ഇന്നലെയുടെ
ആൺശൈലിയോട് സലാം.
നെഞ്ചിൽ മൂകതയുടെ വയ്ക്കോലില്ല,
മുഖത്ത് കോറുവായ് ചിരിയില്ല,
ഉടലിൽ കോപ്പരാട്ടി ചണ്ടിയുമില്ല...
“പോയിനെടാ” യെന്ന മട്ടിലൊരു
ചിമിട്ടി നോക്കുകുത്തി...
കുത്തിനോട്ടത്തിന്റെ എരിവിൽ
ദിശ പിഴക്കുന്ന തത്തക്കൂട്ടമേ
നിങ്ങളുടെ പച്ച
എന്നിലേയ്ക്ക് ആവിഷ്ക്കരിക്കട്ടെ..?
പോകുന്ന പോക്കിൽ
ആകാശത്തെ പച്ചയാക്കുമ്പോഴുള്ള
തണുപ്പിലേയ്ക്ക്
എപ്പോൾ വേണമെങ്കിലും
എന്നിൽ നിന്നൊരു
പറക്കൽ തയ്യാറാവുന്നുണ്ട്.
കളറുമുട്ടായി തിന്നുന്ന
പള്ളിക്കൂടക്കിടാങ്ങളുടെ
പാവാടകളിൽ നിന്നും
ചായമൂറ്റിയെടുക്കുന്ന
തുമ്പികളെ ഒരു പുഴയാക്കി
വാരിച്ചുറ്റി
ഹാ, ഞാനങ്ങ്
പച്ചപ്പെട്ട് പോയല്ലോ..!
എന്താണിങ്ങനെ നോക്കുന്നതെന്ന്
പരവേശപ്പെട്ട്
കുന്നിന്മുകളേയ്ക്കോടി കയറുന്ന
കാക്കശബ്ദങ്ങളെ
തിരിച്ചുവിളിക്കാൻ പോന്നത്ര
വളർന്നു കഴിഞ്ഞിരിക്കുന്നു,
നോക്കുകുത്തിയെന്ന
എന്റെ പ്രത്യയം,
നെഞ്ചിൽ കുത്തിയതൊക്കെയും
ഞാനും മറന്നിരിക്കുന്നു,
ആത്മഗതിക്കുന്നു.
ഒന്നുമല്ലെങ്കിൽ,
ജീവിതമെന്നയീ
ചുള്ളിക്കാൽ നില്പ്പിനെ
ഉൾക്കൊണ്ട പാടങ്ങളോട്
എന്റെ ഒഴിഞ്ഞ ഹൃദയത്തിൽ
കേറിയിരിക്കാൻ പറയട്ടെ..
ഉണക്കുക്കാലത്തെ
പച്ചക്കാലമാക്കുന്ന
അത്തരം പ്രയോഗങ്ങളിൽ
സമാധാനക്കൊടിയായി
പറക്കട്ടെ
നോക്കുകുത്തിയോളം
പച്ചത്തണുപ്പ്
മറ്റെന്തിൽ തരും
നിങ്ങളുടെ നോട്ടങ്ങള്‍ക്ക്.
No comments:
Post a Comment