Friday, September 18, 2015

ഉത്സാഹത്തിന്റെ 
ഭ്രമത്തിന്റെ 
സങ്കടത്തിന്റെ 
അമർഷത്തിന്റെ 
ഭീതിയുടെ 
വിസ്ഫോടങ്ങളുടെ ഉള്ളിലേയ്ക്ക്‌ 
ഞാൻ കാറ്റിനെ എഴുതുകയാണ്‌. 

ഊതി വിട്ട പോലെ 
തണുത്ത കവിതകളിൽ 
പറക്കുന്ന ഇലകളെ 
ചാടിപ്പിടിക്കുന്നത്‌ പോലെ 
കവിതയിലേയ്ക്ക്‌ 
തുള്ളിച്ചാടുകയാണ്‌. 
ഉള്ളിന്റെ ഉള്ളിൽ 
ഇങ്ങനെ അലഞ്ഞു തിരിയുമ്പോൾ 
ആരും കാണാത്ത 
ഞാൻ മാത്രം കാണുന്ന ഒഴിഞ്ഞ മൂലകളിൽ, 

ഞാൻ തിളപ്പിക്കുന്ന സാമ്പാറിൽ, 
അതേ താപനിലയിൽ ഉരുണ്ടുരുണ്ട്‌ പൊട്ടിത്തെറിക്കുന്ന പ്രേമത്തിന്റെ മെർക്കുറി ഗോളങ്ങളില്‍, 
ഒരു പക്ഷേ എന്റെ തുടയിടുക്കുകളിൽ, 
എന്നിൽ നിന്നു എന്നെ തട്ടിപറിച്ച് എന്നിലേയ്ക്ക്‌ തൂങ്ങിയാടുന്ന ക്ലെപ്റ്റോമാനിയാക്കിന്റെ കുരങ്ങന്മാരിൽ, 
ഒരേ സമയം സിംഹവും മുയലുമായി മാറുന്ന എന്റെ ഇരട്ടവ്യക്തിത്വങ്ങളിൽ, 
എന്നെ കളഞ്ഞിട്ടു പോയവരില്‍, 

ഞാൻ അങ്ങനെ അനവധി ഞാനുകളായി ബന്ധപ്പെട്ടു കിടക്കുന്നു. 
ആ ഞാന്‍ ഞാനോ നിങ്ങളോ കാത്തിരിക്കുന്ന ഒരാളാവും. 

ആ വെയിലിന്റെ പൊരിയലില്‍ 
റോഡിലൂടെ കവിതയിലൂടെ 
എന്നെ തണുപ്പിക്കാൻ വന്ന
ചുവന്ന ജ്യൂസിന്റെ വണ്ടി 
തള്ളിത്തള്ളി 
നിങ്ങളിലേയ്ക്ക്‌.

Monday, September 14, 2015

പുല്ലരിയുന്നവനില്‍ പുല്ലിംഗമായി..

“ആസൈമുഖം മറന്ത് പോച്ചേ, 
ഇതൈ യാരിടം സൊൽവേൻ അടി തോഴി
നേസം മറക്കവില്ലൈ നെഞ്ചം,
എന്നിൽ നിനൈവ് മുഖം മറക്കലാമോ”

എന്നിൽ നിന്നൂരി പോയ
ഇളംകാലം
സിക്കിലിന്റെ ഒടുക്കത്തെ പാട്ടുകളില്‍
കയറിയിരിക്കുന്നു

ഞാന്‍ അതിലുള്ളത് എനിക്ക് മാത്രേ അറിയാവൂ.

കന്നുകാലികളെ നോക്കാൻ 
അന്ന് വീട്ടിൽ വന്ന
സിലമ്പരശൻ
എന്റെ മുറിയിലിപ്പോൾ,
ഞാനിരിക്കുന്ന
സോഫാസെറ്റിയില്‍,
പുല്ലിന്റെ കെട്ടുകൾ അഴിച്ചിടുകയാണ്‌.

സിലമ്പരശന്‌ ഓടക്കുഴൽ ഇല്ലായിരുന്നു.

കന്നുകാലികൾ എന്റെ മുറി നിറയെ,
അവൻ പാടാത്ത പാട്ടുകളിൽ
അവരെ അവൻ കെട്ടിയിട്ടിരുന്നു.

ചെമ്പരത്തി കൊണ്ട്
ചമ്മന്തി അരച്ചപ്പോൾ
എന്റെ മുഖത്ത് ചുമന്ന ചാറുള്ള
മുഖക്കുരുക്കൾ കുരുത്തു വന്നു.

