Friday, July 27, 2018

ഹൃദയത്തിൽ
കൊളുത്തിയിട്ടിട്ട് പോയ
നിന്റെ പാട്ടകളുടെ പെട്ടി
കുരവയിടുന്നൊരു
കോളാമ്പിപ്പൂ.

പ്രേമത്തിനായ്

ഓ ..വസന്തമേ
നിന്നവലംബം
ഇനിയെനിക്കെന്തിന്?
അവളുടെ മാറിടം
പാൽ നിറഞ്ഞ തടാകം.

അവൾ നിന്നും, ഇരുന്നും, കിടന്നും,
പാൽ കൊടുത്തു.

മഴവിൽ പോലെ കുനിഞ്ഞും.

ശലഭങ്ങളെത്തി.

ഇടയ്ക്ക് തുമ്പികളും, തത്തകളും വന്നു.

തുരുതുരാ അവൾ പാൽ കൊടുത്തു

ചെമ്പരത്തികളുടെ വയർ
നിറഞ്ഞേമ്പക്കം വന്നു.

ശമനമില്ലാത്ത മാറിടം
നുരഞ്ഞ് നുരഞ്ഞ്
ആകാശം നോക്കി
വയലിന് മിതേ കിടന്നു.

കിടക്കയുടെ വരമ്പത്ത്
ആടിയിറങ്ങി മയങ്ങാൻ

വന്നമ്മയുടെ മുല കുടിക്കൂ മക്കളേ.
കപ്പത്തണ്ടിൽ
എന്നെ വായിച്ച വാദ്യോപകാരാ,

കോളാമ്പിപ്പൂ തൊണ്ടയുള്ളവനേ..

നിന്റെ താടിയിൽ
കടുവയുണ്ട്,
സൂക്ഷിച്ചോളൂ പറഞ്ഞവനേ

കിളികളെ കണ്ടു ഞാൻ.

കോടാനുകോടി കിളികളെ കണ്ടു ഞാൻ

അലകടലല കിളികൾ.. മഞ്ഞുപഞ്ഞിക്കിളികൾ ..

നിനക്കിനി പോകാം,

അതിനിരിക്കാനുള്ള കാടിനി കേവലം എന്റെ കൈയ്യിൽ.
വിങ്ങി പൊട്ടിയ

തൂക്കണാം കുരുവി

ഒരുമ്മയെ

കൊക്കിൽ കോർത്താണാ

മരത്തിൽ വന്നിരുന്നത്.

അത്രയും സൂക്ഷമമായി

അത് കൊക്കിൽ സൂക്ഷിച്ചു വച്ചു.

മിണ്ടിയാലോ,

ആയുമ്മ നിലത്ത് വീഴില്ലേ.

പാടിയാലോ,

ആയുമ്മ നിലത്ത് പോവില്ലേ.

കരഞ്ഞാലോ,

ആയുമ്മയൊലിച്ചുപോവില്ലേ...

കുരുവി എന്തെക്കയോ സഹിക്കുന്നുണ്ട്.

ഉമ്മകൾ

ചുവന്ന കാട്ടുപഴങ്ങൾ പോലെ

തൂങ്ങിയാടി..

താഴെ,

മടിക്കുമ്പിളിൽ

ഇതൊക്കെ വാരി കൊണ്ടോവ്വാം

എന്നിരിക്കുന്നവളുടെ

ഇരുവശത്തും

തുടകളുടെ

കുടുക്കുകളഴിഞ്ഞ്

ചിറകുകൾ

ഒരു പക്ഷി പോൽ

തൂക്കണാം കുരിവിയുമ്മയായി

കിഴക്കണാംതൂക്കായി

ആടുന്നു

Friday, July 20, 2018

കിഴക്കണാംതൂക്കായി
ആടുന്നു
പുളിമരത്തിൽ
ഒരു പുഴ.

ഒരോ ഇലയും
തോണികൾ.

