Sunday, June 22, 2014

വഴിപൂട്ട്‌

പിടിച്ച് പിടിച്ച്
കയറി വരുന്നു
പല നിറങ്ങളുള്ള
എന്റെ പോപ്പിൻസ് വേദനകൾ
ഹൃദയത്തിലേയ്ക്കെറിഞ്ഞിട്ടും
നീ വിഴുങ്ങുന്നില്ല,

ഞാന്‍ വാശി പിടിച്ചു കരയും
ഇറങ്ങി പോകാൻ സാധ്യതയുള്ള
എല്ലാ വഴികളേയും
മുന്നേ കൂട്ടി പിന്നിയിടും.

മിനുപ്പുള്ള കവർ
ചുറ്റിച്ചെടുത്ത
വിരിഞ്ഞ ഫ്രോക്കിട്ട
വയറ്റത്ത് ഞെക്കിയാൽ കരയുന്ന
നമ്മുടെ കുഞ്ഞങ്ങളെ പോലത് ചിരിപ്പിക്കും.

ഇതൊന്നുമല്ല,

// നീ എനിക്ക് //
          // നീ എനിക്ക് //
 // നീ എനിക്ക് //
         // നീ എനിക്ക് //
 // നീ എനിക്ക് //

എന്ന കഠിനമായ ഭാഷ്യമാണ്‌
ഈ ചുറ്റിക്കെട്ടൽ.




പന്തയം

എന്റെ മുയല്‍
ആമകളെ ജയിപ്പിക്കാന്‍
ഉറക്കം നടിക്കുന്നു.



ഓഫ് സീസണ്‍സ്

ഋതു തെറ്റുമ്പോള്‍
ചുവന്ന പാവാട
കിളി ക്കൂട് പോലെ ചിലപ്പുള്ളതായിരുന്നു,

എന്റേത് ഇത്രേം വലിയ വട്ടം കറക്കാന്‍ പറ്റുമെന്ന് കാണിച്ച
ഹിപ്പ്-ഹോപ്പ് കളിയില്‍ 
കിളികള്‍ തെറിച്ച് തെറിച്ച് പോയിരുന്നു,
അതീന്നും അതീന്നും വലിയ വട്ടങ്ങള്‍ക്കായി മത്സരിക്കുമ്പോൾ
മാറി നിന്ന്‍ ഞാൻ


കുഴിയാന വട്ടത്തിലേയ്ക്ക് 

എന്റെ വസന്തത്തെ ചുരുക്കുന്നു,

ചിറകുകള്‍ / ചിലപ്പുകള്‍
എന്തൊരു നിറമെന്നു 
വിസ്തരിക്കുന്നു.

തുന്നല്‍ വേള/ലകളിൽ നമ്മെ ആട്ടുന്നവൻ


ആകാശത്തെ അഴിച്ചുകെട്ടി
തളർന്നവരുടെ തൊട്ടിലുകളിലാടുന്നു,
കാറ്റിന്റെ നീളങ്ങളിൽ
ചാലിയനായത്
കാറ്റ് പോലും അറിഞ്ഞിരുന്നില്ല.

അവന്റെ തറിയന്ത്രം
ഇരുട്ടുമുറിയിലെ
ജനൽവെളിച്ചത്തിൽ
അവന്റെ കുഞ്ഞിനെ ഉറക്കുന്നത് പോലെ
അവൻ ചാലിയനായത്
അവന്‍ തന്നെ അറിഞ്ഞിരുന്നില്ല.

സാക്ഷാത്തമല്ലാത്ത
ചലനമാണ്‌
ജീവിതം.

കറങ്ങി
കുരുങ്ങിയാലും,
കുരുങ്ങി
കറങ്ങിയാലും
ഒരേയിടത്ത് തന്നെ
ഞാന്ന് കിടന്നാടുന്നത്,
ഓടുന്നുവെന്നും,
നടക്കുന്നുവെന്നും,
ഇഴയുന്നുവെന്നും
തോന്നിപ്പിക്കുന്നത്.
അനങ്ങാതെ ഒരേയിടത്ത് തന്നെ
ഞാന്ന് കിടന്നാടുന്നത്.

