Thursday, December 29, 2011

കാർവള്ളിയുടെ കൂന്തൽ...


കലി പിടിച്ച കൂന്തലാണ്
കാർവള്ളിക്ക്‌,
ഒക്കത്തിരിക്കുന്ന കുഞ്ഞ്
ഊർന്നിറങ്ങും പോലെ
നിൽക്കുന്നിടത്തെല്ലാം
അതു താഴെയുണ്ട്‌..
അടക്കമില്ലാത്ത
കറുത്തനദി പോലെ..

ചാലുകളായവ
രാത്രി ഭക്ഷണത്തിലേയ്ക്കൊഴുകവെ
നീയത്സസൂക്ഷ്മം
നുള്ളിയെടുത്ത്പ്രാകും,
വിരലിൽ ചുറ്റി പരിശോധിക്കും,
നോക്കുകൾ കൊണ്ടത്മുറിക്കവെ
ഒരാമാവാസി പ്പക്ഷിയുടെ ഞരമ്പ്
അവളില്‍ പിടയ്ക്കും.
മുറിച്ചിട്ടതിനെ നീട്ടുന്ന
പുഴയൊഴുക്കില്‍
മുടിയൊഴുക്കിനെ പിഴിഞ്ഞെടുക്കുന്ന
കട്ടയിരുട്ടില്‍
അമാവാസിയാകുന്നവൾ,
അക്ഷയതന്ത്രമറിയുന്ന
പഴയ ചീരയിലയുടെ കരുത്തോടെ
വെളിച്ചവുമുള്ള
ഒരു വനവുമായി
മുറിയിലേയ്ക്കു വരും..

കാട്ടുമൃഗത്തെ
പൂട്ടാനെന്ന പോലെ
നീ ശൗര്യം
കാട്ടി രസിക്കും.
അരക്കെട്ട്വലിച്ചെടുത്ത
തുളസിയുടെ ചൂരിനെ
നാഭിയിലേയ്ക്ക്
പൊത്തിമണക്കുമ്പോൾ
മണമ്പിടുത്തക്കാരൻ
പെരുമാളെന്നവൾ കളിയാക്കും.

വാശി പിടിച്ച കടുംമുടികൾ
അവളിൽ നിന്ന്‌ പുതപ്പിലേക്കും
പുതപ്പിൽ നിന്ന്‌ നിന്നിലേക്കും
കെട്ടുപിണഞ്ഞിഴയുമ്പോള്‍
കൊത്താന്‍ വന്ന മരണത്തെ
എത്ര വേഗമാണ്‌
നീ സർപ്പമാക്കി
തലയില്‍ ചുറ്റിയത്..

വകഞ്ഞു നോക്കിയാല്‍ കാണാം
നിലാവിന്റെ
നീല മുട്ടകൾ തിളങ്ങുന്നത്..Thursday, December 22, 2011

ഞാനൊന്നോർത്തെടുക്കട്ടെ, ഫൂലൻ

ഫൂലൻ,
നോവേല്പ്പിക്കാതെ
നിന്നെ ഞാനൊന്നോർത്തെടുക്കട്ടെ..?
ജലാനിലെ പതിനൊന്നുകാരിയെ..?

ആർത്തവരക്തം പുരളാത്ത
നിന്റെ
ത്വക്കിലും,
മാംസത്തിലും,
അവർ കാമം ശമിപ്പിച്ചപ്പോൾ,
തലയ്ക്കു മുകളിലെ സൂര്യൻ
തിളച്ചതിലുമേറേ
നിനക്കു പൊള്ളി..
നീ
അന്നു മുതൽ
യമുന നീന്തുന്നു..

നിന്നെ ഞാനൊന്നോർത്തെടുക്കട്ടെ..?
ചമ്പലിലെ ആ കലാപകാരിയെ?

നിന്റെ നെറ്റിയിലെ
വലിയ ചോന്ന പൊട്ടിൽ
ചമ്പൽകാട്ടുതീ എരിയുന്നു,
ആരെയും ചാമ്പലാക്കാൻ പോന്നത്‌..
നിന്റെ ശമിച്ചയുടൽ ചേർന്ന
തോക്ക്‌ തുപ്പിത്തെറിപ്പിച്ചതിലുമേറേ,
ആർത്തിയുണ്ടതിന്‌...
നീ
അന്നു മുതൽ
തീ മിനുക്കുന്നു..

