മിനിട്ടിൽ എഴുപതുപ്രാവശ്യമിടിക്കുന്ന ഒരു നീലശലഭം പറന്നുപോവുകയും, അതേസമയം തന്നെ തന്റെ മരണപ്പെട്ട സുഹൃത്തിന്റെ പേര് അഡ്രസ്സ് ബുക്കിൽ നിന്നൊരാൾ മായ്ച്ചുകളയുകയും, തൊട്ടപ്പുറത്തെ കെട്ടിടത്തിന്റെ ടെറസ്സിൽ രണ്ട് വൈൻ ഗ്ലാസ്സുകൾ ഒരു മാജിക്കൽ വിൻഡിൽ നൃത്തം ചെയ്യുകയും ചെയ്ത ഒറ്റ നേരത്താണ് ഈ ഫ്രഞ്ച് സിനിമയുടെ നിയന്ത്രകൻ ഷോൺ പിയെർ ഷോനേ, ‘അമേലി’ എന്ന പെൺകുട്ടിയുടെ ഉല്പത്തിയെ പ്രകാശിപ്പിക്കുന്നത്.
തന്റെ ഏക കൂട്ടുകാരി, ബ്ളബ്ബർ എന്ന മത്സ്യം, കണ്ണാടിക്കുടത്തിലെ ഒറ്റപ്പെടൽ സഹിക്കാനാവാതെ പിടഞ്ഞു ചാടി ആത്മാഹുതിക്കൊരുങ്ങുമ്പോൾ അച്ഛൻ തിരിച്ചു കുടത്തിലിടും വരെ നീണ്ടുനിന്നു അമേലിയുടെ കരച്ചിലിന്റെ കൂക്കി വിളി. എന്നിട്ടും അമേലിക്ക് ബ്ളബറിനെ നഷ്ടപ്പെട്ടു അന്ന്. തിരിച്ച് അരുവിയിലേക്ക് അതിനെ അവളിൽ നിന്നും അമ്മ ഇറക്കിവിടുമ്പോൾ, ഒരു സാധാരണ പെൺകുട്ടിക്ക് എത്ര സുഹൃത്തുക്കളുണ്ടാകുമോ, അത്രയും തന്നെ സുഹൃത്തുക്കളെ അമേലിക്ക് നഷ്ടപ്പെട്ട നിമിഷമായിരുന്നു. അമ്മയുടെ മരണത്തോടെ പൂർണ്ണമായും ഒറ്റയ്ക്കാവുന്ന അവൾ തന്റെ ഒറ്റപ്പെടലുമായി പോരടിക്കുന്നത് കുട്ടികളുടെ പില്ലോ ഫൈറ്റിന്റെ കുസൃതിത്തത്തോടെയാണ്. തനിച്ചിരുന്നാൽ സ്വപ്നം കാണാമെന്നും, ഭാവന കൊണ്ട് മറ്റുള്ളവരുടെ ജീവിതത്തെ നിഷ്കളങ്കതയോടെ മാറ്റി മറിക്കാമെന്നും അമേലി. ജീവിതത്തിന്റെ ആകസ്മികതയിൽ, കൊച്ചു കൊച്ചു വിസ്മയങ്ങളിൽ, അതിന്റെ വിശ്വാസത്തിൽ ഒരാൾക്ക് കഴിയുന്ന പൊട്ടത്തരങ്ങളിലൂടെ അതിനെ പിന്തുടരുന്ന അത്ഭുതങ്ങളാണ് അമേലിഎനിക്ക് കാണിച്ചു തന്നത്.
മറ്റൊരു തരത്തിൽ ഇതുപോലുള്ള അത്ഭുതങ്ങളിൽ നില്ക്കാൻ അഗ്രഹിക്കുന്നവരാണ് എല്ലാവരും. ജീവിതത്തിൽ ഞാൻ ആകാശത്തോളം മോഹിക്കാറുണ്ട്. പറ്റാത്തത് എഴുത്തിൽ ആവിഷ്കരിക്കുന്നു. ഒരു സമ്മാനം കൊണ്ടോ, ഒരു ഉമ്മയാൽ കെട്ടിപ്പിടുത്തം കൊണ്ടോ, കേവലം ഒരു നീട്ടിവിളി കൊണ്ടോ തീരുന്നതാവണം ഈഗോയിൽ നിന്നു തുടങ്ങി മനുഷ്യനെ സങ്കീർണ്ണമാക്കുന്ന ഏത് സാധാരണ പ്രശ്നങ്ങളും. ഒരോ ജനാലയ്ക്കരികിലുമിരുന്നു കൊണ്ട് തിരിച്ചുവരൂ എന്ന് അടക്കം പറയാൻ ഒരോ പ്രോംപ്റ്റർ ഉണ്ടെങ്കിൽ ഒടുവിൽ എന്തെങ്കിലുമൊക്കെ നേടിയെടുത്ത് ഊറിച്ചിരിക്കുന്നത് കൂട്ടത്തിൽ ഒഴിഞ്ഞു നില്ക്കുന്നവരായിരിക്കും. ഇന്നിന്റെ വികാരങ്ങൾ നാളെയുടെ ചുളുവുകൾ ആവാതിരിക്കണം എന്നും ദ്യോതിപ്പിക്കുന്നു അമേലി.
