കഴിഞ്ഞ രാത്രി മുഴുവൻ
ഞാൻ ചിന്തിച്ചത്
ഇരുട്ടിൽ താഴേക്ക് പറന്നിറങ്ങുന്ന
ഒരോ കിളിയേയും പുലരും വരെ
എങ്ങനെ വരാലുകളാക്കി മാറ്റാമെന്നാണ്..
ഒരു വണ്ടി നിറയെ
പച്ചയും നീലയും
നിറത്തിലുള്ള കൂടുകളുമായി
എന്റെ കണ്ണിനു മുന്നിലൂടെയെന്ന മട്ടിൽ
ഒരു വേടൻ സഞ്ചരിക്കുന്നുണ്ട്
ക്യാൻവാസും,ബ്രഷുമായി
ഞാൻ തോട്ടത്തിൽ വന്നിരുന്നു...
ആകാശത്തിന്റെ ബലത്തിൽ
പറന്നിറങ്ങുന്ന കിളികളെ
ഓരോന്നായി പിടിച്ചെടുത്ത്
ക്യാൻവാസിലേയ്ക്ക്
പറത്തി വിടുന്നു...
ചിറകുകളെ
ചുരുക്കിയൊതുക്കി
വാലിനെ
വശത്തേയ്ക്കു നീട്ടി
ചുണ്ടിനെ
ഉള്ളിലേയ്ക്ക് വലിച്ചിട്ട്
കിളികൾ
ഒരു രാവുനേരത്തിന്
വരാലുകളായി
രൂപവികാരപ്പെടുന്നു.
ഈ പണി എനിക്കിഷ്ടമായി..
കിളികളെ,
പുലരും വരെ
നിങ്ങളിനി വരാലുകളാണ്...
ആകാശവും
മുളങ്കൂട്ടവും
ഇലപൊന്തകളും
ഉള്ളിലൊളിപ്പിച്ചു
വിവർത്തനം ചെയ്യുന്നവര്‍
രാത്രികളിൽ
ആരും ചൂണ്ടയിൽ
മണ്ണിരയേയും ചുറ്റിച്ചു
നിങ്ങളെ തേടി വരില്ല..
അഥവാ വന്നെങ്കിൽ തന്നെ,
ഇനി ഞാൻ ചിന്തിക്കുക
എങ്ങനെ മണ്ണിരയെ
വിവർത്തനം ചെയ്യാമെന്നാണ്...?
എന്തുകൊണ്ട് ഒരു രാവിന്‍റെ പരിവര്‍ത്തനം ? പുലരി എത്തും വരെ നീളുന്ന ഒരു പരിണാമം ആയിക്കൂടെ കവേ?
ReplyDelete