നിന്നെ ഞാനൊന്നോർത്തെടുക്കട്ടെ..?
എല്ലാ സ്ത്രീകളിലുമുള്ള ഒരമ്മയെ..?

ഒരു കുട്ടിക്കരച്ചിൽ
നിന്റെ ഗർഭാശയഭിത്തികൾ
ഭേദിച്ചു പൊട്ടിപ്പിളരുന്നത്‌,
നീയും ഓർത്തുകാണില്ലെന്നുണ്ടോ..?
മുല കൊടുക്കുമ്പോൾ
നിന്റെ പൂർവസഹനങ്ങളെ
ഒറ്റനോട്ടം കൊണ്ടവൻ
അവൻ മായ്ച്ചു കളയില്ലെന്നുണ്ടോ??
ജീവിതം കടത്തപ്പെട്ട നിന്നെ
ഒരു പിൻവിളി കൊണ്ടവൻ,
തിരിച്ചു വിളിക്കില്ലെന്നുണ്ടോ..?
നീ
അന്നു മുതൽ
ചെവിയോർക്കുന്നു..

ഫൂലൻ,
നോവേല്പ്പിക്കാതെ
എല്ലാം ഞാനൊന്നോർത്തെടുക്കട്ടെ..?

Saturday, December 17, 2011

പച്ചയിൽ കേറി നില്‍ക്കും നോക്കുകുത്തി.

ഇന്നലെയുടെ
ആൺശൈലിയോട്‌ സലാം.
നെഞ്ചിൽ മൂകതയുടെ വയ്ക്കോലില്ല,
മുഖത്ത്‌ കോറുവായ്‌ ചിരിയില്ല,
ഉടലിൽ കോപ്പരാട്ടി ചണ്ടിയുമില്ല...
പോയിനെടായെന്ന മട്ടിലൊരു
ചിമിട്ടി നോക്കുകുത്തി...

കുത്തിനോട്ടത്തിന്റെ എരിവിൽ
ദിശ പിഴക്കുന്ന തത്തക്കൂട്ടമേ
നിങ്ങളുടെ പച്ച
എന്നിലേയ്ക്ക്‌ ആവിഷ്ക്കരിക്കട്ടെ..?
പോകുന്ന പോക്കിൽ
ആകാശത്തെ പച്ചയാക്കുമ്പോഴുള്ള

തണുപ്പിലേയ്ക്ക്‌
എപ്പോൾ വേണമെങ്കിലും
എന്നിൽ നിന്നൊരു

പറക്കൽ തയ്യാറാവുന്നുണ്ട്‌.

കളറുമുട്ടായി തിന്നുന്ന
പള്ളിക്കൂടക്കിടാങ്ങളുടെ
പാവാടകളിൽ നിന്നും
ചായമൂറ്റിയെടുക്കുന്ന
തുമ്പികളെ ഒരു പുഴയാക്കി

വാരിച്ചുറ്റി
ഹാ,  ഞാനങ്ങ്‌
പച്ചപ്പെട്ട് പോയല്ലോ..!

എന്താണിങ്ങനെ നോക്കുന്നതെന്ന്

പരവേശപ്പെട്ട്
കുന്നിന്മുകളേയ്ക്കോടി കയറുന്ന
കാക്കശബ്ദങ്ങളെ
തിരിച്ചുവിളിക്കാൻ പോന്നത്ര
വളർന്നു കഴിഞ്ഞിരിക്കുന്നു,
നോക്കുകുത്തിയെന്ന
എന്റെ പ്രത്യയം,


നെഞ്ചിൽ കുത്തിയതൊക്കെയും
ഞാനും മറന്നിരിക്കുന്നു,

ആത്മഗതിക്കുന്നു.

ഒന്നുമല്ലെങ്കിൽ,
ജീവിതമെന്നയീ
ചുള്ളിക്കാൽ നില്പ്പിനെ
ഉൾക്കൊണ്ട പാടങ്ങളോട്
എന്റെ ഒഴിഞ്ഞ ഹൃദയത്തിൽ
കേറിയിരിക്കാൻ പറയട്ടെ..


