Friday, January 2, 2015

5‘ 0“


ക്ലാസിലപ്പോഴും
മുൻ ബെഞ്ചിന്റെ
നിരീക്ഷികാവസ്ഥയിലായിരുന്നിരിപ്പിൽ,

അസംബ്ലികളിൽ ഏറ്റം മുന്നിലെ
നോട്ടപുള്ളികളിലൊന്നായായിരുന്നു നില്പ്പിൽ,

ആന്തംസോങ്ങിന്റെ
ശ്വാസമടക്ക് അടക്കനാവതെ
കാക്കയെ പോലെയെന്റെ
തല തിരിപ്പുകളിൽ,

സ്കൂളിന്റെ എല്ലാ കണ്ണുകളും
എന്നെ മാത്രമെന്ന പൊക്കലിൽ,

ഉച്ചയൂണ്‌ വെട്ടിക്കുറച്ച്‌
പ്രിൻസിപ്പൾ നിർത്തിച്ച
വളവില്ലാത്ത
20
മിനിട്ട് നിൽപ്പിൽ

ലക്ഷ്മീ നിന്റെ അനിയത്തിയല്ലേയിതെന്ന
ചൂണ്ടുവാക്കിൽ നാണംകെട്ട് കൂമ്പിപ്പോയ
ചേച്ചിയുടെ പിണക്കത്തിന്റെ
പുറകെ നടക്കലിൽ,

ടാൾ, ഡാർക്ക്, ഹാന്റ്സം ഗയ്സിന്റെ
തിരസ്ക്കാരങ്ങളിൽ,

റബ്ബറിന്റെ ഉള്ളല്ലേ
വലിച്ചാൽ നീണ്ടേക്കാമെന്നും
തൂങ്ങിയാൽ ചിലപ്പോൾ നടന്നേക്കുമെന്ന
ഇല്ലാപൊക്കങ്ങളുടെ
ഹീൽസിട്ട് നടത്തങ്ങളിൽ,

എത്താതെ പോകുന്ന
കഥക്കിന്റെ നീട്ടിവയ്ക്കലുകളിൽ,

കാൽ സാരിയോളം
ഉള്ളിലേയ്ക്ക് ഇനിയുമോയെന്ന
മടക്കിക്കുത്തലിൽ

ഒരിത്തിരികൂടി തരാത്തതെന്താടോ
സൗന്ദര്യബോധമില്ലാത്ത ദൈവമേ
പൊക്കമേ പൊക്കമേ
എനിക്കിഷ്ടമല്ല 
നിന്നെയെന്ന്‌
പ്രാക്കോട് പ്രാക്കായിരുന്നു.
പ്പോൾപ്പോൾ മാത്രം,
കൃത്യമായി 
അവന്റെ നെഞ്ചിൽ 
അമർത്താനാവുന്ന ചെവിഘടനയിൽ
എനിക്ക് കേൾക്കാം
എനിക്ക് കേൾക്കാം എന്ന കാതലിൽ,

കാലമെന്നെയിങ്ങനെ
ചുരുട്ടി കുറുക്കിയാതാണെന്ന
കവിതയെ വലിച്ച് നീട്ടി പുറത്തിട്ടതിന്‌
എന്റെ പൊക്കമേ, എന്റെ പൊക്കമേ എന്ന്
നിന്നെ മാത്രം വിളിക്കുന്നു.

