Thursday, February 22, 2018

ഞാന്‍ കള്ളം പറയുന്നതെങ്ങിനെ?


പന്ത്രണ്ട് വയസ്സായിരിക്കുമ്പോ
ഇപ്പോഴത്തെ പോലെ 
ഒരു പൊരി പെണ്ണായിരുന്നില്ല,

എന്റെ വിരലുകള്‍
ചേച്ചീടെ പോലെ
നീണ്ടതായിരുന്നില്ല.

കാലുകള്‍
പരന്നിട്ടായിരുന്നു.

ക്യൂട്ടക്സിട്ട
നഖങ്ങളോ
വെട്ടിയൊതുക്കിയ
പുരികങ്ങളോ
ആയിരുന്നില്ല.

പിരുപിരുത്ത
മുടിയില്‍
മിനുക്കമുള്ള
ക്ലിപ്പുകളിട്ടിരുന്നില്ല.

എന്നെ അലങ്കരിക്കാന്‍
എനിക്ക് അറിയില്ലായിരുന്നു.

പോരാത്തതിന്
എനിക്ക് കുടവയറും
ചാടീരുന്നു,
ഉച്ചത്തേതിന് പുറമേ
മൂന്നും നാലും വട്ടം
ചോറു മീങ്കറിയും കൂട്ടി
കഴിച്ചിരുന്നതിനാല്‍.

ആണുങ്ങളെ പോലെ
ഉരുട്ടിരുട്ടിയാണ് തിന്നുക.

പാത്രം വടിച്ചെടുത്ത്
കൈയും വിരലുകളും
നക്കാറുണ്ടാരുന്നു.

ആ പ്രായത്തിലെ
പെണ്‍കുട്ടികള്‍
അങ്ങനെ
ചെയ്തിരുന്നില്ല.

അവര്‍
തല കുമ്പിട്ടിരുന്നു
കൊത്തി തിന്നുന്നത്
ഒതുക്കത്തെ
അപനിര്‍മ്മിച്ചു.

എനിക്കതൊക്കെ സത്യത്തില്‍ അറിയില്ലാതോണ്ടാരുന്നു.

തിരണ്ടു ചോര
കണ്ടശേഷമാണ്
അമ്മ ബ്രാ ഇടാന്‍ പഠിപ്പിച്ചത്.

എന്റെ മുലകളെ
വല്ലാതെ മുറുക്കിയതിനാലോ
വലിയ പെണ്ണായെന്ന്‍
സമ്മതിക്ക വയ്യത്തതിനാലോ
അമ്മ കാണാതെ
ഞാന്‍ അതൂരി കളഞ്ഞിരുന്നു.
ചിലപ്പോഴൊക്കെ 
ജട്ടിയിടാനും,
അതൊന്നുമത്ര
ശ്രദ്ധിച്ചിരുന്നില്ല്ല.

ഒന്നൂടി പറയാ,
വാസ്തവത്തില്‍
എന്റെ അളവുകള്‍
എനിക്കറീല്ലാരുന്നു.

രഹസ്യഭാഗങ്ങളിലെ
രോമങ്ങളില്‍
പറക്കമുറ്റാത്ത
കിളിക്കുഞ്ഞുങ്ങളെ
വളര്‍ത്തീരുുന്നു.

മനുഷ്യമണമേറ്റാല്‍
പറന്നു പോയേക്കുമെന്ന്‍
ഭയന്ന്‍
ഒളിഞ്ഞു നോക്കുമെന്നല്ലാതെ
ഒരിക്കലും
ഞാനവയെ തൊട്ടിരുന്നില്ല.

ഇന്നത്തെ പോലെ
എന്റെ അവയവങ്ങളെ
ഞാനന്ന് ലാളിച്ചിരുന്നില്ല.

അവയെ 
മഞ്ഞളില്‍ മുക്കീല,
പട്ടുടുപ്പിച്ചില്ല.

കുളിപ്പൊരയില്‍ നിന്ന്‍
ഒരു കണ്ണും വീഴാതെ
സൂക്ഷമതയോടെ
പെണ്ണുങ്ങള്‍
കുളിച്ചപ്പോഴും
കിണറ്റില്‍ വക്കില്‍ നിന്ന്‍
തുറസ്സായി
ഞാന്‍ കുളിച്ചു.

ശരീരത്തിന്‍റെ
എന്റെ സുഷിരങ്ങളിലും
വെള്ളം നിറച്ച്
പരമപദം പൂകി.

മുള്ളാനായി
ഒരു പൊന്തയിലും
ഒളിച്ചില്ല.

പുസ്തകം പാടി
അലസമായി
വിലയിക്കാമായിരുന്ന
നേരമൊക്കെയും
എന്നെ പശുക്കള്‍ക്കൊപ്പം
ഞാന്‍ അഴിച്ചു വിട്ടു.

പുല്ലു പറിച്ചു.

മള്‍ബറിയും,
അരിനെല്ലിക്കയും
ആയിരുന്നു
എന്റെ കാമം.

ഉത്സവങ്ങളില്‍
തലയെടുപ്പൊള്ള
ഒരു പൂരവും
എനിക്കുള്ളില്‍
പുറപ്പെട്ടില്ല.

ആരും
അടക്കം പിടിച്ച്
ഉമ്മ തന്നില്ല.
അന്നേരം
പ്രേമത്താല്‍
പൂത്തില്ല,
കായ്ച്ചില്ല,
പൊഴിഞ്ഞില്ല.

ആരും എന്നെ
തട്ടികൊണ്ടുപോയതുമില്ല.

ഒരു കുളത്തിലും
എന്റെ ശവം
പൊന്തീല.

വയറ്റിലായോണ്ട്
ചത്തതെന്നും
വിലപിച്ചതുമില്ല.

എനിക്കതൊന്നും അറിയില്ലാതോണ്ടാരുന്നു.

ഇപ്പോള്‍
എല്ലാമറിയുന്ന
കാരണം,

ഇതൊന്നും ചെയ്യാനുമാവുന്നില്ല.

No comments:

Post a Comment