Sunday, June 22, 2014

അക്രോഫീലിയ

അക്രോഫീലിയന്‍ കുതിപ്പുകള്‍ക്ക്
നീട്ടി കൊടുക്കുന്ന
വ്യഗ്രതകളുടെ
കെട്ടിടങ്ങളേ,
ബാല്‍ക്കണികളേ,
കുന്നിന്‍ നിവര്‍ത്തുകളേ.
നദിത്തഴപ്പേ,
തെറ്റാന്‍ പോവുന്ന

ആ ഒറ്റച്ചുവടേ,
എന്നെ തിരിച്ചു വിളിക്കൂക്കൂക്കൂ,

ചുംബുന്ന ചുണ്ടുകളെ
വലിച്ചകറ്റാതിരിക്കൂക്കൂക്കൂ...


തിരിച്ചു വരാത്ത ബസ്സ്

1.
ഗർത്തങ്ങളുടെ നോട്ടം പോലെ
വ്യതിചലിപ്പിക്കാൻ പോന്നത്ര
പ്രലോഭനീയതയിൽ
നിങ്ങളുടെ കണ്ണുകളിലേയ്ക്ക്
വഴുതി വീഴാൻ തയ്യാറാവുന്നു
ഏറെക്കാലമായ
എന്റെ ബസ്സിരുപ്പുകൾ.

വെയിൽപക്ഷികൾ
കൊത്തിത്തിന്നെന്ന പോലെ
ആസക്തികൾ തുള വീഴ്ത്തിയ
കുട പിടിച്ച്
നിങ്ങൾ നില്ക്കുന്നത്
ഏത്സ്റ്റോപ്പിൽ?

പ്രിയങ്കരനായ യാത്രക്കാരാ,
ഓർമ്മയെ അടിവയറ്റിൽ
മോതിരമാക്കിയ
ഒരുവന്റെ അവസാനത്തെ
മറവിയിൽ നിന്നും പുറത്തുവരൂ.

ഞാൻ വന്നാൽ
എന്നോളം മാത്രമുള്ള
നിങ്ങളുടെ ശൂന്യത ഇല്ലാതാവുമെങ്കിൽ
കാലോചിതമല്ലാതെയോടി വന്ന്
കൈവിരലുകളെ കൂട്ടിയമർത്തിയിട്ടും
എന്റെ സ്നേഹത്തെ
പിൻവരിവിജനതയിലേയ്ക്ക്
തള്ളിവിടുന്നതെന്തിന് ?

എന്റെ ഏകാന്തത
അയൽ സീറ്റിലെ
കുഞ്ഞിന്റെ കരച്ചിൽ പോലെ
നിങ്ങൾക്കതൊന്നും
വിഷയമാകുന്നില്ലെങ്കിലും
പച്ച കൊണ്ടു തന്ന ദൈവത്തെ പോലെ
പ്രള(ണ)യം തീർന്നെന്ന്‌ മാത്രം പറയരുത്‌..

ഈ വായനയിൽ / വഴിയിൽ
ഇനി പാളിപോവില്ലെന്നുറപ്പിച്ച്
ബസ്‌ നമ്മളെ വായിച്ചെടുക്കുമ്പോൾ
നാം തന്നെ കാണാതെ
കെട്ടിപ്പിടിക്കുന്ന കൈവരകൾ വഴി
ജീവിതത്തിന്റെ അത്രയും നീളത്തിൽ
ഹൃദയത്തിലേയ്ക്കൊരു
സഞ്ചാരമുണ്ട്, പോകാം.

പരിചിതരെന്ന
കള്ളപേരുകളിലാണ് ഇനി,
നീയും ഞാനും.

2.
കാത്തിരിപ്പ്
എന്ന സഹനത്തെ
എന്തിനിനിയും സഹിക്കണം
എന്നോർത്ത്
കുഞ്ഞുങ്ങൾക്ക്
തിരിച്ചു വരാത്തൊരു ബസ്സിന്റെ
കഥ പറഞ്ഞുകൊടുക്കുന്നു,

വ്യാകുലപ്പെടില്ലെന്നുറപ്പിച്ചൊരു മാതാവ്‌.