ഞാനതിൽ വച്ച
എന്റെ വില പിടിച്ച വീടുകൾ.
സ്നേഹം കൊണ്ടാണേ.

വീടുകൾക്കിടയിലെ
ഊടുവഴികളിൽ നിന്ന്
എന്റെ ജനാലകളിലേക്ക്
വേദനകൾ
പുളിയുറുമ്പുകളെ
കയറ്റിയക്കുന്നു.

ഒരോ ഉറുമ്പിലും
ഒരോ പാട്ടിന്റെ
കുത്തലുകൾ.

പുളിമരമേ
അത് കേട്ടൊന്നും
നീ പൊഴിഞ്ഞേക്കരുത്.

തീരത്തിരിക്കുന്ന
ഞാൻ പിന്നെന്തിനാണ്.
ഒരു കാറ്റുമനക്കാതെ
ഓർമ്മകളെ
ശവം കണക്കെ
പൊതിഞ്ഞു
കൊണ്ടോവുന്ന
കെട്ടുവള്ളമേ,

വേദനിക്കുന്നവളുടെ
നിഴൽ ഒഴുക്കുന്ന ആകാശമേ,
നെടുനീളൻ നീല ടാർപ്പാളമേ..

കാണിച്ചു കൊടുക്കരുത്

ചന്ദ്രതാരാദികളഴിഞ്ഞു വീണ
എന്റെ മുടിക്കെട്ടിനെ.

ഖേദം പിടിച്ച
എന്റെ പുള്ളിക്കുയിലഴിച്ചു വിട്ട ശോകങ്ങളെ.

എന്റെ മരണമൊരു

ജലത്തിലും
ദഹിക്കാതെ
ഒരാകാശത്തിലും
മുങ്ങാതെ

ചിത്തഭ്രമം പിടിച്ച
കെട്ടുവള്ളമായി
വഴിപിഴച്ചലയട്ടെ..

Monday, July 9, 2018

കോടാനുകോടി പാട്ടുകളും
അവളെ 
പുറത്താക്കി.

അതിലോലമൊരു
പാട്ടു പാടാൻ 
ഭ്രമിച്ച് 
കേറിയ
ആനപ്പുറം.

മേഘം കൊണ്ടുണ്ടാക്കിയ 
ആനയും 
പൂരവും
കഴിഞ്ഞു പോയല്ലോ.

ഒരിക്കലും 
മേഘം 
പോലലിഞ്ഞു പോവാത്ത
അവളുടെ 
ലാ..ലാ പാട്ട്,

ആ മായയിൽ നോക്കി
ഒറ്റക്കിരിക്കുന്നു.

Sunday, July 1, 2018

ആ സൈക്കിൾ പൊയ്ക്കോട്ടേ..

തത്തയുടെ കൊത്തൽ പോലെ
മൂർച്ഛിച്ച് വന്ന വേദന.

തത്തയുടെ ചുണ്ട് ഒരു കത്രിക.

കൊണ്ടതും
ആ മലഞ്ചെരിവുള്ള സ്വപ്നവും
അതിൽ കുതിച്ച് വന്ന സൈക്കിളും
ഞാനും തമ്മിൽ വേർപ്പെട്ടു പോയി..

മുറിച്ചിട്ട ആ സൈക്കിൾ മറ്റാരുടേതോ ..

എന്റെതല്ല.
മലഞ്ചെരിവും എന്റെതല്ല..
സ്വപ്നവും എന്റെതല്ല.

പാവം. അത് പൊയ്ക്കോട്ടേ..
ഉറുമ്പുകൾ
ചുവന്ന ഉടുപ്പിട്ട
ബുദ്ധ സന്യാസിമാർ.

അവർ
വരിക്ക പ്ലാവിന്റെ
ചില്ലയിലുദിക്കാനിരിക്കുന്ന
പുലരിയിലേക്ക്
മന്ത്രമുരുവിട്ട് കയറി പോവുന്നു.