വണക്കം : 5' 9" എന്ന കവിതയോട്അതെഴുതിയ ദേവസേനയോട്. ( 




ആനന്ദത്തിനോളം കട്ടിയുള്ള പ്രസ്താവനകൾ

അപ്പുറത്തുണ്ടെന്നറിയാം,
അവസാനത്തെ നൃത്തം
നമ്മളൊത്ത് മാത്രമാണെന്ന
വാക്കിന്റെ തെങ്ങിൻതടി വഴിയിൽ
എത്ര സൂക്ഷ്മതയിലും
കാൽതെറ്റി വീഴുന്ന
ഒരു കളിയുണ്ട്,
ഏകാന്തതയുടെ
വലിച്ചെടുക്കലുകളിൽ
എടുത്തുപ്പൊക്കാനാവുന്ന
ആകെയുള്ളൊരു
ജലദൈവത്തിനെ,
അതിനെ മാത്രമെന്ന് ആനന്ദിക്കാൻ.
അഗാധമായ
ഉറപ്പുവരുത്തലിന്റെ ഒരല,
ഹിന്ദോളത്തിൽ ഞാൻ
പല നിലകളുള്ള തപസ്സാണ്‌,
നിന്റെ വില്ലിലെ അമ്പുകൾ
ഒന്നു പോലുമിനി
എന്നിലൂടെ കടന്നുപോവില്ല.

ഏക(മായ)



പ്രേമത്തിന്റെ താപനിലയിൽ
ചുരുണ്ടു പോയ
സ്‌പ്രിംഗ്‌ ജടകൾ നീക്കി
നീല മുഖമേ
നിന്നെയടുപ്പിക്കുമ്പോൾ
ഒടുങ്ങാത്ത തീയുടെ
മൂന്നാം പോളയെ
തെച്ചിവിരാലാൽ
വരച്ചിടുമ്പോൾ
ഇതാ പൊള്ളിയെന്നിട്ടും
വിക്കി വിക്കി
തുറന്നു നോക്കുമ്പോൾ
എല്ലാം ഓർമിക്കുന്നവനെ പോലെ
എന്റെ ആകുലതകളുടെ മഗ്ദലനേ ഏക/മായ/തേ എന്ന മുൾവിളിയിൽ
കൂവളങ്ങൾ
കൂവളങ്ങൾ
കൂവളങ്ങൾ മാത്രം.

വസന്തത്തിന്റെ ഹൈവേകളിൽ

ട്രാഫിക്ക്‌ ശബ്ദങ്ങളുടെ
സംഗീതത്തിൽ
ഒറ്റക്കാൽനില്പ്പിന്റെ
പക്ഷികൾ
നെരൂദയുടെ വസന്തത്തിൽ
ബാക്കിയായ ചെറിത്തരികളെ
മൂളാൻ ശ്രമിക്കുന്നു
ഒരപ്രതീക്ഷിത 
അപകടത്തിൽപ്പെടുന്ന ഒരാൾ
കിതപ്പിന്റെ ബസ്സിൽ
അവസാനം കയറിയവളുടെ
കൈരേഖയിലൂടെയുള്ള
കുറുക്കുവഴിയിൽവച്ച്
അവലംബിച്ച് 
ചുംബിക്കുന്നു,
ഭയക്കല്ലേയെന്ന്
ജീവിതത്തിന്‌
പതിഞ്ഞ താളത്തിൽ
വീശി കൊടുക്കുന്നു.
പച്ചയിൽ 
ചുവപ്പ്‌ 
കലർന്നാൽ
എങ്ങനെ ഇരിക്കുമെന്ന്
അറിഞ്ഞിട്ടും അറിഞ്ഞിട്ടും
അവർക്ക് ചുറ്റും,
വസന്തം.
*************************************
പോൾക്ക പൊട്ടുകളുള്ള 
നൂറ്‌ തരം തുമ്പികൾ
പലതും വരാനുണ്ടെന്ന്‌
ചില്ലകളിലേയ്ക്ക്‌
അവരെ കൂട്ടുന്നു,
ഭൂമിയിൽ നിന്ന്‌ 
കാലുകൾ പൊങ്ങിപ്പോയവർ
ലോകം കാണുന്നത്‌
ഒരു നോട്ടം മാത്രം
പായിച്ചിട്ടാണെന്ന 
മാത്രയിൽ
ഇതിൽ ചുവപ്പിന്‌
എന്റെ പങ്കില്ലെന്ന്‌
ചൂളംകുത്തി
സ്റ്റീയറിംഗ് വളയ്ക്കുന്നതപ്പോൾ

ഏത്‌ അബദ്ധൻ?

