Tuesday, March 13, 2012

ഭൂമി പീലികൾ പറത്തുന്ന പെണ്കുട്ടിയാവുന്നു

പെരുന്തേൻ പൂതിയിൽ
നീലശലഭങ്ങളെ
കണ്ടിരുട്ടിലാണ്
ഇറങ്ങി തിരിച്ചത്‌...
ചൂട്ടിന്റെ
കിതപ്പില്‍
കാട് തണുപ്പിന്റെ
ഒരാച്ഛര്യ ചിന്‌ഹമാകുന്നു.

ചൂട്ട്‌ കത്തുന്നു,
ഒരു പെണ്‍കുട്ടിയുടെ
കണ്ണുകൾ തുറന്നിരിക്കുന്നതിൽ.

ബങ്കണയുടെ
ഇടത്തേ ചില്ലയിൽ
പൂത്താങ്കീരികളുടെ
ഇണക്കം കാണുന്ന
തെറിച്ച നക്ഷത്രങ്ങൾ
എന്നിൽ ആഴ്ന്നിറങ്ങുന്നു
എനിക്കു ചുറ്റിനും
അനേകമായിരം
ഹരിതനീലിത
മയിലുകളെ
പറത്തി വിടുന്നു.

ചൂട്ട്‌ കത്തി പാതിയായി,
അതില്‍ പെണ്‍കുട്ടിയുടെ
കണ്ണുകൾ പാതിയടയുന്നു.

അവളുടെ ഉടലുകളിൽ
നിശ്ചല തടാകങ്ങളുണ്ട്‌.
മേഘത്തിന്റെ
വിത്തുകളുള്ള
മയില്‍ക്കണ്ണുകളുണ്ട്

അതിലാണോ.
ഋതുക്കളെല്ലാം
ഭ്രമിച്ചു ഭ്രമണം ചെയ്ത്
സർവ്വതിനെയും
പീലികളാക്കുമ്പോള്‍ ,

ഭൂമി പീലികൾ പറത്തുന്ന പെണ്‍കുട്ടിയാവുന്നു.

ചൂട്ട്‌ കത്തുന്നു,
അതില്‍ ഒരു പെണ്‍കുട്ടിയുടെ
കണ്ണുകൾ മുക്കാലും കൂമ്പുന്നു

കാടിന്റെ ചങ്കിൽ
സ്വതന്ത്ര്യവതിയായ
ഒരു ദേവതയുണ്ട്.
മരംകൊത്തികൾ
ചുണ്ടുകൾ കൂർപ്പിച്ച്
ആഞ്ഞു കൊത്തുന്നത്
അവള്‍ക്കുള്ള ഏറ്റവും
അനുയോജ്യമായ യോനി
തീർക്കുവാനാണ്‌.. ..

കൊത്തികളുടെ പാട്ടിൽ നിന്ന്
കാടിന്റെ ചെവികൾ
ചില പ്രപഞ്ചരഹസ്യങ്ങൾ
വ്യാഖാനിക്കും.

വീട്ടില്ലെത്തി
പെണ്‍കുട്ടി ഉറങ്ങുമ്പോൾ,

തീ തീര്‍ന്ന
ചൂട്ടിനു ചുറ്റും,
കൂമ്പി പോയ
കണ്ണിനു ചുറ്റും
ഒരേ സമയം
പറക്കുന്ന നക്ഷത്രങ്ങളിൽ
ഞെട്ടിയുണര്‍ന്ന് ,

മുറ്റത്ത് വാരിയിട്ട
പീലികളിലൊന്നെടുത്ത്
കുത്തിവെയ്ക്കുന്നു,
രാത്രിയുടെ കുറുക്കൻ മുടിയിൽ .


തിരികെ വന്നുറങ്ങുന്നു.

No comments:

Post a Comment