Friday, January 2, 2015

വസന്തത്തിന്റെ ഹൈവേകളിൽ

ട്രാഫിക്ക്‌ ശബ്ദങ്ങളുടെ
സംഗീതത്തിൽ
ഒറ്റക്കാൽനില്പ്പിന്റെ
പക്ഷികൾ
നെരൂദയുടെ വസന്തത്തിൽ
ബാക്കിയായ ചെറിത്തരികളെ
മൂളാൻ ശ്രമിക്കുന്നു
ഒരപ്രതീക്ഷിത 
അപകടത്തിൽപ്പെടുന്ന ഒരാൾ
കിതപ്പിന്റെ ബസ്സിൽ
അവസാനം കയറിയവളുടെ
കൈരേഖയിലൂടെയുള്ള
കുറുക്കുവഴിയിൽവച്ച്
അവലംബിച്ച് 
ചുംബിക്കുന്നു,
ഭയക്കല്ലേയെന്ന്
ജീവിതത്തിന്‌
പതിഞ്ഞ താളത്തിൽ
വീശി കൊടുക്കുന്നു.
പച്ചയിൽ 
ചുവപ്പ്‌ 
കലർന്നാൽ
എങ്ങനെ ഇരിക്കുമെന്ന്
അറിഞ്ഞിട്ടും അറിഞ്ഞിട്ടും
അവർക്ക് ചുറ്റും,
വസന്തം.
*************************************
പോൾക്ക പൊട്ടുകളുള്ള 
നൂറ്‌ തരം തുമ്പികൾ
പലതും വരാനുണ്ടെന്ന്‌
ചില്ലകളിലേയ്ക്ക്‌
അവരെ കൂട്ടുന്നു,
ഭൂമിയിൽ നിന്ന്‌ 
കാലുകൾ പൊങ്ങിപ്പോയവർ
ലോകം കാണുന്നത്‌
ഒരു നോട്ടം മാത്രം
പായിച്ചിട്ടാണെന്ന 
മാത്രയിൽ
ഇതിൽ ചുവപ്പിന്‌
എന്റെ പങ്കില്ലെന്ന്‌
ചൂളംകുത്തി
സ്റ്റീയറിംഗ് വളയ്ക്കുന്നതപ്പോൾ

ഏത്‌ അബദ്ധൻ?

No comments:

Post a Comment