Friday, November 30, 2018

ആർത്തവകാലത്ത്
പ്രാപിക്കപ്പെടാൻ
തോന്നുന്ന
ആഗ്രഹമുണ്ടല്ലോ,

അതിനെ ഞാനേത് കല്ലിൽ കെട്ടി താഴ്ത്തും?
നിന്നെ എനിക്കെന്തിഷ്ടാന്നോ?

നീ വേണ്ടന്നെ വയ്ക്കുന്ന

നിന്റെ കണ്ണീർ, തുപ്പൽ, മൂക്കള, വിയർപ്പ് ' തൊടച്ച ടവ്വല്ലുകൾ, ചെവി തോണ്ടിയ ബഡ്സുകൾ,

നീ ബാ(ത്തൂമിൽ പോയ ശേഷം
പിന്നാലെ പോയി
മണത്ത് നോക്കുന്ന
നിന്റെ മലമൂത്രാദികളെ,

നിന്റെ ശുക്ളത്തിൻ വഴുവഴുപ്പ്
കുത്തിനോക്കി കുത്തിനോക്കി
അതിലെ കുഞ്ഞുങ്ങൾടെ
ഒപ്പാരികളോർത്ത്
ഓരിയിടുന്നതടക്കം

നീ ഉപേക്ഷിച്ചു പോവുന്ന
എന്നെ പോലും
എനിക്കിഷ്ടമാണെന്നോ?
ചില നിമിഷങ്ങൾ പറഞ്ഞു തരും.
ഒന്നല്ല
ഒരായിരം വട്ടം

നാമില്ലെങ്കിലും
അവരുടെ ദിവസങ്ങൾ
കോഴിക്കോടൻ ഹൽവ പോലെ മത്തുലക്കും.

നമ്മൾ കരച്ചിലിൽ കുരുങ്ങി കിടക്കുന്ന
നമ്മളെ കണ്ടെത്തി കൊണ്ടിരിക്കും.
കൊട്ടാരക്കര ഉണ്ണിയപ്പം പോലത്തെ
ഉണ്ണിക്കിടാങ്ങളുടെ കൂത്ത്
നടക്കുന്ന
അടുക്കള ഷെൽഫ്.
ആൽമരത്തിൻ
ചില്ലയിലിരിക്കും
വൈകുന്നേരമ്പലപ്പാട്ട് പോൽ
നിന്നിലയിലേക്ക്
പ്രേമോദ്രുത ചാട്ടമായിരുന്നുയത്, എന്റേത്.
ഇലകളിലിരുത്തി
എന്നെയാടിയുലച്ചുപോയതിൻ
ചാഞ്ചാട്ടം കണ്ടുവോ.
നിന്റെ വാക്കു വിശ്വസിക്കും
ത്രസിക്കുമെന്നിലകളെ,
എനിക്കതിൻ പാട്ട്
നിർത്താനാവുന്നില്ല.
അതിന്റെ സ്വിച്ച്
കടലുളള മുറിയുടെ
തിരകൾ കൊണ്ടു പോയി.
എന്റെ എകാന്തത
കടലുളള മുറിക്കൊപ്പം
പോയി കാണണം.
ഒറ്റക്കിരിക്കാനിപ്പോ
എകാന്തതയുമില്ലാ.
എന്റെ മണ്ണും വിണ്ണും തിന്നും
അഖോരിയനേ
നീ നോക്ക്.
ഞാൻ പാതിയിൽ തീർന്നു പോകും
നിങ്ങളുടെ വല്യ വായിൽ പാടും
കേവലമൊരു പാട്ട്.
നിങ്ങളത് കണ്ടേക്കില്ല. പക്ഷേ അറിയുമൊരിക്കൽ.
ഉടൽനീളം
ഞാൻ
നിങ്ങളുടെ പാട്ടുകൾ കോർത്തൊരു
കുരുത്തോലുത്സവമെന്ന്.
എന്റെ വീടിനെ
കൊത്തിക്കൊണ്ടോയ കിളിയേ,

അങ്ങവിടെ വീട്
നാരുകൾക്കിടയിലൂടെ
എന്നെ നോക്കുന്നുണ്ടാവും.

പുലരിയുടെ തുമ്പ്
നോക്കിനോക്കിയത്
രാത്രിയുടെ കൊമ്പിലിരിക്കും.

ചായ തിളപ്പിക്കും,

കറിയുടെ കൂട്ട്
അടുത്ത മരത്തോട്
ചോദിച്ചുണ്ടാക്കും.

അടിച്ചുവാരിയലക്കി വെളുപ്പിക്കും.

സന്ധ്യയ്ക്ക് നിലാവൊഴിച്ച്
വിളക്ക് വെയ്ക്കും.

എന്റെ കുഞ്ഞിനെ
അതീന്ന് മണത്തെടുക്കും,

നിലാവ് തൊട്ട് നെറ്റീലിടും.