ഉണക്കുക്കാലത്തെ
പച്ചക്കാലമാക്കുന്ന
അത്തരം പ്രയോഗങ്ങളിൽ
സമാധാനക്കൊടിയായി
പറക്കട്ടെ


നോക്കുകുത്തിയോളം
പച്ചത്തണുപ്പ്
മറ്റെന്തിൽ തരും
നിങ്ങളുടെ നോട്ടങ്ങള്‍ക്ക്.

Tuesday, December 6, 2011

ഇടച്ചിൽ..

മരിച്ചതിനു മുമ്പു
ട്രങ്കുപെട്ടിക്കു മേലേ,
മരിച്ചു കഴിഞ്ഞു
മരപ്പെട്ടിക്കുള്ളിൽ.
അങ്ങനെ,
തലയിൽ കൈയ്യും കൊടുത്ത്‌
അപ്പനിപ്പഴും
ചുരുണ്ടുക്കിടക്കുകയാവുമെന്നു കരുതി,
കൊച്ചൗസേപ്പെന്നും
തോട്ടിൻപറമ്പിൽ ചെല്ലും..

അപ്പനാകട്ടെ
മണ്ണിനുള്ളിലകപ്പെട്ടതിന്റെ അരിശം
ഉരുളൻ കല്ലുകളാക്കി,
മുകളിലേക്കുരുട്ടിയുരുട്ടി വിടും...
അതെല്ലാം ഒടുക്കം
കുരുത്തംകെട്ട കിളവനിൽ തന്നെ
തിരിച്ചു ചെല്ലും...
ആ വിധം പാറയായി മാറിയ
ഒരോ അമർഷവും,
ഇന്നും മുകളിലേക്കു നോക്കി കിടക്കുന്നു,
ആകർഷണബലം ഭേദിച്ചു
ഭൂമിയിലേക്ക് കടന്നു വരാൻ..

അതവിടെ നില്ക്കട്ടെ...
അറിയുമോ..?
ആളുകൾ അടക്കം പറയുന്നതു്,
ഞാൻ മേരിവേശ്യയുടെ മോനാണെന്നാണ്‌...
ഇരുട്ടുമ്പൊ
എല്ലാ വാതിലുകളും അടഞ്ഞാലും,
അമ്മച്ചീടെ വാതിൽ
സാക്ഷയിൽ കുരുങ്ങി നില്ക്കാൻ
മടിയ്ക്കുമത്രേ..

മൂക്കളയൊലിച്ചിറങ്ങിയ
ചുണ്ടും പെളർത്തി
ഞാനിരിക്കുമ്പൊ
ചായ്പ്പിനരികില്‍
ചൂട്ടടുപ്പിലെ കരിഞ്ഞ കനലായി
അവർ കെട്ടവരാകുന്നു..

പിറ്റേന്ന്
ഇരുട്ടുവായുള്ള
ചോറുകലത്തിൽ
അരിവെള്ളകൾ തിളച്ചുതുള്ളുന്നത്‌
തലേന്നത്തെ
അവരുടെ കിതപ്പിനൊത്താണ്‌...
ഏഴു പള്ള നിറയുമ്പോഴേക്കും
അവർ വീണ്ടും കൊള്ളാവുന്നവരാകുന്നു..

ഈ മണ്ണിലകപ്പെട്ടതിന്റെ അരിശം
ഉരുളൻ കല്ലുകളാക്കി
അവർ നെഞ്ചിലിട്ടുരുട്ടുന്നു,
ഒരാകർഷണബലത്തിനും

വിട്ടു കൊടുക്കാതെ..

വിവർത്തനം

കഴിഞ്ഞ രാത്രി മുഴുവൻ
ഞാൻ ചിന്തിച്ചത്
ഇരുട്ടിൽ താഴേക്ക് പറന്നിറങ്ങുന്ന
ഒരോ കിളിയേയും പുലരും വരെ
എങ്ങനെ വരാലുകളാക്കി മാറ്റാമെന്നാണ്‌..