നാളെ അവരുടെ
മൊട്ടത്തലകളിൽ
എന്റെ പുലരികൾ
തിളങ്ങുമല്ലോ.
ഉണർന്നപ്പോ
കവിളിലും
കൈയ്യിലും
പാദങ്ങളിലൊക്കെ
പുല്ലുകൾ മുളച്ചിരിക്കുന്നു.

മാങ്കുട്ടികൾ
എന്റെ പച്ച ഗോട്ടി കണ്ണുകളിൽ
ചുണ്ടുകളണയ്ക്കാനെത്തി.

അനങ്ങാനെനിക്ക് പേടി പോലെ.

എന്നെ പതിയെ പതിയെ തിന്നോട്ടെ.

അവർ ചവച്ചരച്ച് തിന്നോട്ടെ.

ശ്വാസമത്രേം ചെറിയ ഓളങ്ങളിലാണ്.

ഒഴുകി പോം
ചെറിയ ചോലകൾ
തുളുമ്പി പോയാലോ.

ഇലകളിൽ
പറ്റിപിടിച്ചിരിക്കും
കാട് അലയാൻ പോയാലോ.

അവരെന്നെയിട്ട് പോയാലോ.

ഞാനിങ്ങനെ നിൽക്കുന്ന പക്ഷം
നിങ്ങളുടെ
ബ്രഷ് വിറയ്ക്കുന്നതെന്തിനാണ്?

കാട്ടുപൂക്കളെ
ഊതി വിടുന്നുതിന്റെ
മണം കിട്ടുന്നുണ്ട്.

ഉറവയെ പറ്റി
ഇരട്ട നാക്കുള്ള
നിങ്ങളുടെ ബ്രഷ്
ഒരക്ഷരം മിണ്ടുന്നില്ലിപ്പോ.

നോക്കി നിൽക്കെ
ചോലക്കരികിലെ
തണുപ്പിലത്
മുങ്ങി മുങ്ങി പോയി.

ഒരു പച്ച തണ്ടിനറ്റം പോലെയേ
കാണാനാവുന്നുള്ളൂ.

ഇഴഞ്ഞ് പോകും
പച്ചില പാമ്പിനറ്റം പോലയേ
കാണാനാവുന്നുള്ളൂ,

എന്റെ പൊക്കിളിൽ.
ചില്ലകൾക്കിടയിൽ
നിശ്ചലതയിൽ
കൊത്തിവച്ച
ഒരു തത്ത.

ശ്വാസമെടുക്കുന്ന പോലെ
നെഞ്ചകം
ഉയർന്നു താഴുന്നതു കണ്ടു.

അതെ, കണ്ടതാണ്.

എങ്കിലും
മരം പൂവിടുന്നത് കണ്ട
ആ കുട്ടികൾക്ക്
തത്തയെ
പറിച്ചു കൊടുത്തില്ലാരും.
വയറ്റത്ത് കണ്ണുള്ള മൂങ്ങേ..

ഇങ്ങനെ പാവത്തോടെ
എന്നെ നോക്കരുത്.

എനിക്കത് ഇഷ്ടമല്ല.

നിങ്ങളിൽ ഒഴുകുന്ന
നീല നദിയിൽ,

ഒരു കിളിന്തു കല്ലാണ്
ഞാനിപ്പോ.

തൊട്ടു നോക്കാമോ.

പഞ്ഞി പോലെ. പതുപതുത്ത്..മേഘപൂർണ്ണമല്ലേ ..

കല്ല് തന്നെ. ഞാനുറപ്പിച്ചു കഴിഞ്ഞു.

കിടക്കയിൽ ഞാനുരുളുന്നു.

ഉരുണ്ട് തന്നെ
എനിക്ക്
പുറത്ത് കടക്കണമെന്നുണ്ട്.

കാരണം ഞാൻ കല്ലാണല്ലോ.

അന്നൊരിക്കൽ
നിങ്ങൾ
കാൽ കൊണ്ട് തട്ടി തെറിപ്പിച്ച
കല്ലിനെ കൊതിയോടെ ഓർക്കുന്നു. പുലഭ്യം പറയുന്നു.