ചുള്ളിക്കമ്പുകളിൽ
തൊട്ടിലാട്ടാൻ
കൈകൾ വിരിക്കും.

പുരുഷനൊപ്പം
രമിക്കുമ്പഴും
അമ്മേ ഓർക്കും, വിമ്പും.

തലയിണയിൽ
ശോകം പിടിച്ച
പുള്ളിക്കുയിലിന്റെ
പാട്ട് നിറയ്ക്കും.

കുടുസ്സായ കൂട്ടിൽ
ചിറകുകളുണ്ടായിട്ടും
എന്റെ വീട് പറന്നില്ല.

പറക്കാനറിഞ്ഞിട്ടും പറന്നില്ല.
ആ രാത്രിക്ക് മീതേ
ഒരാൽമരം.

താഴെ

താഴിട്ട് പൂട്ടിട്ട
ഹൃദയവുമായി
രണ്ടു പേരിരുന്നു.

താക്കോൽ
ഒരു പൂമ്പാറ്റയുടെ രൂപത്തിൽ
മേഘങ്ങൾ വീഴുന്ന
പുഴക്കരയിലെ വീടിന് മണം
തുറന്നു കൊടുക്കുകയായിരുന്നു.

അങ്ങനെയിരിക്കെ
അവർക്കെങ്ങനെ
സ്നേഹിക്കാനാവും.

ആ രാത്രി
ലക്ഷോപലക്ഷം
പക്ഷികൾ ചേക്കേറിയത്
ആൽമരത്തിലായിരുന്നില്ല,

സ്നേഹത്തിനായി
ഉച്ചത്തിൽ
കരയാനറിയുന്നവളുടെ
കാടുംപടർപ്പിനിടയിൽ കാണാൻ പറ്റാത്ത
ചുവന്ന കാട്ടുപ്പഴം പോലെയുള്ള
കരളിലേക്കാണ്.

കൊത്തി കൊത്തി കരളിൽ കേറി കൊത്തി കൊത്തി...
ഒരിക്കലൊരു
മഹിഷാസുരനെ
കണ്ടുമുട്ടി.

ലോകനീലാംബരം
കണ്ട് മതി മറന്ന ലോല
പോം പോം
പോലിരിക്കുന്ന
നെഞ്ചിലേക്ക്
അസ്ത്രങ്ങൾ
തുരുതുരാ തറക്കാനാരംഭിച്ചു.

തീതുപ്പുമസ്ത്രം
ഇടിയൊച്ചയസ്ത്രം
മിന്നലസ്ത്രം
ഗരുഡൻകൊത്തലസ്ത്രം
സർപ്പമസ്ത്രം

അങ്ങനെ നൂറുനൂറാസ്ത്രങ്ങൾ
അവർക്കിടയിൽ,
ഇവിടുന്ന് പോം
അവിടുന്ന് വരും.

കൂട്ടിമുട്ടി ശൂയെന്നായി പോം.

ഈ അസ്ത്ര വിവരണം
പ്രേമത്തിന്റെ മഴ പെയ്യിക്കൽ
സൂചിപ്പിക്കാനും ഉപയോഗിക്കാം.

ഈ വല്ലപ്പോൾമഴയിൽ
നെഞ്ച് വിരിച്ച് കൊടുത്തത് ഞാൻ.

കുതിർന്നും പോയതും ഞാൻ.

ഉപേക്ഷിക്കപ്പെട്ട കാമുകിയോ, അതും ഞാൻ.

നിർത്ത് നിർത്ത് മഹിഷാ..

എന്റെയുള്ളിലെ 
ശബ്ദമഹാമേഘത്തെ
പെയ്തൊഴിക്കാൻ
തക്ക പ്രേമത്തിൻറെ
ഒരു കോപ്പും
നിങ്ങളുടെ കൈയ്യിലില്ല.

ക്രൂരമായ പ്രേമത്തിന്റെ
അഹംഭാവം നിറ കൊണ്ട
ഞാൻ വെല്ലു വിളിക്കുന്നു.

ഇനി നിങ്ങളുടെ
ഒരു അസ്ത്രവുമെന്നിലൂടെ
കടന്നുപോവില്ല.

മഹിഷാസുരമർദ്ദിനി
കടുത്ത ദേഷ്യത്തിലും
വ്യഥയിലുമാണ്.

ദേഷ്യം കൊണ്ട്
നഖം കടിച്ചു തുപ്പുന്നുണ്ട്.

പാത്രങ്ങൾ കഴുകി
ഉച്ചത്തിൽ വെക്കുന്നുണ്ട്.

ഇടയ്ക്കിടയ്ക്ക് വാട്സ്ആപ്പ് നോക്കുന്നുണ്ട്. (പ്രത്യേകിച്ച് അവന്റെ)

ശൂലത്താൽ മോനുള്ള മുട്ട പൊരിക്കുന്നുമുണ്ട്,

പുറം ചൊറിയുന്നുമുണ്ട്.