പുളിവിറകിന്റെ ചൂട്
ശ്ഠനെ എരിച്ചു കളയുന്ന
ഓർമ്മകളുടെ
ചൂട്ടടുപ്പിൽ
കാലത്തിന്റെ
അടിവയര്‍ വേവുന്നു,
അത് തീര്‍ക്കുന്നത്
ഒട്ടിയ വയറുകളുടെ
കാത്തിരിപ്പിനെയാണ്..
പുകയുടെ കരിച്ചിലിൽ
അമ്മ കരിവാളിക്കുമ്പോൾ
ഞാൻ ഓടി ചെല്ലും
ഒറ്റ ഊതലിൽ,
ഒരായുസ്സിന്റെ
ഇല്ലനക്കരി
അടർന്നു വീഴും,
അമ്മ വെളുക്കും...
തട്ടിയും മുട്ടിയും
വഴക്കിടുന്ന
ചട്ടിയും കലങ്ങളും
ഇടയ്ക്കിടെ കെട്ടിപ്പിടിയ്ക്കും..
തങ്ങളിൽ ഒഴിയുന്നതും,
നിറയുന്നതും
ഒന്നാണെന്നറിയുമ്പോൾ
പെറ്റതെത്രയെന്നറിയാതെ
മീന്‍ച്ചട്ടിക്ക്
കുറുകെ ചാടുന്ന
വയറ്റുകണ്ണി പൂച്ചയ്ക്ക്
അയലത്തലയെറിഞ്ഞു
കൊടുക്കുന്നു,
പിന്നാമ്പുറത്തേയ്ക്കു
നാടുകടത്തപ്പെട്ട
വല്യേടത്തിയെ പോലെ,
കട്ടയിരുട്ടുള്ളയെന്റെ അടുക്കള,
എന്നാണ് നീ ഉമ്മറത്തേയ്ക്ക് വരുന്നിരിക്കുന്നത് ?
No comments:
Post a Comment