എന്നെ നിൽക്കാൻ അനുവദിക്കരുത്.

നെടുനീളൻ ഗോപുരം പോലെ മൂർച്ഛിച്ച് നിന്നെന്ന് വരാം, ഞാൻ.

ഗോപുരങ്ങൾ കൂണുകൾ അല്ലാതെന്താണ്.

അത്രമേൽ ഊക്കോടെ
കാൽ കൊണ്ട് തട്ടിയെറിയരുതോ..

അത്ര ലളിതമായി തന്നെ.
കാട്ടുവള്ളികളേ
ഒന്നഴിച്ച് വിടുമോ.

അയാളിൽ
കുരുക്കിയിട്ടിരിക്കുന്ന
ആ പൂങ്കുല.

ഹൃദയമെന്ന്
ഞാനതിനെ
വിളിക്കാറുണ്ടെങ്കിലും.

അയാളിപ്പോ നിശബ്ദതയുടെ കാട്.

അന്തരംഗത്തിൽ
ബ്രഹ്മാണ്ഡ ശബ്ദമുണ്ടാക്കുന്ന
നിശബ്ദതയാണത്.

എനിക്കുള്ള
ശ്വാസം
ആ കാട്ടിൽ
ചിറകിട്ടടിക്കുന്നു.

ഞാൻ
സഹസ്രകോടിയിതളുകളഴിഞ്ഞഴിഞ്ഞതിൻ
കൂമ്പാരത്തിലിരിക്കുന്ന
മനശാന്തിയില്ലാത്ത
ചെമ്പക ശോകപ്പൂവിൻ തണ്ട്.

അയാൾ പോയ
വഴിയിൽ
ഒരുകാടിഴിഞ്ഞ് പോയ പാട്.
വാഴപ്പോള
കൊണ്ടുണ്ടാക്കിയ
പാവക്കുട്ടി
നിർത്താതെ
പാടിക്കൊണ്ടിരിക്കുന്നു.

അതിന്റെ
കണ്ണിലെ നീല
ഇറ്റിറ്റ്.

അതിപ്പോ
ഒരു മരത്തിന്റെ
അകലെയുള്ള
നിഴലിന്റെ പിറകിൽ
ഒളിച്ചാണ്
നിൽക്കുന്നത്.

നിഴൽ നിറച്ചും
നീലപ്പഴങ്ങളാണ്.

മരം ശേഖരിച്ചു വച്ച
അവളുടെ കരച്ചിലുകളാണ്.

ആ മരം.

അതിന് ഒരു അപരിചിത മനുഷ്യന്റെ ഉടലായിരുന്നു.

അതും ഒരു തോന്നലായിരുന്നു.

നിരാലംബയാകുന്ന നീല.
സത്യത്തിൽ
ഒരു പാവം
രാജ്യമായിരുന്നു.

കൂണുകളുടെ
കുളമ്പടിയൊച്ചകളിൽ
അത് അവിടെ അമർന്നു പോയി.

ആരും കണ്ടതില്ല
അതിന്റെ കരച്ചിലിൻ പാടുകൾ.
നരച്ച രാത്രിയിൽ
കൂണുകൾ പോലും
അവളെ ഒറ്റയ്ക്കാക്കി.

ഊതാൻ കയ്യിലൊരു 
റാന്തൽ വെളിച്ചം
പോലുമില്ല.

ഉറങ്ങാനാവാതെ
അവൾ.
ഒരൊറ്റ തുന്നൽ.

അതഴിഞ്ഞഴിഞ്ഞ്,

ഇരുട്ടിന്റെ ഉടലുള്ള
കോട്ടയായി
ഞാൻ
പുറത്തേക്ക് വന്നു.

അകത്ത് ഞാനില്ല. ദൈവത്തിനാണെ ഞാനില്ല.

