Friday, January 2, 2015

ബൈ"പോളാ"ര്‍ II

കുമിളകളുടെ
ലോകത്തിലാണ്.

നെറ്റിയിലോ
താടിയിലോ
നീണ്ടു വരുന്ന
ഒരു ചൊടക്ക് പൂവ് പോലെ
ഞാനതാ
പൊട്ടി പൊട്ടി പോവുന്നു.

പെട്ടെന്നൊരു പറവയെ കിട്ടിയാൽ
ഒതുക്കുന്ന പോലെ
ഒരു കുമ്പിളിൽ
എന്നെയൊന്ന്
സൂക്ഷിച്ച് വയ്ക്ക്.

അന്തരംഗത്തിൽ
അകാരണമായ
ആനന്ദത്തിന്റെ കുമിളകള്‍
പ്രേമത്തിന്റെ കുമിളകൾ
നൊമ്പലത്തിന്റെ കുമിളകൾ
പഴംതുണികിടപ്പിന്റെ കുമിളകൾ
കോടാനുകോടി കുമിളകൾ

ഒച്ചയുടെ
ഒറ്റപ്പാടുപോലുമില്ലാതെ
ഞാൻ പൊട്ടി പൊട്ടി പോവുന്നല്ലോ.

ഒലാസെപ്പൈൻ ഒരു മരുന്നല്ല,
സോപ്പുപതുപതാ
താടിയുള്ള
മാജിക്കൽ സ്റ്റോറിറ്റെല്ലറാണ്‌.

ഒരു പാവമാണ്‌.

ആരും കേൾക്കാതെ
നമ്മുക്കുള്ളിൽ കടന്ന്‌ വരും.
കഥകൾ പറഞ്ഞുതരും
മടിയിൽ കിടത്തി
തട്ടിയുറക്കും,
അമ്മയുറക്കും പോലെ.

എല്ലാമങ്ങ്‌ പോയല്ലോയെന്നും നമ്മളും കരുതും.

ചുമ്മാതാണ്.

അവളുടെ
പൊട്ടിക്കാളി കുമിളകൾ
പമ്മിപമ്മി ഇരിക്ക തന്നെയാണ്.

പറഞ്ഞിട്ടും കേൾക്കാത്ത
കുഞ്ഞുങ്ങളെ പോലെ
തട്ടി വീണ്‌
മുട്ടരഞ്ഞ്‌
ഒച്ച വച്ച്‌
കൃത്യം നെഞ്ചിലേക്ക്‌ ഓടിക്കേറി വരാൻ.

No comments:

Post a Comment