ഞാൻ അനാഥയായ ദിവസം # അമ്മച്ചി മരിച്ച ദിവസം # നിസ്വാർത്ഥമായി എന്നെ സ്നേഹിക്കാൻ ലോകത്ത് മറ്റാരുമില്ലെന്നറിഞ്ഞ ദിവസം.
അവർ തന്ന അവിച്ച മുട്ടകൾ, പാലിൽ മുക്കി തിന്നുന്ന റൊട്ടി, കാച്ചിയ റവ, കല്ലിലരച്ച മുളക് ചമ്മന്തി, പാടിയ ആർച്ച പാട്ടുകൾ, അവരുടെ പിത്തള ഗ്ലാസ്, കൈയ്യിൽ കാണാനുള്ള വക്ക് പൊട്ടിയ തൂക്കുപാത്രം ( മിക്കപ്പഴും വലിയ വെള്ളരിക്കയും വഴുതനങ്ങ കഷ്ണങ്ങളുള്ള സാമ്പാറിൽ കൊഴച്ച അമ്പല ചോറാവും), അച്ചാറു ഭരണികൾ, ട്രങ്ക് പെട്ടി, വെള്ളയും ചുവപ്പും കല്ലുള്ള മാലയും മുക്കുത്തികളും (മുക്കാണ് പലതും), കുഴമ്പു കുപ്പികൾ, വളം കടി പിടിച്ച അവരുടെ കാലുകൾ, അതും ചൊറിഞ്ഞിരുന്നു പറഞ്ഞ കുടുംബ മാഹാത്മ്യങ്ങൾ, വച്ചാരാധനകൾ, കരിങ്കൽ ദേവതകൾ, അവർ ജപിച്ചിടുന്ന കർപ്പൂര മണമുളള ഭസ്മച്ചരടുകൾ, നിലാവത്ത് കപ്പിയിൽ കരകരാന്ന് കയറുന്ന തൊട്ടിയുടെ ശബ്ദം, വെള്ളം വീഴുന്ന കിണറ്റു വക്കത്ത് പൂത്തു നിൽക്കുന്ന ഒരു പറ്റം കല്യാണ സൗഗന്ധികങ്ങൾ, മടിയിൽ കിടന്നാൽ കിട്ടുന്ന അരിഞ്ഞ പുല്ലിന്റെ മണം, വരിക്ക പ്ലാവിന്റെ ഇലകൾ തൂത്ത് വാരുന്ന ശബ്ദം, കരിയിലകൾ പുകയുന്ന മണം, തൊഴുത്തിലെ പശുക്കളുടെ ദയ പൂണ്ട കണ്ണുകൾ, അവർ..
മഞ്ഞനിറമുള്ള വൈകുന്നേരങ്ങളിൽ ആരെയോ നിങ്ങൾക്ക് നഷ്ടപ്പെട്ടതായി തോന്നാറുണ്ടോ?
പിന്നീട് ഇതേ വൈകുന്നേരങ്ങൾ കാണുമ്പോൾ വല്ലാത്ത തരം ഒരു മനം പിടച്ചിൽ വരാറുണ്ടോ ?
എനിക്ക് മാത്രം തോന്നുന്നതോയിത്?
നോക്കൂ ആ മഞ്ഞ നിറങ്ങളിൽ നിന്ന് ഇറങ്ങി പോയവർ പിന്നീട് വന്നിട്ടേയില്ല.
അത്തരം വൈകുന്നേരങ്ങളെ നോക്കിനിൽക്കുക അത്ര എളുപ്പവുമല്ല.
തൊഴുതിന്റെ ഒരറ്റത്ത്
ഒരു തൊട്ടിയിൽ തൊണ്ടും ചകിരിയും ഉണക്ക പ്ലാവിലകളും കുത്തി നിറച്ചത് കാണാം..
ഇളമിരുട്ടിൽ
അത്തരം ഒന്നിലേക്ക്
ഞാനാ വൈകുന്നേരങ്ങളെയും
കുത്തി നെറക്കും.
സൈക്കിൾ
അഗർബത്തിയുടെ മണം
മഞ്ഞ ബൾബിന്റെ നരച്ച വെളിച്ചം
നിലാവിന്റെ തലകഷ്ണം കിടക്കുന്ന
കിണറ്റിന്റെ കരയിലാരോ കുളിച്ചു കയറും വാസനസോപ്പിന്റെ മണം.
കടുത്ത ദു:ഖോം നിരാശേം
കലർന്ന
ഭൂതകാലത്തിന്റെ
രണ്ടോ മൂന്നോ പഫ്
പുകയെടുത്ത്
കണങ്കാൽ ചൊറിഞ്ഞിരിക്കെ,
പശ്ചാത്തലത്തിലിവയെല്ലാം കിട്ടിയാൽ
ഒന്ന് കൂടുതൽ ശ്രദ്ധിച്ചോളൂ.