ഒരു വണ്ടി നിറയെ
പച്ചയും നീലയും
നിറത്തിലുള്ള  കൂടുകളുമായി
എന്റെ കണ്ണിനു മുന്നിലൂടെയെന്ന മട്ടിൽ
ഒരു വേടൻ സഞ്ചരിക്കുന്നുണ്ട്

ക്യാൻവാസും,ബ്രഷുമായി
ഞാൻ തോട്ടത്തിൽ വന്നിരുന്നു...
ആകാശത്തിന്റെ ബലത്തിൽ
പറന്നിറങ്ങുന്ന കിളികളെ
ഓരോന്നായി പിടിച്ചെടുത്ത്
ക്യാൻവാസിലേയ്ക്ക്
പറത്തി വിടുന്നു...

ചിറകുകളെ
ചുരുക്കിയൊതുക്കി
വാലിനെ
വശത്തേയ്ക്കു നീട്ടി
ചുണ്ടിനെ
ഉള്ളിലേയ്ക്ക് വലിച്ചിട്ട്
കിളികൾ
ഒരു രാവുനേരത്തിന്‌
വരാലുകളായി
രൂപവികാരപ്പെടുന്നു.
ഈ പണി എനിക്കിഷ്ടമായി..

കിളികളെ,
പുലരും വരെ
നിങ്ങളിനി വരാലുകളാണ്‌...
ആകാശവും
മുളങ്കൂട്ടവും
ഇലപൊന്തകളും
ഉള്ളിലൊളിപ്പിച്ചു
വിവർത്തനം ചെയ്യുന്നവര്‍

രാത്രികളിൽ
ആരും ചൂണ്ടയിൽ
മണ്ണിരയേയും ചുറ്റിച്ചു
നിങ്ങളെ തേടി വരില്ല..
അഥവാ വന്നെങ്കിൽ തന്നെ,
ഇനി ഞാൻ ചിന്തിക്കുക
എങ്ങനെ മണ്ണിരയെ
വിവർത്തനം ചെയ്യാമെന്നാണ്‌...?പച്ച വരയിട്ട ബസ്സ്

പച്ച വരയിട്ട ബസ്സിൽ,
പിൻവരിയിലാണ്‌ ഞാനിരിക്കുന്നത്‌,
മുൻസീറ്റിലെ ചുവന്ന റിബ്ബൺതല നോക്കി..
ഒരു സ്വപ്നാടകനെ പോലെയാണ്‌,
അയാൾ എനിക്കരികിൽ വന്നിരുന്നത്..
ഒരൊറ്റ നോട്ടം,
ഒരേയൊരു നോട്ടത്തിന്റെ അനുബന്ധത്തിൽ,
അയാളുടെ പെരുവിരൽ
ഇറുകെയമർത്തി ഞാൻ ചോദിച്ചു..

“പോയകാലത്തിന്റെ
പച്ച ബസ്സിലെ പിൻവരിവിജനതയിൽ,
എന്നെ ഒറ്റയ്ക്കാക്കി പോയതല്ലേ..?
ഞാൻ തിരിച്ചറിയപ്പെടാതെ,
ചിതറി പോയവളാണ്‌...
അന്നും,
ഇന്നും,
നിങ്ങളേയും തിരക്കി,
അതേ പച്ച ബസ്സ് കയറുന്നു..”

ആദ്യമായ് കണ്ട മുഖമെന്നോണ്ണം,
അയാൾ അമ്പരെന്നെങ്കിലും,
അകറ്റപ്പെടാതെ,
എന്റെ കൈ
അയാളുടേതിൽ പറ്റിപ്പിടിച്ചു കൊണ്ടിരുന്നു..
വിദൂരത തേടുന്ന കണ്ണിൽ പിടപ്പിടപ്പ്..
എനിക്കത് കാണാം,
എന്നെ കരയിക്കുന്നത്...
എങ്കിലും ഞാൻ ചേർന്നു തന്നെയിരുന്നു..

പ്രാഞ്ചിപ്രാഞ്ചി ബസ്സ്
ഒരുവിധം കുന്നിൻപുറം
കയറുമ്പോൾ,
അയാളെയും നോക്കി ചില മിഴിയിലകൾ,
കുന്നിന്റെ മറുപുറത്തിൽ,
കൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു,
ചില പച്ചനീർതുള്ളികൾക്കൊപ്പം.....

