Tuesday, December 10, 2013

ഒളിച്ചേ... കണ്ടേ...പിടിച്ചേ..

ജീവന്റെ ഒടുക്കത്തെ
നിമിഷത്തിലും

വഴിനീളെ നാരങ്ങ മുട്ടായി
നോക്കി കാലുടക്കുന്ന
ചെരുപ്പിടാതെ
ചെളിവെള്ളത്തിലിറങ്ങുന്ന,
കളർ ഗോട്ടികളെ
മണലിൽ തുളച്ചിറക്കുന്ന,
മൂക്കില്‍ കയ്യിടുന്ന

തീപ്പെട്ടി ചിത്രങ്ങളുടെ
പുസ്തകം
ബാഗിലുണ്ടെന്നു
ഉറപ്പുവരുത്തുന്ന

കല്ലു പൊട്ടുകള്‍ നോക്കിനോക്കി
സിണ്ട്രല്ലയാവുന്ന

മണക്കുന്ന റബ്ബറുകളെ പെറാൻ
പെൻസിൽതൊലികളെ
ചൂടു വെള്ളത്തിൽ
വേവാനിടുന്ന

ഭും..! എന്നൊരു ഭൂതം
കട്ടിലിനടിയിൽ നിന്ന്
പൊന്തി വരുന്നതോര്‍ത്ത്
കാലുകൾ നിലത്തൂന്നാൻ

ഒടുവിൽ
അയ്യേ എന്തായിക്കഥ
ഇങ്ങനെ എന്നോര്‍ക്കുന്ന

രാവിലെ
പച്ചില മിഴികളാൽ
ചിലപ്പനിട്ട മുട്ടകൾ
എണ്ണി നോക്കുന്ന

ഞൊടിയിടയിൽ
ആണായി മാറി
കവരത്തീന്ന്‌
കവരത്തേയ്ക്ക്‌
ചാടികേറുന്ന

പുളിങ്കുരു
കടിച്ചുകടിച്ച്
തുപ്പിയെറിഞ്ഞ്
കൊട്ടിപ്പാടുന്ന

നിന്നു മൂത്രമൊഴിക്കുന്ന
പെണ്ണല്ലേ,
ഒതുങ്ങിയിരിക്കടീയെന്ന
നുള്ളുകൾ വാങ്ങുന്ന,

വെള്ളം തെറിപ്പിച്ച്
പരലലിനെ
പരവശപ്പെടുത്തുന്ന,

അയ്യോ അമ്മേയിതു
ചോരയല്ലേയെന്ന്
തുടകൾ ചൂണ്ടിച്ചൂണ്ടി
കുനിഞ്ഞു
പിന്നെയും
കരഞ്ഞു വിമ്മുന്ന,

മഴക്കുടുക്കങ്ങളെ
സ്വപ്നത്തിന്റെ
ചേമ്പിലകളിൽ
ആർത്തലച്ചു വീഴ്ത്തുന്ന,

പ്രണയത്താല്‍
സൈക്കിളില്‍
മീശമുളച്ചവർ
കണ്ണിറുക്കിപോവുന്ന,

അതോര്‍ത്ത്
ചായിപ്പു ഭിത്തിയിൽ
വള്ളിപ്പടർപ്പാവുന്ന,

അത്
ആദ്യാനുരാഗത്തിന്റെ
ആഗിരണശക്തി പോലെ
കുറുക്കമുടിയിൽ നിന്നു
തണുപ്പു പിടിച്ചെടുക്കുന്ന,

കുട്ടിക്കാലത്തിന്റെ
ചെമ്പരത്തിയിലയെ
മണ്ണിലിട്ട് ഒളിപ്പിക്കുന്നു...

ജീവന്റെ ഒടുക്കത്തെ
നിമിഷത്തിലും,

വീണ്ടും വീണ്ടും

ഊതിയൂതി കണ്ടുപിടിക്കാന്‍ ...

Sunday, December 8, 2013

ഒലീവിലകൾ

കുരിശിന്മേൽ
വിളറി നില്‍ക്കുന്ന
നിന്നെ കാണാൻ
ഒരു ചന്തവുമില്ല..
മുള്ളാണിത്തൊപ്പി
വലിച്ചെറിഞ്ഞു
ഇറങ്ങി വരൂ,
എന്റെ ആശാരിച്ചെക്കാ..

മരക്കുരിശിൽ കയറാൻ
ഇനി നിന്നെ
കിട്ടില്ലെന്ന ഭാവത്തിൽ
ഒരിലീവിലകൾ
കാറ്റിൽ പറത്തൂ,


പ്രളയം കഴിഞ്ഞിരിക്കുന്നു.

ജീവിതം

പഴയ തയ്യല്‍ക്കാരനാണ് നീ,
ഒമ്പത്തിയൊമ്പത്തിയൊമ്പത് തയ്യലുകൾ
കുത്തിത്തയ്ക്കാനുള്ള
സൂചിമിടുക്കിൽ
നീ മന:പൂർവ്വം വേണ്ടന്നു വയ്ക്കുന്ന
ആദ്യത്തെ കീറൽ ഞാൻ,
എനിക്ക് നോവുന്നു.