Saturday, July 19, 2014

മഴയും പുഴയും ചൂളം കുത്തുന്ന ഉടലിൽ, താളത്തിൽ


മഴ എന്ന കരിനീല നൃത്തത്തിൽ
പുഴ എന്ന ഭൂപാളിരാഗത്തിൽ
ഈ കവിതയ്ക്ക്‌ വേണ്ടി
ഈ കവിതയ്ക്ക്‌ വേണ്ടി മാത്രം
ഞാൻ ഉടൽനീളം ഒരു കൂത്തമ്പലമാവുന്നു,

പൊട്ടാൻ പോവുന്ന
ആർത്തവത്തിൽ
മിന്നാമിനുങ്ങുകളുടെ
ഒത്തിരി വെട്ടങ്ങളാണ്‌,
അരയ്ക്ക്‌ ചുറ്റിനും.
ഒരോ മിന്നലിലും
ഉപ്പൻകണ്ണും
കാവലിന്റെ ഉറപ്പുമുണ്ട്,

ദൂരെ മാറിയിരിക്കൂ എന്ന്‌ പറയില്ലാത്ത കൂത്തിൽ

പൂക്കാൻ പോവുന്ന
പുലരികളിൽ
ഇതിന്‌ ചുറ്റും വീണുകിടക്കുന്ന
ചുവന്ന കുരുക്കളിൽ
/രത്നങ്ങളിൽ/പളുങ്കുകളിൽപൊട്ടുകളിൽ
ആടിക്കുളിക്കാൻ
ഒരു പുഴ തയ്യാറാവുന്നുണ്ട്‌,

ദൂരെ മാറിയിരിക്കൂ എന്ന്‌ പറയില്ലാത്ത അതേ കൂത്തിൽ

അക്കാലമൊക്കെ പോയി എന്നെന്റെ ഉടൽ ആടുന്നു.





ഗാസയെ മാറ്റി വായിക്കുന്നു

കവിതയ്ക്കുള്ളിലിരുന്നാൽ
നേടാനാവാത്തതിന്‌ 
ശ്രമിക്കുകയെന്നാൽ
അത് നേടുക എന്നതാവുമോ

ഒരു ലോകം
പലതുടലുകളായ
ഒരുടൽ പോലെ
നിശ്ചലതയിൽ
പൊട്ടിത്തൂവാൻ നില്ക്കുമ്പോൾ
ഒരു ഭാഷ കൊണ്ടതിനെ
ചാടിപ്പിടിക്കാൻ
കവിതയ്ക്കുള്ളിലിരുന്നാൽ
സാധിക്കുമെന്നാണോ

വെറുതെയെങ്കിലും
യുദ്ധാസക്തികളുടെ
തോക്കുകൾക്ക്‌
തുമ്പിൽ ചെന്ന്‌
ഒരു ചെപ്പടിഞൊട്ടിൽ
ഇത്‌ വെറുമൊരു പൂച്ചെണ്ടാണല്ലൊയെന്ന
സരളമാക്കുന്നതാവുമോ

വെടിയുണ്ടകളുടെ
വഴികളിൽ
ഒരു മൂക്കാൽ
കടൽ നിറയ്ക്കണം,
തണുപ്പ്‌ തുപ്പണം,
ഉന്നം കിട്ടിയില്ലല്ലോയെന്ന
വഴിപിഴച്ചലയലിൽ
ഹുങ്കുന്നതാവുമോ

പാവനമായ ബോംബിൽ
നിന്നോടുന്നവളുടെ
മുടികളിലെ ആകമാനദു:ഖത്തെ
വാരിയെല്ലിന്റെ
ഗോവണികൾ വഴിയാൽ
പൊളിച്ചെടുത്ത തേനറകളിൽ ചെന്ന്‌
ഹൃദയത്തെയിറ്റിച്ച്
നാവാലുഴിഞ്ഞ്
ചലങ്ങളെ ഇളഭ്യരാക്കുന്നതാവുമോ

