Thursday, February 22, 2018

ഒരു തൊട്ടി
തൊണ്ടും ചകിരിയും
ഉണക്ക പ്ലാവിലകളും
അതിൽ കുത്തി നെറച്ച
വൈകുന്നേരവും.

സൈക്കിൾ 
അഗർബത്തിയുടെ മണം
മഞ്ഞ ബൾബിന്റെ
പശ്ചാത്തലത്തിൽ
പരന്ന് കിട്ടിയാൽ
ഒന്ന് കൂടുതൽ ശ്രദ്ധിച്ചോളൂ.

കടുത്ത ദു:ഖോം നിരാശേം
സമാസമത്തിൽ ചേർത്ത
രണ്ടോ മൂന്നോ പഫ്
പുകയെടുക്കാം.

അത്ര മാത്രം.

ഈ തൊട്ടി
ചിലപ്പോൾ
എന്റെ വാനിറ്റി ബാഗിലോ,
പണ്ടങ്ങളിരിക്കുന്ന അലമാരയിലോ,
ചിലർ പറയുന്ന പോലെ
സോഫക്കോ, കട്ടിലിനടുത്തോയായി
കാണപ്പെടുന്ന
പൂച്ചയുടെ സ്ഥാനത്തോ,
അല്ലെങ്കിൽ
എന്റെ ഷൂസിനുള്ളിലോ,
നെഞ്ചിടുക്കിലൊക്കെയായിട്ടോ
പിന്നീടും കണ്ടെന്നും വരാം.

മിസ്റ്റർ.തൊട്ടി
എനിക്ക് നിങ്ങളോട്
ഒന്നേ പറയാനുള്ളൂ.
ഉള്ളിൽ കയറിരുന്നു
അധികമങ്ങ് പൊകയ്ക്കണ്ട.

എന്റെ ഭൂതകാലത്തെ പറ്റി
നിങ്ങൾക്ക് ആശങ്കയില്ലെങ്കിലും
എനിക്ക് നല്ല ആശങ്കയൊണ്ട്.

കണ്ണു നെറഞ്ഞാലും
അങ്ങനെയിങ്ങനെ
കരയില്ലെന്ന കാര്യം
ഞാനൊന്ന്
ഓർമ്മിപ്പിച്ചോട്ടേ..

No comments:

Post a Comment