മുയലിനെന്താ കൊമ്പുണ്ടായാൽ

എന്റെ വീടിന്റെ മേല്‍കൂര
പുല്ലിന്‍ മെത്തയായിരുന്നു,
കുറിക്കു തന്നെ കൊള്ളും

മുയലുകളുടെ 
മഞ്ഞിന്‍ വീഴ്ച്ചകളിലുരുണ്ടുമറിഞ്ഞു,
അചേതനമായ വിത്തുകളെ

വേരുകളില്‍ ചെന്ന്
തട്ടി നോക്കി

തലോടി നോക്കി
ആധികളില്ലാത്ത ക്യാരറ്റുകള്‍ മണത്ത്
കലര്‍ന്നുപോയീ മണത്തിൻ  
പച്ചക്കയറില്‍ നൂണ്ടുകയറി
ആകാശത്തിന്‍ പുരപൊറത്ത് 
മലര്‍ന്നു കിടന്ന്‍ കടിച്ചു തിന്നുന്നു
എന്റെ കവിതകളൊക്കെയും,

ഓ ! ഈ ലോകത്തില്‍ അനന്തമായ ക്യാരറ്റുകൾ സംഭവിക്കട്ടെ !!

നാനോ-സുനാമി


ഞെട്ടറുത്തിട്ട്
ഞെട്ടിച്ചതാണ്‌,

നിശ്ചലമായി നിന്നിരിക്കിലും
നിത്യം പായൽ ഗോവണി കയറിവരും
കിണാറാഴത്തിൽ
ഒരു പഴുത്തിലയോർമ്മ മട്ടില്‍ ഞാൻ

ചെവി ചേർത്താൽ കേൾക്കാം,
ഒരു തവളത്തുടിയുണ്ടതിൽ,

എളിയത്,
നിന്റെ ജലതലങ്ങളെ


ഇളക്കി മറിക്കുമത്.

Sunday, May 11, 2014

തല തിരിയാൻ

മൂർച്ഛ കൊള്ളുന്ന ഭൂമിയാണ്‌,
ഒരു കുട തിരിച്ചു വച്ചാൽ
വിരിഞ്ഞ പൂവാവുന്നതിൽ
എറിയപ്പെട്ട കല്ലുകളത്രയും
പകരം വീട്ടി
പുഴ ഉൽപതിപ്പിക്കുന്നതിൽ
രാത്രിയ്ക്കുള്ളിൽ നിന്നു പകൽ
കൈ പൊക്കി വിളിക്കുന്നതിൽ
കിളി കൊത്തിയിട്ട സമയങ്ങളെ
തിരിച്ചുവച്ച്
കാലം പിൻനൂൽക്കുന്നതിൽ
മഴവില്ലുകളെ കറുപ്പിലേയ്ക്കും
നക്ഷത്രങ്ങളെ വെളുപ്പിലേയ്ക്കും
ഗൂഢതകളുടെ ആകാശം
തിരിച്ചേല്പ്പിക്കുന്നതിൽ,
ലോകത്തെ പരിചയപ്പെടാൻ
ഭാവമില്ലാത്തൊരുവൾ
അടിവയറ്റിൽ സർവ്വഥാ നീന്തിപ്പിടച്ച്
പരമാനന്ദിച്ച് ചവിട്ടുന്നതിൽ
തുടകൾക്ക് തൊട്ടു മുന്നിൽ നിന്നാ
ഗർഭം വരില്ലെന്നു വിക്കുന്നതിൽ
വേദനയില്ലായ്മയുടെ കുഴമ്പുമായി
ദുർദൈവങ്ങൾ ചൂലിൽ
പാഞ്ഞെത്തിയുഴിയുന്നതിൽ
ഹെർക്കുലൈൻ ബാർബിനായി
ലിംഗകല്പനപ്പെടുന്നതിൽ
ദൈവത്തിന്റെ ഗ്ളാസ്സിൽ
ചീയേർസ് മുട്ടിക്കുന്നതിൽ

തല തിരിഞ്ഞ്
തല തിരിഞ്ഞ്
ഞാന്‍.

ഏകാന്തതയെ 
മൂർദ്ധാവിൽ നിന്ന് കഴുകിക്കളയുന്ന
അലക്കുപെണ്ണുങ്ങളുടെ
തണുപ്പ് വീണിരുന്ന
പൊക്കിളിൾപ്പൂക്കളിലെ
ഈറനെ വെയിലത്തിടുന്നു,
പതിവിലും ശകതമായി
സ്നേഹിക്കാനാവുന്നു..