Tuesday, November 15, 2011

മധുരനീലി തീണ്ടാരിത്തണുപ്പിൽ ...

പപ്പായത്തണ്ടിലൂടെ
വീഞ്ഞൂറിയെടുത്ത
ഞായറവധിയിലാണ്
പതിനഞ്ച്ഗോവണിപ്പടികൾ
ഒറ്റകുതിപ്പിൽ ചാടിയിറങ്ങി
ആർത്തലച്ചു വന്ന
മധുരനീലി
ആദ്യമായി തിരളിയത്‌..

അവളുടെ അണ്ഢങ്ങൾ
തക്കാളിപ്പഴം ഞെക്കിയ പോലെ
പ്ളുക്ക്‌’ ന്ന്പഴുത്ത്
അടിവയറ്റീന്ന്
തുരുതുരെ ഒലിച്ചിറങ്ങി.

അരക്കെട്ടിൽ പിടിച്ചുള്ള
കരച്ചിലിൽ
അയ്യോടീ നീ പൂത്തു പോയല്ലോയെന്ന്
ഞൊറികളുള്ള
പാവാടയിലെ പൂവുകൾ.

ഉലുമ്പും തോറും
കൈ പൊള്ളി പോകുന്ന
തീണ്ടാരി തുണിയിൽ
തീ തുപ്പുന്ന
ചെമ്പരത്തിയുടെ
ചോരവട്ടങ്ങൾ.

അശുദ്ധയെന്ന
താക്കീതിലിരുന്ന്‍
പാത്രവും ഗ്ളാസും
നീലിയെ
മതിലുകള്‍ക്ക് മീതെ
ചാടിക്കടത്തുന്ന
സ്വപ്നവിധേയങ്ങളിൽ,
ചുമരു ചുരണ്ടി
കുമ്മായം പൂശി
ഉടൽ തരിപ്പിച്ച്
മാറാത്ത കീറത്തണുപ്പിൽ
ഒരപരിചിതനായ
പുരുഷനൊപ്പം കിടക്കുന്നത്
അവളോർത്തത്.

തുടര്‍ന്ന്‍,
എല്ലാ മാസവും
മധുരനീലി കാത്തിരുന്നു
ആ തീണ്ടാരിതണുപ്പിനായ്‌.
ഒരു അണ്ഢം
തന്റെ ബീജത്തെ
നോക്കിയിരിക്കും പോലെ.Saturday, October 29, 2011

കാലഹരണപ്പെടാത്തത്

ചന്തിക്ക്‌ കിട്ടിയ അടിയിൽ
മിഴി പൊട്ടിയുണർന്ന്
ചീലാന്തിവേലിക്കലേയ്ക്കോടി
ഉമിക്കരി കറുപ്പിച്ചു തുപ്പുമ്പോൾ
സ്വർണ്ണപ്പല്ലിൽ ചിരിക്കുന്ന
സൂര്യന്റെ വെളിച്ചത്തിൽ
അമ്മൂമ്മ പ്രാചീനമായ
ദോശകൾ ചുട്ടെടുക്കുന്നു,
സ്നേഹത്തിൽ കുറഞ്ഞത്‌
എന്നൊന്നൊണ്ടാവില്ല.

അരിഞ്ഞിട്ട പുല്ലിനോ
തീറ്റിച്ച പശുക്കൾക്കോ
ചാണകത്തിന്റെ ചൂരിനോ
ഉപന്യസിക്കാനാവാത്ത നിത്യമൂകത
പരാതിപറയാത്തവളുടെ
പരാതികളാണ്‌.
വലിച്ചുകൊണ്ട്‌ പോയി
പുഴയിലിടുന്നത്‌
അലക്കിവെളുപ്പിക്കാനല്ല,
മുങ്ങാംകുഴിയിട്ട്‌
തിരിച്ചു വരാതിരിക്കിരിക്കാൻ
നെഞ്ചിൽ നിന്നു വാരിയെടുത്ത
കല്ലുകൾ കൊണ്ട്‌
കെട്ടിയിടുന്നതിനാണ്‌.

