Sunday, March 9, 2014

ജി-സ്പോട്ട്

(കുഴപ്പം അഥവാ ജീവിതം, അതിൽ നിന്നു മോക്ഷത്തിലേയ്ക്കൊരു സ്പോട്ട് ഉണ്ടാവണം എന്ന ആശയത്തെ ശ്രമിച്ചത്)

ബ്രഹ്മാവേ,
ആദിപരംപൊരുളേയെന്നു മുറുമുറുത്ത്
നെറുംതലയിൽ ആണ്ടുപോയ
ആണിയൊന്നൂരിത്തരുമോയെന്ന്
ഉടൽപ്പരപ്പിലൂടെ
ഓടിനടക്കുന്നു ജീവിതം,
അണുകേന്ദ്രത്തിലേയ്ക്കെടുത്ത്‌ ചാടാൻ നില്ക്കുന്ന
ഇലക്ട്രോണിന്റെ പിടച്ചിലുകളോടെ..

ഒരു നാൾ പെട്ടെന്നായിരിക്കും
അത് സംഭവിക്കുക,
അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെയുണ്ട് മുന്നൊരുക്കം,
വരാനുള്ള കാലത്തിൽ
ഉള്ളായ അഴുക്ക് തേയ്ച്ച് വെളുപ്പിക്കുന്നത് വരെ,
വിശാലമായി നിവർത്തി വിരിക്കുന്നത് വരെ,
സമനിലയിൽ അടുക്കി സന്തുഷ്ടി വരുത്തുന്നത് വരെ,
നടുംതലയിൽ നിന്നു കുതിക്കുന്ന
വെപ്രാളങ്ങളുടെ
ആന്തരികസ്രാവത്തിന്‌
ഇനിയും ഒരു കുറുക്ക് വഴി പോലും കിളയ്ക്കാനായില്ല..

മുറുക്കാനല്ല,
മുറിവോളമുള്ള ഈ മുറുക്കമൊന്നയച്ച് തരാൻ
നിരാകുലതയെ
അതിശയിച്ചുനോക്കിനോക്കി
ഒരാകുലത
ഏത് പാലയിലയിൽ
ഏത് വഴിഭ്രമത്തിൽ
പാദമൂന്നാതെ നില്ക്കണം..?

ഈ പശ്ചാത്തലത്തിൽ
നിന്നേറ്റെടുക്കുമോയെന്ന്
പരിത്രാണത്തിന്റെ ജി-സ്പോട്ട്
തിരയുകയാണ്‌,
ആരാന്റേയും എന്റേയും
കോസ്മിക് ആത്മബോധം..

No comments:

Post a Comment