അതിലെ പഴുപ്പിനെ ഞെക്കുകയോ ഉറുഞ്ചുകയോ അവന്‍ ചെയ്തില്ല.

ഒരിക്കലും എന്റെ മുഖക്കുരുവിൽ
അവന്റെ വിരലടയാളങ്ങൾ വീണില്ല.

പ്രേമിക്കുന്നതായി പോലും ഞങ്ങൾ അഭിനയിച്ചില്ല.

അഴയിൽ തൂക്കിയിരുന്ന
അവന്റെ കള്ളിഷർട്ടിൽ
എന്റെ ഉടലുഴറി
നടക്കാനാഞ്ഞതിൽ,
കിണറ്റിനരികെയിട്ട
സ്ലിപ്പറുകളിൽ
കാലുകൾ
പതിയിരിക്കാൻ കൂടിയതിൽ,
ഞാൻ ആണിന്റെ ആകൃതിയിലായി.

ഈ വിധം ഞാൻ ആണാവുന്നത് അവനറിഞ്ഞിരിക്കില്ല.

ചിതല്‍ പുറ്റിനടുത്തിരിക്കുന്ന വേലന്‍
എന്റെ നിലയില്ലാ വേലകളില്‍
വേപ്പിലകള്‍
മഞ്ഞയില്‍
മുക്കി കുടഞ്ഞു.

അരയില്‍
ഭസ്മം ജപിച്ചിട്ട ചരട്
എന്നെ ഉടലടക്കം ചുറ്റി
ഒരു കറുത്ത പമ്പരമായി കറക്കി 

ആ സുഖ:പൂർത്തിയിൽ ഞാൻ എന്നെ കുഴിച്ചു കുഴിച്ചു പോയി.

താണു താണു വന്നപ്പോൾ
വടക്കോറത്തെ ചായ്പ്പിൽ
കിതച്ചിരുന്ന
ആട്ടുക്കല്ലിലിരിക്കുന്നു
സിലമ്പരശൻ.

ആട്ടുക്കുഴിയിലെ
വെള്ളത്തില്‍ മീനുകൾ
അവന്റെ ചാണകമണത്തിലെ
ഏകാന്തതയില്‍ നിന്ന്‍
വണ്ടിയോടിച്ച് പോവാന്‍ ബൈക്കുകള്‍
വെള്ളത്തുള്ളികള്‍ കൊണ്ടുണ്ടാക്കി
പുറത്തേയ്ക്കുള്ള വഴി കാണിച്ചു കൊടുത്തു.

അനങ്ങില്ലവൻ, സിലമ്പരശൻ അവന്റെ തേറ്റപല്ല്‌ പോലെ ഉറഞ്ഞുപോയിരിക്കുന്നു.

മുരിങ്ങയ്ക്കകൾ
ആ പല്ല് കൊണ്ട് ചീന്തി തിന്നാറുള്ള ഉച്ചകളിൽ,
കടന്നൽകൂടുകൾ പോലത്തെ
കണ്ണുകൾ വെട്ടിച്ച്
കള്ളിഷർട്ടിൽ
ഞാൻ വാലടക്കം ഉള്ളിലാവും.

അങ്ങനെ ഒരു നാൾ
മഴയിലേയ്ക്ക്
പടർന്നു കയറിയ
വള്ളികളിൻ
തുമ്പത്ത് വച്ച്
അവനെ കാണാതായി.
യഥാക്രമം, ഞാനാണായതില്ല പിന്നെ.

സോഫാസെറ്റിയിൽ
അവൻ പുല്ലരിയുന്ന ശബ്ദം.

