ചൂടൻ മുയലിറച്ചിയും
ഒരു കിലോ ക്യാരറ്റും
ഒറ്റയിരിപ്പിനു തിന്നു തീര്‍ത്ത
മടിയനുച്ച യുറക്കത്തിലെ
പ്പൊഴോ
നീയും ഞാനും
എതോ ചിത്രക്കഥയിലെ
രണ്ടു വാക്കുകളാവുന്നു
ആദ്യവരിയിലെ
ക്യാരറ്റ് എന്ന വാക്ക് നീയും
ഇങ്ങേയറ്റത്തിരിക്കുന്ന
മുയൽ എന്നാ വാക്ക് ഞാനും.
വാക്കുകൾ വാക്കുകൾ
അകലത്തിൽ
മിണ്ടാതെ
നമ്മളിരിക്കുന്നു.
വായിക്കുന്നവനേ
നിങ്ങളുടെ
കണ്ണോടുന്ന വരയാണ്
നമ്മളുടെ വഴി.
നീ നമ്മള്‍ക്കിടയിലെ
പുല്‍പ്പൊന്തയാവുന്നു.
ഞാനതിലൂടെ
ചാടി
ച്ചാടി
ച്ചാച്ചാടി
ച്ചാച്ചാച്ചാടി
പോയത് കണ്ടില്ലേ?...
പച്ചക്കുന്നിലൂടൊരു
വെള്ളപ്പന്ത് പോലെ..
സത്യത്തിൽ
നിങ്ങളറിയുന്നേയില്ല
ഈ വഴികണ്ടെത്തിക്കളി.
ന്റെ മുയൽക്കുട്ടീ' ന്ന്
നിന്റെ ക്യാരറ്റു ഹൃദയം വിളിക്കുന്ന
അതിനെ കരളാൻ നില്ക്കുന്ന
വായന നിങ്ങൾ
നിർത്തല്ലേ എന്ന്
രണ്ടറ്റത്തിരുന്നു,
നമ്മൾ
പ്രാർത്ഥിക്കുന്നു..
No comments:
Post a Comment