ഗണിതപുസ്തകത്തിലെ
കടലാസ്സു-റോമ്പസ്സിനെ
വലിച്ചെടുത്ത്
ആദ്യം ഞാൻ പറത്തുമെന്ന്
ആകാശത്തിന്റെ പെടലിയിലേയ്ക്കൊരു
പട്ടമെന്നോണം
ഒരുവൾ കുന്നിന്റെ
പശ്ചാത്തലത്തിലേയ്ക്കോടുന്നു.
എന്നെയുയർത്തൂയുയർത്തൂ
ഒരുമ്പെട്ടവളെ പോലെ
അവളും പട്ടവും ചാടിത്തുള്ളുന്നു.
അവളുടെ
ചിന്തകളേയും
സ്റ്റ്രിങ്ങിന്റെ
അനുവദനീയമായ വട്ടത്തെയും
ഭേദിക്കാൻ
ആകാശം പാടുപെടുന്നു..
അവളുടെ
മന്ത്രവാദിനിഹൃദയം
കുട്ടികളെ കുന്നിന്റെ
മുകളിലേക്കാകർഷിക്കുന്നു...
ഒരോ കുട്ടികളും
പല പല കളറുള്ള
പട്ടങ്ങളാവുന്നു..
ആകാശം
ഒരടിമയെ പോലെ
എല്ലാർക്കും
നടുവ് കുനിച്ചു കൊടുക്കുന്നു..
പട്ടങ്ങളിൽ കുട്ടികൾ
ഒരാകാശം
സ്വപ്നം കാണുന്നു..
കൈനിറയെ
പട്ടങ്ങളുമായി
ഒരുവൾ നിരത്തിലൂടെ
പട്ടം വേണോ, പട്ടം വേണോ എന്നു
വിറ്റുനടക്കുന്നു
അമ്മമാർ കുട്ടികൾക്കായി
പട്ടം വാങ്ങുന്നു,
ഓരോ കുട്ടികളും
അവരവരുടെ വീട്ടിൽ
പട്ടങ്ങളായി തിരിച്ചെത്തുന്നു..
മാറിനകം നിറയെ പണവുമായി
പട്ടംപ്പറത്തിപ്പെണ്ണ്
പുളിമരത്തിൻ കവരം കയറുന്നു
ഒരു കവിത പാടി,
പുളിങ്കുരു തുപ്പിയെറിഞ്ഞു
കുന്നു കയറുന്നു..
അവള്‍ക്കിന്നു
പട്ടങ്ങളുടെ സമൃദ്ധിയിൽ
കൊട്ടിപ്പാടൽ ...
ഗണിതപുസ്തകത്തിൽ
കാണാതെ പോയ
റോമ്പസ്സുകളെ
കുട്ടികൾ
അന്വേഷിക്കുന്നു,
റോമ്പസ്സുകളില്ലാത്ത
ആകാശം
ഒരു പട്ടത്തെ മോഹിച്ച്
പിന്നേയും പർപ്പിളാവുന്നു.
No comments:
Post a Comment