Wednesday, December 4, 2013

ആണിപ്പഴുതിന്റെ വെളിച്ചം

മുള്ളരഞ്ഞാണമായി
കാണാതെ കിടപ്പുണ്ട്,
സ്നേഹം തരാമെന്നേറ്റവൻ
അരയെ കുത്തിക്കീറുന്നുണ്ട്..
വയറ്റത്ത് ഞെക്കിയാൽ മാത്രം
കരയുന്നൊരു പാവയെ
ഗർഭകൊതിയിലോർത്ത്
അടിവയറുഴിയുമ്പോൾ,
അങ്ങനെ കരയാൻ അറിയാത്തവളായി
എങ്ങനെ മാറാമെന്ന പരിണാമശാസ്ത്രം
പഠിക്കുമ്പോൾ,
അരയെ കുത്തിക്കീറുന്നുണ്ട്..
അഴിക്കാനാവാത്ത
കുരുങ്ങിയ പാവാടകൾ പോലെ
ഇറുക്കിവയ്ക്കുന്നെന്നെ
പകലിനെയും
രാത്രികളാക്കുന്ന നോവുകൾ

ഉപമകളില്ലാത്ത
ഒരു ആണിപ്പഴുതിന്റെ വെളിച്ചം
അരയെ ചുറ്റാൻ വരുന്ന
ഇരുട്ടിന്റെ നീളൻ കൈകളിൽ..


നിന്നെ ഞാൻ കണ്ടുപിടിച്ചിരിക്കുന്നു.

കരച്ചിലുകള്‍ , ജനലുകള്‍ ..

ഒറ്റശ്വാസത്തിന്റെ
ഉള്ളിലെടുപ്പിൽ
ഉച്ചി തൊട്ട് ഉപ്പൂറ്റി വരെ
നീ തഴുകിയ ഇടങ്ങളില്ലെല്ലാം
ഓരോ ജനാലകളുണ്ടാവുന്നു..
ഓരോ ജനാലകളിൽ നിന്നും
ഓരോ ഞാൻ എത്തിനോക്കുന്നു.
ഒരുപാടു നാളുകൾക്ക് ശേഷം
കണ്ടുമുട്ടുന്നത് പോലെ
എന്റെ സുഖത്തെ കുറിച്ചന്വേഷിക്കുന്നു..
നിരന്തരം കരയുന്ന സ്ത്രീയായി
ഞാൻ മാറിയതായി
നീയറിയുമ്പോൾ,
മരണം നിശ്ചിതമായ ഒരുവന്റെ
ജീവിതത്തിലേയ്ക്കുള്ള
വയ്ക്കോൽ തുണ്ടോളം
സാദ്ധ്യത പോലെ
പല പല ഞാനുകൾ
ജനലുകളില്‍ ഉയിരെടടുക്കുന്നു,
അതിങ്ങളാണ് കരച്ചിലുകളെ
ആദ്യം കേള്‍ക്കുന്നത്,
അത് പണിതവനെ സ്നേഹിക്കുന്നത് ..

ജനൽക്കാലങ്ങളിൽ,
നീ
ഒന്നാന്തരം
മരയാശാരിയാണെന്നറികെ
ഒറ്റയ്ക്കായ എന്നെ
നീ ഇനിയും തഴുകുമോ?

തരില്ലല്ലോ...ഞാൻ തരില്ലല്ലോ .. :-)

കുഞ്ഞുങ്ങളുടെ കട്ടിലിനടിയിൽ
ചിത്രകഥയിലെ 
രാക്ഷസന്മാരെ പോലെ

പശയൊട്ടുന്ന നാവുകൾ 
നീട്ടിയിരിപ്പുണ്ട്
..
മനക്കണക്കിൽ 
തെറ്റിപോവുന്നത്രയും
സ്വപ്നങ്ങൾ
മാജിക്കൽ കൂണുകളായി
ഉടലാകെഉയിരാകെ
മുളയ്ക്കുമ്പോഴേക്കും,
എന്റേതല്ലാതാക്കാൻ മാത്രം
എന്നിൽ നിന്നു ഭിന്നിപ്പിച്ചെടുക്കാൻ
കഞ്ചാവുണ്ടവരെന്നോണാം
കുംഭ വീർപ്പിച്ച് മലർന്നുറങ്ങുന്നുണ്ടവര്‍

കാലുകൾ നീട്ടിയിടാൻ മടിച്ച്
പുതപ്പിനുള്ളിലേയ്ക്ക്
ചുരുങ്ങുന്ന പേടികൾ
ഒന്നാലും
സാരൂപ്യപ്പെടാതെ,
ഒരു കണ്ണ്‌ മറച്ചു നോക്കുന്നു.

എന്റെയാണിതെന്ന്‍
തരില്ലല്ലെന്നോടി
എത്താത്ത എത്താത്ത
ദൂരേത്തേയ്ക്ക് പറത്തി വിടാൻ


ഏത് പക്ഷിയിലാണ്‌ ജീവിതമേ,
നിന്റെ ഉയിര്‌ ?

ഓംകാരം.