മുളകുണക്കുമ്പോഴും
അരിയാട്ടുമ്പോഴും
അസാധാരണമായ
റേഡിയോപെട്ടിയാവുന്ന അവർ,
ഓർമ്മകളൊക്കെയും
പാട്ടുകളായി പോയല്ലോ.

കാക്കത്തൊള്ളായിരം കിളികൾ
ഒന്നിച്ച് പറന്നു പാടുന്നതിൽ
ഒരുവളുടെ പാട്ടിനെ
കുരുപ്പു കണ്ണുകളുള്ള
മന്ത്രവാദിമേഘം
മുക്കുന്നത് പോലെ
ആരും ഒന്നുംതന്നെ
കേൾക്കുന്നില്ല.

കൂടില്ലാതെ വളർത്തിയ കൂറിന്
നല്ല മുട്ടകളാവുന്നു
പിടക്കോഴികളുടെ
പൊട്ടിച്ചിരികൾ.
സ്നേഹം വിഴുങ്ങിയതാവണം
നിങ്ങൾ വഹിച്ചിരുന്ന രുചിയായില്ല
ഡോമിനോസിലെ
എത്ര വാൽസല്യമുള്ള പിസ്സക്കും.

ചീര മുറത്തിലേയ്ക്കരിഞ്ഞിടുമ്പോൾ
കവിളുകളും ഉമ്മകളും
ചെഞ്ചീരാവസന്തത്തിലാവും,
ഋതുക്കളെ
എത്ര വിശദീകരിച്ചാലും
കാണാത്തത്‌.

ചാവെന്ന കിണറിലേയ്ക്ക്
അന്തര്‍ദ്ധാനം ചെയ്ത രാത്രി
അവരുടെ ചുളുങ്ങിയ മുലകൾ
ഓര്‍ത്തെടുത്ത് ചപ്പി
വീട്ടിലെ കുഞ്ഞുങ്ങളുറങ്ങി.

കിണറ്റിനരുകുകളിലെ
തവളകളിലിരുന്നവർ
കരച്ചിലുകളെ
പുതുക്കുന്നു,
അവ്യക്തമായ ഭാഷയിൽ നിന്ന്
കൂടുതൽ അവ്യക്തമായ ഭാഷയിലേയ്ക്ക്

ച..ചാ..ചാടി പോകുന്നു.

Saturday, July 23, 2011

നെയ്ത്തുകാരി

ഞാൻ സ്വർണ്ണനൂലുകളുടെ രാജകുമാരി...
ഇളം പിങ്ക് നിറമുള്ള
എന്റെ വിരലുകൾ
നിഗൂഢമായ ശക്തിയുള്ളത്
നെല്ക്കച്ചികളിൽ നിന്നവ
സ്വർണ്ണനൂലുകൾ നെയ്തെടുക്കും..
നെയ്ത്തുപാട്ടിന്റെ ഈരടികളിൽ
ഞാനൊരു വർണ്ണത്തൊപ്പി തുന്നും....


റോസാപ്പൂപ്പാടങ്ങളിൽ നിന്നും
പിഴിഞ്ഞെടുത്ത ചുവന്നചാറ്‌ കൊണ്ടു
ഞാൻ അവയ്ക്കു നിറം കൊടുക്കും,
നക്ഷത്രങ്ങൾ പറിച്ചെടുത്തു
അതിന്റെ അരികുകളിൽ പതിയ്ക്കും..

എന്റെ ആഹ്ളാദം മുഴുവൻ പുറത്തുവരുവോളം
ഞാൻ തുന്നികൊണ്ടിരിക്കും...
അപ്പോഴേക്കും
നീ തിരിച്ചെത്തിയിട്ടുണ്ടാകും..
പ്രണയതീവ്രതയോടെ
നീ എന്റെ അടുത്തുവരുമ്പോൾ,
ഞാനത് നിന്റെ തലയിൽ ചൂടും...
അങ്ങനെ
നിന്റെ മഹാപ്രണയം
ഞാൻ മാത്രം സ്വന്തമാക്കും..

അടുക്കള


പുളിവിറകിന്റെ ചൂട്
ശ്ഠനെ എരിച്ചു കളയുന്ന
ഓർമ്മകളുടെ
ചൂട്ടടുപ്പിൽ
കാലത്തിന്റെ
അടിവയര്‍ വേവുന്നു,

അത് തീര്‍ക്കുന്നത്
ഒട്ടിയ വയറുകളുടെ
കാത്തിരിപ്പിനെയാണ്‌..