ഇങ്ങനെ പൊകമണം നുരയുന്ന
ഒരു തൊട്ടി നമ്മളെല്ലാരും
കൊണ്ടുനടക്കുന്നുണ്ട്.
സത്യത്തിൽ ഞാനത് കാണാറുമുണ്ട്.
എന്റെ വാനിറ്റി ബാഗിലോ,
അലക്കി തേച്ച പഴയ മുണ്ടുകളുള്ള അലമാരയിലോ,
ചിലർ പറയുന്ന പോലെ
സോഫക്കോ, കട്ടിലിനടുത്തോയായി
കാണപ്പെടുന്ന
പൂച്ചയുടെ സ്ഥാനത്തോ,
അല്ലെങ്കിൽ
എന്റെ ഷൂസിതട്ടിനടുത്തോ,
തെളിച്ചെങ്ങ് പറഞ്ഞാൽ
നമ്മുടെ നെഞ്ചിടുക്കിലൊക്കെയായിട്ടോ
കണ്ടെന്നും വരാം.
ഉള്ളിൽ കയറിരുന്നു നമ്മളെ
അധികമങ്ങ് പൊകച്ചു കളയും,
അവരത്ര നിസ്സാരക്കാരിയല്ല..
# അവരെയോർത്തൊരിക്കലെങ്ങോ എഴുതിയിട്ടത് #
അരിഞ്ഞിട്ട പുല്ലിനോ
തീറ്റിച്ച പശുക്കൾക്കോ
ചാണകത്തിന്റെ ചൂരിനോ
ഒരു നിത്യമൂകതയുണ്ട്,
ഉപന്യസിക്കാനാവാത്തത്.
പരാതി പറയാത്ത
അവരുടെ
പരാതികളാണ്.
മുഷിഞ്ഞതെല്ലാമെടുത്ത്
പുഴയിലിട്ട്
അലക്കി വെളുപ്പിക്കുമ്പോൾ,
മുങ്ങാംകുഴിയിട്ട്
അവർ താഴേക്ക് താഴേക്ക് പോം.
ആരുമറീല..
നെഞ്ചിൽ നിന്നു വാരിയെടുത്ത
വേദനയുടെ കല്ലുകൾ
പവിഴപുറ്റുകൾക്കൊപ്പമിട്ട് പോരും.
മുളകുണക്കുമ്പോഴും
അരിയാട്ടുമ്പോഴും
റേഡിയോപെട്ടിയാവുന്ന
അവരിൽ
എന്റെ ഓർമ്മകളൊക്കെയും
പാട്ടുകളായി പോയല്ലോ.
കാക്കത്തൊള്ളായിരം കിളികൾ
ഒന്നിച്ച് പറന്നു പാടുന്നതിൽ
ഒരുവളുടെ പാട്ടിനെ
കുരുപ്പു കണ്ണുകളുള്ള
മന്ത്രവാദിമേഘം
മുക്കുന്നത് പോലെ
ആരും ഒന്നും തന്നെ
അവർ പറഞ്ഞത്
കേൾക്കുന്നില്ല.
കൂടില്ലാതെ വളർത്തിയ കൂറിന്
സ്നേഹം
വിഴുങ്ങിയതാവണം,
നല്ല മുട്ടകളാവുന്നു
പിടക്കോഴികളുടെ
പൊട്ടിച്ചിരികൾ.
ചീര മുറത്തിലേയ്ക്കരിഞ്ഞിടുമ്പോൾ
കവിളുകൾ ഉമ്മകളാൽ
ചെഞ്ചീരാവസന്തത്തിലാവും,
ഋതുക്കളെ
എത്ര വിശദീകരിച്ചാലും
കാണാത്തത്.
ചാവെന്ന കിണറിലേയ്ക്ക്
അന്തര്‍ദ്ധാനം ചെയ്ത രാത്രി
അവരുടെ
ചുളുങ്ങിയ മുലകൾ
ഓര്‍ത്തെടുത്ത് ചപ്പി
വീട്ടിലെ കുഞ്ഞുങ്ങളുറങ്ങി.
കിണറ്റിനരുകുകളിലെ
തവളകളിലിരുന്നവർ
കരച്ചിലുകളെ
പുതുക്കി
അവ്യക്തമായ ഭാഷയിൽ നിന്ന്
കൂടുതൽ
അവ്യക്തമായ ഭാഷയിലേയ്ക്ക്
ചാടി പോകുന്നു,
എന്നിൽ നിന്നനന്തമായി.
അത്തരം
മഞ്ഞ വൈകുന്നേരങ്ങളെ
നോക്കിനിൽക്കുക അത്ര എളുപ്പവുമല്ല.
No comments:
Post a Comment