ഞാനിപ്പോൾ ആരെ ജീവിക്കുന്നു ദൈവമേ..!
ഹാ...
അഗാധമാം
നീലാംബരത്തിൽ
എന്റെ മാറിടം.

അതിൽ ആഴ്ത്തിയ
നിങ്ങളുടെ കാലടയാളം.

ഒരു സമുദ്രമാണതിപ്പോ.

ഇപ്പളും
നിങ്ങളുടെ ആ ഷൂസിലേക്ക് നോക്കൂ,

ആ ചവിട്ടുകളുടെ തിരയടികൾ
പറ്റിയിരിക്കുന്നത്.

ആകാശത്തെയിപ്പോൾ
ഇലകളാൽ 
അണിയിച്ചൊരുക്കിയത്
എന്റെ മാറിടം മറച്ചു വയ്ക്കാനല്ല.

നിങ്ങളത് കാണുന്നതിൽ എനിക്കൊരു ചുക്കുമില്ല.

നിങ്ങൾക്കത് വെറും മുലകൾ.

പക്ഷേയത്

എന്റെ അതിവിശിഷ്ടപ്പെട്ട ഹൃദയത്തെ ഗ്രഹിച്ചിരിക്കുന്ന
രണ്ട് പ്രവേശന ശൈലങ്ങൾ.

അതിനുള്ളിൽ,

ഹൃദയമത്. ഒരു ഭയങ്കരപ്പെട്ട തിമിംഗലമാണ്.

നിങ്ങളത് കണ്ടെന്നാൽ എനിക്കത് ബോധിച്ചെന്നും വരില്ല.

നീലിമയിൽ
ദൃശ്യമായാൽ പോലും
അരക്കെട്ടിളക്കി
അത് ഒന്നൂളിയിട്ട് പോയ് മറയും.

നാളെയതുദിക്കും
എന്റെ നെഞ്ചിടിടുക്കിൽ നിന്ന്
വാലും ചിറകുമുള്ള
ഒരു സൂര്യനായി.
ഞാൻ അനാഥയായ ദിവസം # അമ്മച്ചി മരിച്ച ദിവസം # നിസ്വാർത്ഥമായി എന്നെ സ്നേഹിക്കാൻ ലോകത്ത് മറ്റാരുമില്ലെന്നറിഞ്ഞ ദിവസം.

അവർ തന്ന അവിച്ച മുട്ടകൾ, പാലിൽ മുക്കി തിന്നുന്ന റൊട്ടി, കാച്ചിയ റവ, കല്ലിലരച്ച മുളക് ചമ്മന്തി, പാടിയ ആർച്ച പാട്ടുകൾ, അവരുടെ പിത്തള ഗ്ലാസ്, കൈയ്യിൽ കാണാനുള്ള വക്ക് പൊട്ടിയ തൂക്കുപാത്രം ( മിക്കപ്പഴും വലിയ വെള്ളരിക്കയും വഴുതനങ്ങ കഷ്ണങ്ങളുള്ള സാമ്പാറിൽ കൊഴച്ച അമ്പല ചോറാവും), അച്ചാറു ഭരണികൾ, ട്രങ്ക് പെട്ടി, വെള്ളയും ചുവപ്പും കല്ലുള്ള മാലയും മുക്കുത്തികളും (മുക്കാണ് പലതും), കുഴമ്പു കുപ്പികൾ, വളം കടി പിടിച്ച അവരുടെ കാലുകൾ, അതും ചൊറിഞ്ഞിരുന്നു പറഞ്ഞ കുടുംബ മാഹാത്മ്യങ്ങൾ, വച്ചാരാധനകൾ, കരിങ്കൽ ദേവതകൾ, അവർ ജപിച്ചിടുന്ന കർപ്പൂര മണമുളള ഭസ്മച്ചരടുകൾ, നിലാവത്ത് കപ്പിയിൽ കരകരാന്ന് കയറുന്ന തൊട്ടിയുടെ ശബ്ദം, വെള്ളം വീഴുന്ന കിണറ്റു വക്കത്ത് പൂത്തു നിൽക്കുന്ന ഒരു പറ്റം കല്യാണ സൗഗന്ധികങ്ങൾ, മടിയിൽ കിടന്നാൽ കിട്ടുന്ന അരിഞ്ഞ പുല്ലിന്റെ മണം, വരിക്ക പ്ലാവിന്റെ ഇലകൾ തൂത്ത് വാരുന്ന ശബ്ദം, കരിയിലകൾ പുകയുന്ന മണം, തൊഴുത്തിലെ പശുക്കളുടെ ദയ പൂണ്ട കണ്ണുകൾ, അവർ..

