ജീവന്റെ ഒടുക്കത്തെ
നിമിഷത്തിലും
വഴിനീളെ നാരങ്ങ മുട്ടായി
നോക്കി കാലുടക്കുന്ന
ചെരുപ്പിടാതെ
ചെളിവെള്ളത്തിലിറങ്ങുന്ന,
കളർ ഗോട്ടികളെ
മണലിൽ തുളച്ചിറക്കുന്ന,
മൂക്കില്‍ കയ്യിടുന്ന
തീപ്പെട്ടി ചിത്രങ്ങളുടെ
പുസ്തകം
ബാഗിലുണ്ടെന്നു
ഉറപ്പുവരുത്തുന്ന
കല്ലു പൊട്ടുകള്‍ നോക്കിനോക്കി
സിണ്ട്രല്ലയാവുന്ന
മണക്കുന്ന റബ്ബറുകളെ പെറാൻ
പെൻസിൽതൊലികളെ
ചൂടു വെള്ളത്തിൽ
വേവാനിടുന്ന
ഭും..! എന്നൊരു ഭൂതം
കട്ടിലിനടിയിൽ നിന്ന്
പൊന്തി വരുന്നതോര്‍ത്ത്
കാലുകൾ നിലത്തൂന്നാൻ
ഒടുവിൽ
അയ്യേ എന്തായിക്കഥ
ഇങ്ങനെ എന്നോര്‍ക്കുന്ന
രാവിലെ
പച്ചില മിഴികളാൽ
ചിലപ്പനിട്ട മുട്ടകൾ
എണ്ണി നോക്കുന്ന
ഞൊടിയിടയിൽ
ആണായി മാറി
കവരത്തീന്ന്
കവരത്തേയ്ക്ക്
ചാടികേറുന്ന
പുളിങ്കുരു
കടിച്ചുകടിച്ച്
തുപ്പിയെറിഞ്ഞ്
കൊട്ടിപ്പാടുന്ന
നിന്നു മൂത്രമൊഴിക്കുന്ന
പെണ്ണല്ലേ,
ഒതുങ്ങിയിരിക്കടീയെന്ന
നുള്ളുകൾ വാങ്ങുന്ന,
വെള്ളം തെറിപ്പിച്ച്
പരലലിനെ
പരവശപ്പെടുത്തുന്ന,
അയ്യോ അമ്മേയിതു
ചോരയല്ലേയെന്ന്
തുടകൾ ചൂണ്ടിച്ചൂണ്ടി
കുനിഞ്ഞു
പിന്നെയും
കരഞ്ഞു വിമ്മുന്ന,
മഴക്കുടുക്കങ്ങളെ
സ്വപ്നത്തിന്റെ
ചേമ്പിലകളിൽ
ആർത്തലച്ചു വീഴ്ത്തുന്ന,
പ്രണയത്താല്‍
സൈക്കിളില്‍
മീശമുളച്ചവർ
കണ്ണിറുക്കിപോവുന്ന,
അതോര്‍ത്ത്
ചായിപ്പു ഭിത്തിയിൽ
വള്ളിപ്പടർപ്പാവുന്ന,
അത്
ആദ്യാനുരാഗത്തിന്റെ
ആഗിരണശക്തി പോലെ
കുറുക്കമുടിയിൽ നിന്നു
തണുപ്പു പിടിച്ചെടുക്കുന്ന,
കുട്ടിക്കാലത്തിന്റെ
ചെമ്പരത്തിയിലയെ
മണ്ണിലിട്ട് ഒളിപ്പിക്കുന്നു...
ജീവന്റെ ഒടുക്കത്തെ
നിമിഷത്തിലും,
വീണ്ടും വീണ്ടും
ഊതിയൂതി കണ്ടുപിടിക്കാന്‍ ...
good
ReplyDelete