അരിഞ്ഞിട്ട തണുപ്പിൻ മീതെ
സിക്കിലിനെ
കേട്ടുകിടക്കുമ്പോൾ

എത്രയും പതുക്കെ

എന്റെ മുറി ഒരു കള്ളിഷർട്ടാവുന്നു.
ചെവിക്ക് പിടിച്ച് കുളിക്കാനായി കൊണ്ടിരുത്തും,
ഉടൽ ഭിന്നിച്ചു നിൽക്കും ആ നേരം.
സമയത്തിന്റെ കൈപ്പത്തികൾ
മുതുകിൽ കൊഴമ്പ് പുരട്ടി പുരട്ടി നില്ക്കും, അതേ മട്ടിൽ.
തലയിൽ തിരിഞ്ഞു കിടക്കുന്ന
ഊടുവഴികളിൽ
ടയറൂരി
അതുമോടിച്ച്
ബെല്ലുമില്ലാബ്രേക്കുമില്ലാ
പുഴയിലേയ്ക്ക് പാഞ്ഞു പതിക്കും
സൈക്കിൾകുട്ടിയെ പോലെ
മുഷ്ക്ക് മണത്തിന്റെ
ഉള്ളറകളിൽ
ഷവറിലെ
പുഴ കുതിക്കും.
അപ്പോൾ ശർർർർ ന്ന് മൂത്രമൊഴിക്കാൻ തോന്നും.
(ഞാനങ്ങനെയാണ്‌,
ചെറുപ്പത്തിൽ അടുക്കള ചായിപ്പിന്റെ ഓവ്വ് വശത്ത് ഒളിച്ചിരിക്കും,
ഓവിലൂടെ മഞ്ഞ വഴിയായി പിന്നയൊരു മഞ്ഞ ചേരയായി മൂത്രം പുറത്ത് ചാടും,
വഴിയിൽ വച്ച് ആ ചേരയെ കണ്ട് ഞാൻ പത്ത് വീടുകളെ ഒറ്റ ചാട്ടത്തിൽ കടന്നോടും,
ചായിപ്പിന്റെ മൂലയ്ക്കിലിരിക്കുന്ന എനിക്ക് ചിരി വരും)
എന്നങ്ങനിരിക്കെ
20 വർഷമായി
കുളിക്കുമ്പോൾ
കുളിച്ചുകൊണ്ട് മൂത്രമൊഴിക്കുമ്പോൾ
ഞാൻ ഈ ചായിപ്പിൽ ഒളിച്ചിരുന്നു ചിരിക്കയാണ്‌.
എന്റെ മൂത്രം ഒഴുകിയ വരിയിൽ
മഞ്ഞ റോസാച്ചെടികൾ മുളച്ചതായി
ഇപ്പോളവൻ പറയുന്നു,
ഭൂമിയുടെ മാളം പോലെ
വായ തുറന്ന കക്കൂസിന്‌ ചുറ്റുമിരുന്ന്
ഒന്നൊന്നായി
ഞാനിറുത്തെടുപ്പിക്കും.
മുപ്പത്തിമൂന്നെന്ന
എണ്ണമെത്തുമ്പോൾ
ഓവ്വ് വഴി ഞാൻ പുറത്തെത്തും,
തണുപ്പിനുള്ളിൽ ഒരു കുളിമുറി മുങ്ങിത്താഴും.

Saturday, September 12, 2015

സുധാമണിമാര്‍ക്കുള്ളിലാണിപ്പോള്‍

കാലങ്ങളെ
തത്തമ്മയാക്കി കൂട്ടിലിട്ട് നടക്കുന്ന
കൈനോട്ടകാരിയുടെ
എന്നെ കാത്തുനില്ക്കുന്ന
നോട്ടങ്ങളില്‍, വഴികളില്‍
ഞാനങ്ങനെ കെട്ടിനിന്നു.

എന്റെ നാളെ സങ്കല്പ്പിക്കാൻ
അവരുടെ വായയെ
ഞാൻ രണ്ട് കൈകൊണ്ടും
വലിച്ചു തുറന്നു.

അതിനുള്ളിൽ
എന്റെ കാലങ്ങൾ
ഇടിങ്ങിയിരിക്കുന്നുവെന്ന്
പറയൂ എന്റെ ജീവിതം പറയൂയെന്ന് കുറുകി ഞാനപ്പോൾ.

സുധാമണിയെന്ന എന്റെ പേരിൽ ഒരു അർത്ഥവുമില്ല,
ഞാൻ എപ്പഴും എന്നെ ഞാൻ എന്നാണ്‌ പറയാറ്‌.