മഞ്ഞനിറമുള്ള വൈകുന്നേരങ്ങളിൽ ആരെയോ നിങ്ങൾക്ക് നഷ്ടപ്പെട്ടതായി തോന്നാറുണ്ടോ?
പിന്നീട് ഇതേ വൈകുന്നേരങ്ങൾ കാണുമ്പോൾ വല്ലാത്ത തരം ഒരു മനം പിടച്ചിൽ വരാറുണ്ടോ ?
എനിക്ക് മാത്രം തോന്നുന്നതോയിത്?
നോക്കൂ ആ മഞ്ഞ നിറങ്ങളിൽ നിന്ന് ഇറങ്ങി പോയവർ പിന്നീട് വന്നിട്ടേയില്ല.
അത്തരം വൈകുന്നേരങ്ങളെ നോക്കിനിൽക്കുക അത്ര എളുപ്പവുമല്ല.

തൊഴുതിന്റെ ഒരറ്റത്ത്
ഒരു തൊട്ടിയിൽ തൊണ്ടും ചകിരിയും ഉണക്ക പ്ലാവിലകളും കുത്തി നിറച്ചത് കാണാം..

ഇളമിരുട്ടിൽ 
അത്തരം ഒന്നിലേക്ക്
ഞാനാ വൈകുന്നേരങ്ങളെയും 
കുത്തി നെറക്കും.

സൈക്കിൾ 
അഗർബത്തിയുടെ മണം
മഞ്ഞ ബൾബിന്റെ നരച്ച വെളിച്ചം
നിലാവിന്റെ തലകഷ്ണം കിടക്കുന്ന 
കിണറ്റിന്റെ കരയിലാരോ കുളിച്ചു കയറും വാസനസോപ്പിന്റെ മണം.

കടുത്ത ദു:ഖോം നിരാശേം
കലർന്ന
ഭൂതകാലത്തിന്റെ 
രണ്ടോ മൂന്നോ പഫ്
പുകയെടുത്ത്
കണങ്കാൽ ചൊറിഞ്ഞിരിക്കെ,
 പശ്ചാത്തലത്തിലിവയെല്ലാം കിട്ടിയാൽ 
ഒന്ന് കൂടുതൽ ശ്രദ്ധിച്ചോളൂ.

ഇങ്ങനെ പൊകമണം നുരയുന്ന
ഒരു തൊട്ടി നമ്മളെല്ലാരും 
കൊണ്ടുനടക്കുന്നുണ്ട്.
സത്യത്തിൽ ഞാനത് കാണാറുമുണ്ട്.

എന്റെ വാനിറ്റി ബാഗിലോ,
അലക്കി തേച്ച പഴയ മുണ്ടുകളുള്ള അലമാരയിലോ,
ചിലർ പറയുന്ന പോലെ
സോഫക്കോ, കട്ടിലിനടുത്തോയായി
കാണപ്പെടുന്ന
പൂച്ചയുടെ സ്ഥാനത്തോ,
അല്ലെങ്കിൽ
എന്റെ ഷൂസിതട്ടിനടുത്തോ,

തെളിച്ചെങ്ങ് പറഞ്ഞാൽ 
നമ്മുടെ നെഞ്ചിടുക്കിലൊക്കെയായിട്ടോ
കണ്ടെന്നും വരാം.