പൂട്ടിട്ട കാലുകളിൽ
മിന്നായമിട്ട്‌
ഏത്‌ ചങ്ങലയ്ക്കും
സ്വഭാവരാഹിത്യം
സംഭവിക്കാമെന്ന്
വെറുതെയാണെങ്കിലും
കൊള്ളി വാക്കെറിയാനുകുന്നതാകുമോ

ആയിരം യുദ്ധവിമാനങ്ങൾക്ക്‌ നേർക്ക്
തോറ്റവരുടെ
ആകാശനിശബ്ദതയുടെ
ഒറ്റ ചീറൽ മതി,
തിരോധാനിക്കപ്പെട്ട
മേഘങ്ങളുടെ
കണ്ണീർപീരങ്കികളാവുന്നതാവുമോ

മടുപ്പിന്റെ
കുട്ടികളേയും കൂട്ടി
പുകക്കറകളിൽ നിന്ന്‌
നക്ഷത്രങ്ങളെ
മോചിപ്പിച്ചെടുക്കുന്നതാവുമോ

പത്തടിയകലെ നില്ക്കുന്ന
മരണത്തിന്റെ തലവനോട്‌
ക്ഷമിക്കണം
ഒഴിവില്ല
പിന്നൊരിക്കൽ വരൂയെന്ന്‌
തലയാട്ടുന്നതാവുമോ

ഇക്കവിതയിൽ ഇതിനൊന്നും വകതിരിവില്ലെങ്കിലും,

ആരോ എന്നെ കേട്ടതായി തോന്നും എനിക്കപ്പോൾ.



Monday, July 14, 2014

റിഫ്ലെക്സ്

പൂർണ്ണചന്ദ്രന്റെ ജീവിതമെന്ന്‌ തോന്നിച്ചിരുന്ന മുറിയിൽ
ഉന്മത്തമായ ഗ്രഹണത്തിന്‌ തയ്യാറെന്നവണ്ണം
ഇരുട്ടിന്റെ ഏറ്റവും വലിയ പൂജ്യമായി
മാറിക്കൊണ്ടിരുന്ന പോലെയായിരുന്നു
ആ പോക്ക്‌,

പരമാർത്ഥത്തിൽ
വെരുകിന്റെ കടുകുകൾ പൊട്ടിക്കാൻ
മെഴുകുതിരികൾ
മാലാഖമാരാണെന്ന
വെട്ടത്തെ
ഏകാന്തതയുടെ
സഞ്ചിയിൽ തപ്പേണ്ടതുണ്ട്,

പാഞ്ഞുപോയ
വാൽനക്ഷത്രങ്ങൾക്ക്
എന്റെ കല്ലുകളെയെടുക്കാനാവുന്നില്ല,
കൂട്ടിച്ചേർത്തിട്ടും
ചിറകുകൾ തുമ്പികളായതുമില്ല.

ഈ ഭ്രമണപഥം
പ്രേമമാണ്‌

പരമ പ്രേമമാണെന്ന്‌
കറക്കി കറക്കി
മുറിയെ വലിച്ചുകൊണ്ടുപോവുന്നു.
വീഴാതിരിക്കാൻ
വിടാപ്പിടുത്തത്തിലായിരുന്നു.
നമ്മൾ ! ഈ വീഴൽ !!

പൊട്ടല്ലേ,
എന്നെപ്പോഴോയൂതി
കൈകൾക്കുള്ളിൽ നിർത്തിയ കുമിളയിൽ
ജാഗ്രതയുടെ ഭൂഗോളം,
ഭാരിക്കാതിരിക്കാൻ
നമ്മുക്ക് നമ്മളെ സ്വതന്ത്രരാക്കാം.

എന്നുവരുകിലും,
തിരിച്ചെറിഞ്ഞു കൊടുത്തതിനൊക്കെയും
ഗുരുത്വമേ,
ഒരു സന്ധിസംഭാഷണ സംഭവത്തിലെന്ന പോലെ
തിരിച്ചറിയലിന്റെ ആപ്പിളുകളായി
നിനക്ക്‌ ആഖ്യാനിക്കേണ്ടി വരും.