പുകയുടെ കരിച്ചിലിൽ
അമ്മ കരിവാളിക്കുമ്പോൾ
ഞാൻ ഓടി ചെല്ലും
ഒറ്റ ഊതലിൽ,
ഒരായുസ്സിന്റെ
ഇല്ലനക്കരി
അടർന്നു വീഴും,
അമ്മ വെളുക്കും...

തട്ടിയും മുട്ടിയും
വഴക്കിടുന്ന
ചട്ടിയും കലങ്ങളും
ഇടയ്ക്കിടെ കെട്ടിപ്പിടിയ്ക്കും..
തങ്ങളിൽ  ഒഴിയുന്നതും,
നിറയുന്നതും
ഒന്നാണെന്നറിയുമ്പോൾ

പെറ്റതെത്രയെന്നറിയാതെ
മീന്‍ച്ചട്ടിക്ക്
കുറുകെ ചാടുന്ന
വയറ്റുകണ്ണി പൂച്ചയ്ക്ക്
അയലത്തലയെറിഞ്ഞു
കൊടുക്കുന്നു,

പിന്നാമ്പുറത്തേയ്ക്കു
നാടുകടത്തപ്പെട്ട
വല്യേടത്തിയെ പോലെ,
കട്ടയിരുട്ടുള്ളയെന്റെ അടുക്കള,


എന്നാണ് നീ ഉമ്മറത്തേയ്ക്ക് വരുന്നിരിക്കുന്നത് ?

Friday, July 22, 2011

‘കുഴച്ചുമറിച്ചിലു’കളുടെ രാജാവ്‌

അവൻ
കുഴച്ചുമറിച്ചിലുകളുടെ രാജാവാണ്‌..
അലമാരയുടെ വാതിൽ
വലിച്ചു തുറന്നിട്ടും
അലക്കിത്തേച്ച തുണികളുടെ
അടുക്കു തെറ്റിച്ചും
തലയിണകളെ ചുരുട്ടിമടക്കിയും
കിടപ്പുവിരിയെ ഉരുട്ടിക്കൂട്ടിയും
കണ്ണടയെ ഇരുന്നുപൊട്ടിച്ചും
അസ്വസ്ഥതപ്പെടുത്തി കൊണ്ടിരിക്കും

ചീപ്പും, കണ്ണാടിയും,
സുഗന്ധദ്രവ്യക്കുപ്പിയും,
അവൻ സ്ഥാനം തെറ്റിക്കും..
മുഷിഞ്ഞ വസ്ത്രങ്ങൾ
കൊട്ടയിലിടാനും,
കുളിമുറിയുടെ
വാതിലടയ്ക്കാനും,
മൊബൈലും,
പേർസും,
താക്കോല്‍ക്കൂട്ടവും,
യാത്രാടിക്കറ്റും,
സര്‍വ്വതും അവൻ മറക്കും..

എന്റെ വിരലുകളിൽ
ചൊമപ്പ് പടരും വരെ
പിങ്ക്‌ നിറമുള്ള
അവന്റെ ചെവികളിറുക്കി നുള്ളി
ഞാൻ കോപിതയാകും..

ഇന്ന്‌ അവൻ തിരിച്ചുപോയ ദിവസമാണ്‌...

കിടപ്പുമുറി വൃത്തിയോടെ,
കിടക്കവിരി ചുളുവില്ലാതെ,
തലയിണകൾ,
മറ്റെല്ലാം തന്നെ
പതിവ്‌ സ്ഥാനങ്ങളിലുണ്ടായിട്ടും,

മനസിന്റെ അടുക്ക്
തെറ്റിച്ചിരിക്കുന്നു.

ഔചിത്യം മറന്ന്‍
എന്റെ മുറിയേയും,
എന്റെ നിര്‍ബന്ധങ്ങളെയും
തല തിരിച്ചിടൂ,
എന്നെ ആവലാതിപ്പെടുത്താൻ
ഒരായിരം വട്ടം നീ വരൂ...