കാലങ്ങളെ മുഴവന്‍
ഉറക്കിക്കിടത്തി
ഒന്ന്‍ തട്ടിയാട്ടുന്ന
ഭാരമൊഴിഞ്ഞ
കാറ്റിന്റെ
ഒരലയില്‍
അലയപ്പെടണം.

നെയ്ത്തു തുണിയിലെ
പിയോണിപ്പൂക്കൾ
അവന്റെ മാറിടത്തെ
പല നിറങ്ങളാക്കി
അതിലായിരുന്നു
കൂടുതൽ താളമെന്ന്
അഭിലഷിക്കുമ്പോൾ,

യാഥാർത്ഥ്യങ്ങളുടെ
ജങ്ക്-സ്പേയിസിലേയ്ക്ക്
തിരിക്കപ്പെടുന്നത്
ഇല്ലാത്ത ചില്ലകള്‍
നമ്മെ ബന്ധിപ്പിച്ച്
ഹിന്ദോളത്തിന്റെ തൊട്ടിലില്‍
ഭംഗിയായിയാടി
വിരലൂറി ഞാന്ന് കിടക്കുന്നത്
വെറുതെയിരിക്കുന്ന
ഒരു കടുകുമണിയേയും
പൊട്ടിക്കുന്നില്ല.

തുന്നല്‍ വേള/ലകളിൽ
നമ്മെ ആട്ടുന്നവൻ

സത്യത്തില്‍ ഒന്നും ചെയ്യുന്നില്ല.

ഇന്‍സോമ്നിയ



ഉറങ്ങിത്തൂങ്ങുന്ന മറവികളെ
പാതിരാമണിനേരത്ത്
ഒന്ന് കൂടി ഭോഗിച്ചോട്ടെ എന്ന
കുലുക്കിവിളി കേട്ട്
കണ്ണ് തിരുമ്മിയുണരുന്ന
ഓര്‍മ്മകളുടെ ഉടലുകളിൽ നിന്ന്,

ചൂടിനെ തണുപ്പാക്കി പിഴിയും പോലെ
ഇരുട്ടില്‍ വെളിച്ചം കൊള്ളിയാനാവുന്ന പോലെ
നിലാവിന്റെ കരിനീലത്തരിപ്പാര്‍ന്ന വേദനകളെ
മുറിവുകളില്‍ നിന്നെടുത്ത് മാറ്റി
ഉറക്കമില്ലായ്മയിൽ  കണ്ണു കഴക്കുന്നു,
രാത്രിക്ക്

പുറത്തൊരു മഴ
തീവണ്ടി ചൂളങ്ങളുടെ പുച്ഛത്തെ
ശിഷ്ടിക്കാന്‍ തയ്യാറായിട്ടും
പാളങ്ങളില്‍ ഉറങ്ങാതെ ഉറച്ച് പോവുന്നു..

പുറത്ത് ചാടാന്‍ വെമ്പുന്ന
ജടവാരിയഴിച്ചിട്ട
അബലചപലാദിഭൂതങ്ങളെ
ശൂലം കുത്തിയുണര്‍ത്തുന്നു,
ഹേതുവായി
പശ്ചാത്തലത്തില്‍ ഹിന്ദോളം.


കണ്ണടയ്ച്ചാൽ
മരിച്ചുപോകുമെന്നാകെ,
ഉറങ്ങാതിരിക്കുന്നതും
ഉറക്കം വരാതിരിക്കുന്നതും പ്രണയമാണ്.