വലിയ ലോകത്തിനു മുകളിൽ കയറി നിന്നു ഇമ്മിണി ബല്യ ചോദ്യങ്ങൾ സ്വയം ചോദിക്കുക, അതിൽ ലോകത്തെ ചുരുക്കി രസിക്കുക, കൈവിരലുകൾ ഞൊട്ടയിടുന്ന ശബ്ദത്തിൽ, കൈകൊണ്ടുണ്ടാക്കുന്ന പൂമ്പാറ്റയുടെ ചിറകടിയുടെ കടകടാ ശബ്ദത്തിൽ, ചെവികളെ അതിവേഗം തുറന്നും അടച്ചുമുണ്ടാവുന്ന കാറ്റിന്റെ ആവൃത്തികളിലെ ശബ്ദത്തിൽ അഭിരമിക്കുക, വരിവരിയായ ചീട്ടുനിരകളെ ഒറ്റ തട്ടിനു തട്ടിയിട്ട് അതിന്റെ വീഴ്ചയിലും ഒരു താളം തിരയുക, സ്വന്തം കൈകളിലും, മുഖത്തും മിനുക്കുപണി ചെയ്ത് തലകീഴായ അവനവനെ കാണാനായുക, ഗ്ളാസിന്റെ വൃത്തത്തിലൂടെ ആവർത്തിച്ചാവർത്തിച്ചു കൈവിരലോടിക്കുക, പത്തു വിരലിലും സ്ട്രോബെറിപ്പഴങ്ങൾ കുത്തി വച്ച് ഒന്നൊന്നായി കടിച്ചു തിന്നുക, അരിച്ചാക്കിൽ കൈ പൂഴ്ത്തി തണുപ്പറിയുക, ക്രീമി കസ്റ്റാർഡിന്റെ കാരമൽ ടോപ്പിങ്ങ് സ്പൂൺ കൊണ്ട് അടിച്ചടിച്ചു പൊട്ടിക്കുക, വെള്ളിയാഴ്ച്ചകളിലെ സിനിമാനേരങ്ങളിൽ ഇരുട്ടിൽ ആരുമറിയാതെ തിരിഞ്ഞിരുന്നു കാഴ്ചക്കാരെ നോക്കുക, സിനിമയിൽ ആരുടെയും കണ്ണിൽപ്പെടാത്ത വിശദാംശങ്ങളെ കണ്ടുപിടിക്കുക, അതായത് രണ്ടുപേർ ചുംബിക്കുമ്പോൾ സീനിൽ അവരുടെ ചുമരിൽ ഇഴഞ്ഞുപോകുന്ന ഒറ്റയുറുമ്പിനെയാവാം, സങ്കടസിനിമികൾ കണ്ട് കരയുക, പഴയകാല സിനിമകളിൽ നായികയായി സ്വയം സങ്കല്പ്പിക്കുക, ആളൊഴിഞ്ഞ സബ്‌വ്വേ നോക്കിയിരിക്കുക, മുറികളിൽ നിഗൂഢതകൾ പരതുക, അതിന്റെ പിന്നിലെ ലോകത്തിലേക്ക് സഞ്ചരിക്കുക, എണ്ണാനാവാത്തത്ര കല്ലുകളെ കനാൽ ജലത്തിൽ നീട്ടിയെറിഞ്ഞു പലതായി തട്ടിക്കുക, കളഞ്ഞു കിട്ടിയ സാധനങ്ങൾ, വർഷങ്ങൾക്കു മുന്നേ കൈമോശം വന്ന ഒരു പ്രണയലേഖനത്തെ ഹിതകരമായി മാറ്റുന്നത് പോലുമാവാം, അതൊക്കെ ഉടമസ്ഥനെ കണ്ടുപിടിച്ച് തിരിച്ചേല്പ്പിക്കുക അവരുടെ ആനന്ദത്തിൽ അനവധിയാവർത്തി ആനന്ദിക്കുക, പ്രച്ഛന്നതയിൽ പ്രണയിക്കുന്നവനെ പിൻതുടരുക ഇങ്ങനെ ഏകാന്തതയിൽ ആത്മരതിപ്പെടുന്ന പെൺകുട്ടിയെ ആരൊക്കെ ഉള്ളിലും പുറത്തുമായി കൊണ്ടുനടക്കുന്നുണ്ടെന്നറിയില് ല. എന്നിരുന്നാലും