Friday, November 30, 2018

എന്റെ വീടിനെ
കൊത്തിക്കൊണ്ടോയ കിളിയേ,

അങ്ങവിടെ വീട്
നാരുകൾക്കിടയിലൂടെ
എന്നെ നോക്കുന്നുണ്ടാവും.

പുലരിയുടെ തുമ്പ്
നോക്കിനോക്കിയത്
രാത്രിയുടെ കൊമ്പിലിരിക്കും.

ചായ തിളപ്പിക്കും,

കറിയുടെ കൂട്ട്
അടുത്ത മരത്തോട്
ചോദിച്ചുണ്ടാക്കും.

അടിച്ചുവാരിയലക്കി വെളുപ്പിക്കും.

സന്ധ്യയ്ക്ക് നിലാവൊഴിച്ച്
വിളക്ക് വെയ്ക്കും.

എന്റെ കുഞ്ഞിനെ
അതീന്ന് മണത്തെടുക്കും,

നിലാവ് തൊട്ട് നെറ്റീലിടും.

ചുള്ളിക്കമ്പുകളിൽ
തൊട്ടിലാട്ടാൻ
കൈകൾ വിരിക്കും.

പുരുഷനൊപ്പം
രമിക്കുമ്പഴും
അമ്മേ ഓർക്കും, വിമ്പും.

തലയിണയിൽ
ശോകം പിടിച്ച
പുള്ളിക്കുയിലിന്റെ
പാട്ട് നിറയ്ക്കും.

കുടുസ്സായ കൂട്ടിൽ
ചിറകുകളുണ്ടായിട്ടും
എന്റെ വീട് പറന്നില്ല.

പറക്കാനറിഞ്ഞിട്ടും പറന്നില്ല.

No comments:

Post a Comment