ഉടലിനെ ഉടലിലിട്ട്
രക്ഷപ്രാപിക്കുന്ന
ആ യുക്തമായ കുപ്പായം നോക്കി
എന്തൊരു സ്ത്രീയേ
എന്നൊരു വേദന.

Wednesday, December 4, 2013

നിലാവും ആമ്പലും പൈങ്കിളിയാവുന്നു

ഒരൊറ്റ നേരം കൊണ്ട്
ചങ്കിലൊളിപ്പിച്ച
കാക്കത്തൊള്ളായിരം കുരുവികളെ
കാക്കത്തൊള്ളായിരം പൊത്തുകളിൽ  നിന്ന്
ഒരുമിച്ചുണർത്തുകയും
എന്റെ ഉടലിനു മീതെ
പറത്തുകയും
ആ ആനന്ദോന്മാദമായ
ചിലയ്ക്കലുകളെ
എന്നിലലിയിക്കാതെ
പൊന്തിച്ചു കിടത്തി
ഈക്കണ്ട ആമ്പലുകളായി
വിളയിക്കുന്നതും
എങ്ങനെയാണ്‌ നീ..?

സ്വപ്നങ്ങളെ
മുറിച്ചു കടത്തുന്ന
പുഴയായി ഇങ്ങനെ
പുഴഞ്ഞു കിടക്കുമ്പോൾ
നീയിട്ട കല്ലിന്റെ ആദ്യയോളവും
ഞാനെടുത്ത കല്ലിന്റെ
അവസാനയോളവും
തമ്മിൽ തമ്മിൽ ചുറ്റിപ്പിടിച്ചതും
വെളുത്തവാവിനു വീര്‍പ്പുമുട്ടി
പരല്‍മീനെന്നോണം
തൊള്ളായിരംത്തൊള്ളായിരം
ആമ്പൽവിത്തുകളുള്ള
കണ്ണുകളുമായി ചാടി, യാ-
കാശത്തേയ്ക്കോടി..

നീന്തിയിട്ടും നീന്തിയിട്ടും

ആമ്പലുകൾ ആകാശമെത്തിയില്ല.

പിണക്കം.

ദൈവത്തോട് പരാതിപ്പെടാൻ
കുന്നുകൾ കയറി കിതയ്ക്കുന്ന
എന്റെ കവിതകളുടെ
ചെമ്മരിയാടുകളെ കണ്ടോ,
അവരുടെ രോമങ്ങളിൽ
എന്റെ സന്ദേശങ്ങൾ വഹിക്കുന്ന
ഉടുപ്പുകൾ തുന്നാൻ വച്ചിരിക്കുന്നു..
അവര്‍ തന്നെയാണ്
ഒരു കെട്ട് പുല്ലിനു വേണ്ടി
എന്റെ പാട്ടുകളെ
കുന്നിന്‍പുറങ്ങള്‍ക്ക്
ചോർത്തി കൊടുക്കുന്നത്.
പുല്ലുകൾക്കിടയിൽ
ഞാൻ വിതറിയ
വെയിൽ വൈഡൂര്യങ്ങളെ
ഒളിപ്പിക്കുന്നത്,
എന്റെ തീയും തണുപ്പും
തട്ടിയെടുക്കുന്നത്,
കുന്നിൽ നിന്നെന്നെ
തള്ളിയിടുന്നത്..

എന്നെ ഒരു താഴ്വാരമാക്കുന്നത്,

ഈ പിണക്കത്തിന്റെ പേരിൽ
ഒരു വിരൽ കൊണ്ട്ട് തട്ടി
ജീവിതത്തിന്റെ ഭൂമിയെ

തിരിച്ചുകറക്കിയാലെന്ത്?!!

കാക്കയും കല്ലും

ഭൂമിയിലേയ്ക്കുറ്റു നോക്കി 
കാക്കയാവുന്ന രാത്രിയാണ് നീ,
ഇത്ര നിസ്സംഗമായി 
കൊത്തിയിടുന്ന 
എത്രാമത്തെ കല്ലാണ്‌ ഞാൻ.?

ബർമുഡ

ഇത്തിരിപ്പോരം
ഒരിത്തിരിപ്പോരം
കടുകുമണി

സ്നേഹം തിരഞ്ഞു
ഞാൻ കയറുന്ന

എല്ലാ വീടുകളിലും
നീയാണ്‌ വാതിലുകൾ തുറക്കുന്നത്.


പ്രണയം മരണമായിരിക്കുന്നു.


ശമിക്കാത്ത ചുണ്ടുകളുമായി
നീ വാ തുറക്കുമ്പോൾ
ബർമുഡ പിരമിഡിനെ

ഓർത്തെടുത്ത്
എന്റെ ഉപ്പൂറ്റികൾ
നിനക്ക് നേർക്ക് പൊന്തുന്നു.


എന്റെ ചുംബനങ്ങളുമായി
ഞാൻ നിന്നിൽ

അപ്രത്യക്ഷയാവുന്നു..