കലി പിടിച്ച കൂന്തലാണ്
കാർവള്ളിക്ക്,
ഒക്കത്തിരിക്കുന്ന കുഞ്ഞ്
ഊർന്നിറങ്ങും പോലെ
നിൽക്കുന്നിടത്തെല്ലാം
അതു താഴെയുണ്ട്..
അടക്കമില്ലാത്ത
കറുത്തനദി പോലെ..
ചാലുകളായവ
രാത്രി ഭക്ഷണത്തിലേയ്ക്കൊഴുകവെ
നീയത് സസൂക്ഷ്മം
നുള്ളിയെടുത്ത് പ്രാകും,
വിരലിൽ ചുറ്റി പരിശോധിക്കും,
നോക്കുകൾ കൊണ്ടത് മുറിക്കവെ
ഒരാമാവാസി പ്പക്ഷിയുടെ ഞരമ്പ്
അവളില്‍ പിടയ്ക്കും.
മുറിച്ചിട്ടതിനെ നീട്ടുന്ന
പുഴയൊഴുക്കില്‍
മുടിയൊഴുക്കിനെ പിഴിഞ്ഞെടുക്കുന്ന
കട്ടയിരുട്ടില്‍
അമാവാസിയാകുന്നവൾ,
അക്ഷയതന്ത്രമറിയുന്ന
പഴയ ചീരയിലയുടെ കരുത്തോടെ
വെളിച്ചവുമുള്ള
ഒരു വനവുമായി
മുറിയിലേയ്ക്കു വരും..
കാട്ടുമൃഗത്തെ
പൂട്ടാനെന്ന പോലെ
നീ ശൗര്യം
കാട്ടി രസിക്കും.
അരക്കെട്ട് വലിച്ചെടുത്ത
തുളസിയുടെ ചൂരിനെ
നാഭിയിലേയ്ക്ക്
പൊത്തിമണക്കുമ്പോൾ
മണമ്പിടുത്തക്കാരൻ
പെരുമാളെന്നവൾ കളിയാക്കും.
വാശി പിടിച്ച കടുംമുടികൾ
അവളിൽ നിന്ന് പുതപ്പിലേക്കും
പുതപ്പിൽ നിന്ന് നിന്നിലേക്കും
കെട്ടുപിണഞ്ഞിഴയുമ്പോള്‍
കൊത്താന്‍ വന്ന മരണത്തെ
എത്ര വേഗമാണ്
നീ സർപ്പമാക്കി
തലയില്‍ ചുറ്റിയത്..
വകഞ്ഞു നോക്കിയാല്‍ കാണാം
നിലാവിന്റെ
നീല മുട്ടകൾ തിളങ്ങുന്നത്..
പൂമുടിക്കെട്ടഴിഞ്ഞതും പുഷ്പജാലം കൊഴിഞ്ഞതും എന്ന പോലെ ഒരു കവിത..
ReplyDeleteകാട്ടുതുളസിയുടെ മണമുള്ള കവിത.
ReplyDelete