നാരങ്ങാമാലയും
മിനുക്കുസാരിയും
വൈരമൂക്കുത്തിയും
ഒന്നുമില്ലാത്ത
മുക്കുവത്തിയായി
അഭിനയിക്കുന്നു,

എന്റെ നിരാമയപ്രേമം.

മൂന്നാം കണ്ണിൽ നിറച്ചും
ചിതമ്പലുകൾ പൊഴിക്കുന്ന
ശതംശതം മീനുകളാണ്.

ഇടവഴികളിലിരിന്നു
എന്റെ മീന്‍കുട്ടയിലേയ്ക്ക്
നിന്റെ കടലിനെ വിളിക്കുമ്പോൾ,

കൈകുമ്പിളിൽ
ലോകത്തെ
കുഞ്ഞുപരല്മീനാക്കി
ശക്തീ വാ കളിക്കാൻ എന്ന് വിളിക്കുന്നു.

ത്രിശൂലത്താൽ
പച്ചകുത്തുന്നു,

മറുകുകളിൽ കടലനക്കം അഥവാ ഓംകാരം.

Thursday, November 28, 2013

ചിദംബരരഹസ്യം

ഗാഢമായ
ചുറ്റിവരിയലുകൾക്കുള്ളിൽ
കാർവള്ളികൾ ഒളിപ്പിക്കുന്ന
കൈലാസരഹസ്യമുണ്ട്‌,
ഇളക്കി മാറ്റിയാലും
കാണാനാവാത്തത്‌,
സ്ത്രീയുടെ
ഇടത്തെ മുല തടവുന്ന
പുരുഷന്റെ സ്നേഹം പോലൊന്ന്..

ചിദംബരാംബരങ്ങൾ
അങ്ങനെയാണവരെ
മുറുകിപിടിക്കുന്നത്,
തന്റേതെന്ന ഗര്‍വ്വിൽ
യോനി ലിംഗത്തെ
പിടിച്ചു വയ്ക്കുമ്പോലെ,

ദൈവമപ്പോൾ
ദൈവത്തെ
ഉള്ളംകയ്യിൽ നിന്ന്

തുറന്നു വിടും.

Sunday, November 24, 2013

പന്തുകളി


ഉള്ളിൽ ഉറങ്ങുന്നത്
കാലങ്ങളായ
തവളജന്മമാണ്.
പലനൂറ് ഉമ്മകളിൽ
വീണ്ടെടുക്കാനായുമ്പോൾ
ഉരുട്ടി പേടിപ്പിക്കുന്നത്രയും പോലെ
കണ്ണുകൾ അടച്ചുപ്പൂട്ടി പറ്റിക്കുന്നു
ഉണര്‍ന്നിരുന്നൊരു
മന്ത്രവാദിനിമൗനം.

കണ്ടുപിടിക്കാൻ
സഹായിക്കാമോ?
ആ മഹാമുടിയിഴകളൊന്നിൽ
ഒരു കൈപിഴുതിനപ്പുറം
അവളുടെ പ്രാണനാണ്.

പ്രണയത്തിന്റെ
സ്വര്‍ണ്ണപ്പന്തുകളെറിയാൻ
വാചാലതയുടെ സുന്ദരകുമാരനെ
ഉണര്‍ത്തി അവിടെ കൊണ്ടിരുത്തൂ..

ഇപ്പുറത്ത് ഞാനിരിപ്പുണ്ട്..

നോക്ക് നോക്ക് നമ്മുക്കായി
ഭൂമി സ്വര്‍ണ്ണപന്തായത് കണ്ടോ..

താക്കോൽ

മുറിയുടെ ഓർമ്മകളിലേയ്ക്ക്‌
ചെന്നുകയറുവാൻ
അതിലേയ്ക്കുള്ള താക്കോൽ
നമുക്ക്‌ മാത്രം അറിയാവുന്ന
കറ്റാർവാഴച്ചെടിച്ചെട്ടിയ്ക്കുള്ളിൽ,
വിരൽ നീട്ടിയത്‌
എടുക്കാനാഞ്ഞപ്പോഴേക്കും
മായ്ച്ചു കളഞ്ഞല്ലോ
വകതിരിവില്ലാത്ത നിമിഷമതിനെ,
അതിനെ ജീവിതമെന്ന് വിളിക്കാം.

കുത്തിയിരുന്നു
പച്ചക്കുളം വരയ്ച്ചാൽ മാത്രം കിട്ടുന്ന
കൊച്ചു കാലത്തെ
രാജ്ഞിയുടെ താക്കോലിൽ
കുളം കീറിയെത്ര വേഗമാണ്‌
മുറിയെ തിരിച്ചെടുത്തത്‌.

എന്നെ കണ്ടില്ല,
നിന്നെ കണ്ടില്ല..

കുളം ചുറ്റിയുള്ള
കറ്റാർവാഴകളുടെ കണ്ണുകളിൽ
നമ്മളെ കണ്ടുപിടിക്കാനാവുന്ന
നിരവധി താക്കോലുകൾ..

ഏതെടുത്താൽ നിന്നെ കിട്ടും?
നമ്മളെ കിട്ടും?