ലോകത്തിനു ചിറകുകൾ വരയ്ക്കുന്നു
മലർന്നു പറക്കാൻ സ്വതന്ത്രമാക്കുന്നു
മറന്നു വച്ചവ ഓർത്തെടുക്കുന്നു
ഓർമ്മയുള്ളവ മറന്നു വയ്ക്കുന്നു
ആകാശത്തിലേയ്ക്ക്
കയർ വഴി കയറുന്നു
മേഘങ്ങളുടെ ഗ്രാമങ്ങളിൽ ചെന്ന്
മഴയെ നിശ്ചലമാക്കുന്നു,
ഉറങ്ങുന്ന താക്കോലുകളെ
ഉണർത്താതെ ഒളിച്ചിരിപ്പിന്റെ ജനാലകൾ
തുറന്നു വയ്ക്കുന്നു,

പോയി നോക്കൂ,
വിനാശകരമായൊരു
നൃത്തത്തിന്‌ ശേഷം
ബലൂൺ കവിൾ പോലെ
വിലയേറിയ ഒരു മഴത്തുള്ളിയായി
തലയ്ക്ക് മേൽ
ഒരാണിയായി,
തിരിഞ്ഞ്
തിരിഞ്ഞ്

ഞാന്‍.

Tuesday, May 6, 2014

കുതിര + കഴുത + നായ + കുരങ്ങ്



അവൾ/ർ പെറ്റതിനെ തീറ്റാൻ/റ്റിക്കാൻ തുടങ്ങുന്നു,
കുഞ്ഞുങ്ങളുടെ ഉദരങ്ങളിൽ
അമ്മമാർക്കു കാണാൻ പാകത്തിനു
അനേകമായിരം ജീവജാലങ്ങളുണ്ട്,
വിശപ്പില്ലല്ലോയെന്ന മതത്തിനോട്
പറയാൻ കഥകളുണ്ട്,
കഥയിൽ കാടുകളുണ്ട്,
കാട്ടിൽ കുതിരയുണ്ട്,

മുളകരി നുള്ളി കളഞ്ഞ്
അവിയലിന്റെ കഷ്ണങ്ങളുടയ്ക്ക്മ്പോൾ
നോവല്ലേ, നോവിക്കല്ലേയെന്ന്
അവ മുളപ്പിച്ച വിത്തിനോട്
മനസുവാടുമ്പോൾ
കട്ടിലിൽ നിന്നു കസേരയിലേയ്ക്ക്,
കസേരയിൽ നിന്ന് മേശയിലേയ്ക്ക്മുറ്റത്തിലേയ്ക്ക്,
പുറത്തെന്ന പ്രപഞ്ചത്തിലേയ്ക്ക്,
അ-രാജകനായ ആ കുതിര സഞ്ചരിക്കുന്നു.
അണ്ണവായിൽ
ഒരു ഭൂഗോളവും കണ്ടില്ല,
ഇക്കണ്ടയീരേഴുപതിനാലു ലോകമെല്ലാം
വലിച്ചെടുത്ത് തുള്ളിയോടുന്ന
കുഞ്ഞനേ, വിശക്കുന്നില്ലേ?
നിങ്ങക്കിനിയുമെന്ന്‌
പുറകേയോടിയാണന്തിച്ചത്.

ശർക്കരക്കൂറുള്ള കുറുക്കുമായി
ഒരു കൈ നീണ്ടു വരുമ്പോൾ,
കാട്ടിലെ കഴുത വാ നീട്ടി
വയറ്റത്തെ ഇടത്തേ കോണിലുണ്ട്,
അലങ്കോലപ്പെട്ട കോലങ്ങളെ
ഒരു ലോകമാക്കാൻ
ലാക്കാക്കി പറക്കുന്നത് ഓർമ്മിച്ച്
മുടന്തനായി പോയവനെ
തട്ടിയുണർത്തിയപ്പോഴും,
കുഞ്ഞൻ പാതി നിറഞ്ഞെന്ന്
വയറുഴിയുന്നു,
ഉണർന്നെണീറ്റവനൊന്നുമായില്ല.

