Thursday, November 28, 2013

ചിദംബരരഹസ്യം

ഗാഢമായ
ചുറ്റിവരിയലുകൾക്കുള്ളിൽ
കാർവള്ളികൾ ഒളിപ്പിക്കുന്ന
കൈലാസരഹസ്യമുണ്ട്‌,
ഇളക്കി മാറ്റിയാലും
കാണാനാവാത്തത്‌,
സ്ത്രീയുടെ
ഇടത്തെ മുല തടവുന്ന
പുരുഷന്റെ സ്നേഹം പോലൊന്ന്..

ചിദംബരാംബരങ്ങൾ
അങ്ങനെയാണവരെ
മുറുകിപിടിക്കുന്നത്,
തന്റേതെന്ന ഗര്‍വ്വിൽ
യോനി ലിംഗത്തെ
പിടിച്ചു വയ്ക്കുമ്പോലെ,

ദൈവമപ്പോൾ
ദൈവത്തെ
ഉള്ളംകയ്യിൽ നിന്ന്

തുറന്നു വിടും.

Sunday, November 24, 2013

പന്തുകളി


ഉള്ളിൽ ഉറങ്ങുന്നത്
കാലങ്ങളായ
തവളജന്മമാണ്.
പലനൂറ് ഉമ്മകളിൽ
വീണ്ടെടുക്കാനായുമ്പോൾ
ഉരുട്ടി പേടിപ്പിക്കുന്നത്രയും പോലെ
കണ്ണുകൾ അടച്ചുപ്പൂട്ടി പറ്റിക്കുന്നു
ഉണര്‍ന്നിരുന്നൊരു
മന്ത്രവാദിനിമൗനം.

കണ്ടുപിടിക്കാൻ
സഹായിക്കാമോ?
ആ മഹാമുടിയിഴകളൊന്നിൽ
ഒരു കൈപിഴുതിനപ്പുറം
അവളുടെ പ്രാണനാണ്.

പ്രണയത്തിന്റെ
സ്വര്‍ണ്ണപ്പന്തുകളെറിയാൻ
വാചാലതയുടെ സുന്ദരകുമാരനെ
ഉണര്‍ത്തി അവിടെ കൊണ്ടിരുത്തൂ..

ഇപ്പുറത്ത് ഞാനിരിപ്പുണ്ട്..

നോക്ക് നോക്ക് നമ്മുക്കായി
ഭൂമി സ്വര്‍ണ്ണപന്തായത് കണ്ടോ..

താക്കോൽ

മുറിയുടെ ഓർമ്മകളിലേയ്ക്ക്‌
ചെന്നുകയറുവാൻ
അതിലേയ്ക്കുള്ള താക്കോൽ
നമുക്ക്‌ മാത്രം അറിയാവുന്ന
കറ്റാർവാഴച്ചെടിച്ചെട്ടിയ്ക്കുള്ളിൽ,
വിരൽ നീട്ടിയത്‌
എടുക്കാനാഞ്ഞപ്പോഴേക്കും
മായ്ച്ചു കളഞ്ഞല്ലോ
വകതിരിവില്ലാത്ത നിമിഷമതിനെ,
അതിനെ ജീവിതമെന്ന് വിളിക്കാം.

കുത്തിയിരുന്നു
പച്ചക്കുളം വരയ്ച്ചാൽ മാത്രം കിട്ടുന്ന
കൊച്ചു കാലത്തെ
രാജ്ഞിയുടെ താക്കോലിൽ
കുളം കീറിയെത്ര വേഗമാണ്‌
മുറിയെ തിരിച്ചെടുത്തത്‌.

എന്നെ കണ്ടില്ല,
നിന്നെ കണ്ടില്ല..

കുളം ചുറ്റിയുള്ള
കറ്റാർവാഴകളുടെ കണ്ണുകളിൽ
നമ്മളെ കണ്ടുപിടിക്കാനാവുന്ന
നിരവധി താക്കോലുകൾ..

ഏതെടുത്താൽ നിന്നെ കിട്ടും?
നമ്മളെ കിട്ടും?