സൂക്ഷ്മതയുടെ ചീട്ടിലൂടെ
ജീനുകളിലേയ്ക്ക് കടന്നു ചെന്നാല്‍ കാണാം,
ഒരേ സമയങ്ങളില്‍
പുല്ലുപിടിച്ചു കിടക്കുന്ന ഞാൻ
എന്റെ പുരുഷൻ വെട്ടിത്തെളിച്ചെടുത്ത് കൊണ്ടുവരുന്ന ഞാൻ
ഉള്ളൂള്ളൂള്ളൂ എന്ന് മകനെ കൊഞ്ചിക്കുന്ന ഞാൻ
100 രൂപയുടെ 4 അയലയ്ക്ക് ഒന്നുകൂടി കിട്ടാൻ
മീൻകാരനോട് കൊഞ്ചികുഴയുന്ന ഞാൻ
ഉത്സവപറമ്പിലെ ചുട്കി മുഖമുള്ള ബലൂൺ
കയ്യീന്നഴിഞ്ഞ പോയ കുട്ടിയുടെ നിലവിളിയിൽ ഞാൻ

എന്നോടടുക്കുന്ന ഞാൻ
എന്നോടകലുന്ന ഞാൻ

ഞാനൊരു കള്ള ചീട്ടാണെന്ന്
ഒറ്റ നോട്ടത്തിൽ
അവർ പറയുന്നു.
ഈ ഭാവിയിൽ ഞാനില്ല, മറ്റൊന്നിടൂ..

ഞാന്‍ തൊലിക്കയാണ്,
എന്റെ ഉടൽ
ഒരു വലിയ ഉള്ളിയെന്ന പോലെ.

ഗവേഷകയാണെന്ന തോലുകൾ / കവിയാണെന്ന തോലുകൾ/ നർത്തകിയാണെന്ന തോലുകൾ/ അമ്മയാണെന്ന തോലുകൾ/ ഭാര്യയാണെന്ന തോലുകൾ/ കാമുകിയാണെന്ന തോലുകൾ/ മകളാണെന്ന തോലുകൾ/ എന്നെ ഉൾകൊണ്ട കോശസംയോഗത്തിന്റെ തോലുകൾ / ഒരോ കണ്ണാടിയും കാണിച്ചു തരുന്ന ഞാനിന്റെ തോലുകൾ/ മുത്താണെന്ന മുട്ടായിയാണെന്ന തോലുകൾ

ഒന്നും കിട്ടീല്ല.

പൂവോ പുല്ലോ ഒരു കോപ്പുമല്ല ഞാൻ
എന്തിന്‌ ഞാൻ ഒരു ഞാൻ പോലുമല്ല.

എന്റെ തലയോടിനുള്ളിലെ
ഞ്ഞരമ്പിന്റെ തുമ്പത്ത്
വെളിച്ചമോയെന്ന്
പാഞ്ഞൊഴുകുന്ന
രക്തത്തിൽ
ഒളിച്ചിരിക്കുന്ന
അപ്പനപ്പാപ്പന്റെ ജീനേ,

തുറന്നിട്ട ജനൽ പോലെ
പിളർന്നു പോയ ചങ്കിൽ നിന്ന്
എന്നെ പുറത്തെടുത്തു
റി-പ്രോഗ്രാം ചെയ്യണമെനിക്ക്.

അപ്പോള്‍ നിങ്ങള്‍ കാണുക
ഡോ: സുധാമണി സൾഫനിക് ആസിഡില്ലാത്ത ഉള്ളികളെ ഗവേഷണം ചെയ്യുന്നത്,
ഉള്ളിതീയൽ ഇഷ്ടമല്ലാത്തവനെ കുറിച്ച് ഉള്ളിതീയൽ ഇഷ്ടമുള്ള കവി സുധാമണി കവിതയിലിട്ട് തിളപ്പിക്കുന്നത്
താമരയ്ക്കും ഉള്ളിക്കും ഒരു മുദ്രയേയുള്ളൂയെന്ന് കലാമണ്ഢലം സുധാമണി കൈകൂമ്പുന്നത്
ഉള്ളിയിൽ കോർത്തൊരു മാല അമ്മ സുധാമണി കുഞ്ഞിന് കൊടുക്കുന്നത്.

എല്ലാം തട്ടികിഴിച്ചിട്ടും
തഴച്ചു വളരുന്ന ഉള്ളികളിരുന്ന്
സുധാമണിമാർ
നിങ്ങളുടെ കണ്ണുകളിൽ,
ഉടഞ്ഞു വീണ്‌ കരയുകയാണ്.

നിങ്ങള്‍ അറിയില്ല.
എങ്കിലും
ഇവര്‍ക്കും ഞാനിനും ഇടയിലുള്ള
നീറ്റിലിന്റെ പുഴയെ
ഞാൻ നിങ്ങൾക്ക്
വാട്ട്സപ്പ്
ചെയ്തെന്ന് വരില്ല.