എല്ലായ്പ്പോഴും വാലാട്ടി തരുന്ന
അലങ്കാരം മാറ്റിവച്ച്,
വെളിച്ചമുള്ളയിടങ്ങളെ ചൂണ്ടണമെന്ന്
മുന്നേക്കൂട്ടി മീൻപൂഴ്ത്തിയ ചോറുണ്ടകളുടെ
ഇനി അടുത്ത രണ്ടു വായ
20
ആണ്ടുകളുടെ ഋണബാദ്ധ്യതയിൽ
ശൂന്യത എന്നൊരു
സാധുനായക്ക് കൊടുക്കുമ്പോൾ,
ശൂന്യത തന്നെ അകവും പുറവും
എന്നത് ഓരിയിട്ട് കരയും,

അമ്മ/മ്മാർ അപ്പോൾ കേൾക്കുന്നത്
ഒരു കുഞ്ഞേമ്പക്കം മാത്രം.
അതിക്തമായ പഴങ്ങൾ തിന്നുതിന്നു
കുഞ്ഞനു ബോറടിക്കുന്നു,

മിണ്ടരുത്,
      കാണരുത്,
            കേൾക്കരുത്,
എന്ന മഹാവബോധവുമായി
ഉള്ളിലെ കുരങ്ങന്മാർ
കിടന്നും ഞരങ്ങിയും വിലക്ഷണിക്കുന്നു.


ഊട്ടലിന്റെ
അതിശയോക്തിയിൽ
അമ്മമാർ ദാ ഈയൊരൊറ്റ വായ കൂടി എന്നോടികൊണ്ടിരിക്കുന്നു
*********************************************************************
കണ്ണിൽപ്പെടാതെ
വളർത്തിയ/വളർത്തിയതായി
ഭാവിച്ചവരൊക്കെ
കുതിരകൾ
കഴുതകൾ
നായ്ക്കൾ
കുരങ്ങുകൾ
പുറപ്പെടുന്നു,
പുറപ്പെടുന്നു,

ജീവിതം എന്ന ഖണ്ടശ്ശയെ എന്നും അടിമയാക്കുന്നു.



Saturday, April 19, 2014

ഹാ..!!

വെന്തതിൽ ഒരു പാതി
ഞാൻ തന്നെയെടുത്തോളാം,
ചുടുകട്ടകളിൽ മുങ്ങി നിവരുന്ന
നനവൊത്തയീ പിത്തത്തെ
കിരുകിരാന്ന്‌ കടിച്ചെടുത്ത്
എത്തിനോക്കിയെത്തിനോക്കി
മൺചുവ പ്പൊക്കെയില്ലെന്നുറപ്പാക്കി
ഉടുപ്പിനാൽ പല്ലെല്ലാം തേയ്ച്ചു മായ്ച്ച്
മരത്തിന്റെ പിന്നിൽ നിന്ന്‌ പമ്പ കടക്കുന്ന
ഒരു പാളി കൊതിച്ചിവെയിലിൽ നിന്നവളിറങ്ങിപ്പോവുന്നു.

തലയിണകളിൽ കർപ്പൂരം നിറയ്ച്ച്
തലപൂഴ്ത്തി അല്പ്പാല്പ്പമത് കടിച്ചു തിന്നുതിന്ന്
കട്ടിലിന്റെ മൂലയ്ക്കിരിക്കുന്ന രാത്രിക്കുള്ളിൽ
അവൾ കുമ്പിട്ടിരിക്കുന്നു,

മഴനാമത്തിൽ
മുറ്റമത്രയും ഊറ്റിയെടുക്കുന്ന
ഞരമ്പുരോഗിയായ
ഭൂമിയിലവളുണ്ടെന്നു കാട്ടികൊടുക്കാൻ
ജനലുകൾ ഒരപിരിചിതനു തുറന്നുവയ്ക്കുന്നു

പമ്പുകളിൽ
തല പുറത്തിടാമെന്നും
പെട്രോളൊഴിക്കുന്ന ചെറുക്കന്റെ വിരലുകൾ
അവളുടെ മൂക്കിനോട് സംസാരിക്കുന്ന
മണനേരങ്ങൾ
അവളെ അവിടെയിറക്കി വച്ചിട്ട് പോവുന്നു,

ടർപ്പറ്റൈനടിച്ച ചുമരുകളെ
കാമുകന്റെ കക്ഷത്തിലേയ്ക്കെന്ന പോലെ
അവൾ വായ തുറന്നിരുന്നു,

എന്റെ ചുടുകട്ടേ,
എന്റെ കർപ്പൂരമേ,
എന്റെ പെട്രികോറിയൻ* മഴേ,
എന്റെ പെട്രോളെ,
എന്റെ ടർപ്പറ്റൈനേ,
എന്റെ ജീവിതമേ,
നിന്നെ മണത്തിണക്കാൻ
ഒരു പിനോച്ചിയൻ മൂക്ക് പോലെ
അവള്‍ പുറത്തേയ്ക്ക് വളരുന്നു..

*
പെട്രികോറിയൻ = Petrichor, the scent of the dry earth after the first rain.