Sunday, July 17, 2011

മീനുകൾ


ചീറി വന്ന വലയ്ക്ക് മുന്നിൽ നിന്നോടി
വഴി മറന്നൊടുവിൽ
വിഭ്രാന്തിയാൽ
കടലിൽ അപ്രത്യക്ഷമാവുന്നത്...

വട്ടച്ചട്ടിയിൽ
ശ്വാസമറ്റ്
കണ്ണുകളുരുട്ടിത്തള്ളി
പൂച്ചനോട്ടങ്ങളെ ഭയക്കുന്നത്..
മുളകെരിവിൽ,
എണ്ണ നക്കി കുടിച്ചു
ഒരല്പ്പം അലങ്കാരത്തോടെ
ഇഷ്ടവിഭവമായി മാറുന്നത്...

കടലിനെ വേർപ്പെട്ട്‌,
സ്വർണ്ണച്ചിറകുകൾ വീശിപ്പറത്തി
കണ്ണാടി ചതുരത്തിൽ
നീന്തിയൊടുങ്ങുന്നത്..

ജലത്തിലും
ചുണ്ടിനുമിടയ്‌ക്കുള്ള
ദൂരത്തിലെവിടെയോ വെച്ച്
വാൽ നിവർത്തി
സ്വർഗ്ഗത്തേക്ക് കൈകൂപ്പുന്നത്...



Saturday, July 16, 2011

ഉയർത്തെഴുന്നേല്പ്പ്..



ഇന്ന്‌...
പ്രവാചകന്റെ മറുപിറവി...
ഒരു പ്രണയത്തിന്റേതും.....

അവളുടെ ഹൃദയത്തിൽ നിന്ന്
ജീവന്റെ തിരുമുറിവുകളുമായി
അവൻ നിശ്ശബ്ദമായ് പറന്നു,
പ്രാണന്റെ ഒരു കുരുവിയെന്നോണം...

ജീവനെ അപ്പവും,
ചോരയെ വീഞ്ഞുമാക്കി മാറ്റി
അവൻ പാപിയായി...
നീണ്ട പ്രളയത്തിൽ
അവൻ കുടയില്ലാത്തവനായി..

മൂന്നാം നാൾ,
തിരികെ പറന്ന

കുരുവിയുടെ ചുണ്ടിൽ,
ഒലീവിന്റെ മൂന്ന് പൂക്കൾ,
സ്നേഹത്തിന്റെ വെള്ളപൂക്കൾ...