Sunday, July 1, 2018

ഉണർന്നപ്പോ
കവിളിലും
കൈയ്യിലും
പാദങ്ങളിലൊക്കെ
പുല്ലുകൾ മുളച്ചിരിക്കുന്നു.

മാങ്കുട്ടികൾ
എന്റെ പച്ച ഗോട്ടി കണ്ണുകളിൽ
ചുണ്ടുകളണയ്ക്കാനെത്തി.

അനങ്ങാനെനിക്ക് പേടി പോലെ.

എന്നെ പതിയെ പതിയെ തിന്നോട്ടെ.

അവർ ചവച്ചരച്ച് തിന്നോട്ടെ.

ശ്വാസമത്രേം ചെറിയ ഓളങ്ങളിലാണ്.

ഒഴുകി പോം
ചെറിയ ചോലകൾ
തുളുമ്പി പോയാലോ.

ഇലകളിൽ
പറ്റിപിടിച്ചിരിക്കും
കാട് അലയാൻ പോയാലോ.

അവരെന്നെയിട്ട് പോയാലോ.

ഞാനിങ്ങനെ നിൽക്കുന്ന പക്ഷം
നിങ്ങളുടെ
ബ്രഷ് വിറയ്ക്കുന്നതെന്തിനാണ്?

കാട്ടുപൂക്കളെ
ഊതി വിടുന്നുതിന്റെ
മണം കിട്ടുന്നുണ്ട്.

ഉറവയെ പറ്റി
ഇരട്ട നാക്കുള്ള
നിങ്ങളുടെ ബ്രഷ്
ഒരക്ഷരം മിണ്ടുന്നില്ലിപ്പോ.

നോക്കി നിൽക്കെ
ചോലക്കരികിലെ
തണുപ്പിലത്
മുങ്ങി മുങ്ങി പോയി.

ഒരു പച്ച തണ്ടിനറ്റം പോലെയേ
കാണാനാവുന്നുള്ളൂ.

ഇഴഞ്ഞ് പോകും
പച്ചില പാമ്പിനറ്റം പോലയേ
കാണാനാവുന്നുള്ളൂ,

എന്റെ പൊക്കിളിൽ.

No comments:

Post a Comment