അക്രോഫീലിയ

അക്രോഫീലിയന്‍ കുതിപ്പുകള്‍ക്ക്
നീട്ടി കൊടുക്കുന്ന
വ്യഗ്രതകളുടെ
കെട്ടിടങ്ങളേ,
ബാല്‍ക്കണികളേ,
കുന്നിന്‍ നിവര്‍ത്തുകളേ.
നദിത്തഴപ്പേ,
തെറ്റാന്‍ പോവുന്ന

ആ ഒറ്റച്ചുവടേ,
എന്നെ തിരിച്ചു വിളിക്കൂക്കൂക്കൂ,

ചുംബുന്ന ചുണ്ടുകളെ
വലിച്ചകറ്റാതിരിക്കൂക്കൂക്കൂ...


തിരിച്ചു വരാത്ത ബസ്സ്

1.
ഗർത്തങ്ങളുടെ നോട്ടം പോലെ
വ്യതിചലിപ്പിക്കാൻ പോന്നത്ര
പ്രലോഭനീയതയിൽ
നിങ്ങളുടെ കണ്ണുകളിലേയ്ക്ക്
വഴുതി വീഴാൻ തയ്യാറാവുന്നു
ഏറെക്കാലമായ
എന്റെ ബസ്സിരുപ്പുകൾ.

വെയിൽപക്ഷികൾ
കൊത്തിത്തിന്നെന്ന പോലെ
ആസക്തികൾ തുള വീഴ്ത്തിയ
കുട പിടിച്ച്
നിങ്ങൾ നില്ക്കുന്നത്
ഏത്സ്റ്റോപ്പിൽ?

പ്രിയങ്കരനായ യാത്രക്കാരാ,
ഓർമ്മയെ അടിവയറ്റിൽ
മോതിരമാക്കിയ
ഒരുവന്റെ അവസാനത്തെ
മറവിയിൽ നിന്നും പുറത്തുവരൂ.

ഞാൻ വന്നാൽ
എന്നോളം മാത്രമുള്ള
നിങ്ങളുടെ ശൂന്യത ഇല്ലാതാവുമെങ്കിൽ
കാലോചിതമല്ലാതെയോടി വന്ന്
കൈവിരലുകളെ കൂട്ടിയമർത്തിയിട്ടും
എന്റെ സ്നേഹത്തെ
പിൻവരിവിജനതയിലേയ്ക്ക്
തള്ളിവിടുന്നതെന്തിന് ?

എന്റെ ഏകാന്തത
അയൽ സീറ്റിലെ
കുഞ്ഞിന്റെ കരച്ചിൽ പോലെ
നിങ്ങൾക്കതൊന്നും
വിഷയമാകുന്നില്ലെങ്കിലും
പച്ച കൊണ്ടു തന്ന ദൈവത്തെ പോലെ
പ്രള(ണ)യം തീർന്നെന്ന്‌ മാത്രം പറയരുത്‌..

ഈ വായനയിൽ / വഴിയിൽ
ഇനി പാളിപോവില്ലെന്നുറപ്പിച്ച്
ബസ്‌ നമ്മളെ വായിച്ചെടുക്കുമ്പോൾ
നാം തന്നെ കാണാതെ
കെട്ടിപ്പിടിക്കുന്ന കൈവരകൾ വഴി
ജീവിതത്തിന്റെ അത്രയും നീളത്തിൽ
ഹൃദയത്തിലേയ്ക്കൊരു
സഞ്ചാരമുണ്ട്, പോകാം.

പരിചിതരെന്ന
കള്ളപേരുകളിലാണ് ഇനി,
നീയും ഞാനും.

2.
കാത്തിരിപ്പ്
എന്ന സഹനത്തെ
എന്തിനിനിയും സഹിക്കണം
എന്നോർത്ത്
കുഞ്ഞുങ്ങൾക്ക്
തിരിച്ചു വരാത്തൊരു ബസ്സിന്റെ
കഥ പറഞ്ഞുകൊടുക്കുന്നു,

വ്യാകുലപ്പെടില്ലെന്നുറപ്പിച്ചൊരു മാതാവ്‌.