ഉള്ളിൽ കയറിരുന്നു നമ്മളെ 
അധികമങ്ങ് പൊകച്ചു കളയും,

അവരത്ര നിസ്സാരക്കാരിയല്ല..

# അവരെയോർത്തൊരിക്കലെങ്ങോ എഴുതിയിട്ടത് #


അരിഞ്ഞിട്ട പുല്ലിനോ
തീറ്റിച്ച പശുക്കൾക്കോ
ചാണകത്തിന്റെ ചൂരിനോ
ഒരു നിത്യമൂകതയുണ്ട്,
ഉപന്യസിക്കാനാവാത്തത്.

പരാതി പറയാത്ത
അവരുടെ
പരാതികളാണ്‌.

മുഷിഞ്ഞതെല്ലാമെടുത്ത് 
പുഴയിലിട്ട്
അലക്കി വെളുപ്പിക്കുമ്പോൾ,

മുങ്ങാംകുഴിയിട്ട്
അവർ താഴേക്ക് താഴേക്ക് പോം.
ആരുമറീല..

നെഞ്ചിൽ നിന്നു വാരിയെടുത്ത
വേദനയുടെ കല്ലുകൾ
പവിഴപുറ്റുകൾക്കൊപ്പമിട്ട് പോരും.

മുളകുണക്കുമ്പോഴും
അരിയാട്ടുമ്പോഴും
റേഡിയോപെട്ടിയാവുന്ന
അവരിൽ
എന്റെ ഓർമ്മകളൊക്കെയും
പാട്ടുകളായി പോയല്ലോ.

കാക്കത്തൊള്ളായിരം കിളികൾ
ഒന്നിച്ച് പറന്നു പാടുന്നതിൽ
ഒരുവളുടെ പാട്ടിനെ
കുരുപ്പു കണ്ണുകളുള്ള
മന്ത്രവാദിമേഘം
മുക്കുന്നത് പോലെ
ആരും ഒന്നും തന്നെ
അവർ പറഞ്ഞത്
കേൾക്കുന്നില്ല.

കൂടില്ലാതെ വളർത്തിയ കൂറിന്
സ്നേഹം
വിഴുങ്ങിയതാവണം,
നല്ല മുട്ടകളാവുന്നു
പിടക്കോഴികളുടെ
പൊട്ടിച്ചിരികൾ.

ചീര മുറത്തിലേയ്ക്കരിഞ്ഞിടുമ്പോൾ
കവിളുകൾ ഉമ്മകളാൽ
ചെഞ്ചീരാവസന്തത്തിലാവും,
ഋതുക്കളെ
എത്ര വിശദീകരിച്ചാലും
കാണാത്തത്‌.

ചാവെന്ന കിണറിലേയ്ക്ക്
അന്തര്‍ദ്ധാനം ചെയ്ത രാത്രി
അവരുടെ
ചുളുങ്ങിയ മുലകൾ
ഓര്‍ത്തെടുത്ത് ചപ്പി
വീട്ടിലെ കുഞ്ഞുങ്ങളുറങ്ങി.

കിണറ്റിനരുകുകളിലെ
തവളകളിലിരുന്നവർ
കരച്ചിലുകളെ
പുതുക്കി
അവ്യക്തമായ ഭാഷയിൽ നിന്ന്
കൂടുതൽ
അവ്യക്തമായ ഭാഷയിലേയ്ക്ക്
ചാടി പോകുന്നു,
എന്നിൽ നിന്നനന്തമായി.

അത്തരം
മഞ്ഞ വൈകുന്നേരങ്ങളെ
നോക്കിനിൽക്കുക അത്ര എളുപ്പവുമല്ല.
ഓടക്കുഴലാൽ
പുറം ചൊറിഞ്ഞ ശേഷം
പുൽമേട്ടിലൊരു രാധ
സ്വച്ഛന്ദം
സ്വയം വിരിഞ്ഞ് കിടക്കുന്നു.