ആകസ്മികതയുടെ ഈ പെൺകുട്ടി ഞാനാണെന്ന്, ഇതെന്നെപ്പറ്റിയാണ്, ഇതെന്നെപ്പറ്റി മാത്രമാണെന്ന് വിദൂരത്തെങ്കിലും ഒരു തോന്നൽ പാഞ്ഞു പോവാറുണ്ട്. അമേലിയുടെ ജീവിതത്തെ മാറ്റിമറിച്ചത് പോലൊരു അത്ഭുതപ്പെട്ടി ആരാണ് കാത്തിരിക്കാത്തത്. സ്വന്തം വായ മാത്രം സംസാരിച്ചു കൊണ്ടിരിക്കുക, അതിൽ മാത്രം തത്പരയായിരിക്കുക, അപ്പുറത്തിരിക്കുന്നവന് പറയാൻ വല്ലതുമുണ്ടോയെന്ന് ഒന്നു ഉത്കണ്ഠപ്പെടുക പോലും ഉണ്ടാവില്ല. നല്ല ഒരു കേൾവിക്കാരൻ കൂടി ആകണം എന്നു കൂടി ഇവൾ പറഞ്ഞു തരുന്നു. സിനിമയിലെ ഒരു പൂച്ചക്കുഞ്ഞ് പോലും അമേലിയെ അത്ര അടുത്തതായി കാട്ടിത്തരും, അവളെ ഒരു പൂച്ചക്കുട്ടിയെന്നോണം ഓമനിക്കാൻ ആരും ഒരുമ്പെട്ടുപോകും. മുറിയിലെ ചുവന്ന ചുവരിൽ അവൾ ചാരിയിരിക്കുമ്പോൾ കടുംനിറങ്ങളുടെ പ്രാന്തിൽ വിശേഷാൽ ഒന്നിന് വേണ്ടി, ഒരു സാരിക്കോ, ഒരു ദുപ്പട്ടക്കോ, ഒരു പൊട്ടിനോ വേണ്ടി അതിശയോക്തിയോളം കടകളിൽ കയറി നടന്ന ഏതോയൊരു ദിവസമെങ്കിലും അമേലി എന്നിലൂടെ കടന്നുപോയതാവാം.
മറ്റുള്ളവരുടെ ജീവിതത്തെ മാറ്റിമറിക്കാൻ അമേലി ശ്രമിക്കുമ്പോഴും അവളെ സൂക്ഷ്മതയോടെ നീരിക്ഷിക്കുകയും പരോക്ഷമായി ജീവിതത്തിൽ ഇടപെടുകയും ചെയ്യുന്ന ഒരു കഥാപാത്രമുണ്ട്, ചിത്രകാരനായാൾ. റെനോയറുടെ “ലഞ്ചൻ ഒഫ് ദ ബോട്ടിംഗ് പാർട്ടി” എന്ന പെയിന്റിംഗ് 20 വട്ടം പകർത്താൻ ശ്രമിച്ചിട്ടും അതിലെ പെൺകുട്ടിയുടെ വെളിപ്പെടാതെ നില്ക്കുന്ന നോട്ടത്തെ ചിത്രീകരിക്കാൻ പരാജയപ്പെടുന്നുണ്ട് ചിത്രകാരൻ. അതു കൈവരിക്കുന്നതും അമേലിയിലൂടെയാണ്, ഒപ്പം ഈ പെൺകുട്ടിയിലൂടെ തന്നെ അമേലിയിൽ പ്രണയം അനുഭവിപ്പിക്കുന്നു. അവളുടെ ഒറ്റപ്പെടലിനെ തട്ടിമാറ്റിച്ച് നിനോയെന്ന കാമുകനിൽ എത്തിക്കുന്നു. പോയി ജീവിക്കെടാ എന്ന് ബൈക്കോടിച്ച് പോകുന്ന അവരുടെ അവസാന ഫ്രെമിയിലെ പാച്ചിലിൽ സ്വപ്നങ്ങൾ പോലെയുള്ള എന്റെ സ്വപ്നങ്ങളും ടട്രട്രർർർർർർ എന്ന് ബൈക്കോടിച്ച് പോവുന്നു.
No comments:
Post a Comment