെയും
തുരു തുരാ
മാനത്തേക്കയക്കും.

മഴവിൽ പോൽ
വളഞ്ഞു
ഞാൻ
വിറ കൊണ്ട്
വീഴും
കിടക്ക മേൽ,
ഒരു കിളിക്കുഞ്ഞിൻ
കൂടു പോൽ.

കിളി മുട്ടകൾക്കൊപ്പം
ചൂട് പറ്റി കിടക്കും

അതിൻ
നെഞ്ചിൻ
കുടുക്കഴിച്ചതിൽ
സ്നേഹം നിറയ്ക്കും.

കിളികൾ പഠിക്കട്ടെ.

ഈരേഴു
പതിന്നാലു
ലോകങ്ങളുമൊഴിച്ചവിടെ,

നമ്മളൊന്നിച്ചുള്ള രാജ്യം
വരേണമേയെന്ന് കാണും
മുട്ടകൾക്കുളളിലെ
കിളിക്കണ്ണിൽ,

കൃത്യം

നീയയച്ചയാ
ഇർക്കിലിൻ തുമ്പ്
തറച്ചു പോയല്ലോയവിടെ തന്നെ,

പാട്ടിന്റെ രാജാവേ.

റാണിക്കെന്നും
കിളിയുടെ
ഹൃദയമാണ്,

സ്നേഹത്തെ കുറിച്ച്
പാടുമ്പോ
അവൾ
കുരുടിയുമാണ്.
ഓലമടലുകളിൽ
പൊടി പറത്തി വന്ന
എന്റെ വണ്ടി
എന്നെ കൊണ്ടു പോയ
ദൂരങ്ങൾ,
ഞാനന്ന് കണ്ട രാജ്യങ്ങൾ.

അവിടെ തന്നെ,
അവിടെ തന്നെയാണ്
ഞാൻ നിൽക്കുന്നത്.

ഒരിട മുന്നോട്ടുമില്ല,
ഒരിട പിന്നോട്ടുമില്ല.

വരമ്പത്തിരിക്കുന്ന
സായന്തനങ്ങളെയോർത്ത്
ഞാനുറങ്ങുന്ന
ബാൽക്കണിയിലേക്ക്
കുളത്തിൽ നിന്നൊരു പൊന്മ
ആയിരം വട്ടം
വെള്ളം കുടഞ്ഞ് പറക്കുന്ന
ഈറൻ സന്ദേശം
കൊണ്ടുവരുന്നു.

ഞാനിപ്പഴും,

അവിടെ തന്നെ

ഒരിട മുന്നോട്ടുമില്ല,
ഒരിട പിന്നോട്ടുമില്ല.
കാട്ടിലിരുട്ടിൽ
ആരുമാരും
കണ്ടെടുക്കാത്തൊരു
പൊട്ടിയ കിണറിൻ നെഞ്ചകം പോലെ,

ചന്ദ്രതാരാദികളെയതിൽ
കാത്ത് കിടക്കുന്നതിൻ
ആധിപൂണ്ട കണ്ണുകൾ.

ആ വിധത്തിൽ
ആഴത്തിലാഴത്തിലതിൽ
താണു താണേ
പോകുന്നു
ശോകമണിയും
എന്റെ നീലാംബരം.
മുറിക്കൾക്ക്
പലതുമാവാം.

പാതിരാത്രിയിൽ
നനച്ചുകുളിക്കാൻ പോയ
പുഴയയാവാം.

പുഴയിലാണ്ട കാലം പോലെ
അവളാ നേരം
സ്വയമഴിയും.

തിരിനാളങ്ങൾ
ആലിലകളിൽ
കേറിയിരുന്നൊഴുകിയ
പാടുകൾ,
അവളിൽ.

കുളിക്കുമ്പോൾ
കുളിമുറി
മന്ത്രങ്ങൾ കേൾക്കുന്ന
പറ കൊട്ടാൻ
തുളുമ്പി നിൽക്കുമമ്പലം,

അവൾ കുളിക്കുമ്പോൾ മാത്രം.

അവൾ ഈറനിറ്റുന്ന
കൽവിളക്ക്.