ജനൽനിലാവിന്റെ
നീയെ,
മേശപുഷ്പങ്ങളുടെ
ലൈലാക്കുകളെ
നാരങ്ങകളുടെ
മഞ്ഞകളെ
ഒരു ചിത്രകാരൻ
തന്റെ പാലെറ്റിലെന്ന പോലെ
നമ്മെ കുഴച്ചു മറിക്കട്ടെ.


മാന്ത്രികം

ഞാന്‍
ഒരു പച്ചച്ചില്ലയാണ്‌,
മാന്ത്രികശക്തിയുള്ളത്..
നീ
അതിൽ ചിറകൊതുക്കിയിരിക്കാന്‍
കേറിയൊരു ചകോരപ്പക്ഷിയും..

വിരുതുള്ള നീ
വിണ്ണിലേക്കു പറന്നുയരാനുള്ള
മന്ത്രങ്ങൾ മറക്കും,
പൂവിനേയും,
പൂപരാഗങ്ങളെയും മറക്കും,
കാടിനെയും,
കാട്ടാറിനെയും മറക്കും..
നിധിക്കൂമ്പല്‍ ചൂണ്ടുന്ന
നീലകൊടുവേലിയേയും മറക്കും..

ഒന്നും ഓര്‍ക്കാതെ
നീ എന്നിൽ ഒറ്റയ്‌ക്കിരുന്ന് പാടും..
ഒരു ഋതുവിലും,
നിനക്ക് മടങ്ങാൻ കഴിയില്ല..
നീ അറിയാതെ
എന്റെ അദൃശ്യമായ ചരടുകൾ,
നിന്റെ കാലുകളെ ബന്ധിച്ചിരിക്കുന്നു

Tuesday, July 19, 2011

ഗന്‌ധർവ്വൻ കാടുകൾ.


ഭൂമിയിലെ വഴികൾ മറന്നു പോയ പെൺകിടാവാണ്‌ ഞാൻ…എല്ലാ രാത്രികളിലും,നിലാവ് അസ്തമിക്കുമ്പോൾ, ഈ ഗന്‌ധർവ്വൻ കാട്ടിൽ ഞാൻ തനിച്ചാവുന്നു...ഹൊ..പോയി തുലയട്ടെ..!! ഇനിയുമുണ്ടല്ലോ എത്രയോ ഗന്‌ധർവ്വൻ കാടുകൾ..!!Monday, July 18, 2011

പ്രിയന്‌....


പ്രിയനേ,
മത്‌സ്യം പുഴ തേടുന്നത് പോലെ,
ഞാൻ നിന്നെ കാംക്ഷിക്കുന്നു...
നെല്ലിക്കായ്മണികളി-
ലുപ്പലിയുന്നത് പോലെ,
നിന്നിൽ സ്വയമലിഞ്ഞലിയുന്നു..

മൂർച്ഛയുള്ള കത്തി ആപ്പിൾപ്പഴത്തെ
മുറിയ്‌ക്കും പോലെ,
നീ എന്നിൽ ആഴ്ന്നിറങ്ങുന്നു...
ഘടികാരം സൂചിയെ എന്ന പോലെ,
നീ എന്നെ ചുറ്റിക്കുന്നു...

പ്രണയത്തിന്റെ ചുവപ്പൻ ചേലയുടിപ്പിച്ച്,
എന്നെ അസ്വസ്‌ഥതകളുടെ കോമരമാക്കുന്നു..
ഞാനും നീയും,
തെക്കൻ കാറ്റിൽപെട്ടുപ്പോയ രണ്ടിലകൾ...
നീ എന്നെ,
ഇടം കൈയ്യിലെ കലഹത്താൽ തടവിലാക്കുന്നു,
വലം കൈയ്യിലെ സ്നേഹത്താൽ മോചിതയുമാക്കുന്നു..

നീ തേയ്ച്ച കണ്മഷി
എന്റെ കണ്ണുകളിലിരുന്ന്,
കിതയ്ക്കുന്ന പ്രാണന്റെ കഥ പറയുന്നു..
നീ എന്റെ വേദനകളുടെ പാട്ടുകാരൻ,
ഞാൻ നിന്റെ സ്വർഗ്ഗത്തിന്റെ വഴി തേടുന്നവൾ...