Tuesday, December 10, 2013

മിനെഹാഹാ

ചിലപ്പോൾ മീനായി
ചിലപ്പോൾസൂര്യനായി
ചിലപ്പോൾ മരമായി
ചിലപ്പോൾ കിളിയായി,

ഹിയാവത്തയാവുന്ന*
നമ്മളുടെ ആഞ്ഞിലിക്കട്ടിൽ.

പവിഴപ്പുറ്റുകളിൽ
ഭ്രമിക്കുന്ന
വെളിച്ചത്തിന്‍റെ
മുക്കുവനായി മാറി
അത് കടലിനെ
കൂടെ കൊണ്ടു വരും.

അവന്റെ മുഖത്ത്
കണ്ണാടി മുട്ടിച്ചു
നമ്മളെ ആയിരങ്ങളായി
ബിംബിപ്പിക്കും

കരയില്ലാ കാലം കാട്ടി
പുതപ്പു‍കളിൽ നിന്ന്
ചെതുമ്പലുകൾ
നുള്ളിയെടുക്കുന്ന
മീനുകളായി മാറാൻ
കടൽനൃത്തം
പഠിപ്പിക്കും.

കുടുക്കചിന്ദൂരത്തിൽ
സൂര്യനെ
കൊണ്ടു വന്നിരുത്തും,
ദേവതകളുടെ
ഉടുപ്പുകളിൽ
ചുവപ്പ് കല്ലുകളെ
ഊര്‍ജ്ജസ്വലരാക്കും.

സ്നേഹത്തെ
ആഞ്ഞിളിക്കിളിയുടെ
രൂപത്തിൽ
ഇടത്തെ തോളിൽ
കൊത്തിവയ്ക്കും.
അത് കണ്ട്
ചങ്കോടു ചങ്ക് പറ്റി
ഒരു തൊട്ടാവാടി മൗനം
ചുണ്ടു പിളര്‍ത്തും,

അപ്പോൾ നീ വരും,

മിനെഹാഹാ*
മിനെഹാഹാഹാ..
നെഹാഹാഹാഹാഹാഹാ...
ഹാഹാഹാഹാഹാഹാഹാഹാ.
എന്ന് ആയിരം വട്ടം പറയിപ്പിച്ച്

ആഞ്ഞിലിക്കിളികൾ
നീ മായാവിയെന്നും
ഞാൻ ചിരിവെള്ളമെന്നും
എന്ന് മാറി മാറി പാടി
ചിരിച്ചു ചിരിച്ചു പറന്ന് പോവും.

*ഹിയാവത്ത:- കിളിയായുംമരമായുംമീനായും മാറാൻ കഴിവുള്ള നാടോടി കഥയിലെ അത്ഭുത മനുഷ്യൻ
*മിനെഹാഹാ:-  ചിരിക്കുന്ന വെള്ളം അഥവാ ഹിയാവത്തയുടെ ഭാര്യ.

1 comment: