Monday, February 27, 2012

സാക്രിഫയ്സ്ഡ് പ്രണയം, സ്ഥലം മ്യൂസിയം..

മ്യൂസിയം കോമ്പൌണ്ടിലെ
മുളങ്കാട്ടിൽ
അവനെത്തിയെന്ന
എസ് എം എസ് വന്നതും,
അലച്ച കലമ്പൽ നിർത്തി
പൊടുന്നനെ
പൊട്ടിമുളച്ച നാണവുമായി
അവൾ ഗേറ്റിനു മുകളിലൂടെ പറന്നു...

നഗരം പറഞ്ഞു:
നീ പോയി പ്രേമിക്കെടീ..

ഉടനെ തന്നെ
മുളങ്കാട്ടിനടുത്തുള്ള
ചവിട്ടുപടിയിലിരുന്നു
രണ്ടു പേർ പ്രണയതീവ്രരാകും.

ഓട്ടോകൂലിക്കലഹത്തിൽ
ഇടയ്ക്കു മുറിഞ്ഞുപോയ നാണത്തെ
തിരിച്ചെടുത്ത്
അവൾ പറയും
നിന്റെ കണ്ണുകൾ
മികച്ചയിനം ക്യാമറയാണ്‌
എത്ര വേഗതയിലാണ്‌
പുതിയ പുതിയ ക്ലിക്കുകൾ,
ഹൃദയത്തിലേയ്ക്ക്..

മ്യൂസിയം സൂക്ഷിപ്പുകാരൻ
ഇതാറാം തവണയാണ്‌
ഒളികണ്ണിട്ട്
ഈ വഴി പോകുന്നത്.

ഇല്ലാത്ത മഴയിൽ
ഇല്ലാത്ത വെയിലിൽ
കുടയ്ക്കുള്ളിൽ
വലിയൊരു ലോകം
നിര്‍മ്മിക്കയാണ്.

അയാൾ മാറുന്ന വരെ
ഞങ്ങൾ തീക്കുനിക്കവിതകൾ
തലതിരിച്ചു വായിക്കും
അവൻ കവിയും,
അവൾ കവിയുടെ കാമുകിയുമാവും..

ഉറുമ്പുകൾ
എങ്ങനെ വരിവരിയിൽ
നടക്കുമെന്ന്
അവളുടെ കൊഴുത്ത
കൈത്തണ്ടയിൽ
അവൻ അനുകരിക്കും..
വഴി അവസാനിക്കുമ്പോൾ
ഉറുമ്പുകൾക്കു
വീർപ്പുമുട്ടാൻ തുടങ്ങും..

ഇതൊന്നുമറിയാത്ത
ഭാവത്തിൽ
അവന്റെ കാലുകൾ
പെന്റുലമായി
ആടിക്കൊണ്ടിരിക്കും,

ഓരോ നിമിഷത്തിലും
ഒരു കിളി ‘നിനക്കുള്ളത്എന്ന്
അവനെ കൊത്തിപ്പാടി പറന്നുപോവും.

അറിയുമോ പെണ്ണേ..
എന്റെ ജനൽപ്പാളികൾ
തുറന്നാൽ കാണുന്ന
അരണമരത്തിലെ തവിടൻകൂട്
അത് നിനക്കു പാകമാണ്‌,
രാവിലെ രാവിലെ
നിനക്കവിടെ വന്നിരുന്നു
ചിലച്ചു കൂടെന്നുണ്ടോ?

മഞ്ഞ പരന്ന മുളങ്കാട്ടിൽ
മഞ്ഞകൾ നാമ്പ് മുളയ്ക്കാൻ
തുടങ്ങുമ്പോൾ
അയ്യോ.! ദേയ് വൈകി,
ആദ്യം വരുന്ന ഓട്ടോ
എനിക്കെന്നു പറഞ്ഞവളോടുമ്പോൾ,
അവന്റെ ചുണ്ടിൽ
നിന്നുവന്നതൊക്കെയും
വെയിൽ പിടിച്ചെടുത്ത്‌
മയിൽ നിറമുള്ള ഉമ്മകളാക്കി
അവൾക്കു കൊടുക്കുന്നു.

മറുപടിയിൽ അവൾ ചിറകടിക്കുന്നു .

അടുത്ത ഫ്രെയിമിൽ,
ചുമലിൽ മയിൽ നിറമുള്ള
തേൻകിളിയുമായി
ഒരുവൻ മ്യൂസിയത്ത് നിന്നു
ബസ്സ് കയറുന്നു.

വഴി കിട്ടാതെ നിന്ന
ഉറുമ്പുകൾ മടങ്ങിവരുന്നു,
വരിവരിയായി
അരണമരമുന്നമിട്ട്
അവനോടൊപ്പം
ബസ്സിൽ സഞ്ചരിക്കുന്നു..

No comments:

Post a Comment